Image

സെല്ലുലോയിഡ് വിവാദം: വേദനിപ്പിച്ചത് തോട്ടത്തില്‍ രാജശേഖരനെന്ന് കമല്‍

Published on 05 March, 2013
സെല്ലുലോയിഡ് വിവാദം: വേദനിപ്പിച്ചത് തോട്ടത്തില്‍ രാജശേഖരനെന്ന് കമല്‍
ന്യൂദല്‍ഹി: സെല്ലുലോയിഡ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ. മുരളീധരനും മന്ത്രി കെ.സി. ജോസഫും പറഞ്ഞതല്ല, തോട്ടത്തില്‍ രാജശേഖരന്‍ നടത്തിയ പരാമര്‍ശമാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് സംവിധായകന്‍ കമല്‍. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാലം മലയാള ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുടെ മെംബര്‍ സെക്രട്ടറിയായിരുന്ന ആളാണ് തോട്ടത്തില്‍ രാജശേഖരന്‍. വിഗതകുമാരന്‍ എന്ന ഒരു സിനിമ ഉണ്ടായിട്ടില്ലെന്നാണ് ടി.വി ചാനലുകളില്‍ അദ്ദേഹം പറയുന്നത്. സിനിമ കാപിറ്റോള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചതിന് പത്രറിപ്പോര്‍ട്ടുകള്‍ തെളിവുകളുണ്ട്. സിനിമ കണ്ടവര്‍ അക്കാര്യം എഴുതിയിട്ടുണ്ട്. എന്നിട്ടും, ജെ.സി. ഡാനിയേലിനെ ഇങ്ങനെ വിസ്മൃതിയിലേക്ക് തള്ളാന്‍ എന്തിന് രാജശേഖരനെ പോലുള്ളവര്‍ ശ്രമിക്കുന്നുവെന്ന് മനസ്സിലാകുന്നില്ല. ഡാനിയേലിനെ തിരസ്‌കരിച്ച ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സാമുദായികമായ മാനസികാവസ്ഥയാണ്. അത് പറയാനുള്ള ശ്രമമാണ് സെല്ലുലോയിഡ് എന്ന സിനിമ.

ചരിത്രം സൃഷ്ടിച്ചവര്‍ ചരിത്രത്തില്‍നിന്ന് തിരസ്‌കൃതനാകുന്ന അവസ്ഥയാണ് ഡാനിയേലിന് സംഭവിച്ചത്. സെല്ലുലോയിഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ഖേദമില്ല. പ്രേക്ഷകര്‍ സ്വീകരിച്ച സിനിമയുടെ സാമ്പത്തിക വിജയത്തിന് ഒരു പക്ഷേ വിവാദവും കാരണമായിട്ടുണ്ടാകാമെന്ന് കമല്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമായി സെല്ലുലോയിഡ് സിനിമയുടെ പ്രത്യേക പ്രദര്‍ശനവും ദല്‍ഹിയില്‍ അരങ്ങേറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക