Image

ഗുണ്ടളം -പഴയ കേരളം- (കവിത: മഹാകപി വയനാടന്‍)

Published on 11 March, 2013
ഗുണ്ടളം -പഴയ കേരളം- (കവിത: മഹാകപി വയനാടന്‍)
ഈ പോക്കിങ്ങനെ പോയാല്‍ മാറും, കേരളത്തിന്‍റെ പേരും മാറും. അപ്പോള്‍, ഒരുപക്ഷേ, ആ പഴയ കേരളത്തിന്‌ ചേരുന്ന പേരായിരിക്കും ഗുണ്ടളം. `കടന്തേരി` കടുത്തുരുത്തി ആയതുപോലെ.

ആഴികനിഞ്ഞ്‌ എക്കല്‍ അടിഞ്ഞുകൂടിയൊരു അളം
ഒഴുകിയെത്തിയ കേരങ്ങള്‍ മുളച്ചൊരു തീരം
പുഴകളും ആറുകളും നിറഞ്ഞൊഴുകിയ മലയാഴം
അഴകൊഴുകി വശ്യതയാര്‍ന്നോരെന്‍റെ ഭൂതടം

കൊഞ്ചിപ്പാടും തത്തകള്‍, മൈനകള്‍, തുമ്പികളും
പഞ്ചവര്‍ണ്ണകിളികള്‍, കുയില്‍, പിന്നെ കാക്കകളും
വഞ്ചിപ്പാട്ടും, പൂക്കളം തീര്‍ക്കും ഓണനാളുകളും
അഞ്ചിതവര്‍ണ്ണ, തരു, വൃക്ഷ ലതാതികളും

വാഴത്തോപ്പും മാങ്കനി നിറയും തേന്മാവുകള്‍
കിഴക്ക്‌ കാവലായി നിബിഡവന മലനിരകള്‍
ആഴിയല ഉരുമി ചുവപ്പിച്ച അന്തിമേഘങ്ങള്‍
ആഴികടന്നെത്തിയ മതം, പിന്നെ കൂട്ടായ്‌മകള്‍

ചിരിച്ച്‌, ഉല്ലസ്സിച്ചൊഴുകും പുഴയുംകടന്ന്‌, വര്‍ണ്ണ
തരിവളകിലുക്കി, തൊഴുതു വരും പുലരിയ്‌ക്ക്‌
അരയാലും, കാവും കാവലാം ഈനാടിനെയാരോ
കേരളമെന്ന്‌ വിളിച്ചു അതിലഭിമാനിച്ചു ഞാന്‍

പിച്ചവെച്ചങ്ങു തുടങ്ങിയ നാളിലും പിന്നെ
പച്ചയായി മലയാളം പറഞ്ഞോരു നേരവും
മെച്ചമായി നടക്കുവാന്‍ തുടങ്ങിയ പ്രായവും
ഉച്ചതിരിഞ്ഞാല്‍ ആറ്റിലെ തുടിച്ചുകുളിയും

ചെന്നെത്തും എന്നോര്‍മ്മ ഇന്നാട്ടില്‍ എന്നിട്ടോ
എന്നും ഇക്കിളികൂട്ടുന്നു എന്‍ മാനസത്തെ
പിന്നെ ഞെട്ടറ്റുവീഴും രണ്ടിറ്റു കണ്ണിരവ
ഒന്നോര്‍ത്താല്‍, ആനന്ദത്താലാകാം, നഷ്ടബോധത്താലോ?

പഞ്ഞത്തിലും പകലന്തിയോളം പണി എടുത്തവര്‍
കഞ്ഞിമാത്രം മോന്തി മണ്ണിനോട്‌ മല്ലിട്ടവര്‍
കുഞ്ഞുങ്ങളെ അല്ലല്‍ ഇല്ലാതെ വളര്‍ത്തിയോര്‍
ഓഞ്ഞ്‌ ഇന്നൊരു മൂലയിലിരുന്ന്‌ കരയുവോര്‍

കാണുന്നു, കൊച്ചുമക്കള്‍ ഇന്നാടും കൂത്താട്ടം
നാണമറ്റ്‌, നഗരംപടര്‍ന്നതിന്‍ മാലിന്യം തള്ളിയാ
കുണിങ്ങിയൊഴുകും പുഴയില്‍, പിന്നെ മാറുമാന്തി
മണലെടുത്ത്‌ പണമാക്കി പടുകുഴി തീര്‍ക്കുവോരെ

പണിമുടക്കി ശമ്പളം വാങ്ങിയും കിമ്പളം കൊണ്ട്‌
അണികളെ നിരത്തി അധികാരികളെ തളര്‍ത്തിയും
പണക്കിഴി മക്കള്‍ക്ക്‌ എറിഞ്ഞുകൊടുത്ത്‌ സംസ്‌കാരത്തിന്‍
ആണിക്കല്ല്‌ പിഴുതെടുത്ത, കൊഴുത്തു ചീര്‍ത്തോരെ

കണികൊന്ന ഇല്ല, നീളെ ആഭരണക്കടകള്‍
കണിവെള്ളരിയില്ല ഇന്ന്‌, എങ്ങും മദ്യഷാപ്പുകള്‍
പാണനും പുള്ളോര്‍ക്കുടവും തേങ്ങും, കടലാസ്സില്‍
പണശര്‍ക്കരയില്‍ ഒട്ടാന്‍ നക്ഷത്ര പാട്ടുകാരും

ആളില്ല, ഉടയോനില്ലീ നാടിനുള്ളതോ വെറും
പൊളിമാത്രം പറയും ചില കോലങ്ങള്‍
അളവില്ലാതെ കട്ടുമുടിക്കും ചില സത്വങ്ങള്‍
കളപോല്‍ വളര്‍ന്ന, വിളവുതീനി വയ്യാവേലികള്‍

ഉണ്ടിവര്‍ക്ക്‌ അണികളായി കൈകാല്‍ വെട്ടുവോര്‍
ഉണ്ട്‌, അവര്‍ക്ക്‌ കൂട്ടായി കാക്കികള്‍, വ്യാപാരികളും
വണ്ടിയില്‍ ഇരിയ്‌ക്കുന്നവനെ, പഠിയ്‌ക്കുന്നവരേയും
തുണ്ടുതുണ്ടാക്കി, ആ നിണംതൊട്ട്‌ പണമെണ്ണുവോര്‍

ഇടവഴിയില്‍, നടുമുറ്റത്ത്‌, അടുക്കളയില്‍ ഒരുനാള്‍
ഉടലും ശിരസും രണ്ടാകാന്‍ വിധിയ്‌ക്കപ്പെട്ടവര്‍
ഓടിയൊളിയ്‌ക്കാന്‍ ഇടം ഇല്ലാതെ കുഴങ്ങുവോര്‍
ഒടുങ്ങാത്ത പണ കൊതിയില്‍ നശിയ്‌ക്കുവോര്‍

പണ്ഡിതനൊട്ടു വിലയില്ല, പാണ്ഡിത്യം തീരെയില്ല
കുണ്ഡിതമില്ലാര്‍ക്കും നാശം ഫണം ഉയര്‍ത്തവേ
ഗുണ്ടകള്‍ നിറഞ്ഞു പുളയ്‌ക്കുന്നോരീ നാടിനെ
ഗുണ്ടളം എന്ന്‌ പേരുചൊല്ലിവിളിക്കട്ടെ ഞാന്‍


മഹാകപി വയനാടന്‍
ഈറ്റില്ലം

സൂചിക:
കാക്കികള്‍: പൊലീസുകാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക