Image

തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം (വാരാന്ത്യ ചിന്തകള്‍: പ്രിയാ ജോണ്‍സണ്‍)

Published on 15 March, 2013
തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം (വാരാന്ത്യ ചിന്തകള്‍: പ്രിയാ ജോണ്‍സണ്‍)
ദൈവം മനുഷ്യന്‌ നല്‍കിയ വരങ്ങളില്‍ ഒന്നാണ്‌ സ്വാതന്ത്ര്യം. സ്വാതന്ത്ര്യം ഇല്ലെങ്കില്‍ മനുഷ്യന്‍ കീ കൊടുത്തു ചലിക്കുന്ന വെറും യന്ത്രം കണക്കെ ആയിപ്പോകും. യജമാനന്റെ താളത്തിനൊത്ത്‌ ചലിക്കുന്ന യന്ത്രപാവയായിട്ടല്ല ദൈവം മനുഷ്യനെ സൃഷ്ട്‌ടിച്ചത്‌. ദൈവം മനുഷ്യന്‍റെ സ്വാതന്ത്യത്തെ മാനിക്കുന്നു, അവന്‍റെ ആഗ്രഹങ്ങള്‍ക്ക്‌ വിലമതിക്കുന്നു. തെറ്റും ശരിയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം ദൈവം മനുഷ്യനു നല്‍കി. ആദ്യ മനുഷ്യരായ ആദാമിനും ഹവ്വക്കും ദൈവം നല്‍കിയ സ്വാതന്ത്ര്യത്തെ അവര്‍ ദുരുപയോഗം ചെയ്‌തതുമൂലം അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും തള്ളപെട്ടു.

സ്വന്ത മനസ്സോടെ നടത്തുന്ന തെരഞ്ഞെടുപ്പിന്‍റെ ഉത്തരവാദിത്വം (തെറ്റിന്റെയും ശരിയുടേയും) മനുഷ്യന്‍ തന്നെ ഏറ്റെടുക്കണം. ഏതു തെരഞ്ഞെടുപ്പിന്നും അതിന്റെ പരിണിത ഫലമുണ്ട്‌; ആ ഫലവും കുടി ഏറ്റെടുക്കാന്‍ മനുഷ്യന്‍ സന്നദ്ധനായേ മതിയാകു. അഗ്‌നിയും ജലവും നമ്മുടെ മുന്‍പില്‍ വച്ചിട്ടുണ്ട്‌, ജീവനും മരണവും നമ്മുടെ മുന്നില്‍ ഉണ്ട്‌. ഏതും നമ്മുക്ക്‌ ഏറ്റെടുക്കാം.

ഏതു വ്യക്തിയുടെ ജീവിതത്തിലും പല നിര്‍ണ്ണായക തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. പലരുടെയും ജീവിതം തകരുന്നത്‌ മോശമായ തെരഞ്ഞെടുപ്പു കൊണ്ടാകാം .ചിലര്‍ ഉയര്‍ച്ച പ്രാപിക്കുന്നതും അവരുടെ തെരഞ്ഞെടുപ്പു മൂലമാകാം. ജീവിതം എപ്പോഴും സുഖകരമായ ഒരു അനുഭവം ആകണമെന്നില്ല.

വ്യക്തി ജീവിതത്തിലായാലും, കുടുംബ ജീവിതത്തിലായാലും, സാമുഹിക ജീവിതത്തിലായാലും, എതിനായാലും അതതിന്‍റെ വെല്ലുവിളികളും പ്രശ്‌നങ്ങളും ഉണ്ടാകും. നമ്മുക്ക്‌ നല്‍കിയ സ്വാതന്ത്യത്തെ ഉപയോഗിച്ച്‌ നാം തിരഞ്ഞെടുപ്പു നടത്തുമ്പോള്‍ അതാതിന്റെ പരിണിതഫലം നമ്മള്‍ തന്നെയാണ്‌ അനുഭവിക്കേണ്ടി വരികയെന്നുള്ള ബോധം ഉള്ളവരായിരിക്കണം.

നമ്മുടെ ജീവിതത്തില്‍ ഒരു തെരഞ്ഞെടുപ്പു വരുമ്പോള്‍ നാം ഏതു മാനദണ്ഡമാണു സ്വീകരിക്കുന്നത്‌? സമൂഹത്തിന്‍റെ അഭിപ്രായം, പരിക്കില്ലാതെയുള്ള രക്ഷപെടല്‍, നാടോടുമ്പോള്‍ നടുവേ ഓടുക എന്ന പ്രമാണം, ഇവയോക്കെയോ? അതോ നമ്മുടെ ഇഷ്ടം മാറ്റി വച്ച്‌ ദൈവ ഇഷ്ടത്തിന്‌ പ്രാധാന്യം നല്‍കുമോ?

ദൈവ ഇഷ്ടം അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശക്തി അവന്‍ നമ്മുക്ക്‌ നല്‍ക്കും. ദൈവം നല്‍കിയ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നവരാണോ നാം? അതോ അവന്റെ ഇഷ്ടം അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവരോ? ദൈവം നല്‍കിയ സ്വാതന്ത്ര്യം നമ്മള്‍ ഉപയോഗികുമ്പോള്‍ അവന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുവാനും ജീവിക്കുവാനും നമ്മുക്ക്‌ കഴിയുമാറാകട്ടെ
തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം (വാരാന്ത്യ ചിന്തകള്‍: പ്രിയാ ജോണ്‍സണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക