Image

ഏകാന്ത സവാരിക്കിടയില്‍ -ചോദ്യങ്ങള്‍ക്ക്‌ ഒരു ഇടവേള (ഡോ. കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം-8)

Published on 10 March, 2013
ഏകാന്ത സവാരിക്കിടയില്‍ -ചോദ്യങ്ങള്‍ക്ക്‌ ഒരു ഇടവേള (ഡോ. കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം-8)
(ഡോക്‌ടര്‍ ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ A Sojourner's Rhapsodies In Alphabetical Order എന്ന ഇംഗ്ലീഷ്‌ കവിതാ സമാഹാരത്തിലെ 'Question' എന്ന കവിതയെക്കുറിച്ചുള്ള നിരൂപണം)

സുധീര്‍ പണിക്കവീട്ടില്‍

ജീവിതം ഒരു ചോദ്യോത്തര വേളയാണ്‌. ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ നമ്മള്‍ ദൈവത്തിനും വിധിക്കും വിട്ടു കൊടുക്കുന്നു. എന്നാല്‍ കാലം മാറുമ്പോള്‍ മാറുന്ന ഉത്തരങ്ങള്‍ക്ക്‌ മുമ്പില്‍ നമ്മള്‍ പകച്ച്‌ നില്‍ക്കുന്നു. ഇന്നലത്തെ ഉത്തരത്തിന്‌ ഇന്ന്‌ പ്രസക്‌തിയില്ല. ദാര്‍ശനികനായ കവി അദ്ദേഹത്തിന്റെ ഏകാന്തമായ സവാരിക്കിടയില്‍ അദ്ദേഹത്തിന്റെ തന്നെ ചോദ്യങ്ങളെപ്പറ്റി ചിന്തിക്കുന്നതാണ്‌ ഈ കവിതയുടെ പ്രമേയം.ചോദ്യങ്ങള്‍ മനസ്സില്‍ ഉല്‍ഭവിക്കുന്നത്‌ പ്രതിഭയുടെ ലക്ഷണമാണ്‌. അറിവിന്റെ കനി തിന്നാന്‍ മനസ്സിനുള്ള ആഗ്രഹം മനുഷ്യന്റെ ഉല്‍പത്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ചോദ്യങ്ങളെ അദ്ദേഹം തരം തിരിക്കുന്നുണ്ട്‌. ഉത്തരം കിട്ടുന്ന ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ അനവധിയുള്ള ചോദ്യങ്ങള്‍, ഇതില്‍ രണ്ടിന്റേയും മദ്ധ്യത്തില്‍ നില്‍ക്കുന്ന ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ക്ക്‌ മാറ്റമില്ല ഉത്തരങ്ങള്‍ മാറി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവില്‍ അദ്ദേഹം തന്റെ വിദ്യാര്‍ത്‌ഥി ജീവിത കാലത്തെ ഒരു സംഭവമോര്‍ക്കുന്നു. അന്നു പരീക്ഷ കടലാസ്സില്‍ എഴുതിയ ശരിയായ ഒരു ഉത്തരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം ശരിയല്ലെന്ന്‌ വരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എമ്പയര്‍ സ്‌റ്റെയ്‌റ്റ്‌ ബില്‍ഡിങ്ങ്‌ ആണെന്നാണു അദ്ദേഹം അന്ന്‌ എഴുതിയ ഉത്തരം.(Whis is the tallest building in the world in 1959. I didn't cry when the status was usurped by the growth of burgenoning saga of competing tall structures) വേള്‍ഡ്‌ ട്രെയ്‌ഡ്‌ സെന്റര്‍ എന്ന അംബരചുംബി ഉയര്‍ന്നു വന്നപ്പോള്‍ എമ്പയര്‍ സ്‌റ്റെയ്‌റ്റ്‌ ബില്‍ഡിങ്ങിന്റെ ഉയരം കുറഞ്ഞ്‌പോയി. പ്രക്രുതിയും ഈശ്വരനും നിരന്തരം കര്‍മ്മനിരതരായിരിക്കുന്നു. അവര്‍ വരുത്തുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ മനുഷ്യര്‍ അറിയുന്നില്ല. അറിഞ്ഞാലും അവര്‍ അവര്‍ക്ക്‌ പരിചയമുള്ള ഉത്തരങ്ങളില്‍ വിശ്രമിക്കാന്‍ താല്‍പ്പര്യം കാട്ടുന്നു. ഈ കവിതയിലും മനുഷ്യന്റെ ആ പ്രവണത കവി വ്യക്‌ചമാക്കുന്നുണ്ട്‌. വേള്‍ഡ്‌ ട്രെയ്‌ഡ്‌ സെന്റര്‍ ഉയരത്തില്‍ കടത്തി വെട്ടിയിട്ടും ഉയരം കൂടിയ കെട്ടിടം എമ്പയര്‍ സ്‌റ്റെയ്‌റ്റ്‌ ബില്‍ഡിങ്ങ്‌ തന്നെ എന്ന്‌ കവി ഒറ്റക്ക്‌ പറഞ്ഞ്‌ സമാധാനിക്കുന്നു. മാറ്റങ്ങളോട്‌ പൊരുത്തപ്പെടാനുള്ള മനുഷ്യമനസ്സിന്റെ ദൗര്‍ബ്ബല്യം ലളിതമായി കവിതയില്‍ പ്രതിപാദിച്ചിരിക്കുന്നു.

നമ്മുടെ പ്രതീക്ഷകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ശാശ്വതത്വമില്ലെന്ന സത്യം ഒരു ഉദാഹരണത്തിലൂടെ കവി വീണ്ടും അറിയിക്കുന്നു. ഒരു സുപ്രഭാതത്തില്‍ തന്റെ മട്ടുപ്പാവിലെ വളഞ്ഞ്‌ പിരിഞ്ഞ അഴികള്‍ക്കിടയിലൂടെ ആകാശത്തേക്ക്‌ നോക്കിയപ്പോള്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തികൊണ്ട്‌ ഏറ്റവും ഉയരമുള്ള കെട്ടിടം തകര്‍ന്ന്‌ വീഴുന്നു. കണ്ട്‌ കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന്‌ നടിക്കുന്നതും ഭവാന്‍ എന്ന്‌ പാടിയ ജ്‌ഞാനപ്പാനയിലെ വരികള്‍ നമുക്ക്‌ മുന്നില്‍ തെളിയുന്നു. കാലത്തിന്റെ ഒരു കാലയളവില്‍ എന്തെല്ലാം എന്തൊക്കെയായി തീരുന്നു. ഒരു ശിശുവിന്റെ വിസ്‌മയത്തോടെ അതൊക്കെ നോക്കി കാണുന്ന മനുഷ്യന്റെ ജിജ്‌ഞാസ അവസാനിക്കുന്നില്ല. അതുകൊണ്ടാണ്‌ എപ്പോഴും സമാനതകള്‍ക്ക്‌ നേരേ ഭീഷണിയുയര്‍ത്തുന്ന ചോദ്യം കവി ഉരുവിടുന്നത്‌. ('I recited the ever looming question to find the sameness) എവിടെ സ്വച്‌ഛന്ദമായ ഇച്‌ഛാശക്‌തി (free will). എമ്പയര്‍ സ്‌റ്ററ്റ്‌ ബില്‍ഡിങ്ങാണ്‌ വലുതെന്ന്‌ കവി ചിന്തിച്ചിരുന്നു, അത്‌ ശരിയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അല്ല. അത്‌കൊണ്ട്‌ കവിക്ക്‌ അങ്ങനെ ചിന്തിക്കാന്‍ അവകാശമില്ല. ഫ്രീ വില്‍ എന്നാല്‍ നല്ലത്‌ മാത്രം തിരഞ്ഞെടുക്കാനുള്ള ഒരു നിയമം മാത്രമാണ്‌. അതിന്റെയര്‍ഥം നിങ്ങളുടെ ഇച്‌ഛക്കനുസരിച്ച്‌്‌ ഒന്നും തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക്‌ വേറേ മാര്‍ഗ്ഗമില്ലെന്നാണ്‌. ഈ ആശയത്തെ പ്രബലപ്പെടുത്തുന്നത്‌ ഒരു പക്ഷെ ഉത്തരങ്ങള്‍ മാറികൊണ്ടിരിക്കുമെന്ന സത്യമാണെന്നും കവി ഉറപ്പിച്ചുപറയുന്നു.കവികള്‍ ത്രികാലഞ്‌ജാനികളാണ്‌. അവര്‍ സത്യങ്ങള്‍ വിളിച്ചുപറയുന്നു. ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ അതുല്യപ്രതിഭയുടെ സ്‌ഫുരണങ്ങള്‍ മനുഷ്യമനസ്സുകളിലേക്ക്‌ അപൂര്‍വ്വ അറിവുകളുടെ ഒരു ലോകം തുറക്കുന്നു..

സ്വതന്ത്രമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനില്ല.സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌- ഫ്രീ വില്ല്‌്‌ എന്ന്‌ പറയുന്നത്‌ നമ്മള്‍ക്ക്‌ അറിയുന്ന കാര്യമാണെന്നാണ്‌, അത്‌ ഈ ലോകത്തിലുള്ള കാര്യങ്ങള്‍ മാത്രമാണ്‌. എന്നാല്‍ സമയവും, കാലവും, സ്‌ഥലവും, അവിചാരിത സംഭവങ്ങളും അനുസരിച്ച്‌ അതൊക്കെ മാറിപ്പോകും. ശരിയായ സ്വാതന്ത്ര്യം ലഭിക്കാന്‍ ഈ ലോകത്തിന്റെ പരിമിതികളില്‍ നിന്നും അപ്പുറത്തേക്ക്‌ എത്തേണ്ടിയിരിക്കുന്നു. അതിവിടെ കാണില്ല. ബുദ്ധമതവും പറയുന്നത്‌ ഇതാണു - മനുഷ്യര്‍ക്ക്‌ അവരുടെ ഇച്‌ഛാശക്‌തിക്കൊപ്പം എന്തും തിരഞ്ഞെടുക്കാനുള്ള ശക്‌തി/അധികാരം ഇല്ല. എല്ലാം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണ്‌. ഖുറാന്‍ പറയുന്നതും അതാണ്‌-അള്ളാഹുവിനെ അനുസരിക്കുക, അല്ലെങ്കില്‍ ഇബ്‌ലീസിന്റെ വഴിക്ക്‌ പോകുക. അപ്പോള്‍ മനുഷ്യനു ഫ്രീ വില്ല്‌ എന്നൊന്നില്ല.കാരണം ഫ്രീ വില്ല്‌, അതായ്‌ത്‌ ഒരാള്‍ക്ക്‌ ഇഷ്‌ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള ആഗ്രഹം പ്രായോഗികമല്ല. കാരണം അത്‌ സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. അപ്പോള്‍ പിന്നെ അവനു ചെയ്യാന്‍ കഴിയുന്നത്‌ മുന്‍കൂട്ടി തീരുമാനിച്ച്‌്‌ വച്ചിരിക്കുന്നതനുസരിച്ച്‌ ജീവിക്കുക. അതില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അതനുസരിച്ച്‌ സ്വയം മാറ്റപ്പെടുക. അതേ സമയം അടിയുറച്ച പൂര്‍വ്വകാല വിശ്വാസങ്ങളില്‍ കാലമനുസരിച്ച്‌്‌ വരുന്ന മാറ്റങ്ങള്‍ സ്വീകരിക്കാന്‍ മനസ്സിനു കഴിയുന്നില്ല. ജീവിത സംഘര്‍ഷവും പ്രശ്‌ന സങ്കീര്‍ണ്ണവുമാകുന്നത്‌ അത്‌ കൊണ്ടാണ്‌.

അമേരിക്കന്‍ നോവലിസ്‌റ്റും- ഫൈറ്റ്‌ ക്ലബ്‌ എന്ന പ്രസിദ്ധമായ നോവലിന്റെ ഗ്രന്ഥകാരനുമായ ചക്ക്‌ പലഹ്‌നിക്ക്‌ (Chuck Palahniuk) അഭിപ്രായപ്പെട്ടത്‌ ഗ്രീക്ക്‌ സംസ്‌കാരത്തില്‍ ഒരാളുടെ ചിന്തകള്‍ അയാളുടെ സ്വന്തമാണെന്ന്‌ അവര്‍ കണക്കാക്കുന്നില്ലെന്നാണ്‌്‌. ഓരോ ചിന്തയും ദൈവങ്ങള്‍ (ബഹുദൈവ വിശ്വാസം) വരുത്തുന്നതാണെന്ന്‌ അവര്‍ വിശ്വസിച്ചു. ധൈര്യം തോന്നുന്നത്‌ അപ്പോളോ (Apollo) പറയുന്നത്‌കൊണ്ട്‌, പ്രേമം തോന്നുന്നത്‌ അഥീന (Athena) തോന്നിപ്പിക്കുന്നത്‌കൊണ്ട്‌. ദൈവമാണ്‌ ചിന്തിപ്പിക്കുന്നതെങ്കില്‍ പ്രവൃത്തിയും ദൈവ വചനങ്ങള്‍ പോലെ നടത്തിയാല്‍ ലോകം ശാന്ത സുന്ദരമാകും. എന്നാല്‍ മാറ്റങ്ങളുടെ മായാവലയത്തില്‍ പ്രതിദിനം മനുഷ്യര്‍ അന്ധാളിച്ചു നില്‍ക്കുന്നു.

നമുക്ക്‌ ചുറ്റും മാറ്റങ്ങള്‍ നടക്കുന്നതും കവി പറയുന്നുണ്ട്‌. പൗണ്ടില്‍ നിന്നും കിലോഗ്രാം ആകുന്നു, അടിയില്‍ (feet) നിന്നു മീറ്റര്‍ ആകുന്നു. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്‌. അളവില്‍ വ്യത്യാസം വരുന്നില്ല. അളക്കുന്ന ഉപാധികളുടെ പേരുകള്‍ മാറി പോകുന്നു. തന്മൂലം ചോദ്യങ്ങള്‍ മാത്രമാണു സത്യമെന്നും കവി വായനക്കാരെ അറിയിക്കുന്നു. സ്‌ഥലകാല ബോധമില്ലെങ്കില്‍ നമ്മള്‍ പലപ്പോഴും ജീവിതയാത്രയില്‍ വഴി തെറ്റി പോകും. ചോദ്യങ്ങളില്‍ ഒരു നിബന്ധന കാണുമെന്നുള്ളതും പ്രധാനമാണ്‌. കവി ഉത്തരം എഴുതിയ ചോദ്യത്തില്‍ 1959ലെ എന്ന ഒരു വിശേഷണം ഉണ്ടായിരുന്നു. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ നമ്മള്‍ അശ്രദ്ധരായാലും തോല്‍വി സംഭവിക്കാം. ആ നിബന്ധന വച്ച്‌ ചോദിച്ചാല്‍ ഉത്തരം അന്നു പറഞ്ഞത്‌ തന്നെയായിരിക്കും. പക്ഷെ മനുഷ്യരുടെ വിവേകം ഉദിക്കുന്നപോലെ തന്നെ അതിന്റെ പ്രകാശത്തിനു സ്‌ഥല-കാലങ്ങള്‍ അനുസരിച്ച്‌ കോട്ടം തട്ടുമ്പോള്‍ ഉത്തരങ്ങള്‍ തെറ്റി പോകുന്നു. മുന്‍ വിധികളുടെ സ്വാധീനത്തില്‍ കഴിയുന്ന മനുഷ്യന്‍ എന്നും അത്‌ കൊണ്ടാണു സാത്താന്റെ ചതിയില്‍ പെടുന്നത്‌. നിയന്ത്രണമില്ലാതെ ഓരോന്നും തിരഞ്ഞെടുക്കാനുള്ള (choice) കഴിവിനെയാണല്ലോ സ്വഛന്ദമായ തീരുമാനം എന്നു പറയുന്നത്‌. എന്നാല്‍ വാസ്‌തവത്തില്‍ അങ്ങനെയൊന്നില്ല. നമ്മള്‍ നിബന്ധനകള്‍ ശ്രദ്ധിക്കാന്‍ ബാദ്ധ്യസ്‌ഥരാണ്‌.

മനുഷ്യന്റെ ഓരൊ ചോയ്‌സും ഓരൊ ബന്ധനങ്ങളില്‍ കിടക്കുന്നു. നല്ലത്‌ മാത്രം തിരഞ്ഞെടുക്കാനുള്ള വിവേകവും വിവേചനവും ഉണ്ടാകണം. എന്നാല്‍ ഇന്നു നല്ലതെന്നു ഗണിക്കപ്പെട്ടവ നാളെ തിരിച്ചറിയാത്ത വിധം വേറൊന്നാകുന്നു. സ്വന്തം അഭീഷ്‌ടപ്രകാരം ഓരോന്നും തിരഞ്ഞെടുക്കാനുള്ള സ്വതന്ത്രമായ ഒരു മനസ്സ്‌ മനുഷ്യനില്ല. മനുഷ്യ സമൂഹം മാമൂലുകളുടെ ഒരു പ്രവാഹത്തില്‍ ഒഴുകുകയാണ്‌. അവരുടെ ചിന്ത അവര്‍ സ്വന്തം തീരുമാനങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നു അവര്‍ തിരഞ്ഞെടുത്തത്‌ എല്ലാം മാതൃകാപരം. വളരെ ദയനീയമായ ഒരു ചിന്താഗതിയാണിത്‌. ആ അന്ധതയുടെ നേര്‍ക്ക്‌ വെട്ടം വീഴ്‌ത്തുന്നു കവി. അപ്പോള്‍ ഒരു സൂര്യപ്രകാശമാണ്‌ പുലരുന്നത്‌. വായനക്കാരന്റെ ലോകത്ത്‌ ഒരു ചിന്താ ചക്രവാളം വിരിയുന്നു,

സ്‌ഥലങ്ങള്‍, കാലങ്ങള്‍ മാറുന്നു. മാറ്റങ്ങള്‍ നമുക്ക്‌ അപ്രാപ്യമായ യുഗങ്ങളുടെ പുറകിലേക്ക്‌ ഒരു വിജീഗീഷുവായി നിന്ന്‌ സന്തോഷിക്കുന്നു. ആ ദൂരത്തേക്ക്‌ സ്വന്തന്ത്രമായ ഇച്‌ഛാശക്‌തിയുടെ, (free will) സ്വച്‌ഛന്ദതയുടെ (freedom) പ്രാവുകള്‍ക്ക്‌ പറക്കാന്‍ പറ്റുന്നില്ല. അപ്പോള്‍ പിന്നെ ഫ്രീ വില്ല്‌ എവിടെ? കവിയെപോലെ നമ്മളും ചോദിക്കുന്നു. എന്താണു ഫ്രീ വില്‍  (...reflect the unanswered pigeons of free will and liberty where the recurring theme of question hour prevails)

ദുരൂഹതകളുടെ സങ്കീര്‍ണ്ണതകളിലാതെ വായനക്കാരനെ ചിന്തിപ്പിക്കുകയും, അവനു അറിവിന്റെ ലോകം തുറന്നു കൊടുക്കുകയും ചെയ്യുന്നു ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ കവിതകള്‍. കവിക്ക്‌ അഭിനന്ദനങ്ങള്‍!

ശുഭം
ഏകാന്ത സവാരിക്കിടയില്‍ -ചോദ്യങ്ങള്‍ക്ക്‌ ഒരു ഇടവേള (ഡോ. കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം-8)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക