Image

എട്ടുമന്ത്രിമാര്‍: എന്നിട്ടും കേരളത്തിന് വട്ടപൂജ്യം: ജോസ്‌ കാടാപുറം

Published on 01 March, 2013
എട്ടുമന്ത്രിമാര്‍: എന്നിട്ടും കേരളത്തിന് വട്ടപൂജ്യം: ജോസ്‌ കാടാപുറം
കേന്ദ്രം ഭരിക്കാന്‍ കേരളത്തില്‍ നിന്ന് എട്ടു കേന്ദ്രമന്ത്രിമാര്‍, കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 16 എം.പിമാര്‍, കേരളം ഭരിക്കുന്ന അതേ പാര്‍ട്ടിയിലെ അംഗങ്ങള്‍.
കേരളവും കേന്ദ്രവും ഒരേ കൂട്ടര്‍ തന്നെ ഭരിച്ചാല്‍ കേരളത്തിന്റെ വികസനത്തിന് വലിയ നേട്ടം കിട്ടുമെന്ന് പറഞ്ഞ് വേട്ടു നേടിയവര്‍.
കേന്ദ്ര റെയില്‍വെ ബഡ്ജറ്റ് വന്നതോടെ കേരളത്തിലെ മന്ത്രിമാരടക്കം നിരാശരാണ്. അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ച ബജറ്റാണ് കേന്ദ്ര റെയില്‍വെ ബജറ്റ്. ഇന്‍ഡ്യന്‍ റെയില്‍വെയുടെ ഭൂപടത്തില്‍ കേരളത്തിന് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ബജറ്റില്‍.
സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ കേരളത്തിലേയ്ക്കുള്ള റെയില്‍ പാത ഇന്‍ഡ്യന്‍ റെയില്‍വെയുടെ പാതയുടെ വെളിയിലെന്നാണ് തോന്നുക. പുതിയ തീവണ്ടികള്‍ കേരളത്തിലേയ്ക്കില്ല, കേരളത്തില്‍ നിന്നുമില്ല, വൈദ്യൂതീകരണമില്ല, പാതയിരിട്ടിപ്പിക്കലില്ല, പുതിയ ഏതെങ്കിലും റെയില്‍വെ വ്യവസായ പദ്ധതിയും കേരളത്തിനില്ല. പാലക്കാട്ട് കോച്ച് ഫാക്ടറി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ പണമില്ല, എന്നാല്‍ സോണിയ ഗാന്ധിയുടെ മണ്ഡലത്തിലെ കോച്ച് ഫാക്ടറി (പാലക്കാടിന് ഒപ്പം തുടങ്ങിയത്) യില്‍ നിന്ന് കോച്ചുകള്‍ പുറത്തിറങ്ങുകയും ചെയ്തു.
എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ബജറ്റിന് ഒരു മാസം മുമ്പേ ചാര്‍ജ് വര്‍ദ്ധിപ്പിച്ച് 12000 കോടി അധിക യാത്രാകൂലി ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. പവന്‍കുമാര്‍ ബന്‍സലെന്ന കേന്ദ്ര റെയില്‍ മന്ത്രി കേരളത്തിന്റെ ഒരു സ്ഥലത്തെയോ ഒരു പദ്ധിതിയോ പരാമര്‍ശിക്കുക പോലുമുണ്ടായില്ല.
യാത്രാകൂലി, ചരക്കുകൂലി എന്നിവയിലൂടെ ഇന്‍ഡ്യന്‍ റെയില്‍വെ ഖജനാവില്‍ ഏറ്റവും അധിക സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കേരളം. കേരളീയരില്‍ ഭൂരിഭാഗവും ദൂരസ്ഥലങ്ങളില്‍ ജോലിനോക്കുന്നവരും, നിത്യോപയോഗ സാധനങ്ങള്‍പോലും വിദൂര സ്ഥലങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവരുമാണു. ഇതിന് മുഖ്യമായി ഉപയോഗിക്കുന്നത് ട്രെയിന്‍ തന്നെ.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുത്തേണ്ട കേരളം അതിനാല്‍ തന്നെ യാത്രാകൂലി, ചരക്കുകൂലി എന്നിവ കൊണ്ട്കൂടുതല്‍ ആഘാതമേല്‍ക്കുന്നു.
ഇങ്ങനെ റെയില്‍വെയെ സഹായിക്കുന്ന കേരളത്തെ റെയില്‍വെ മന്ത്രി ശിക്ഷിക്കുന്നത് വേദനാകരമാണ്. ഇങ്ങനെ ശിക്ഷിക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രം കഴിവുകെട്ട കേന്ദ്രമന്ത്രിമാരും 16 എംപിമാരും. ഇതില്‍ തന്നെ സീനിയര്‍ മന്ത്രിമാര്‍ കേന്ദ്രറെയില്‍വെ മന്ത്രിയേക്കാള്‍ എത്രയോ വിലമതിക്കുന്ന നേതാക്കളാണ്. ആന്റണിയുടെയും, വയലാര്‍ രവിയുടെയും കാര്യമെടുക്കാം, ഇവര്‍ കേന്ദ്രമന്ത്രി സഭയിലെ നിര്‍ണ്ണായക സ്വാധീനമുള്ളവരാണ്. പക്ഷേ പ്രതിരോധമന്ത്രി നേരത്തെ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട് നല്ല പദ്ധതികളൊന്നും തന്നെ ഇപ്പോഴത്തെ കേരളമന്ത്രിസഭയ്ക്ക് തരില്ലെന്ന് കാരണം തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടിമുറുകുമെന്ന് ആന്റണിയ്ക്ക് അനുഭവമുള്ളതുകൊണ്ടാകാം... മറ്റൊരാള്‍ വയലാര്‍ രവി അദ്ദേഹം പ്രവാസികളോടു ചെയ്യുന്നത് എല്ലാ മറുനാടന്‍ മലയാളികള്‍ക്കും നല്ല ബോധ്യമുള്ള കാര്യമാണ്. ഇങ്ങനെ പോകുന്നു ഇക്കൂട്ടരുടെ കഥ...
കേരളം ആസ്ഥാനമായുള്ള റെയില്‍വെ സോണ്‍, ചോര്‍ത്തല വാഗണ്‍ ഫാക്ടറി, ശബരി പാത, വൈദ്യൂതീകരണം, പാതയിരട്ടിപ്പിക്കല്‍, കേരളം മുന്നോട്ട് വച്ചത് എല്ലാം കേന്ദ്ര റെയില്‍വെ ബജറ്റിലൂടെ നിരാകരിക്കപ്പെട്ടു.
ഇതിനു ഉത്തരവാദികളായ കേന്ദ്രമന്ത്രിസഭയും, കേരളത്തിന് വേണ്ടി ശബ്ദമുയര്‍ത്താതിരുന്ന കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ കൂടാതെ അവധാനതയോടെ പദ്ധതി നിര്‍ദ്ദേശം തയ്യാറാക്കാനോ ബജറ്റ് പ്രക്രിയ തുടങ്ങുന്നതിനു മുമ്പു തന്നെ അത് സമര്‍പ്പിക്കാനോ തയ്യാറാകാതിരുന്ന കേരളത്തിലെ സര്‍ക്കാര്‍ ഇവര്‍ക്കൊന്നും ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റില്ല, അതെങ്ങനെയാണ് കേരളമിപ്പോള്‍ വികസനത്തിന്റെ എതിര്‍ദിശയിലാണല്ലോ?!!!
എട്ടുമന്ത്രിമാര്‍: എന്നിട്ടും കേരളത്തിന് വട്ടപൂജ്യം: ജോസ്‌ കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക