Image

സംവരണ മേല്‍ത്തട്ടു പരിധി 6 ലക്ഷമാക്കാന്‍ ശിപാര്‍ശ

Published on 16 March, 2013
സംവരണ മേല്‍ത്തട്ടു പരിധി 6 ലക്ഷമാക്കാന്‍ ശിപാര്‍ശ

ന്യുഡല്‍ഹി: പിന്നോക്കക്കാര്‍ക്കുള്ള സംവരണത്തിന്റെ മേല്‍ത്തട്ടു പരിധി ആറു ലക്ഷം രൂപയാക്കാന്‍ കേന്ദ്രമന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ. നിലവില്‍ 4.5 ലക്ഷം രൂപയാണ് ക്രീമിലെയര്‍ പരിധി. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെ കടുത്ത എതിര്‍പ്പിനിടെ നാലു വര്‍ഷത്തിനു ശേഷമാണ് പരിധി പുനര്‍നിശ്ചയിക്കുന്നത്. ശിപാര്‍ശയ്ക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയേക്കും.

ധനമന്ത്രി പി.ചിദംബരം അധ്യക്ഷനായ ഉപസമിതിയാണ് ശിപാര്‍ശ നല്‍കിയത്. മാനവവിഭാഗമന്ത്രി പള്ളം രാജു, സാമുഹ്യ നീതി മന്ത്രി കുമാരി സെല്‍ജ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി വി.നാരായണസ്വാമി എന്നിവരടങ്ങുന്നതാണ് ഉപസമിതി. മേല്‍ത്തട്ടുപിരിധി ഒന്‍പതു ലക്ഷത്തിനും 12 ലക്ഷത്തിനും മധ്യേയായിരിക്കണമെന്ന് പിന്നോക്ക വിഭാഗങ്ങളില്‍ പെട്ട മന്ത്രിമാര്‍ ശക്തമായ വാദം ഉന്നയിച്ചിരുന്നു. പണപ്പെരുപ്പത്തിന്റെയും രൂപയുടെ മൂല്യത്തകര്‍ച്ചയും പരിഗണിച്ച് കുടുതല്‍ തുക നിശ്ചയിക്കണമെന്നായിരുന്നു പിന്നോക്ക മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം. പിന്നോക്ക കമ്മീഷന്റെ ശിപാര്‍ശ അംഗീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. നഗര, ഗ്രാമ മേഖലകളില്‍ വ്യത്യസ്ത പരിധി ഏര്‍പ്പെടുത്തണമെന്നും പിന്നോക്ക കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. നാരായണസ്വാമി , വീരപ്പമൊയ്‌ലി, വയലാര്‍ രവി എന്നിവരാണ് മന്ത്രിസഭാ യോഗത്തില്‍ ആറു ലക്ഷമാക്കുന്നതിനെ എതിര്‍ത്തത്. ഏഴു ലക്ഷമെങ്കിലും ആക്കണമെന്നായിരുന്നു വയലാര്‍ രവിയുടെ വാദം. എന്നാല്‍ ആറു ലക്ഷം എന്ന നിലപാടിലാണ് ധനമന്ത്രാലയം ഉറച്ചുനിന്നത്. മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് പ്രശ്‌നം ഉപസമിതിക്കു വിട്ടത്.

ക്രീമിലെയര്‍ പരിധിയ്ക്കു മുകളില്‍ വരുന്ന ഒബിസി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം നഷ്ടമാകും. 1993ല്‍ ക്രീമിലെയര്‍ പരിധി ഒരു ലക്ഷമാക്കിയായിരുന്നു നിശ്ചയിച്ചത്. 2004ല്‍ ഇത് 2.50 ലക്ഷമാക്കി വര്‍ധിപ്പിച്ചു. 2008ല്‍ 4.50 ലക്ഷമാക്കി ഉയര്‍ത്തി. മൂന്നു വര്‍ഷം കൂടുമ്പോള്‍ പിരിധി പുനര്‍ നിശ്ചയിക്കണമെന്ന ശിപാര്‍ശയുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക