Image

കോലഞ്ചേരി പള്ളി തര്‍ക്കം: സമവായമായില്ല, ഇന്ന്‌ വീണ്ടും ചര്‍ച്ച

Published on 16 September, 2011
കോലഞ്ചേരി പള്ളി തര്‍ക്കം: സമവായമായില്ല, ഇന്ന്‌ വീണ്ടും ചര്‍ച്ച
കൊച്ചി: ഓര്‍ത്തഡോക്‌സ്‌, യാക്കോബായ സഭകള്‍ തമ്മില്‍ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളില്‍ ആരാധന നടത്തുന്നതുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനായി കേരള മീഡിയേഷന്‍ സെന്റര്‍ നിയോഗിച്ച അഭിഭാഷക സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചകളില്‍ സമവായമായില്ല. ചര്‍ച്ചകള്‍ ഇന്നും തുടരും.

അഭിഭാഷക സമിതിയുടെ അഭ്യര്‍ഥന മാനിച്ച്‌ ഇന്നലെ ഉച്ചയോടെ ഇരു വിഭാഗവും സമര വേദികള്‍ പൊതുനിരത്തില്‍ നിന്നു മാറ്റി. കോടതി വിധി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ നടത്തുന്ന ഉപവാസ സമരത്തിന്റെ വേദി കാതോലിക്കേറ്റ്‌ സെന്ററിലേക്കാണു മാറ്റിയത്‌.

ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ യാക്കോബായ വിഭാഗം നടത്തിവരുന്ന അഖണ്ഡപ്രാര്‍ഥനാ യജ്‌ഞം കോളജ്‌ ജംക്‌ഷനിലെ കുരിശുപള്ളിയില്‍ നിന്ന്‌ യാക്കോബായ ചാപ്പലിലേക്കു മാറ്റി.

എന്നാല്‍, കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗം മെത്രാപ്പൊലീത്തമാരോ വൈദികരോ പ്രവേശിക്കരുതെന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം ഉറച്ചുനിന്നു.

കൊച്ചി മെത്രാസനത്തിലെ വിവിധ പള്ളികളിലെ അംഗങ്ങള്‍ ഇന്നു രാവിലെ 10 മുതല്‍ മൂന്നു വരെ ഹൈക്കോടതി ജംക്‌ഷനില്‍ ഉപവസിക്കും. മര്‍ത്തമറിയം വനിതാ സമാജം പ്രവര്‍ത്തകര്‍ ഇന്നു കോലഞ്ചേരി കാതോലിക്കേറ്റ്‌ സെന്ററില്‍ ഉപവാസത്തില്‍ പങ്കുചേരും.

പ്രശ്‌ന പരിഹാരത്തിനായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്നും വിശ്വാസികളുമായി ആലോചിച്ച ശേഷം പ്രതികരണം അറിയിക്കാമെന്നുമാണ്‌ ഇരു വിഭാഗങ്ങളും അറിയിച്ചിട്ടുള്ളതെന്ന്‌ അഭിഭാഷക സമിതി അംഗങ്ങളായ എന്‍. ധര്‍മദനും ശ്രീലാല്‍ വാരിയരും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക