Image

പ്രിയപ്പെട്ട മാധവിക്കുട്ടി- മീനു എലിസബത്ത്

മീനു എലിസബത്ത് Published on 20 March, 2013
പ്രിയപ്പെട്ട മാധവിക്കുട്ടി- മീനു എലിസബത്ത്
മാര്‍ച്ച് മാസം എനിക്കെന്നും പ്രിയപ്പെട്ട മാസം തന്നെ. പ്രിയപ്പെട്ട പലരുടെയും പിറന്നാള്‍ മാര്‍ച്ച് മാസത്തിലാണ്. മലയാള സാഹിത്യത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജനനം മാര്‍ച്ച് 31ന് ആയിരുന്നു.

ജീവിച്ചിരുന്നിരുന്നെങ്കില്‍ ഈ പിറന്നാളിന് അവര്‍ക്ക് 79 വയസാകുമായിരുന്നു. സാഹിത്യലോകത്തിന് തീരാനഷ്ടം വരുത്തിക്കൊണ്ട്, ലോകമെമ്പാടുമുള്ള തന്റെ ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ അമ്മ മറഞ്ഞിട്ട്, മെയ് 31 നു നാല് വര്‍ഷം തികയും.

സ്ത്രീമനസിന്റെ സൗന്ദര്യവും ചൈതന്യവും അല്‍പം പോലും ചോര്‍ന്നു പേ
ാകാതെ, സ്ത്രീ പുരുഷബന്ധങ്ങളിലെ പ്രണയവും രതിയും കാമവും വിരഹവും ഒരു പോലെ ചാലിച്ച്, പ്രേമത്തില്‍ അലിയിച്ചെടുത്ത എത്രയോ കഥകള്‍ അവര്‍ എഴുതിയിരിക്കുന്നു.

ബന്ധങ്ങളിലെ ഇഴയടുപ്പവും ഇണക്കക്കേടുകളും പൊരുത്തക്കേടുകളും വ്യത്യാസങ്ങളും വ്യതിയാനങ്ങളും വരച്ചു കാട്ടുന്നവയായിരുന്നു മറ്റു ചില കഥകള്‍. മാതൃത്വത്തിന്റെ മഹത്വവും, മുതിര്‍ന്നവരുടെയും കുട്ടികളുടെയും വികാരവിചാരങ്ങളും എല്ലാം അവരുടെ കഥകള്‍ക്ക് വിഷയങ്ങളായി. കഥകള്‍പോലെ അതിമനോഹരങ്ങളായിരുന്നു അവര്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്ന കവിതകള്‍.

കൗമാരകാലങ്ങളിലെന്നോ ആണ് ഞാന്‍ ആദ്യമായി മാധവിക്കുട്ടിയെ വായിച്ചു തുടങ്ങുന്നത്. അത് വരെ വായിച്ചു വന്ന കഥകളില്‍ നിന്നെല്ലാം വേറിട്ട് നില്ക്കുന്നത് പോലെയാണ് അവ എനിക്ക് അനുഭവപ്പെട്ടത്. അതിശക്തവും, എന്നാല്‍ ലളിതവും ആകര്‍ഷകവും ആയിരുന്നു അവരുടെ ഭാഷ.

തൊണ്ണൂറ്റിയൊമ്പതു മുതല്‍ മാതാപിതാക്കള്‍ നാട്ടില്‍ സ്ഥിരതാമസമാക്കിയതിനു ശേഷം ഇടവിട്ട വര്‍ഷ ങ്ങളില്‍ ഞാന്‍ മക്കളുമൊത്ത്, അവധിക്കാലങ്ങളില്‍ നാട്ടിലേക്ക് പോയിരുന്നു. ഏകദേശം രണ്ടു മാസങ്ങള്‍ അവിടെ നിന്നതിനു ശേഷം തിരികെ അമേരിക്കയിലേക്കുള്ള വരവുകള്‍ എന്നില്‍ വലിയ ഗൃഹാതുരത്വം സൃഷ്ടിക്കുമായിരുന്നു.

തിരികെ വന്നു പെട്ടികള്‍ തുറക്കുമ്പോള്‍ (സാരിയും ആഭരണങ്ങളും കഴിഞ്ഞാല്‍) പിന്നെ ഭദ്രമായി ഉണ്ടോ എന്ന് നോക്കുന്നത് പുസ്തകങ്ങളാണ്. ആ പോക്കിന് വാങ്ങിക്കൂട്ടിയ പുസ്തകങ്ങളെല്ലാം എടുത്തു ശരിക്കൊന്നു കാണും. നാട്ടില്‍വെച്ച് എല്ലാ പുസ്തകങ്ങളും വായിക്കുവാന്‍ സമയം കിട്ടാറില്ല. മാസികകള്‍ ധാരാളം ഉള്ളതിനാല്‍ പുസ്തകങ്ങള്‍ അമേരിക്കയില്‍ വന്നാണ് വായന.
പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയായതിനാല്‍ അവരുടെ പുസ്തകങ്ങളാണ് ആദ്യം വായിക്കാന്‍ എടുക്കുക. വായിച്ചവയാണെങ്കില്‍ പോലും പിന്നെയും പിന്നെയും അവരുടെ കഥകള്‍ ആര്‍ത്തിയോടെ വായിക്കും. നാട്ടിലിട്ടിട്ടു പോന്ന പ്രിയപ്പെട്ടവരെയോര്‍ത്തുള്ള ദുഖം ഒരു പരിധി വരെ മറക്കാന്‍ ആ അമ്മയുടെ കഥകള്‍ അന്നൊക്കെ വളരെയധികം സഹായിച്ചിരുന്നു. ഒപ്പമില്ലാതെയിരുന്ന അമ്മയുടെ സ്‌നേഹം ഒരു പരിധി വരെ അനുഭവിച്ചിരുന്നത് അവരുടെ കഥകളിലൂടെയായിരുന്നു.

ഒരമ്മയെ പോലെ, ചേച്ചിയെ പോലെ, അവര്‍ കഥകളിലൂടെ എന്നോട് സംസാരിച്ചു. ഒരു അടുത്ത കൂട്ടുകാരിയെ പോലെ, രഹസ്യങ്ങള്‍ പങ്കുവെച്ചു. അങ്ങനെ ഞങ്ങള്‍ പിരിയാനാവത്ത സുഹൃത്തുക്കളായി മാറി. ഒരിക്കലും ഞാന്‍ നേരില്‍ കണ്ടിട്ടില്ലാത്ത അവരോട്, അറിഞ്ഞോ അറിയാതെയോ ഒരു മാനസിക അടുപ്പം ഉണ്ടാവാന്‍ തുടങ്ങി. അവര്‍ എനിക്കാരൊക്കെയോ ആവുന്നത് ഞാന്‍ ശ്രദ്ധിച്ചു.

ഇടയ്‌ക്കൊക്കെ, വിഷാദം വന്നു മൂടുമ്പോള്‍ ഞാന്‍ മാധവിക്കുട്ടിയുടെ കഥാസാഗരങ്ങളിലൂടെ ഊളിയിട്ടും മുങ്ങാംകുഴിയിട്ടും നീന്തിത്തുടിച്ചു. പലപ്പോഴും വിഷാദങ്ങള്‍ക്കുള്ള മറുമരുന്നായി മാധവിക്കുട്ടിയുടെ കഥകള്‍ എന്റെ മുഖത്തെ പുഞ്ചിരി അണയ്ക്കാതെ, ഉള്ളിലെ തീ കെടുത്താതെ, പിടിച്ചു നിര്‍ത്തിയിരുന്നു.

ഒരു സ്ത്രീയുടെ ഹൃദയത്തുടിപ്പും നാഡിമിടിപ്പും മാനസിക വ്യാപാരങ്ങളും ഇത്ര അറിഞ്ഞ മറ്റൊരു എഴുത്തുകാരനോ, എഴുത്തുകാരിയോ മലയാളത്തിലുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. സ്ത്രീയുടെ എല്ലാ ചാപല്യങ്ങളും ബലഹീനതകളും വികാരവിചാരങ്ങളും, വിഹ്വലതകളും പച്ചയായി തുറന്നു കാട്ടാന്‍ മാധവിക്കുട്ടി ധൈര്യപ്പെട്ടു. അവള്‍ പുരുഷന്റെ വെറും കളിപ്പാട്ടം മാത്രമല്ലെന്നും മറിച്ച് സ്‌നേഹിക്കപ്പെടേണ്ടവളും ബഹുമാനിക്കപ്പെടേണ്ടവളും ആണെന്ന് പല കഥകളിലൂടെ അവര്‍ പഠിപ്പിച്ചു.

പുരുഷമേല്‍ക്കോയ്മ നടമാടിയിരുന്ന ഭാരതീയ സമൂഹത്തിന്റെ പല മുഖംമൂടികളും വലിച്ചെറിയുന്നവയായിരുന്നു അവരുടെ കഥകള്‍. പിന്നിട് മാറ്റിപ്പറഞ്ഞെങ്കിലും, 'എന്റെ കഥ എന്ന പേരിലിറക്കിയ ആത്മകഥയില്‍, വിവാഹേതര ബന്ധങ്ങളെക്കുറിച്ചും, സ്വവര്‍ഗാനുരാഗ ബന്ധങ്ങളെക്കുറിച്ചും തുറന്നെഴുതി അവര്‍ കേരള സാഹിത്യ ലോകത്തെയും വായനക്കാരെയും ഒരു പോലെ ഞെട്ടിച്ചു. അതിന്റെ പേരില്‍ ധാരാളം അപവാദങ്ങള്‍ അവര്‍ക്കേല്‌ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും സ്വന്തം നിലപാടുകള്‍ എന്നും തന്റെ കഥകളിലൂടെ അവര്‍ ആവര്‍ ത്തിച്ചു കൊണ്ടേയിരുന്നു. പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചും മാധവിക്കുട്ടിക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു.

തന്റെ തൂലികയിലൂടെ കേരള സമൂഹത്തോട് നിരന്തരം പടവെട്ടിക്കൊണ്ടിരുന്ന മാധവിക്കുട്ടിയെ 'ഒറ്റയാള്‍ എന്നാണു പ്രശസ്ത എഴുത്തുകാരനായ സക്കറിയ ഒരു അനുസ്മരണ യോഗത്തില്‍ വിശേഷിപ്പിച്ചത്.,. 'ഒറ്റയാന്‍ എന്ന മലയാള പദത്തിന് ആദ്യമായി ഒരു വിപരീതപദമോ, സ്ത്രീലിംഗമോ ആയി മാറി കരുത്തുറ്റ ഈ സ്ത്രീ എഴുത്തുകാരി.

ആ കാലഘട്ടത്തിലെ ഒറ്റ സ്ത്രീയും എഴുതാന്‍ ധൈര്യപ്പെടാത്ത വിധത്തില്‍ അവര്‍ എഴുതിയപ്പോള്‍ അതെല്ലാം അവരുടെ അനുഭവങ്ങളായി പല വായനക്കാരും സാഹിത്യ ലോകത്തിലെ കുറെപ്പേരെങ്കിലും അവരെ തെറ്റിദ്ധരിച്ചു, വിമര്‍ശിച്ചു. തന്റെ പല കഥകളിലൂടെ മലയാളിയുടെ കപട സദാചാരത്തിന്റെ തോലുരിച്ച മാധവിക്കുട്ടിയെ കേരളം മനസിലാക്കിയിരുന്നില്ല. അതെക്കുറിച്ച്, അവര്‍ തന്നെ എത്രയോ ഇടങ്ങളില്‍ എഴുതി നാം വായിച്ചിരിക്കുന്നു. പക്ഷെ വിദേശികള്‍ അവരെ വളരെ ബഹുമാനിച്ചിരുന്നു.

'ചതുരംഗം എന്ന കഥയില്‍ മാധവിക്കുട്ടി. എഴുതി..
'ഒരു സ്ത്രീ .. സ്ത്രീയാവണമെങ്കില്‍ അവള്‍ക്കൊരു കാമുകനുണ്ടാവണം !
അവളുടെ സ്ത്രീത്വത്തെ അംഗീകരിക്കുവാന്‍
ഒരു പുരുഷന്‍ വേണം!
അവളെ ഒരു കണ്ണാടിയിലെന്നപോലെ
പ്രതിഫലിപ്പിക്കുവാന്‍,
അവളുടെ ദേഹത്തിന്റെ മിനുസവും മണവും
വലുപ്പചെറുപ്പങ്ങളും അവളെ മനസിലാക്കിക്കൊടുക്കുവാന്‍
മറ്റാര്‍ക്കാണ് കഴിയുക?'

പോരെ പൂരം. കപടസദാചാരത്തിന്റെ പൊയ്മുഖങ്ങളണിഞ്ഞ കാവല്‍മാലാഖമാര്‍ക്ക് ഇതുപോലെയുള്ള വരികള്‍ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും? അതും ഒരു സ്ത്രീ എഴുതുമ്പോള്‍ എല്ലാം അവളുടെ അനുഭവങ്ങളായി വ്യാഖ്യാനിക്കുവാന്‍ ചിലര്‍ക്കെങ്കിലും താല്പര്യം കൂടും. വ്യക്തിഹത്യയിലൂടെയും സ്വഭാവഹത്യയിലൂടെയും മാധവിക്കുട്ടിയെ കല്ലെറിയാന്‍ പുരുഷന്മാരോടൊപ്പം ചില സ്ത്രീകളും മുന്‍നിരയിലിറങ്ങി മത്സരിച്ചു എന്ന് നാം കണ്ടിരുന്നു.

അക്കാലത്ത് മാധവിക്കുട്ടിയുടെ ഓരോ കഥ വായിക്കുമ്പോഴും എനിക്കവരെ പരിചയപ്പെടണം എന്ന ആഗ്രഹം അതികലശലായി വന്നു. ഒരു സാധാരണ വായനക്കാരനോ വായനക്കാരിക്കോ സ്വഭാവികമായും തോന്നാവുന്ന വികാരം. അവര്‍ മകന്റെ കൂടെ പൂനയിലേക്ക് പോകുന്നതിനു മുന്‍പ്, കൊച്ചിയിലൊരു ഫ്‌ളാറ്റില്‍ വേലക്കാരുടെ പരിചരണയിലായിരുന്നു.

2008 സമ്മര്‍വെക്കേഷന് ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ മാധവിക്കുട്ടിയുമായി അടുപ്പമുള്ള, സുഹൃദ്ബന്ധമുള്ള ഒരു സുഹൃത്തിനോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ അവരുടെ മറുപടി നിരാശാജനകമായിരുന്നു. 'ചേച്ചിക്ക് അടുത്തിടയായി ഭയങ്കര മൂഡ് ഔട്ടും മൂശേട്ടയുമാണെന്നും, പുതിയ വിരുന്നുകാരെ ഒന്നും കാണാന്‍ അവര്‍ കൂട്ടാക്കുന്നില്ലെന്നും, കണ്ടിട്ട് അവര്‍ക്കിഷ്ടമായില്ലങ്കില്‍ അവരുടെ കോളത്തില്‍ അതെല്ലാം എഴുതി വിടും, എന്നും പറഞ്ഞു ഭയപ്പെടുത്തി.

ഒട്ടൊരു അവിശ്വസനീയതയോടെ, മനസില്ലാമനസോടെ ആ മോഹം ഞാന്‍ ഉപേക്ഷിച്ചു. എങ്കിലും അവരെ ഒന്ന് നേരില്‍ കാണാന്‍ ഭാഗ്യമില്ലാതെ പോയതു തീരാനഷ്ടടമായി ഇന്നും ഞാന്‍ കരുതുന്നു. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലങ്കിലും, സംസാരിച്ചിട്ടില്ലെങ്കിലും അവര്‍ എന്റെ ആരോ ആയിരുന്നു. ഞാന്‍ അവരെ അറിഞ്ഞിരുന്നു, സംസാരിച്ചിരുന്നു. ഓരോ കഥകളിലൂടെയും അവര്‍ എന്നെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു, ചിലതില്‍ കരയിച്ചു.

തനിക്കൊരിക്കലും ഒരു ഫെമിനിസ്റ്റ് ആവാന്‍ കഴിയില്ലന്നു പറഞ്ഞ മാധവിക്കുട്ടി, സ്ത്രീ സ്‌നേഹിക്കപ്പെടേണ്ടവളും ബഹുമാനിക്കപ്പെടേണ്ടിയവളുമാണെന്ന ബോധം പെണ്‍കുട്ടികളെ പഠിപ്പിച്ചു.

അവരുടെ മരണവാര്‍ത്ത അറിഞ്ഞ് വിദൂരത്തായിരിക്കുന്ന ഏതൊരു മകളെയും പോലെ ഞാനും വാവിട്ടു കരഞ്ഞു. മരണത്തോടെയാണ് അവര്‍ എനിക്ക്
എന്ത് പ്രിയപ്പെട്ടവരായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. വേര്‍പാടിന്റെ ആഴം അളക്കുമ്പോളാണല്ലോ നാം നഷ്ടപ്പെട്ടു പോയ സ്‌നേഹത്തിന്റെ അളവ് മനസിലാക്കുക!.

അവരുടെ കബറിടക്കം നടക്കുന്ന രാത്രി (നാട്ടിലെ പകല്‍) ഉണര്‍ന്നിരുന്നു, ലോകമെമ്പാടുമുള്ള അവരുടെ ലക്ഷക്കണക്കിന് ആരാധകരോടോപ്പം, നിറമിഴികളോടെ ഞാനും ചാനലുകളിലൂടെ അതിന്റെ തത്സമയസംപ്രേഷണം കണ്ടു.

അതിനു കുറച്ചു മാസങ്ങള്‍ക്ക് മുമ്പെന്നെ വിട്ടു പോയ മാതാപിതാക്കളുടെ വേര്‍പാടിന്റെ മുറിവുകള്‍ അപ്പോഴും എന്റെ ഹൃദയത്തില്‍ ചോര പൊടിഞ്ഞു നില്ക്കുന്ന സമയമായിരുന്നതിനാല്‍ ആയിടക്ക് നടക്കുന്ന ഓരോ മരണവാര്‍ത്തകളും എന്നെ വീണ്ടും വീണ്ടും കണ്ണീര്‍ക്കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞിരുന്നു.. വിഷാദത്തിന്റ ചുഴികളില്‍ എടുത്തെറിയപ്പെട്ട്, നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുമെന്നു തോന്നിയിരുന്നപ്പോഴെല്ലാം എനിക്ക് മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ ആശ്വാസമായി വന്നു.

നമ്മുടെ പ്രിയപ്പെട്ട ചിലര്‍ക്കെല്ലാം ഒരിക്കലും മരണം ഇല്ലാതിരുന്നിരുന്നെങ്കിലെന്ന് നാം ആഗ്രഹിച്ചു പോകും.

അതെ, മാധവിക്കുട്ടി. ഒരിക്കലും മരിക്കാതിരുന്നെങ്കില്‍...നമുക്ക് വേണ്ടി ഇപ്പോഴും കഥകള്‍ എഴുതിക്കൊണ്ടെയിരുന്നിരുന്നെങ്കില്‍..പ്രിയ കവി ഓ.എന്‍.വി കുറുപ്പ് എഴുതിയതുപോലെ, 'വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം!!

പ്രിയപ്പെട്ട മാധവിക്കുട്ടീ....നിങ്ങള്‍ക്ക് മരണമില്ല. മരണമില്ലാത്ത നിങ്ങളുടെ കഥകളിലൂടെ ഇന്നും, ലോകമെമ്പാടുമുള്ള വായനക്കാരുടെ ഹൃദയത്തില്‍ നിങ്ങള്‍ ജീവിക്കുന്നു. ! ഹാ പ്പിബര്‍ത്ത് ഡേ ചേച്ചി.

പ്രിയപ്പെട്ട മാധവിക്കുട്ടി- മീനു എലിസബത്ത്പ്രിയപ്പെട്ട മാധവിക്കുട്ടി- മീനു എലിസബത്ത്പ്രിയപ്പെട്ട മാധവിക്കുട്ടി- മീനു എലിസബത്ത്പ്രിയപ്പെട്ട മാധവിക്കുട്ടി- മീനു എലിസബത്ത്പ്രിയപ്പെട്ട മാധവിക്കുട്ടി- മീനു എലിസബത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക