Image

ഹര്‍ത്താല്‍: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറ്‌

Published on 17 September, 2011
 ഹര്‍ത്താല്‍: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറ്‌
തിരുവനന്തപുരം; പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സമരം നടത്തിയ ഇടതുപക്ഷ യുവജനസംഘടനാ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തിരുവനന്തപുരം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറ്.

തലസ്ഥാനത്ത് വട്ടിയൂര്‍ക്കാവിന് സമീപം കൊടുങ്ങാനൂരില്‍ ഇന്ന് രാവിലെ 7.45ന് സര്‍വീസ് നടത്തുകയായിരുന്ന കെ.എസ്.ആര്‍.ടിസി ബസിന് നേരെ ഒരു സംഘം കല്ലേറ് നടത്തി. വെഞ്ഞാറമൂട്ടില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി. കളിയിക്കാവിളക്ക്് സമീപം കെഎസ്ആര്‍ടിസിയുടെ രണ്ട് ബസുകള്‍ക്ക് നേരെയും തമിഴ്‌നാടിന്റെ ഒരു ബസിന് നേരെയും ആക്രമണമുണ്ടായി. ഇതേ തുടര്‍ന്ന്
സ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. നേമം, മരുതംകുഴി, പാങ്ങപ്പാറ, പുലയനാര്‍കോട്ട എന്നിവിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒളിച്ചിരുന്ന് കല്ലേറ് നടത്തിയശേഷം അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

ഉള്ളൂരില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. ഇതില്‍ അമല്‍ എന്ന ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിട്ടുണ്ട്. അമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെ ബസുകള്‍ പിന്നീട് സര്‍വീസ് നടത്തിയിരുന്നു. കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. സ്വകാര്യബസുകള്‍ നിരത്തിലിറക്കിയില്ല. നഗരത്തില്‍ ചുരുക്കം ഓട്ടോറിക്ഷകളും ടാക്‌സികളും സര്‍വീസ് നടത്തുന്നുണ്ട്. നഗരത്തിലെ കടകമ്പോളങ്ങള്‍ തുറന്നിട്ടില്ല. അതേസമയം ചാലയിലെ ചില കടകള്‍ തുറന്നിട്ടുണ്ട്.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ അക്രമമുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഓഫീസുകള്‍ക്കും പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓട്ടോറിക്ഷകളും ടാക്‌സികളും സര്‍വീസ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പോലീസ് പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ മിക്ക കടകളും തുറന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക