Image

പരിശുദ്ധ കാതോലിക്ക ബാവയുടെ ആരോഗ്യനില വഷളായി; ഉമ്മന്‍ ചാണ്ടി ഇരട്ടത്താപ്പു കളിക്കുകയാണെന്ന്

Published on 17 September, 2011
പരിശുദ്ധ കാതോലിക്ക ബാവയുടെ ആരോഗ്യനില വഷളായി; ഉമ്മന്‍ ചാണ്ടി ഇരട്ടത്താപ്പു കളിക്കുകയാണെന്ന്

ഉപവാസ സമരം ആറു ദിനം പിന്നിട്ടതോടെ ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വീതിയന്‍ ബാവയുടെ ആരോഗ്യനില വഷളായി. അദ്ദേഹത്തെ പരിശോധിച്ച കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബാവയെ അടിയന്തരമായി ആശുപത്രിയിലേക്കു മാറ്റണമെന്നു നിര്‍ദേശിച്ചു. എന്നാല്‍, മരണം വരെ താന്‍ ഉപവാസ സമരം തുടരുമെന്നു ബാവ അവരോടു പറഞ്ഞു.

--

സഭാതര്‍ക്കത്തി ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇരട്ടത്താപ്പു കളിക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. വയനാട്ടില്‍ കോടതി വിധി നടപ്പാക്കാന്‍ ഓടി നടക്കുന്ന മുഖ്യമന്ത്രി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ കോടതി വിധി കണ്ടില്ലെന്നു നടിക്കുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉപവാസമനുഷ്ഠിക്കുന്ന പരിശുദ്ധ കാതോലിക്ക ബാവയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നുച്ചയ്ക്ക് 1.30നു കോട്ടയത്തു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ഉപരോധിക്കും.

കോട്ടയം മേഖലയിലെ അഞ്ചു ഭദ്രാസനങ്ങളില്‍നിന്നുള്ള വൈദികരും വിശ്വാസികളും കോട്ടയം മാര്‍ഏലിയാ കത്തീഡ്രലില്‍ സമ്മേളിച്ച ശേഷമാണ് ഓഫീസ് ഉപരോധം നടത്തുകയെ ന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഞായറാഴ്ച കുര്‍ബാന മധ്യേ മുഴുവന്‍ ഇടവകകളിലും പ്രത്യേ ക പ്രാര്‍ഥനയും തുടര്‍ന്നു പ്രതിഷേധ റാലികളും സംഘടിപ്പിക്കും.

പത്രസമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, വൈദിക സെക്രട്ടറി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. സി.എം. കുര്യാക്കോസ്, ഫാ. ജേക്കബ് കുര്യന്‍ എന്നിവരും പങ്കെടുത്തു.

ഇതിനിടെ കാതോലിക്ക ബാവയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ മുഴുവന്‍ ഇടവകകളിലും ഉപവാസ സമരം നടത്തി.
ഡല്‍ഹി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടന്നു. ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്തയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിക്കു നിവേദനം നല്കി.

-----

വിശ്വാസികളുടെ വികാരം മാനിക്കാത്ത കോടതി വിധികളെ അംഗീകരിക്കില്ലെന്നു യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് ജില്ലാ ക്കോടതി വിധി. അതുകൊണ്ടുതന്നെ വിധിയുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ മാത്രം ആരാധന നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്ത മാക്കി. തര്‍ക്കത്തില്‍ നീതിയുക്തമായ വിട്ടുവീഴ്ചയ്ക്കു സഭ തയാറാണെന്നും അദ്ദേഹം പറ ഞ്ഞു. മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഇവാനിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഏബ്രഹാം മാര്‍ സെവേറിയോസ്, മാത്യൂസ് മാര്‍ അപ്രേം, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെ ടുത്തു.

--

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുടെ ഭരണവും ആരാധനയും സംബന്ധിച്ച് ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് ഇന്നലെ നടന്ന മധ്യസ്ഥശ്രമങ്ങളും ഫലം കണ്ടില്ല.

ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി നിയോഗിച്ച അഭിഭാഷക സമിതി രണ്ടു ദിവസത്തെ ചര്‍ച്ചയില്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ സംബന്ധിച്ച് ഇരുവിഭാഗവും ഇന്നലെ തങ്ങളുടെ പ്രതികരണം അറിയിച്ചു.

ഇതിനിടെ മധ്യസ്ഥചര്‍ച്ചകള്‍ക്ക് ഇനിയില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പ്രഖ്യാപിക്കുകയും ചെയ്തു. യാക്കോബായവിഭാഗത്തെ സഹായിക്കാന്‍ ചര്‍ച്ചകള്‍ അനിശ്ചിതമായി നീട്ടുന്നതിനാലാണുതങ്ങള്‍ ചര്‍ച്ചകളില്‍നിന്നു പിന്മാറുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോടതി വിധി നടപ്പാക്കുന്നതില്‍ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും സഭ ഇനി തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

കോലഞ്ചേരിയില്‍ യാക്കോബായ സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ നടത്തുന്ന പ്രാര്‍ഥനായജ്ഞവും ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഉപവാസ സമരവും ആറു ദിനം പിന്നിടുമ്പോള്‍ അഭിഭാഷക സമിതിയും ജില്ലാ കളക്ടറും ഇരുവിഭാഗങ്ങളുമായി നട ത്തിയ ചര്‍ച്ചകളില്‍, ചില നിലപാടുകളില്‍ വിട്ടുവീഴ്ചകള്‍ക്ക് ഇരുകൂട്ടരും തയാറായെങ്കിലും പ്രശ്‌നപരിഹാരത്തിലേക്കു കാര്യങ്ങള്‍ നീങ്ങിയില്ല.

മാര്‍ത്തോമ്മ സഭാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഇന്നലെ കോ ലഞ്ചേരിയിലെത്തി ഇരുസഭകളുടെയും മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി. അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാന്‍ ഇരുവിഭാഗത്തോടും അദ്ദേഹം അഭ്യര്‍ഥിച്ചു. അഭിഭാഷക സമിതി അംഗങ്ങളും ഇന്നലെ കോലഞ്ചേരിയിലെത്തിയിരുന്നു.

കോലഞ്ചേരി പള്ളി സെമിത്തേരിയില്‍ യാക്കോബായ വിഭാഗ ത്തിനു പ്രവേശനം അനുവദിക്കാമെന്നും കോട്ടൂര്‍ പള്ളിയില്‍ മൂന്നാഴ്ചയിലൊരിക്കല്‍ യാക്കോബായ വിഭാഗത്തിന് ആരാധന നടത്താമെന്നുമുള്ള രണ്ടു നിര്‍ദേശങ്ങളാണ് ഇന്നലെ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ അഭിഭാഷക സമിതിക്കു മുമ്പില്‍ അറിയിച്ചത്.

എന്നാല്‍, ഈ രണ്ടു നിര്‍ദേശങ്ങളും അംഗീകരിക്കാന്‍ യാക്കോബായ സഭാ പ്രതിനിധികള്‍ തയാറായില്ല. മീഡിയേഷന്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങളെക്കുറിച്ചുള്ള പ്രതികരണം സമിതി അംഗങ്ങളെ അറിയിച്ചതായി യാക്കോബായ സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. കോലഞ്ചേരി പള്ളിയില്‍ നിലവിലുള്ള സ്ഥിതി തുടരണം. മാസത്തില്‍ ഒരാഴ്ചയെങ്കിലും ആരാധനയ്ക്കുള്ള അവകാശം അനുവദിച്ചുകിട്ടും വരെ പ്രാര്‍ഥനായജ്ഞം തുടരും. വരും ദിവസങ്ങളില്‍ പ്രതിഷേധം വിവിധ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി നടപ്പാക്കാതെ ഉപവാസത്തില്‍ നിന്നു പിന്മാറില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് ആവര്‍ത്തിച്ചു.

ഈ ആവശ്യമുന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ഹൈക്കോടതി ജംഗ്ഷനില്‍ ഉപവാസ സമരം നടത്തി. മെത്രാപ്പോലീത്തമാരായ ഡോ. യൂഹനോന്‍ മാര്‍ മിലിത്തിയോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ് തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം, പ്രശ്‌നപരിഹാരം വൈകാതെ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നു ജില്ലാ കളക്ടര്‍ പി.ഐ. ഷേക്ക് പരീത് പറഞ്ഞു.

From Deepika

അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷക സമിതിയുടേയും ജില്ലാ ഭരണകൂടത്തിന്റെയും സാന്നിദ്ധ്യത്തില്‍ ഇരുവിഭാഗവും നടത്തിവരുന്ന ചര്‍ച്ചകള്‍ ഫലവത്താകാത്ത സാഹചര്യത്തില്‍ ഇരു സഭകളും ചര്‍ച്ചകള്‍ വിട്ട് സമരരംഗത്തേക്കിറങ്ങുവാന്‍ തീരുമാനിച്ചു.

എന്നാല്‍, സമരം അവസാനിപ്പിക്കുന്നതിലേക്കായി വെള്ളിയാഴ്ച രാത്രി പുത്തന്‍കുരിശ് ടിബിയില്‍ ജില്ലാ കളക്ടര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലുണ്ടായ ചില പുതിയ നിര്‍ദേശങ്ങള്‍ ആശാവഹമാണെന്ന് പറയപ്പെടുന്നു.

യാക്കോബായ സഭ വെള്ളിയാഴ്ച വൈകീട്ട് ഇടവകാംഗങ്ങളുടേയും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടേയും ഭക്തസംഘടനകളുടെയും സംയുക്തയോഗം ചേര്‍ന്നു. സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശനിയാഴ്ച വഞ്ചനാദിനം ആചരിക്കും. ഇടവക കുടുംബങ്ങളുടെ സെന്‍സസ് രേഖകള്‍ ജില്ലാ അധികൃതര്‍ക്ക് നല്‍കുവാനും, ഞായറാഴ്ച ഭദ്രാസനത്തിലെ വിശ്വാസികള്‍ കോലഞ്ചേരിയില്‍ ഒത്തുചേര്‍ന്ന് പ്രാര്‍ഥനാദിനം ആചരിക്കുവാനുമാണ് യോഗത്തില്‍ തീരുമാനമെടുത്തത്. മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ ഇവാനിയോസ്, മാത്യുസ് മാര്‍ അപ്രേം എന്നിവര്‍ സംബന്ധിച്ചു. വികാരി വര്‍ഗീസ് ഇടുമാരി അധ്യക്ഷനായി. പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എല്‍ദോ കക്കാടന്‍, ഫാ. പൗലോസ് പുതിയമഠം, സ്ലീബ ഐക്കരക്കുന്നത്ത് ബാബുപോള്‍ എന്നിവര്‍ പ്രസംഗിച്ചു. രാത്രി യാക്കോബായ സഭയുടെ നേതാക്കളുടെ പ്രത്യേക യോഗവും നടത്തി സമരപരിപാടികള്‍ ആസൂത്രണം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് കോലഞ്ചേരിയില്‍ പ്രകടനവും നടത്തി. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രാര്‍ഥനായജ്ഞ സമരം തുടര്‍ന്നു.

ഓര്‍ത്തഡോക്‌സ് വിഭാഗം സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക യോഗം ചേര്‍ന്നു. ശനിയാഴ്ച വൈകീട്ട് 5.30ന് കോട്ടയം ഏലിയ കത്തീഡ്രലില്‍ മേഖലയിലെ വിശ്വാസികള്‍ സമ്മേളിച്ച് അവിടെനിന്ന് പ്രകടനമായിച്ചെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് ഉപരോധിക്കും. ഞായറാഴ്ച മലങ്കര സഭയിലെ മുഴുവന്‍ പള്ളികളിലും ഉപവാസ പ്രാര്‍ഥന നടത്തുമെന്ന് സഭാവൃത്തങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ അന്നേദിവസം വിശദീകരണയോഗവും പ്രതിഷേധ റാലിയും കോലഞ്ചേരിയില്‍ നടത്തും. അഭിഭാഷക സമിതിയുടെ ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ മറ്റ് മധ്യസ്ഥരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അവര്‍ പറഞ്ഞു. ജില്ലാ അധികൃതര്‍ തീരുമാനം നീട്ടിക്കൊണ്ടുപോയതില്‍ സഭ പ്രതിഷേധമറിയിച്ചു. പരിശുദ്ധ കാതോലിക്ക ബസ്സേലിയോസ് പൗലോസ് മര്‍ത്തോമ്മ ദ്വിതീയന്‍ ബാവയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉപവാസം നടത്തി. പത്രസമ്മേളനത്തില്‍ യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പോലീത്തക്കു പുറമെ ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഡോ. ജോര്‍ജ് ജോസഫ്, ഫാ. സി.എം. കുര്യാക്കോസ്, ഫാ. ജേക്കബ് കുര്യന്‍ എന്നിവരും സംബന്ധിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മര്‍ത്തോമ്മ സഭയിലെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഇരുസഭയിലെ മെത്രാപ്പോലീത്തമാരേയും സന്ദര്‍ശിച്ച് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്‌സ് വിഭാഗം വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍ പ്രകടനം നടത്തി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. കൂടാതെ മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഞായറാഴ്ച ഇരുവിഭാഗവും കോലഞ്ചേരിയില്‍ കേന്ദ്രീകരിക്കുമെന്നതിനാല്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രതയിലാണ്

From Mathrubhumi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക