Image

നയതന്ത്ര വിജയമോ നാണക്കേടോ? -മൊയ്തീന്‍ പുത്തന്‍‌ചിറ

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 22 March, 2013
നയതന്ത്ര വിജയമോ നാണക്കേടോ? -മൊയ്തീന്‍ പുത്തന്‍‌ചിറ
കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികര്‍ തിരിച്ചെത്തിയത് ഇന്ത്യയുടെ നയതന്ത്രവിജയമെന്ന് കൊട്ടിഘോഷിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് ഇതുസംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നു. ഇറ്റലി മുന്നോട്ടുവച്ച നിരവധി നിബന്ധനകള്‍ യാതൊരു മടിയുമില്ലാതെ അംഗീകരിച്ചാണ് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ സ്വന്തം മാനം രക്ഷിക്കാന്‍ വിട്ടുവീഴ്ച നടത്തിയത്. മാത്രമല്ല, പ്രശ്നത്തില്‍ ഇന്ത്യയുടെ അഭിമാനം ലോകസമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതക്കും സ്വാതന്ത്ര്യത്തിനും ഗുരുതരമായ പോറലേല്‍പ്പിക്കുന്നതാണ് നാവികരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ഇറ്റലിയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പുധാരണകള്‍ . ഈ കേസിലെ വിചാരണയെയും വിധി പ്രഖ്യാപനത്തെപ്പോലും സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ- ഇറ്റലി ധാരണ രൂപപ്പെട്ടിട്ടുള്ളതെന്ന് വ്യക്തം.

നാവികര്‍ക്ക് വധശിക്ഷ നല്‍കില്ല എന്ന ഉറപ്പാണ് ഇതില്‍ ഏറ്റവും പ്രധാനം. കേസിന്റെ വിചാരണക്ക് പ്രത്യേക കോടതി രൂപീകരിച്ചിട്ടേയുള്ളൂ. കേസില്‍ എന്ത് ശിക്ഷ നല്‍കണമെന്ന കാര്യം തീരുമാനിക്കുന്നത് വിചാരണക്കുശേഷം കോടതിയാണ്. ആ നിലക്ക് വിചാരണ പോലും തുടങ്ങുന്നതിനുമുമ്പ് വധശിക്ഷ നല്‍കില്ല എന്ന ഉറപ്പ് നല്‍കപ്പെട്ടത് ഇന്ത്യയുടെ ഏറ്റവും വലിയ കീഴടങ്ങലാണ്. മാത്രമല്ല, പ്രത്യേക കോടതിക്കുമേല്‍, ഈ ഉറപ്പ് വന്‍ സമ്മര്‍ദ്ദമാണുണ്ടാക്കുക. വധശിക്ഷ നല്‍കില്ല എന്നു പറഞ്ഞിട്ടില്ല, അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വ്വമായ കേസ് അല്ല എന്നുമാത്രമേ ഇറ്റലിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുള്ളൂ എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നത്.  അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വ്വമായ കേസല്ല എന്ന് വിധിക്കുന്നത് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയാണോ എന്നതാണ് ഇവിടെ ഉയരുന്ന സംശയം. അതുകൊണ്ടുതന്നെ ഉന്നത ഭരണനേതൃത്വം ഇടപെട്ട ഒരു ഒത്തുതീര്‍പ്പ് നാടകമായിരുന്നു നാവികരുടെ തിരിച്ചുവരവ് എന്ന് വ്യക്തമായിരിക്കുകയാണ്. വധശിക്ഷ ലഭിച്ചേക്കുമെന്ന ഭയം മൂലമാണ് നാവികരെ തിരിച്ചയക്കാന്‍ ഇറ്റലി മടിച്ചതെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര പറഞ്ഞിട്ടുള്ളത് ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.

തിരിച്ചെത്തിയാല്‍ നാവികരെ അറസ്റ്റ് ചെയ്യില്ലെന്നാണ് ഇറ്റലിക്ക് ഇന്ത്യ നല്‍കിയ മറ്റൊരു ഉറപ്പ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച് ഉറപ്പുനല്‍കിയിരുന്നു. ഇതനുസരിച്ച് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് നാവികര്‍ പ്രത്യേക സൈനിക വിമാനത്തില്‍ ഇറ്റലിയില്‍നിന്ന് പുറപ്പെട്ടത്. ഇന്ത്യയിലെത്തിയ അവര്‍ പോയത് ഇറ്റാലിയന്‍ എംബസിയിലേക്ക്. അവിടെനിന്നാണ് ചാണക്യപുരി സ്റ്റേഷനിലെത്തി തങ്ങള്‍ തിരിച്ചെത്തിയ വിവരം അറിയിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിക്കുമെന്ന് പ്രഖ്യാപിച്ച ഒരു കുറ്റവാളിക്കും ഇന്ത്യയില്‍ ഇത്തരമൊരു ഇളവ് ലഭിക്കില്ല. വിചാരണാവേളയില്‍ ജയിലില്‍ പാര്‍പ്പിക്കില്ല, തടവുശിക്ഷ ഇറ്റലിയില്‍ അനുഭവിച്ചാല്‍ മതി എന്നീ നാണംകെട്ട വ്യവസ്ഥകളും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. 

വിചാരണ ഇന്ത്യക്കു പുറത്തേക്ക് കൊണ്ടുപോകുകയാണ് ഇറ്റലിയുടെ അടുത്ത ലക്ഷ്യം. വിചാരണക്ക് സ്ഥാപിച്ച പ്രത്യേക കോടതിയില്‍ ഇറ്റലി ഉന്നയിക്കുന്ന ആദ്യ ആവശ്യം ഇതായിരിക്കും. ഈ ആവശ്യം പ്രത്യേക കോടതിയില്‍ ഉന്നയിക്കാന്‍ ഇന്ത്യ സമ്മതവും നല്‍കിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിനും ഇന്ത്യ ഇത്തരം നാണംകെട്ട കീഴടങ്ങലുകള്‍ നടത്തിയാല്‍ വിജയം ഇറ്റലിക്ക് ഉറപ്പാണ്. 

തുടക്കം മുതല്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു ഇന്ത്യന്‍ സര്‍ക്കാറിന്റേത്. ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ നാവികര്‍ക്ക് അവസരം നല്‍കി. മരിച്ചവരുടെ ബന്ധുക്കള്‍ക്കുമുണ്ട് ക്രിസ്മസ് എന്ന് കോടതിക്കുതന്നെ ഓര്‍മിപ്പിക്കേണ്ടിവന്നു. തിരിച്ചുവരാമെന്ന ഉറപ്പില്‍, വോട്ടു ചെയ്യാന്‍ നാട്ടിലേക്കുവിട്ടു. തപാല്‍ വോട്ട് സംവിധാനം നിലവിലുള്ള രാജ്യമാണ് ഇറ്റലി എന്ന വസ്തുത കോടതിയില്‍നിന്ന് മറച്ചുപിടിച്ചാണ് ഇറ്റലി തട്ടിപ്പുകാട്ടിയത്. നാവികര്‍ക്കു വേണമെങ്കില്‍ ഇന്ത്യയിലിരുന്നുതന്നെ വോട്ടു ചെയ്യാന്‍ കഴിയും. എന്നാല്‍, കേസില്‍ തങ്ങള്‍ മുന്നോട്ടുവക്കുന്ന വ്യവസ്ഥകളിലേക്ക് ഇന്ത്യയെ കൊണ്ടുവരിക എന്നതായിരുന്നു ഇറ്റലിയുടെ ലക്ഷ്യം. അതിന് നാവികരെ ഉപയോഗിച്ച് ഒരു സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുകയായിരുന്നു ഇറ്റലി. 

ഇന്ത്യയുമായി താരതമ്യപ്പെടുത്തിയാല്‍ ഒരു ദുര്‍ബല രാജ്യമാണ് ഇറ്റലി. നയതന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യക്ക് അന്താരാഷ്ട്ര സമൂഹത്തിലുള്ള മേല്‍ക്കൈ ഇല്ലാത്ത രാജ്യം. എന്നിട്ടും സ്വന്തം പൗരന്മാരുടെ ജീവനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യ നിര്‍ലജ്ജം കീഴടങ്ങിയതിനു പുറകില്‍ രണ്ടേ രണ്ട് കാരണങ്ങളേ കാണുന്നുള്ളൂ. ഒന്ന്, ഇറ്റലി കത്തോലിക്കാസഭയുടെ ആസ്ഥാനമാണ് എന്നതാണ്. രണ്ട്, സോണിയാഗാന്ധിയുടെ സാന്നിധ്യവും. ഈ രണ്ടു ഘടകങ്ങളും കേസില്‍ തുടക്കം മുതല്‍ ഇടപെട്ടതിന്റെ വ്യക്തമായ സൂചനകളുണ്ട്.

സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത ഇന്ത്യന്‍ ഭരണാധികാരികളുടെ ഇരട്ടത്താപ്പ് നയമാണ് ഇവിടെ വ്യക്തമാകുന്നത്. വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ നിസ്സാര കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന അനേകം ഇന്ത്യക്കാരുണ്ട്, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ . അമേരിക്കയിലാകട്ടേ ഇന്ന് ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്ന ആനന്ദ് ജോണ്‍ കേസ് തന്നെ ഉദാഹരണം. ലോകത്തൊരിടത്തും കേള്‍ക്കാത്ത ശിക്ഷയാണ് ഈ യുവാവിന് ന്യൂയോര്‍ക്ക് കോടതി നല്‍കിയിരിക്കുന്നത്; 59 വര്‍ഷം !! ചെയ്ത കുറ്റമോ ഇറ്റാലിയന്‍ നാവികര്‍ ചെയ്തതിന്റെ പതിനായിരത്തില്‍ ഒരു ശതമാനം പോലുമില്ല..!! 

ഈ യുവാവിന്റെ കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായി. അമേരിക്കന്‍ നീതിന്യായവ്യവസ്ഥിതിയെ അട്ടിമറിച്ചുകൊണ്ട് കോടതി മുറിയില്‍ പോലീസും, വക്കീലന്മാരും, ജഡ്ജിയും നടത്തിയ അവിഹിത ഇടപാടുകളുടെ ബലിയാടായി ആനന്ദ് ജോണ്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി മന്‍‌ഹാട്ടനിലെ ഇരുട്ടറയില്‍ ഏകനായി കഴിയുന്നത് ഇന്ത്യന്‍ ഭരണാധികാരികള്‍ അറിഞ്ഞില്ലെന്നുണ്ടോ? ഒരു ഇന്ത്യന്‍ പൗരനെ അമേരിക്കന്‍ കോടതി മുറിക്കുള്ളില്‍ കീറിമുറിച്ചപ്പോള്‍ നമ്മുടെ മന്ത്രിമാരും, മന്തിപുംഗവന്മാരും ന്യൂയോര്‍ക്കിലേയും ഇതര പ്രദേശങ്ങളിലേയും നക്ഷത്ര ഹോട്ടലുകളില്‍ സുഖവാസം നയിക്കുകയായിരുന്നു. വര്‍ഷാവര്‍ഷം അവരിവിടെ വിരുന്നിനു വരുന്നു. ആരും ആനന്ദിനെക്കുറിച്ച് അന്വേഷിച്ചില്ല...ഹതഭാഗ്യനായ ആ ചെറുപ്പക്കാരന്റെ ദുര്‍‌വ്വിധിയോര്‍ത്ത് ദു:ഖിച്ചില്ല. എന്തിനേറെ ആനന്ദ് ജോണിനെ തിരിഞ്ഞു നോക്കിയതു പോലുമില്ല. അങ്ങ് ഇന്ത്യയിലാകട്ടേ രണ്ട് ഇറ്റാലിയന്‍ കൊലയാളികളെ രക്ഷിക്കാന്‍ അവരുടെ രാജ്യത്തെ മന്ത്രിമാര്‍ നിരന്തരം ഇന്ത്യയിലെത്തി കാണേണ്ടവരെയെല്ലാം കണ്ട് ഏതു വിധേനയും അവരുടെ പൗരന്മാരെ രക്ഷിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

അമേരിക്കയില്‍ ആനന്ദ് ജോണിനുവേണ്ടി രംഗത്തിറങ്ങാന്‍ ഏതാനും ചില മനുഷ്യസ്നേഹികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. അവരുടെ അശ്രാന്ത പരിശ്രമം ഏതാണ്ട് ഫലവത്താകുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് എല്ലാവരും. ഒരു മകന്റെ കാരാഗൃഹവാസത്തില്‍ മനം നൊന്തു കഴിയുന്ന മാതാവിന്റെ ഹൃദയവേദന മനസ്സിലാക്കിയ നല്ല ശമരിയക്കാര്‍ സദാസമയം ആനന്ദിന്റെ മോചനത്തിനായി കിണഞ്ഞു പരിശ്രമിക്കുന്നു. എന്നിട്ടും ഇന്ത്യന്‍ നയതന്ത്രകാര്യാലയമോ ഇന്ത്യന്‍ ഭരണാധികാരികളോ ഉണര്‍ത്തെഴുന്നേറ്റിട്ടില്ല. അവരിപ്പോഴും കുംഭകര്‍ണ്ണ സേവയിലാണ്. ഇന്ത്യയില്‍ വന്ന് ആര്‍ക്കും കൊള്ളയോ കൊലയോ നടത്തിയിട്ടു പോകാം എന്ന അവസ്ഥവരെ എത്തിച്ചതില്‍ ഈ ഭരണാധികാരികള്‍ തന്നെ ഉത്തരവാദികള്‍ .
നയതന്ത്ര വിജയമോ നാണക്കേടോ? -മൊയ്തീന്‍ പുത്തന്‍‌ചിറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക