Image

മാര്‍പാപ്പയുടെ ആരോഗ്യം: ആശങ്ക വേണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍

Published on 16 March, 2013
മാര്‍പാപ്പയുടെ ആരോഗ്യം: ആശങ്ക വേണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍
വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തിന്റെ പാതി ചെറുപ്പത്തില്‍ മുറിച്ചുമാറ്റിയതാണെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കളൊന്നും വേണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍.

ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കപ്പെടേണ്ടിവന്നാലും മനുഷ്യര്‍ക്ക് സാധാരണജീവിതം നയിക്കാം. ഒരു വ്യത്യാസവും വരുന്നില്ല. നീന്തുന്നതിനോ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനോ ഒന്നിനും തടസ്സമില്ല - ശ്വാസകോശവിദഗ്ധനായ ഫ്രഞ്ച് ഡോക്ടര്‍ ബെര്‍ട്രാന്‍ഡ് ഡോട്‌സന്‍ബര്‍ഗ് അഭിപ്രായപ്പെട്ടു.

നന്നേ ചെറുപ്പത്തിലാണ് അണുബാധയെത്തുടര്‍ന്ന് ബെര്‍ഗോളിയോയുടെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കേണ്ടിവന്നത്. എങ്കിലും അതിനുശേഷം പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പാപ്പ നല്ല ആരോഗ്യത്തോടെയാണ് കഴിയുന്നതെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു.

''ഞാന്‍ ആ സംഭവം ഓര്‍ക്കുന്നു. കടുത്ത പനിയോടെയായിരുന്നു തുടക്കം. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചു ചോദിച്ചു. അമ്മയ്ക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. കാരണം ഡോക്ടര്‍മാരും കുഴങ്ങിനില്‍ക്കുന്ന സമയമായിരുന്നു അത്.''- പില്‍ക്കാലത്ത് ബെര്‍ഗോളിയോ ആ സംഭവത്തെ ഇങ്ങനെ വിവരിച്ചു. മാസങ്ങളോളം നീണ്ട ചികിത്സയ്ക്കുശേഷമാണ് ഭേദമായത്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പയാകുമ്പോള്‍ 78 വയസ്സായിരുന്നു. അതില്‍നിന്ന് രണ്ടു വയസ്സ് കുറവേ ഫ്രാന്‍സിസ് പാപ്പയ്ക്കുള്ളൂ. എന്നാല്‍, പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ചുറുചുറുക്കോടെ തന്നെയാണ് അദ്ദേഹത്തെ കാണുന്നത്. താന്‍ വളരെ സജീവമാണെന്ന് അദ്ദേഹത്തിന്റെ ഓരോ നീക്കവും വിളിച്ചുപറയുന്നു. പാപ്പയെന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ക്കു പുറമേ ലോകമെങ്ങും അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടതുമുണ്ട്.

യാത്രകളൊന്നും പാപ്പയെ അലട്ടിയിട്ടില്ല. അര്‍ജന്‍റീനയില്‍ ലോക്കല്‍ ട്രെയിനുകളിലും ബസ്സുകളിലുമാണ് അദ്ദേഹം സഞ്ചരിക്കാറ്. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കോണ്‍ക്ലേവില്‍ നിന്ന് അദ്ദേഹം മടങ്ങിയത് മറ്റു കര്‍ദിനാള്‍മാര്‍ക്കൊപ്പം മിനി ബസ്സിലാണ്. വത്തിക്കാന്‍ വണ്‍ ലിമോസിന്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു അത്.

കോണ്‍ക്ലേവിനുമുമ്പ് താന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ ബില്ലടയ്ക്കാന്‍ പാപ്പ തന്നെയാണ് തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് പോയത്. ഹോട്ടല്‍ റിസപ്ഷനില്‍ പാപ്പയെ കണ്ട ജീവനക്കാര്‍ അന്തംവിടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക