Image

ദേ വരുന്നു സുരേഷ് ഗോപി (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 19 March, 2013
ദേ വരുന്നു സുരേഷ് ഗോപി (ജോര്‍ജ് തുമ്പയില്‍)
മഞ്ഞപ്പിത്തം പിടിച്ചവന്‍ കാണുന്നതെല്ലാം മഞ്ഞയാണെന്നതുപോലെ, കണ്‍കെട്ടുകാരന്‍ കാണുന്നതെല്ലാം കുറ്റമാണെന്നായിരുന്നു ചുരുക്കം ചിലരെങ്കിലും വ്യാപകമായി പടര്‍ന്നു പിടിച്ചു പ്രചാരം. പലരും നേരിട്ടും നേരിടാതെയും ഇതെല്ലാം പറഞ്ഞു. എന്നാല്‍ അതൊന്നു കാണണമല്ലോ എന്ന് വിചാരിച്ചു ചിഹ്നം വിളിക്കാനൊന്നും ഈ പാവം കണ്‍കെട്ടുകാരന്‍ മുതിരുന്നില്ല. കാരണം കാണുന്നത് പറയുന്നു എന്നത് മാത്രമാണ് നമ്മുടെ ഡ്യൂട്ടി. അതു നല്ലതാണോ ചീത്തയാണോ എന്ന തിരിച്ചറിയേണ്ടത് മാന്യവായനക്കാരാണെന്നു മാത്രം. അല്ലാതെ പത്തുപേര്‍ കൂടുന്നിടത്ത് നിന്ന് കൂപമണ്‍ഡൂകത്തെപ്പോലെ സംസാരിക്കുന്ന പരിപാടിയില്‍ കണ്‍കെട്ട് കാണിക്കാം എന്നൊന്നും ആരും കരുതരുത്.

സംഭവം എന്താണെന്ന് വച്ചാല്‍ ഇതിനൊന്നും നമുക്ക് ടൈം ഇല്ല എന്ന് മാത്രം നിങ്ങള്‍ കരുതിയാല്‍ മതി. കഥ ഇതുവരെ എന്ന മട്ടില്‍ ഇക്കാര്യം പറഞ്ഞതും കാര്യകാരണങ്ങള്‍ സഹിതം അമേരിക്കന്‍ മലയാളിക്ക് മുന്നില്‍ കുമ്പസരിക്കുകയും ചെയ്യുന്നതിന് ഒരു കാരണമുണ്ട്.

കണ്‍കെട്ടുകാരന്‍ പറഞ്ഞുറപ്പിച്ച ഒരു കാര്യം ഇതാ മാറ്റിപ്പറയുന്നു. അതൊരു വലിയ കാര്യം തന്നെയാണ്. അത് എന്താണെന്ന് അിറയണമെങ്കില്‍, പ്രായമായവര്‍ കണ്ണട തപ്പിയെടുത്ത് താഴേക്കു വായിക്കണം. ആരകെങ്കിലും വായിച്ചു കേള്‍പ്പിക്കുന്നവര്‍, ആദ്യം വായിച്ചു സ്വയം നിര്‍വൃതിയടഞ്ഞതിനു ശേഷം തുടര്‍ന്നു വായിക്കുക. ഏതാനും നാളുകള്‍ക്ക് മുന്‍പ് സുരേഷ് ഗോപി അവതരിപ്പിക്കുന്ന കോടീശ്വരന്‍ പരിപാടി മഹാകൂതറയാണെന്ന് ഈയുള്ളവന്‍ എഴുതിപ്പിടിപ്പിച്ചിരുന്നു. അതിനെക്കുറിച്ച് കേട്ടതമാശകളും ആക്ഷേപഹാസ്യവും ചേര്‍ത്ത് സംഗതിയെ ആ തരത്തിലേക്ക് ഒതുക്കാനായിരുന്നല്ലോ മത്സരം. എങ്കില്‍ കിടക്കട്ടെ കണ്‍കെട്ടുകാരന്റെ വക ഒരു പകിട എന്നേ വിചാരിച്ചിള്ളൂ. അങ്ങനെ പറഞ്ഞതിനു ആളേകൂട്ടി വന്ന് തല്ലരുത്. ഒന്ന് ഫോണില്‍ വിളിച്ചു വിരട്ടിയാല്‍ മാത്രം മതിയെന്നു സാമാന്യ ബുദ്ധിയുള്ള വായന പ്രജകളോട് അപേക്ഷിച്ചുകൊള്ളുന്നു. അങ്ങിനെയിരിക്കെയാണ് അവിചാരിതമായി ചാനല്‍ മാറ്റുന്നതിടയില്‍ സുരേഷ്‌ഗോപിയെ കറുത്ത കോട്ടിട്ട് കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ കാര്യം ബോധിച്ചു.

കോടീശ്വരന്‍ പരിപാടിയാണ് നിങ്ങള്‍ക്കുമുണ്ടാക്കാം കോടിയെന്നാണ് പറയുന്നത് കോടിയുണ്ടാക്കാന്‍ ഇറങ്ങി കോടീശ്വരനീലെ ചോദ്യങ്ങളും ഉത്തരങ്ങളും കേട്ട് മുഖം കോടിയത് പോലെ ആയതു കൊണ്ട് എടുക്കേണ്ടെന്നു കരുതിയതാണ്. അപ്പോഴാണ് സ്മരിച്ചു പോയത്. ഈയിടെയായി കോടീശ്വരനെക്കുറിച്ച് കേള്‍ക്കാനെയില്ലെന്ന് അതെന്നാ  പരിപാടി നിര്‍ത്തിയോ? അതോ പ്രൊഡ്യൂസര്‍ നന്നായോ? പരിപാടി നിര്‍ത്തിയില്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഒരു കാര്യം ഉറപ്പായിരുന്നു കോടീശ്വരന്‍ നന്നായിക്കാണും. പ്രതീക്ഷ സഫലമായില്ലെങ്കിലും തെറ്റിയില്ലെന്നു പറയുന്നതാകും ശരി. വീണ്ടും ഇതാ കോടീശ്വരന്‍ മുന്നില്‍ കണ്ടപ്പോള്‍ അതിശയിച്ചു പോയി അന്നുകണ്ട കോട്ടിട്ട സുരേഷ് ഗോപി എത്ര അരോചകമായിരിക്കുന്നു. ഇപ്പോഴിതാ അപ്പിയറന്‍സ് തന്നെ മാറിയിരിക്കുന്നു. അവതരണത്തില്‍ പോലും എന്തൊരു ആഢ്യത. പണ്ട് കോന്‍ ബനേഗാ കോര്‍പതിയില്‍ സാക്ഷാല്‍ ബിഗ് ബി അമിതാബ് ബച്ചന്‍ അഭിനയിച്ചു  പൊലിപ്പിച്ച മാതിരിയുള്ള ഉഗ്രന്‍ ചോദ്യങ്ങളും അതിലേക്കുള്ള പ്രസന്റേഷനും കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. തല്ലുകൊണ്ടാല്‍ ഏതു സാറും നന്നാവും. അതേ കോടീശ്വരന്‍  പരിപാടി നന്നായിരിക്കുന്നു മാന്യമഹാജനങ്ങളെ. നന്നായിരിക്കുന്നു എന്ന് പറഞ്ഞാല്‍, അമേരിക്കന്‍ മലയാളികളായ ഞങ്ങള്‍ക്ക് മുഷിപ്പില്ലാതെ കണ്ടുകൊണ്ടിരിക്കാന്‍ കഴിയുന്നു. കോടീശ്വരനെ കളിയാക്കി വാര്‍ത്തകളും തമാശകളും പടച്ചവര്‍ക്ക് ഇനി വായടക്കാം. മലയാളം ചാനലുകളില്‍ ഏറ്റവും അധികം ജനപ്രീത് നേടിയ പരിപാടിയായി ഈ ഗെയിം ഷോ മാറുകയാണെന്ന് പലരും വിളിച്ചുപറയുന്നു. ടൈം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് ടൈം.

ഏഷ്യാനെറ്റ് പ്രൈം ടൈമില്‍ കോടീശ്വരന്‍ ആരംഭിക്കുമ്പോള്‍ പരിപാടി വിജയിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഷെയര്‍ എടുക്കുന്നതുപോലെയായിരുന്നു.

സുരേഷ് ഗോപി എട്ടുനിലയില്‍ പൊട്ടിയെന്ന് തന്നെപരദൂഷണക്കാര്‍ പറഞ്ഞു തുടങ്ങി. അങ്ങിനെയുള്ള പരദൂഷക്കാരില്‍ നിന്നും കേട്ടതാണ് പൊടിപ്പും തൊങ്ങലും വച്ച് കണ്‍കെട്ടുകാരനും വച്ച് കാച്ചിയത്. ക്ഷമിക്കൂ കോടീശ്വരാ ക്ഷമിക്കൂ. സുരേഷ് ഗോപിയുടെ മസില്‍ പിടുത്തവും ചോദ്യോത്തര പരിപാടിയുമാണ് പ്രേക്ഷകരെ അലോസരപ്പെടുത്തിയത്. അവതരണ ശൈലിയെ കളിയാക്കി എന്തെല്ലാം കോമിക്കുകളായിരുന്നു. ഷോയിലെ ചോദ്യങ്ങളുടെനിലവാരം കെ.ജി. ക്ലാസിനും താഴെയായി. കേരളത്തിലാണെങ്കില്‍ പോട്ടെന്ന് വയ്ക്കാമായിരുന്നു. സംസ്‌ക്കാര സമ്പന്നരായ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അമേരിക്ക പോലുള്ള ഒരു വലിയ രാജ്യത്തു സംപ്രേക്ഷണം ചെയ്തത് വഴി ലോകമെമ്പാടുമുള്ള പ്രബുദ്ധരായ മലയാളികളെ നാറ്റിക്കുക കൂടിയായിരുന്നല്ലോ അന്ന് കോടീശ്വരന്‍ ചെയ്ത. ആനിലയ്ക്ക് കള്‍ച്ചറല്‍ റിച്ചായ മലയാളികള്‍ക്ക് വേണ്ടി കണ്‍കെട്ടുകാരന്‍ നാല് വര്‍ത്തമാനം പറഞ്ഞുവെന്നേ ഉള്ളൂ. കഴിഞ്ഞത് കഴിഞ്ഞു. ഇപ്പോള്‍ കേള്‍ക്കുന്നു കോടീശ്വരന്‍ മലയാളം പ്രൈം ടൈമിലെ നമ്പര്‍ വണ്‍  പ്രോഗ്രാം ആയി മാറിയിരിക്കുകയാണ് എന്ന്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞെങ്കിലും ഷോയുടെ ജനപ്രീതിയിലുണ്ടായ കുതിപ്പ് സുരേഷ് ഗോപിക്കും ഗുണമാകും. മാറ്റ് കുറയാതെ തന്നെ ഇനിയും നായകനാകാം. സാമ്പത്തികമായി മാത്രമല്ല വിജ്ഞാനത്തിന്റെ കാര്യത്തിലും കോടീശ്വരന്‍ മുന്നിലാണ്. ലോക മലയാളികള്‍ക്ക് അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്നതിലും ഈ ഷോയ്ക്ക് പ്രധാന പങ്കുണ്ട്. ജീവിതത്തില്‍ വഴിമുട്ടിയ പല കുടുംബങ്ങള്‍ക്കും കൈത്താങ്ങായി ഈ ഷോ. മലയാളത്തിലെ മികച്ച ഷോകളിലൊന്നാവാന്‍ കോടീശ്വരന്‍ പ്രാപ്തനാക്കിയത് സുരേഷ് ഗോപിയുടെ അവതരണ മികവായിരുന്നു. ഉത്തരങ്ങളുടെ മുള്‍മുനയില്‍ നിന്ന് കൊണ്ട് സുരേഷ് ഗോപിയുടെ ജിജ്ഞാനയുടെ സ്‌ഫോടനം കാഴ്ചക്കാരെയും പിടിച്ചിരുത്തിക്കഴിഞ്ഞു. മലയാളികളുടെ പ്രതിപുരുഷനെപ്പോലെ പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന കോടീശ്വരന്റെ ഹൈലൈറ്റ് സുരേഷ്‌ഗോപി എന്ന അതുല്യ നടന്‍ തന്നെ ആയിരുന്നു. അതുകൊണ്ട് കണ്‍കെട്ടുകാരന്‍ വക കൈയടിയും ഈ സൂപ്പര്‍ താരത്തിനിരിക്കട്ടെ. എന്തായായും കോടീശ്വരന്‍ സൂപ്പറായി മാറിയെങ്കില്‍ നാല് പേരോടു പറയുന്നതില്‍ അഭിമാനിക്കാം. കാരണം അഭിമാനിക്കാന്‍ എന്തുണ്ട് എന്ന് നോക്കി നടക്കുകയാണല്ലോ ഞങ്ങള്‍ . ഇങ്ങിനെയൊക്കെ പറയുന്നതിന് പണ്ട് ചാക്യാര്‍ക്കൂത്തുകാരന് കാശുകൊടുത്തിരുന്നു എന്നു കേട്ടിട്ടുണ്ട്. എന്നാല്‍ കോടീശ്വരന്‍ പരിപാടിയുടെ റേറ്റ് കൂട്ടാനായി കണ്‍കെട്ടുകാരനെ ആരെങ്കിലും ഉപയോഗിച്ചതാമെന്നു കരുതുന്നവര്‍ ഒരു കാര്യം കൂടി ചെയ്യണം. എങ്ങനെയെങ്കിലും അവരെ ബന്ധപ്പെട്ട് ഉള്ള കാശു അതിന്റെ ചൂടു പോകുന്നതിനു മുന്‍പേ വാങ്ങിത്തന്നാല്‍ എല്ലാം ഫിഫ്ടി ഫിഫ്ടി. എങ്ങിനെയുണ്ട്?

അമേരിക്കന്‍ മലയാളികളുടെ പ്രത്യേകിച്ചു സ്ത്രീ സമൂഹത്തിന്റെ ആരാധനാ പുരുഷനായി മാറിയ അദ്ദേഹം ഒരു വന്‍ താരനിരയുമായി അടുത്തമാസം കാഴ്ചയുടെ മഴവില്‍ തെളിയിക്കുവാന്‍ അമേരിക്കയില്‍ എത്തുകയാണ്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ കോള്‍ഡന്‍ സെന്റരര്‍ വേദിയാകുമ്പോള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു വിഷു കണിയാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ടിക്കറ്റിനുള്ള തിരക്ക് തന്നെ അതിന്റെ പ്രധാന തെളിവ്. നമുക്ക് കൈ നീട്ടി സ്വീകരിക്കാം മലയാളിയുടെ പൊന്നോമന പുത്രനെ.


ദേ വരുന്നു സുരേഷ് ഗോപി (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക