Image

ഒരു പരിഭവപ്പാട്ടിന്റെ ഓര്‍മ്മക്കുറിപ്പ്

അനുപമ Published on 16 September, 2011
ഒരു പരിഭവപ്പാട്ടിന്റെ ഓര്‍മ്മക്കുറിപ്പ്
അന്നും പതിവുപോലെ കത്രീനച്ചേടത്തി മാത്രം എത്തിയിട്ടില്ല. അരിവാള്‍ കല്ലിലുരച്ച് മൂര്‍ച്ച കൂട്ടുന്നതിനിടയ്ക്ക് പെണ്ണുങ്ങള്‍ സംസാരിച്ചത് മുഴുവനും ചേടത്തിയെക്കുറിച്ചായിരുന്നു. പുഴുങ്ങിയ താറാവിന്‍മുട്ടയും ചൂടുചായയും കൊയ്ത്തു പെണ്ണുങ്ങളുടെ വര്‍ത്തമാനവും ഒരുപോലെ ആസ്വദിച്ചു കൊണ്ടിരുന്ന എനിക്ക് രണ്ടു കാര്യങ്ങള്‍ ബോധ്യമായി. ഒന്ന്, ഈ കത്രീനച്ചേടത്തി ഞൊണ്ടിയാണ് .രണ്ട്, അവര്‍ വൈകുന്നതിന്റെ കാരണം കവലയിലുള്ള മാതാവിന്റെ ഗ്രോട്ടോയാണ്. അവിടെ നിന്ന് വിസ്തരിച്ചൊരു പ്രാര്‍ത്ഥനയും കഴിഞ്ഞ് ഞൊണ്ടി എത്തുമ്പോഴേയ്ക്കും അരിവാളുകള്‍ക്കു മാത്രമല്ല, കാത്തുനില്ക്കുന്ന പെണ്ണുങ്ങളുടെ വാക്കുകള്‍ക്കും മൂര്‍ച്ച കൂടാറുണ്ട്
.
“ദാ, ചേടത്തി വന്നല്ലോ” വഴിയിലൂടെ നടന്നുവരുന്നത് അമ്മായിയാണ് ആദ്യം കണ്ടത്. ഒരു വെപ്രാളത്തിന്റെ വേഗവും ഞൊണ്ടിന്റെ താളവും അവരുടെ നടത്തം മനോഹരമാക്കി. മൊത്തത്തില്‍ ഒരാനച്ചന്തം.

“ഇന്നും മാതാവിനെ വെറുതെ വിട്ടില്ല. അല്ലേ?” കൂട്ടത്തിലൊരു പെണ്ണിന്റെ ചോദ്യം ചേടത്തി ഒന്നു ചിരിച്ചിട്ട് ഇമിവാള്‍ മൂര്‍ച്ച കൂട്ടാന്‍ തുടങ്ങി.

“അല്ല ചേടത്തി, അറിയാഞ്ഞിട്ടു ചോദിക്കുകയാ. ഞങ്ങളൊക്കെ അവിടെനിന്നു പ്രാര്‍ത്ഥിച്ചിട്ടുതന്നെയാ എന്നും വരുന്നത്. ചേടത്തിക്കെന്താ എല്ലാ ദിവസും ഇത്രമാത്രം പ്രാര്‍ത്ഥിക്കാനുള്ളത്?” വേറൊരു തടിച്ചിയുടെ ചോദ്യം.

“എനിക്ക് ഒത്തിരി കാര്യം മാതാവിനോട് പറയാനുണ്ടെന്നു വച്ചോ. പിന്നെ ഒരു കാര്യം. ഒന്നു പാടുന്നതും രണ്ടു പ്രാര്‍ത്ഥിക്കുന്നതും സമം. എന്റെ പരിഭവം മുഴുവന്‍ ഒരു പാട്ടാക്കി ഞാനങ്ങ് പാടും പാട്ടുതീരാതെ പോരാന്‍ പറ്റുമോ?”ചേടത്തിയുടെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

“ശരിക്കും ചേടത്തി പാടിയാണോ കാര്യമെല്ലാം പറയുന്നത്?”വേറൊരുത്തിയ്ക്ക് സംശയം.

“അതേടി കൊച്ചേ. എനിക്കെന്താ എന്റെ പാറേമാതാവിനോട് പാടാന്‍മേലായോ. പാടുമ്പം എനിക്കു സുഖം കേള്‍ക്കണ മാതാവിനും സുഖം.”

“ചേടത്തിയുടെ പാട്ട് നാടന്‍ പാട്ടാണോ, അതോ കൊയ്ത്തു പാട്ടാണോ?”

“പിന്നേയ് . വഞ്ചിപ്പാട്ടായിരിക്കും. ചേടത്തീടെ കറിയാച്ചേട്ടന്റേത് തുള്ളല്‍ പ്പാട്ടും”. ആ തടിച്ചി എന്തിനാ മറുപടി പറഞ്ഞത് ആ ചോദ്യം ചേടത്തിയോടായിരുന്നല്ലോ. ഞാന്‍ ചേടത്തിയുടെ മുഖത്തു നോക്കി. അവിടെ ഒരു ഭാവമാറ്റവുമില്ല. അരിവാളിന്റെ മൂര്‍ച്ച ഒന്നുകൂടി ഉറപ്പാക്കി ധൃതിയില്‍ നടക്കുമ്പോള്‍ ചേടത്തി പറഞ്ഞു.
 
“അതേടി കൊച്ചേ. വഞ്ചിപ്പാട്ടുത്തന്നെ”.

എനിക്ക് അത്ഭുതം തോന്നി. ചേടത്തിയുടെ പാട്ട് ഒന്നു കേള്‍ക്കണം. ആഗ്രഹം പറഞ്ഞപ്പോള്‍ ചേടത്തി ഉറക്കെ ചിരിച്ചു. കൊച്ച് പാടത്തേക്ക് കാപ്പിയുമായി വരുമ്പോള്‍ വരമ്പത്തിരുന്നാല്‍ മതി. ചേടത്തീടെ പാട്ടും കേള്‍ക്കാം. കൊയ്ത്തും കാണാം.”.

കൊയ്ത്തു പെണ്ണുങ്ങള്‍ എല്ലാവരും പാടത്തേയ്ക്ക് പോയക്കഴിഞ്ഞു. ഇനി കാപ്പിയുമായി അമ്മായി പോകാനിറങ്ങുമ്പോള്‍ എനിക്കും കൂടെ പ്പോകാം. മലനാട്ടില്‍ നിന്നും ഈ അമ്മായിയെ പാടങ്ങളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ ഈ കായല്‍ തീരത്ത് കെട്ടിച്ചുവിടാന്‍ തോന്നിയത് ആര്‍ക്കായിരിക്കും അതുകൊണ്ട് എന്റെ ഈ അവധിക്കാലത്തിന് ഒരു കൊയ്ത്തുപാട്ടിന്റെ ഈണം. കെട്ടു വള്ളങ്ങളുടെ താളം.
കത്രീന ച്ചേടത്തി വാക്കു പാലിച്ചു. പാറേമാതാവിന്റെ ഗ്രോട്ടായുടെ മുന്‍പില്‍ നിന്ന് മൗനമായ് പാടുന്ന വഞ്ചിപ്പാട്ട് ചേടത്തി ഉറക്കെ ഈണത്തില്‍ പാടി. മറ്റു പെണ്ണുങ്ങള്‍ മത്സരിച്ച് കൊയ്യുന്നതിനൊപ്പം കോറസ് പാടി. തിത്തൈ തക തെയ് തെയ് തെയ് തോം വരമ്പത്തിരുന്ന് ഞാന്‍ ഈ കാഴ്ച ആസ്വദിച്ചു. മനോഹരമായ ഒരു സിനിമാപ്പാട്ടു കാണുന്നതുപോലെ തോന്നി.

ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അങ്ങോട്ടു പോകുന്നത്. ഹോസ്റ്റല്‍ , പഠനം, ജോലി, കുടുംബം, കുട്ടികള്‍ , അമേരിക്കന്‍ വാസം ഈ വക കാരണങ്ങള്‍ കൊണ്ട് എനിക്ക് നഷ്ടമായ നീണ്ട പതിനാറു വര്‍ഷത്തെ കൊയ്ത്തുപാട്ടുകാലം ഒരു ദിവസം കൂടുതല്‍ ആസ്വദിക്കാനായി നാളെ മനസമ്മതത്തിന് ഞാന്‍ ഇന്നേ പുറപ്പെട്ടു. ഇളയ മകളെ കെട്ടിക്കുന്നതിന്റെ തിരക്കാണ് അമ്മായിക്ക്. ഞാന്‍ അവധിക്ക് വന്നിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ അമ്മായിക്ക് സന്തോഷമായിക്കാണും അവരുടെ വീട്ടില്‍ നടന്ന വിവാഹം, മാമ്മോദീസ, ആദ്യകുര്‍ബ്ബാന ഒന്നിനും ഞാന്‍ നാട്ടിലില്‍ ഇല്ലായിരുന്നു. മറ്റുള്ളവരെല്ലാം നാളെ കാറില്‍ വരും. ഇപ്പോള്‍ കടത്തുകടക്കാതെ റോഡിലൂടെ തന്നെ അക്കരെയെത്താം. പക്ഷെ എനിക്ക് കടത്തു കടക്കണമെന്ന് ആഗ്രഹം. പഴയ കടത്തുമാറി ഒരു ബോട്ടു ജെട്ടി വന്നതു കണ്ട് ഞാന്‍ സങ്കടപ്പെട്ടു.
“ബോട്ടായതു നന്നായില്ലേ വള്ളത്തില്‍ എത്ര സമയം എടുക്കും അക്കരെയെത്താന്‍ ”. എന്നെ ബോട്ടില്‍ കയറ്റി വിടുന്ന കൃത്യം ഭംഗിയായി നിര്‍വ്വഹിച്ച സഹോദരന്‍ ആശ്വാസവാക്കു പറഞ്ഞു. ബോട്ടു വിടുന്നതിനു മുന്‍പ് അവന്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു. “അക്കരെ ജോണിച്ചേട്ടന്‍ വരും. നീ തന്നെ നടക്കുകയൊന്നും വേണ്ട. ഇല്ലെങ്കില്‍ മൊബൈലിലേക്ക് വിളിച്ചാല്‍ മതി”.

ബോട്ടിലിരുന്നപ്പോള്‍ ഞാന്‍ പഴയ കത്രീനച്ചേടത്തിയെ ഓര്‍ത്തു പോയി. ചേടത്തിയുടെ വഞ്ചിപ്പാട്ട് ഓര്‍ത്തെടുക്കാന്‍ എനിക്ക് ഒരു പ്രയാസവുമില്ലായിരുന്നു. മനസ്സിന്റെ സ്‌ക്രീനില്‍ ഞാന്‍ ആ പാട്ടുരംഗം എത്രതവണ റീവൈന്‍ഡ് ചെയ്തിരിക്കുന്നു.

പരിഭവങ്ങളാണെങ്കിലേറെയുണ്ടു പറയുവാന്‍ കേട്ടിരിപ്പാന്‍ നേരമുണ്ടോ പാറേമാതാവേ.
എട്ടും പൊട്ടും തിരിയാത്ത എട്ടുപത്തു കുട്ടികളും
കെട്ടുപ്രായം കഴിഞ്ഞവള്‍ മൂന്നെണ്ണമയ്യോ.
പെണ്ണുകാണാതെങ്ങാണ്ടെന്നോ
വന്ന ചെറുക്കാനാണെങ്കില്‍
ലാക്കുമതി ഫ്‌ളാറ്റുമതി മാരുതി മതി.
ആണൊരുത്തനുള്ളതാണേല്‍ എങ്ങാണ്ടെല്ലാം അലഞ്ഞിട്ട്
നാലുനേരാം തിന്നാനിങ്ങ് വലിഞ്ഞുകേറും
തീറ്റ കണ്ടാന്‍ ഭീമസേനന്‍ മാറി നില്ക്കും
പോത്തു പോലെ ഉറങ്ങാനും അവന്‍ പണ്ടേ കേമനാണല്ലോ.
പെണ്ണൊരുത്തി തയ്യല്‍ക്ലാസില്‍ പോയി വന്നിട്ടേതും നേരാം
കയ്യും കാലും കഴപ്പെന്നും പറഞ്ഞിരിപ്പാ.
ഓലുപോലെ ചെക്കനൊന്ന് കൂടെയുണ്ട്
ചോദിക്കുമ്പോ ഫ്രണ്ടാണെന്നും ലൈനാണെന്നും പറയുന്നുണ്ടേ.
ആമ്പ്രന്നോനൊരുത്തനാണേ ലേതുനേരാം നാലുകാലേല്‍
അതിയാനാ കള്ളു ഷാപ്പില്‍ പൊറുതിയാക്കി.
പറഞ്ഞിരുന്നങ്ങോട്ടങ്ങ് നേരം പോയതറിഞ്ഞില്ല
ഓടിപ്പോട്ടെ നേരം വൈകീ പാറേമാതാവേ.”

ഇക്കരെയെത്താറായി. കേള്‍ക്കുന്ന പാറേമാതാവിന് സുഖം തോന്നാന്‍ വഞ്ചിപ്പാട്ടു പാടുന്ന കത്രീന ച്ചേടത്തിയുടെ നാട്ടുകാര്‍ ഇപ്പോഴെങ്ങനെയാവും പ്രാര്‍ത്ഥിക്കുക. ബോട്ടിറങ്ങുമ്പോഴേക്കും ആന്റീയെന്നു വിളിച്ചുകൊണ്ട് ജോണിച്ചേട്ടന്റെ നാലാം ക്ലാസുകാരി മകള്‍ , അനുക്കുട്ടി. പത്തുമിനിറ്റിന്റെ നടപ്പുവഴി കാറിലാക്കി യാത്ര തുടങ്ങി. കത്രീനച്ചേടത്തിയെ ജോണിച്ചേട്ടന് യാതൊരു ഓര്‍മ്മയുമില്ല.

“കൊയ്ത്തിന് ഇപ്പൊ അവര്‍ വരാറില്ലേ?” പൊട്ടിച്ചിരിച്ചിട്ട് ചേട്ടന്‍ പറഞ്ഞു. "അവിടം കണ്ടിട്ടു പോകാം". മനോഹരമായ ഒരു ഹൗസിംഗ് കോളനി. പാരഡൈസ് വില്ല എന്ന് പേര്.

വളവ് തിരിഞ്ഞ് കവലയിലെത്തിയപ്പോള്‍ മാതാവിന്റെ ഗ്രോട്ടോ. “ഡാഡീ, സ്റ്റോപ്പ് രണ്ടു മിനിറ്റ് ഡാഡീ.” അനുക്കുട്ടി ഗ്രോട്ടോയുടെ മുന്‍പില്‍ നിന്ന് തിരികത്തിച്ചു പ്രാര്‍ത്ഥിച്ചു. തിരികെ കാറില്‍ വന്നു കയറിയപ്പോള്‍ ഞാന്‍ ചോദിച്ചു.
“മോളെന്താ പ്രാര്‍ത്ഥിച്ചത്?”

“മാതേവേ പി.റ്റി.സി.റ്റി.”

ജോണിച്ചേട്ടന്‍ കുടുകുടാ ചിരിക്കുന്നു.

“ആന്റീ, എനിക്ക് നാളെകഴിഞ്ഞ് ഒരു ടെസ്റ്റുണ്ട്. അതിന്റെ കാര്യം പറഞ്ഞതാ.”

“പക്ഷെ, എന്താ പി.റ്റി.സി.റ്റി.?”

“അതല്ലേ പ്രയറിന്റെ എസ്.എം.എസ് കോഡ് മാതാവേ, പി.റ്റി.സി.റ്റി. മാതാവേ പ്ലീസ് ടേക്ക് കെയര്‍ ഓഫ് ദി ടെസ്റ്റ്. നമുക്കും സമയം ലാഭം മാതാവിനും സമയം ലാഭം.”

മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണല്ലോ. കത്രീനച്ചേടത്തിയെ കാണാന്‍ സാധിക്കണേയെന്ന് പ്രാര്‍ത്ഥിക്കാനായ് തിരിഞ്ഞു നോക്കിയപ്പോഴാണ് മറ്റൊരു കാര്യം മനസ്സിലായത്. പാറേമാതാവിന് യാതൊരു മാറ്റവും വന്നിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക