Image

നമ്മളില്‍ നാമങ്ങള്‍ എഴുതി ചേര്‍ക്കാത്തവര്‍ (കവിത) - ഹണി ഭാസ്കരന്‍

Published on 01 March, 2013
നമ്മളില്‍ നാമങ്ങള്‍ എഴുതി ചേര്‍ക്കാത്തവര്‍ (കവിത) - ഹണി ഭാസ്കരന്‍

ഉടലില്‍ നിറം പൂശി
ഹൃദയത്തില്‍ കരി തൂവി
ചടുല നൃത്ത ചുവടുമായ്
കോമരങ്ങള്‍ തിമിര്‍ക്കുന്നരങ്ങില്‍

അങ്ങ്..
നിന്റെ കണ്ണുകള്‍ എത്താത്ത
കാഴ്ചകള്‍ കൂട്ടിക്കെട്ടിയ
വാഴ്വിന്‍ വൃത്തത്തിനുള്ളില്‍
സൂര്യനും ചന്ദ്രനും
ഒരേപോലെ വലം വെയ്ക്കും
അതെ വൃത്തത്തിനുള്ളില്‍
കോണുകള്‍ ഇല്ലാത്ത
ചുവരുകള്‍ ഇല്ലാത്ത
ഭൂമിയുമൊരു സൂര്യനായി
ചുട്ടു പഴുക്കും
ഞാന്‍ കണ്ട, നീ കണ്ട
നാമൊരുമിച്ചു കാണാത്ത
ലോകവൃത്തം

ദൂരെ,
എങ്ങോ പുകയും പട്ടടകള്‍ക്കുള്ളില്‍
വിങ്ങുന്നുന്നുണ്ടാത്മാക്കള്‍
ഉടല്‍ വേവുന്ന ഗന്ധത്തില്‍
ഇതേ വൃത്തത്തിനുള്ളില്‍

പെരുവഴിയമ്പലങ്ങളില്‍
മൃതി കണ്ടു തളര്‍ന്നവര്‍
ഒരുനേരമന്നത്തിന് നിരകളില്‍ നിന്നവര്‍
രോഗാതുരരായി ഉടല്‍ പാതി
ഛെദിച്ചവര്‍
മനോവൈകല്യങ്ങളാല്‍
കുടിയിറക്കപ്പെട്ടവര്‍
പുതുമകള്‍ മങ്ങാത്ത നാവിന്‍ രുചികളില്‍
ഇര തേടി പറക്കുന്ന
മനുജ മൃഗ തൃഷ്ണകളില്‍
അല്‍പ സുഖത്തിനായ്
ദുര്‍മ്മേദസ്സിന്റെ
രസം പകുത്തു കൊടുത്തവര്‍
മുലകളില്‍ നോവിന്‍
ചെന്താമര ഏന്തിയവര്‍
ഉദരത്തില്‍ മറവിയുടെ
നാമങ്ങള്‍ ചുമന്നവര്‍

ഇവിടെ,
മൂകനും ബധിരനും
കൂടപ്പിറപ്പുകള്‍
പട്ടിക്കും പൂച്ചയ്ക്കും
സ്നേഹം വിളമ്പി കൊടുത്തവര്‍
വലിച്ചെറിയപ്പെട്ട പെണ്‍നഗ്നതകളെ
പുതപ്പിട്ടു മൂടിയോര്‍
കുരുടന് തെരുവിന്‍
പൊയ്ക്കണ്ണുകള്‍

ഇവരെല്ലാം
ബലി കൊടുത്ത സ്വപ്നങ്ങളില്‍
കനലാഴി കണ്ടവര്‍
ഒടുക്കം പെരുവഴികളില്‍ തന്നെ
പേരില്ലാതെ ചത്തവര്‍
പൊതു ശ്മശാനങ്ങളില്‍
പേരില്ലാത്ത കുരിശുകള്‍
ഭൂമിയില്‍ ചില നോവുകളുടെ
പരിസമാപ്തികള്‍ !!

നമ്മളില്‍ നാമങ്ങള്‍ എഴുതി ചേര്‍ക്കാത്തവര്‍ (കവിത) - ഹണി ഭാസ്കരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക