Image

കാഴ്‌ചയുടെ `ഷട്ടര്‍' തുറക്കുമ്പോള്‍

Published on 28 February, 2013
കാഴ്‌ചയുടെ `ഷട്ടര്‍' തുറക്കുമ്പോള്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ച കഴിഞ്ഞ വാരം തന്നെയാണ്‌ `ഷട്ടര്‍' എന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിയത്‌. ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട സിനിമകള്‍ക്കിടയില്‍ ഷട്ടറുമുണ്ടായിരുന്നു. കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം കൂടിയായിരുന്നു ഷട്ടര്‍. എന്നിട്ടും മികച്ച രണ്ടാമത്തെ നടിക്കുള്ള (സജിതാ മഠത്തില്‍) അവാര്‍ഡുകൊണ്ടു മാത്രം തൃപ്‌തിപ്പെടേണ്ടി വന്നു ഷട്ടറിന്‌.

കമലിന്റെ സെല്ലുലോയിഡ്‌, ലാല്‍ ജോസിനെ പുരസ്‌കാരത്തിന്‌ അര്‍ഹമാക്കിയ അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളെയും ഷട്ടറിനെയും പരിഗണിച്ചു കൊണ്ടു നിസംശയം പറയാം മികച്ച സിനിമ ഷട്ടര്‍ തന്നെ. കാരണം ഏറെക്കാലത്തിനു ശേഷം പരിക്ഷണാത്മകമായ ഒരു മധ്യവര്‍ത്തി മലയാള സിനിമ ഇവിടെ സംഭവിച്ചിരിക്കുകയാണ്‌. അതും ഏറ്റവും പുതുമയുള്ള ഒരു സിനിമ. ഇന്ന്‌ ന്യൂജനറേഷന്‍ സിനിമയായി കൊട്ടിഘോഷിക്കപ്പെടുന്ന മലയാള സിനിമകള്‍ക്കിടയില്‍ നിന്നുകൊണ്ട്‌ യഥാര്‍ഥ ഒരു ന്യൂജനറേഷന്‍ വിപ്ലവം സാധ്യമാക്കുകയായിരുന്നു ഷട്ടര്‍ ചെയ്‌തത്‌.

പ്രമേയം തിരഞ്ഞെടുത്തതില്‍, പ്രമേയത്തിന്റെ ആഖ്യാന ശൈലയില്‍, സിനിമയുടെ അവതരണത്തില്‍, നടന്‍മാരുടെ അഭിനയത്തില്‍ തുടങ്ങി എവിടെയും പുതുമയും വ്യത്യസ്‌തതയും നല്‍കിയ ഒരു ചിത്രം. അതാണ്‌ ഷട്ടര്‍. ഒരു കാര്യം നിസംശയം പറയാം എന്നത്തെയും മികച്ച നൂറു മലയാള സിനിമകള്‍ തിരഞ്ഞെടുത്താല്‍ തീര്‍ച്ചയായും അതിലൊരു സ്ഥാനം ഷട്ടറിനുമുണ്ടാകും.

എന്തുകൊണ്ട്‌ ഷട്ടര്‍ എന്ന ചോദ്യം ഇവിടെ ന്യായമായും രൂപപ്പെടും. അതിന്‌ ഉത്തരം നല്‍കുന്നതിന്‌ മുമ്പു തന്നെ ജോയി മാത്യു എന്ന ഷട്ടറിന്റെ സംവിധായകനെ പരിചയപ്പെടേണ്ടതുണ്ട്‌.

ജോണ്‍ ഏബ്രഹാമിന്റെ `അമ്മ അറിയാന്‍' എന്ന സിനിമയിലെ നായകനായിരുന്നു ജോയ്‌ മാത്യു. തീവ്ര വിപ്ലവ പ്രസ്ഥാനത്തോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ജോയ്‌മാത്യു ജോണ്‍ ഏബ്രഹാം കണ്ടെത്തിയ നടനാണ്‌. അക്കാലത്ത്‌ ജോണിനും മധുമാസ്റ്റിനുമൊക്കെയൊപ്പം നാടകവും ജനകീയ സിനിമ സ്വപ്‌നങ്ങളുമായി നടന്ന ചെറുപ്പക്കാരന്‍. പിന്നീട്‌ കേരളം വിട്ട്‌ പ്രവാസിയായി മാറി. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനിടയിലും കലയും വിപ്ലവവും ജോയ്‌മാത്യു കൈവിട്ടിരുന്നില്ല. ഇടക്ക്‌ സാമൂഹ്യപാഠം എന്ന മലയാള സിനിമക്ക്‌ വേണ്ടി തിരക്കഥയൊരുക്കി.

പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും പിന്നെ കേരളീയ സമൂഹത്തെക്കുറിച്ചുള്ള സ്വന്തം കാഴ്‌ചപ്പാടുകളുമൊക്കെ ജോയ്‌മാത്യുവിനെ ഒരു സിനിമയിലേക്ക്‌ നയിക്കുകയായിരുന്നു. ഷട്ടര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുന്നത്‌ അങ്ങനെയാണ്‌. അതൊരു ഷോര്‍ട്ട്‌ ഫിലിമായി ചെയ്യാനാണ്‌ ആദ്യം ജോയ്‌ മാത്യു ഒരുങ്ങിയത്‌. എന്നാല്‍ ഒരു ഫീച്ചര്‍ ഫിലിം തന്നെ ചെയ്യാന്‍ ജോയ്‌മാത്യുവിനെ നിര്‍ബന്ധിച്ചത്‌ സംവിധായകന്‍ രഞ്‌ജിത്താണ്‌. അങ്ങനെ ഷട്ടര്‍ എന്ന സിനിമ സാക്ഷാത്‌കരിക്കപ്പെട്ടു. ഒപ്പം മധ്യവര്‍ഗസമൂഹം ഭൂരിപക്ഷ സമൂഹമായ മലയാളിക്ക്‌ എന്താണ്‌ ഒരു സിനിമ എന്ന സംശയങ്ങളില്ലാതെ ഒരുക്കപ്പെട്ട ഒരു ചിത്രം ലഭിച്ചു.

പത്മരാജന്‍, ഭരതന്‍, ജോണ്‍ പോള്‍ തുടങ്ങി എക്കാലത്തെയും മികച്ച സിനിമകള്‍ തന്നവരുടെ ചിത്രങ്ങള്‍ക്കൊപ്പം നിലവാരമുണ്ട്‌ ഷട്ടര്‍ എന്ന സിനിമക്ക്‌. എന്നാല്‍ അതിനു വേണ്ടി ടിപ്പിക്കല്‍ ന്യൂജനറേഷന്‍ കാഴ്‌ചകളോ പത്മരാജന്‍ കാലത്തേക്കുള്ള തിരിച്ചുപോക്കോ അല്ല ജോയ്‌മാത്യു അവലംബിച്ചത്‌. മറിച്ച്‌ ഇന്നത്തെ സമൂഹത്തില്‍ നിന്നുകൊണ്ട്‌ ഇന്നിന്റെ കഥ പറയുകയായിരുന്നു. എന്നാല്‍ ഷട്ടര്‍ വ്യത്യസ്‌തമാകുന്നത്‌ കേരളത്തിലെ സിനിമകള്‍ പരീക്ഷിക്കാന്‍ മടിച്ചു നില്‍ക്കുന്ന ചലച്ചിത്ര അവതരണം സാധ്യമാക്കി എന്നതുകൊണ്ടാണ്‌. അവതരണത്തിന്റെ പ്രത്യേകത കൊണ്ട്‌ ലോക സിനിമകളുടെ നിലവാരത്തിലേക്ക്‌ എത്തുന്നുണ്ട്‌ ഷട്ടര്‍.

`ഈ സിനിമ നിങ്ങള്‍ കണ്ടില്ലെങ്കില്‍ ഏറ്റവും മികച്ച ഒരു സിനിമയാണ്‌ നിങ്ങള്‍ നഷ്‌ടപ്പെടുത്തുന്നത്‌' എന്ന്‌ സംവിധായകന്‍ രഞ്‌ജിത്ത്‌ പറഞ്ഞത്‌ വെറുതയല്ല. അത്‌ സത്യമാണെന്ന്‌ സിനിമ കാണുന്നവര്‍ക്ക്‌ ബോധ്യപ്പെടും.

റഷീദ്‌ എന്ന ഗള്‍ഫ്‌കാരന്റെ വീട്ടില്‍ നിന്നുമാണ്‌ ഷട്ടര്‍ തുടങ്ങുന്നത്‌. എല്ലാ ഗള്‍ഫ്‌ പ്രവാസിയെയും പോലെ ഒരുപാട്‌ ആകുലതകള്‍ നിറഞ്ഞ ജീവതമാണ്‌ റഷീദിന്റെയും. വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്തുന്ന തനിക്ക്‌ തന്റെ കുടുംബം ശരിയായി കൊണ്ടു പോകാന്‍ കഴിയുന്നുണ്ടോ എന്ന ഭയം. പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയാല്‍ പിന്നെയെന്ത്‌ എന്ന വലിയ ചോദ്യം. മൂത്തമകള്‍ പതിനെട്ടിലേക്ക്‌ കടക്കുമ്പോള്‍ ഒരു ശരാശരി മലയാളി പിതാവിനുള്ള ആകുലതകള്‍. ഗള്‍ഫില്‍ നിന്നുള്ള സമ്പാദ്യത്തിന്റെ കണക്കുകള്‍, ആരെയും വിശ്വാസമില്ലാത്ത മാനസികാവസ്ഥ. ഇതെല്ലാം ചേര്‍ന്നതാണ്‌ റഷീദ്‌. അങ്ങനെ അയാള്‍ അകത്തൊരാളും പുറത്ത്‌ മറ്റൊരാളുമായി ജീവിക്കുന്നു.

തന്റെ വീടിനു മുമ്പില്‍, വീട്ടില്‍ നിന്നും നോക്കിയാല്‍ കണ്ണെത്തുന്ന ദൂരത്ത്‌ അയാള്‍ക്ക്‌ കുറച്ച്‌ കടമുറികളുണ്ട്‌. അതില്‍ രണ്ടെണ്ണം അയാള്‍ വാടകയ്‌ക്ക്‌ കൊടുത്തിരിക്കുന്നു. ഒരെണ്ണം ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയാല്‍ സ്വന്തം ബിസ്‌നസ്സ്‌ നടത്താന്‍ വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ഇപ്പോള്‍ അയാളും സുഹൃത്തുക്കളും അവിടെ മിക്ക രാത്രികളിലും മദ്യപാന സദസ്‌ സംഘടിപ്പിക്കുകയാണ്‌. അയാളുടെ അടുത്ത കൂട്ടുകാരനാണ്‌ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുര. ഒരു ദിവസം പതിവ്‌ മദ്യപാന കമ്പിനിക്കു ശേഷം മറ്റു സുഹൃത്തുക്കള്‍ ഒഴിഞ്ഞപ്പോള്‍ റഷീദ്‌ സുരക്കൊപ്പം ഒട്ടോറിക്ഷയില്‍ നഗരത്തിലേക്കിറങ്ങുന്നു. അവിടെ നഗരത്തിന്റെ ഇരുട്ടില്‍ സുന്ദരിയായ ലൈംഗീക തൊഴിലാളിയെ കാണുമ്പോള്‍ ഒരു നിമിഷത്തേക്ക്‌ റഷീദിന്‌ സ്വന്തം മനസ്‌ കൈവിട്ടു പോകുന്നു. അയാള്‍ തന്റെ കുടുംബവും വ്യക്തിത്വവും മറന്ന്‌ തങ്കം എന്ന്‌ പരിചയപ്പെടുത്തുന്ന ആ ലൈംഗീക തൊഴിലാളിയെ ഒരു രാത്രിയിലേക്ക്‌ വിലക്കെടുക്കുന്നു. പിന്നെ റഷീദിന്‌ വേണ്ടത്‌ അവള്‍ക്കൊപ്പം കഴിയാനുള്ള ഒരു ഇടമാണ്‌. അതിനയാള്‍ അവസാനം തിരഞ്ഞെടുക്കുന്നത്‌ സ്വന്തം കടമുറിയാണ്‌.

റഷീദിനെയും തങ്കത്തെയും ആ കടമുറിക്കുള്ളിലാക്കി സുര പുറത്തു നിന്നും ഷട്ടര്‍ പൂട്ടി പോകുന്നു. അര്‍ദ്ധരാത്രി പിന്നിടുമ്പോള്‍ സുര എത്തി ഷട്ടര്‍ തുറക്കാമെന്നാണ്‌ അവര്‍ തീരുമാനിക്കുന്നത്‌. പുറം ലോകവുമായി ബന്ധപ്പെടാനുള്ള സ്വന്തം മൊബൈല്‍ ഫോണ്‍ പോലും റഷീദ്‌ ഒപ്പം കരുതിയിരുന്നില്ല. അയാള്‍ക്കും തങ്കത്തിനും പുറത്ത്‌ കടക്കണമെങ്കില്‍ സൂര തിരിച്ചെത്തി ഷട്ടര്‍ തുറക്കണം. പക്ഷെ നഗരത്തിലേക്ക്‌ പോയ സുരയെ മദ്യപിച്ച്‌ വാഹമോടിച്ചതിന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്യുന്നതോടെ തുറക്കാനാവാത്ത ആ ഷട്ടറിനുള്ളില്‍ കുടുങ്ങിപോകുന്നത്‌ റഷീദും തങ്കവുമാണ്‌. സൂരക്ക്‌ എന്ത്‌ സംഭവിച്ചെന്നറിയാതെ ഭയവും ടെന്‍ഷനും കലര്‍ന്ന സമയം എണ്ണിത്തീര്‍ക്കുകയാണ്‌ റഷീദ്‌ ഷട്ടറിനുള്ളില്‍. തുറക്കാന്‍ കഴിയാത്ത ആ ഷട്ടറിനും കടമുറിക്കും പിന്നില്‍ രണ്ടു പെണ്‍മക്കളും സ്‌നേഹനിധിയായ ഭാര്യയും ഉള്‍പ്പെടുന്ന കുടുംബം. ഷട്ടറിനു മുമ്പില്‍ ശത്രുക്കളും, സുഹൃത്തുക്കളും പരിചയക്കാരും ബന്ധുക്കളുമെല്ലാം അടങ്ങുന്ന സമൂഹം. ഈ രണ്ട്‌ പശ്ചാത്തലങ്ങള്‍ക്കുമിടയില്‍ ഒരു മുന്‍പരിചയവുമില്ലാത്ത ലൈംഗീക തൊഴിലാളിക്കൊപ്പം ഭയത്തിന്റെ നിമിഷങ്ങള്‍ എണ്ണീത്തിര്‍ക്കുന്ന റഷീദ്‌. ഒരു ശബ്‌ദം പുറത്തുകേട്ടാല്‍, ആര്‍ക്കെങ്കിലും സംശയം തോന്നി ലോക്ക്‌ പൊളിച്ച്‌ ഷട്ടര്‍ തുറന്നാല്‍ അതോടെ കഴിയും അയാളുടെ ജീവിതം.

എന്നാല്‍ തങ്കത്തിന്റെ പ്രശ്‌നം വിശപ്പാണ്‌. ഒരു രാത്രിയും പിന്നെയൊരു പകലും ഭക്ഷണവും വെള്ളവുമില്ലാതെ അപരിചതനൊപ്പം കഴിയേണ്ടി വരുന്ന ലൈംഗീക തൊഴിലാളിയുടെ അവസ്ഥ. അവളുടെ കഥ....

ഇതേ ഷട്ടറിനു പുറത്തും ശക്തമായ കഥകള്‍ നടക്കുന്നുണ്ട്‌. ജേഷ്‌ഠ്യന്റെ സ്ഥാനമുള്ള റഷീദിനെ രാവ്‌ മായും മുമ്പ്‌ ഷട്ടറിനുള്ളില്‍ നിന്നും എങ്ങനെ പുറത്തിറക്കും എന്നറിയാതെ പോലീസ്‌ സ്റ്റേഷനിലായി പോകുന്ന സൂര. അവന്റെ ഓട്ടോറിക്ഷയില്‍ കയറിപ്പോയതുകൊണ്ട്‌ അവനൊപ്പം പോലീസ്‌ സ്റ്റേഷനിലാകുന്ന ചലച്ചിത്ര സംവിധായകന്‍ മനോഹരന്‍. ഭര്‍ത്താവ്‌ എത്തുന്നതും കാത്ത്‌ വീട്ടിനുള്ളില്‍ റഷീദിന്റെ ഭാര്യ. അങ്ങനെ കാമ്പുള്ള നിരവധി കഥാപാത്രങ്ങള്‍ സിനിമയില്‍ വന്നു പോകുന്നു.

ഷട്ടറിനുള്ളില്‍ പെട്ടു പോയ റഷീദിനും തങ്കത്തിനും നേരിടേണ്ടി വരുന്ന ഒരു രാത്രിയും പകലുമാണ്‌ പിന്നീട്‌ ഷട്ടര്‍ എന്ന സിനിമയുടെ കഥയായി നമുക്ക്‌ മുമ്പിലെത്തുന്നത്‌. ഓരോ നിമിഷവും ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ത്രില്ലര്‍ സ്വഭാവ രീതിയുള്ള, എന്നാല്‍ ഒരു കഥാചിത്രത്തിന്റെ എല്ലാ ഗുണങ്ങളും പേറുന്ന ഒരു ചിത്രം. അതാണ്‌ ഷട്ടര്‍. എല്ലാവിധി പ്രേക്ഷകനോടും ഇണങ്ങി നില്‍ക്കുന്ന തരത്തില്‍ ഓഡിയന്‍സിനോട്‌ നീതി പുലര്‍ത്തിയാണ്‌ ഷട്ടര്‍ ജോയ്‌ മാത്യു ഒരുക്കിയത്‌. നവ സിനിമയുടെ അനാവശ്യ ആഡംബരങ്ങളോ, അക്കദമിക്‌ സിനിമയുടെ ബുദ്ധിജീവി നാട്യങ്ങളോ ഈ സിനിമയിലില്ല.

എന്നാല്‍ എന്താണ്‌ മനുഷ്യന്റെ ജീവിതവും കഥയും എന്ന്‌ ഷട്ടര്‍ കാട്ടിത്തരുന്നുണ്ട്‌. ഒരു ഷട്ടറിനുള്ളില്‍ കുടുക്കി ഒരാളുടെ ഭയവും ടെന്‍ഷനും വലിച്ചു പുറത്തേക്കിട്ട്‌ ചില നിമഷങ്ങള്‍ ജീവിതത്തില്‍ ഇത്രത്തോളം സങ്കീര്‍ണ്ണമായിരിക്കുമെന്ന്‌ പറഞ്ഞു തരുകയാണ്‌ ജോയ്‌മാത്യു. ഒരു കഥ തിരഞ്ഞ്‌ ലോകമെങ്ങും സഞ്ചരിക്കേണ്ടതില്ല, നമുക്കു ചുറ്റും എന്തിന്‌ നമ്മുടെ ഓരോ നിമിഷങ്ങളില്‍ പോലും മികച്ചൊരു സിനിമക്കുള്ള കഥയുണ്ട്‌ എന്ന്‌ ഷട്ടര്‍ തെളിയിക്കുന്നു.

നായക കഥാപാത്രമായ റഷീദിനെ അവതരിപ്പിച്ചിരിക്കുന്നത്‌ നടനും സംവിധായകനുമായ ലാലാണ്‌. എന്തുകൊണ്ടും മികച്ച അഭിനയം എന്നു മാത്രമേ ലാലിന്റെ പ്രകടനത്തെക്കുറിച്ച്‌ പറയാനുള്ളു. ടെന്‍ഷനും ഭയവും കൂടികലര്‍ന്ന ഒരുമാനസികാവസ്ഥ മനോഹരമായി തന്നെ ലാല്‍ അവതരിപ്പിച്ചിരിക്കുന്നു. കണ്ണുകള്‍ കൊണ്ട്‌ മനോഹരമായി അഭിനയിച്ചിരിക്കുന്നു. സജിതാ മഠത്തില്‍ മികച്ച രണ്ടാമത്തെ നടിയല്ല മറിച്ച്‌ ഒന്നാമത്തെ നടി തന്നെയെന്ന്‌ ഷട്ടര്‍ ഉറപ്പിക്കുന്നുണ്ട്‌. അത്രത്തോളം സൂക്ഷമമായ അഭിനയമാണ്‌ തങ്കം എന്ന ലൈംഗീക തൊഴിലാളിയെ അവതരിപ്പിച്ച സജിതാ മഠത്തില്‍ ചെയ്‌തിരിക്കുന്നത്‌.

ഇതിനും അപ്പുറത്ത്‌ ഷട്ടര്‍ മുന്നോട്ടു വെക്കുന്ന പ്രമേയം ഏറെ പ്രസക്തമാണ്‌. മലയാളിയുടെ ലൈംഗീക അരാജകത്വം എത്രത്തോളം ദയനീയമാണെന്ന്‌ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌ ഷട്ടര്‍. ഒപ്പം ഒരു പുരുഷനും സ്‌ത്രീയും ഒന്നിച്ചാല്‍ ലൈംഗീകത മാത്രം എന്ന കപടസദാചാര വാദികളുടെ മുഖത്തേക്ക്‌ കാറിത്തൂപ്പുകയും ചെയ്യുന്നു ഷട്ടര്‍. ഒരു ആണിനും പെണ്ണിനും എവിടെയും നല്ല സുഹൃത്തുക്കളായി കഴിയാമെന്ന്‌ ഷട്ടര്‍ ബോധ്യപ്പെടുത്തുന്നു. ഒപ്പം എന്തിനെയും സംശയത്തിന്റെ കണ്ണിലൂടെ നോക്കുന്ന സമൂഹത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു. മലയാളിയുടെ കപടതയെ തന്നെയാണ്‌ ഒരു ഷട്ടര്‍ അടഞ്ഞു തുറക്കുന്ന സമയത്തിനുള്ളില്‍ ജോയ്‌മാത്യു പൊളിച്ചെഴുതുന്നത്‌.

എന്തുകൊണ്ടും ഇന്നത്തെ വര്‍ത്തമാനകാലത്തിന്റെ സിനിമയാണ്‌ ഷട്ടര്‍. ഇവിടെ കഥ പറയാന്‍ മെട്രോസിറ്റിയും വേണ്ട, ഉത്സവ പറമ്പുകളും വേണ്ട. ഒരു ഷട്ടറിനുള്ളിലെ ചെറിയ ഇടത്തില്‍ ഒരു വലിയ കഥ പറയുന്നു. ഇത്തരമൊരു ക്രാഫ്‌റ്റ്‌ മലയാള സിനിമയില്‍ അപൂര്‍വ്വമായേ ആസ്വദിച്ചിട്ടുള്ളു. അതുകൊണ്ടു തന്നെ തീര്‍ച്ചയായും ആസ്വദിക്കേണ്ട ഒരു ചിത്രം തന്നെയാകുന്നു ഷട്ടര്‍.
കാഴ്‌ചയുടെ `ഷട്ടര്‍' തുറക്കുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക