Image

ദുബായില്‍ നിന്നും മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ദിലീപ്‌ നാട്ടിലേക്ക്‌

Published on 15 September, 2011
ദുബായില്‍ നിന്നും മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ദിലീപ്‌ നാട്ടിലേക്ക്‌
ദുബായ്‌: ദൈവത്തിനും ഇന്ത്യന്‍ കോണ്‍സുലേറ്റിനും കമ്പനിയുടമ ദിലീപിനും ഒരുപോലെ നന്ദി പറയുകയാണ്‌ സക്കീര്‍ ഹുസൈന്‍. ദുബായ്‌ ജയിലില്‍ കഴിഞ്ഞ നീണ്ട മൂന്നു വര്‍ഷങ്ങള്‍ ഒരു ദുഃസ്വപ്‌നം പോലെ മറക്കാനുള്ള ശ്രമത്തിലാണ്‌ ഈ യുവാവ്‌. അടുത്തയാഴ്‌ച നാട്ടിലേക്കു പോയി ഭാര്യ സഫിയയേയും മക്കളായ സനൂപിനെയും ഷാഹിനെയും കാണാനുളള തിടുക്കവും.

പാട്ടു കേള്‍ക്കാനുള്ള കൊതിയാണ്‌ കൊല്ലം കരിക്കോട്‌ പുത്തന്‍വിളയില്‍ സക്കീര്‍ ഹുസൈനെ (36)ജയിലിലെത്തിച്ചത്‌. 2008 ജൂണില്‍ എമിറേറ്റ്‌സ്‌ ടവേഴ്‌സിന്റെ ബേസ്‌മെന്റില്‍ ചരക്കുകള്‍ ഇറക്കുന്ന വാഹനത്തിലിരിക്കുകയായിരുന്നു സക്കീര്‍. ഇ മൂവേഴ്‌സ്‌ എന്ന സ്‌ഥാപനത്തിലെ ടെക്‌നീഷ്യനായിരുന്നു സക്കീര്‍. യാത്രക്കാരുടെ സീറ്റിലിരിക്കുകയായിരുന്ന സക്കീര്‍ സ്‌റ്റീരിയോ ഓണ്‍ചെയ്യാന്‍ വാഹനത്തിന്റെ സ്വിച്ച്‌ കീ തിരിച്ചു. വാഹനം റിവേഴ്‌സ്‌ ഗിയറിലിട്ടാണു ഡ്രൈവര്‍ പോയതെന്ന്‌ സക്കീര്‍ അറിഞ്ഞിരുന്നില്ല.

സ്വിച്ച്‌ കീ തിരിച്ചപ്പോള്‍ പെട്ടെന്നു വാഹനം പുറകോട്ടു ചാടി. പിന്നില്‍ സാധനങ്ങള്‍ ഇറക്കിക്കൊണ്ടിരുന്ന ഇളവരശന്‍ എന്ന തമിഴ്‌നാട്ടുകാരന്‍ വാഹനത്തിനും മതിലിനുമിടയില്‍ ചതഞ്ഞരഞ്ഞു. മനസറിയാത്ത കാര്യമായിരുന്നിട്ടും കടുത്ത നിയമങ്ങള്‍ സക്കീറിനെ ഇരുമ്പഴിക്കുള്ളിലാക്കി. രണ്ടു ലക്ഷം ദിര്‍ഹം ദിയാധനം നല്‍കിയാല്‍ പുറത്തിറങ്ങാമെന്ന നിലയിലേക്കു കാര്യങ്ങളെത്തിയിട്ടും വഴി തെളിഞ്ഞില്ല. അപ്പോഴാണ്‌ ഇന്ത്യന്‍ വെല്‍ഫെയര്‍ കമ്യൂണിറ്റി കമ്മിറ്റിയുടെ സഹായഹസ്‌തമെത്തുന്നത്‌.

ഇ മൂവേഴ്‌സ്‌ കമ്പനിയുടെ ഉടമയായ തൃശൂര്‍ ചേര്‍പ്പ്‌ സ്വദേശി ദിലീപ്‌ തന്റെ വിശ്വസ്‌തനായ ടെക്‌നീഷ്യനെ കൈവിട്ടില്ല. നല്‍കേണ്ട തുകയില്‍ പകുതിയായ ഒരു ലക്ഷം ദിര്‍ഹം നല്‍കാന്‍ ദിലീപ്‌ തയാറായി. ബാക്കി തുക ഐസിഡബ്ലുസിയും സ്വരൂപിച്ചു നല്‍കി.

പെരുന്നാള്‍ കഴിഞ്ഞു പ്രവൃത്തി ദിനങ്ങള്‍ തുടങ്ങിയപ്പോള്‍ സക്കീര്‍ പുറത്തിറങ്ങി. ചെറിയ നടപടി ക്രമങ്ങള്‍ കൂടി കഴിയുന്നതോടെ അടുത്തയാഴ്‌ച നാട്ടിലേക്കു പോകാനൊരുങ്ങുകയാണ്‌. മൂന്നു നാലു മാസം കുടുംബത്തോടൊപ്പം കഴിഞ്ഞ്‌ വീണ്ടും തിരിച്ച്‌ ദിലീപിന്റെ കമ്പനിയില്‍ ചേരും.

സക്കീറിന്റെ നിരപരാധിത്വത്തെക്കുറിച്ചു ബോധ്യമുള്ളതിനാലും ആത്മാര്‍ഥതയില്‍ വിശ്വാസമുള്ളതിനാലുമാണ്‌ ഐസിഡബ്ലുസിയുടെ ശ്രമങ്ങളുമായി സര്‍വാത്മനാ സഹകരിച്ചതെന്ന്‌ ദിലീപ്‌ പറഞ്ഞു. കമ്പനിയുടെ വിശ്വസ്‌ത ജീവനക്കാരനെ മനഃപൂര്‍വമല്ലാത്ത കുറ്റത്തില്‍ നിന്നു മോചിപ്പിക്കേണ്ടത്‌ കമ്പനിയുടെ കൂടി ഉത്തരവാദിത്തമായിരുന്നു. അതു കൊണ്ടു തന്നെ വീണ്ടും ജോലി നല്‍കാനും ആലോചിക്കേണ്ടി വന്നില്ല.

തൃശൂര്‍ സ്വദേശി സുദേഷും മൂന്നു കൊല്ലം ദുബായില്‍ കുടുങ്ങിയത്‌ മനസാ വാചാ അറിയാത്ത കുറ്റത്തിലായിരുന്നു. കോണ്‍ടെക്‌ എന്ന കമ്പനിയില്‍ സേഫ്‌റ്റി എന്‍ജിനീയറായിരുന്നു അദ്ദേഹം. നിര്‍മാണ സ്‌ഥലത്ത്‌ മറ്റൊരു സ്‌ഥാപനത്തിന്റെ ക്രെയിന്‍ വന്നതോടെയാണു ദുരന്തകഥ തുടങ്ങുന്നത്‌. ഉച്ചഭക്ഷണ സമയമായിരുന്നതിനാല്‍ സുദേഷ്‌ സൈറ്റിലില്ലായിരുന്നു. ഈ സമയം ക്രെയിന്‍ കമ്പനിയിലെ ഇന്ത്യക്കാരനായ ഗുര്‍മെയില്‍ സിങും മറ്റും ക്രെയിന്‍ സെറ്റു ചെയ്യാനൊരുങ്ങി. നിര്‍ഭാഗ്യവശാല്‍ ക്രെയിന്‍ പൊട്ടി അതിന്റെ ഉടമയായിരുന്ന പാക്കിസ്‌ഥാനി തല്‍ക്ഷണം മരിച്ചു. ഗുര്‍മെയില്‍ സിങിനോടൊപ്പം സേഫ്‌റ്റി എന്‍ജിനീയറെന്ന നിലയില്‍ സുദേഷും പ്രതിയായി. രണ്ടു ലക്ഷം ദിര്‍ഹം കൊടുത്താലേ രാജ്യം വിടാനാകൂ എന്ന സ്‌ഥിതി. ജയിലിലായില്ലെങ്കിലും പാസ്‌പോര്‍ട്ട്‌ അധികൃതര്‍ പിടിച്ചു. കോണ്‍ടെകിന്റെ ഉടമ പവിത്രന്‍ സുദേഷിനു വേണ്ടി പകുതി തുകയായ ഒരു ലക്ഷം ദിര്‍ഹം നല്‍കി. ഐസിഡബ്ലുസിയുടെ ശ്രമഫലമായി ഒരു ലക്ഷം ദിര്‍ഹം കൂടി കിട്ടിയതോടെ ഗുര്‍മെയില്‍ സിങിനും മോചനമൊരുങ്ങി. അങ്ങനെ പാസ്‌പോര്‍ട്ട്‌ തിരികെ കിട്ടിയ സുദേഷ്‌ ഇപ്പോള്‍ നാട്ടില്‍ അവധിക്കു പോയിരിക്കുകയാണ്‌.

അപകടത്തില്‍ മകന്‍ മരിച്ചു പോയ ഒരു ശ്രീലങ്കന്‍ കുടുംബം ദിയാധനം വേണ്ടെന്നു പറഞ്ഞതും ഒരാളുടെ മോചനത്തിനു കാരണമായി. 18-ാം പിറന്നാളിനു തലേന്ന്‌ വാങ്ങിക്കൊടുത്ത ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ പുലര്‍ച്ചെ കറങ്ങാന്‍ പോയ മകന്‍ ഇന്ത്യക്കാരന്‍ ഓടിച്ച വാഹനമിടിച്ചു മരിച്ചതായിരുന്നു കേസ്‌. ഏക മകന്റെ മരണത്തിനിടയാക്കിയവര്‍ക്കെതിരെ ശാപവചസുകളുതിര്‍ത്തു സംസാരിച്ച പിതാവ്‌ പെട്ടെന്ന്‌ മനസുമാറ്റി ദിയാധനം വേണ്ടെന്നു പറയുകയും കടലാസുകളില്‍ ഒപ്പിട്ടു നല്‍കുകയുമായിരുന്നു.
ദുബായില്‍ നിന്നും മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ദിലീപ്‌ നാട്ടിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക