Image

പടിയിറങ്ങുന്ന പാപ്പ: ഡി. ബാബുപോള്‍

Published on 28 February, 2013
പടിയിറങ്ങുന്ന പാപ്പ: ഡി. ബാബുപോള്‍

സ്വന്തം ജ്യേഷ്‌ഠന്‍ റാറ്റ്‌സിങ്ങറച്ചന്‍ ഒഴികെയുള്ള മാലോകരെയാകെ അദ്‌ഭുതസ്‌തബ്ധരാക്കിക്കൊണ്ട്‌ ബനഡിക്ട്‌ പതിനാറാമന്‍ സ്ഥാനത്യാഗം പ്രഖ്യാപിച്ചപ്പോള്‍ ഒരു വലിയ പ്രഹേളികയാണ്‌ ലോകമനസ്സാക്ഷിയുടെ മുമ്പാകെ അനാവരണം ചെയ്‌തത്‌. പരിശുദ്ധാത്മാവാണ്‌ സ്ഥാനസ്ഥിതനാക്കുന്നത്‌. എങ്കില്‍ സ്വയം സ്ഥാനത്യാഗം ചെയ്യാവുന്നതാണോ? അല്ല എന്നാണ്‌ വാഴ്‌ത്തപ്പെട്ട ജോണ്‍പോള്‍ വ്യക്തമായി പറഞ്ഞത്‌. രണ്ട്‌ മാസങ്ങള്‍ക്കപ്പുറം ഭാഗ്യവാനായ അന്ത്യോഖ്യപാത്രിയാര്‍ക്കീസ്‌ സഭാ പ്രഥമന്‍ ബാവയും അതുതന്നെ പറഞ്ഞു, ഒരു വൈയക്തിക സംഭാഷണത്തില്‍. എന്‍െറ സഭയിലെ കാതോലിക്കാ സ്ഥാനത്യാഗംചെയ്യാന്‍ മോഹിച്ചതിനെക്കുറിച്ച്‌ പറയവെ ജോണ്‍പോളിന്‍െറ വാക്കും മാതൃകയും ഉദ്ധരിച്ചുകൊണ്ട്‌ അത്തരം സ്ഥാനത്യാഗം സ്ഥാനമോഹം പോലെത്തന്നെ പരിശുദ്ധാത്മാവിനെതിരായുള്ള പാപം ആണെന്ന്‌ ബാവ എന്നെ പഠിപ്പിച്ചു. ഇപ്പോള്‍ ബനഡിക്ട്‌ മാര്‍പാപ്പ മറ്റൊരു വശം ചൂണ്ടിക്കാണിക്കുന്നു. വേദശാസ്‌ത്രവിചക്ഷണന്മാര്‍ക്ക്‌ ബൗദ്ധിക കുരുക്ഷേത്രങ്ങള്‍ തുറക്കാന്‍ വഴിതുറന്നിരിക്കുകയാണ്‌ മാര്‍പാപ്പ ഈ പ്രഖ്യാപനത്തിലൂടെ.

പേപ്പസിയുടെ ചരിത്രത്തില്‍ കറുത്ത അധ്യായങ്ങളുടെ ഭാഗമായോ അവ അവസാനിപ്പിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായോ അല്ലാതെ ഉണ്ടായിട്ടുള്ള ഏക സ്ഥാനത്യാഗം സെലസ്‌റ്റൈന്‍ അഞ്ചാമന്‍ പാപ്പായുടേതാണ്‌. ഒട്ടകക്കാരനായ ഇഗ്‌നാത്തിയോസിന്‍െറ മേല്‍ അന്ത്യോഖ്യാസിംഹാസനം അടിച്ചേല്‍പിക്കപ്പെട്ടതുപോലെ ആയിരുന്നു ഈ പാപ്പായുടെയും കഥ. കയറിയപ്പോള്‍ മുതല്‍ എങ്ങനെയാണ്‌ ഇറങ്ങേണ്ടത്‌ എന്നായിരുന്നു ചിന്ത. ഇറങ്ങാവുന്നതാണ്‌ എന്ന്‌ പ്രഖ്യാപിച്ചു. വൈകാതെ ഇറങ്ങുകയും ചെയ്‌തു. കാലം ക്രി. വ. 1294. വിശുദ്ധനായി ജനം തിരിച്ചറിഞ്ഞ ആ മഹാത്മാവിന്‍െറ ജനസമ്മതി വര്‍ധിക്കുകയും പിന്‍ഗാമിക്ക്‌ അത്‌ തലവേദനയാവും എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്‌തപ്പോള്‍ സെലസ്‌റ്റൈന്‍ ഒരു കൊവേന്തയില്‍ പ്രാര്‍ഥനാനിരതനായി ശിഷ്ടായുസ്സ്‌ ചെലവഴിക്കാന്‍ നിര്‍ബന്ധിതനായി (പൂട്ടിയിട്ടു എന്ന്‌ പച്ചമലയാളം!). ഈ മാര്‍പാപ്പയുടെ പേര്‌ സ്വീകരിക്കാന്‍ ആരും തയാറാകാറില്ല. അദ്ദേഹത്തിന്‍െറ ഖബറിടം സന്ദര്‍ശിക്കാനും മാര്‍പാപ്പമാര്‍ പോകാറുണ്ടായിരുന്നില്ല, ബനഡിക്ട്‌ പോകുവോളം. ബനഡിക്ട്‌ പാപ്പാ രണ്ടുതവണ സെലസ്‌റ്റൈന്‍െറ ഖബറിടം സന്ദര്‍ശിച്ചു. രണ്ടാംവട്ടം തന്‍െറ പാലിയം ആ ഖബറിങ്കല്‍ സമര്‍പ്പിച്ച്‌ ഭക്തിപൂര്‍വം തിരിച്ചെടുക്കുകയും സെലസ്‌റ്റൈന്‍ പാപ്പയെ ശ്‌ളാഘിച്ച്‌ സംസാരിക്കുകയും ചെയ്‌തു. അത്‌ ഈ സ്ഥാനത്യാഗത്തിന്‍െറ മുന്നോടിയാണെന്ന്‌ ആരും തിരിച്ചറിഞ്ഞില്ലെങ്കിലും ഇപ്പോള്‍ ചിത്രം തെളിയുന്നുണ്ട്‌; തെളിഞ്ഞ ആകാശം പകലിനെ നിര്‍വചിക്കുമ്പോള്‍ ദിഗന്തങ്ങള്‍ പൊട്ടുമാറുണ്ടാകുന്ന ഒരു ഇടിവെട്ടുപോലെ ഈ പ്രഖ്യാപനം വന്നപ്പോള്‍.

വാഴ്‌ചയുടെ തുടക്കത്തില്‍ ചില കല്ലുകടികള്‍ ഉണ്ടായിയെന്ന്‌ നമുക്കറിയാം. കത്തോലിക്കാസഭ ഒഴികെ മറ്റൊരിടത്തും ദൈവഹിതം സമ്പൂര്‍ണമായി ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല എന്ന ചിന്ത സഭക്ക്‌ പുറത്ത്‌ പാപ്പായുടെ സ്വീകാര്യതക്ക്‌ ശോഷണം സൃഷ്ടിച്ചു. ഇസ്‌തംബൂളില്‍ ചെന്ന്‌ ഒഴിവാക്കാമായിരുന്ന ഒരുദ്ധരണിയിലൂടെ മുസ്ലിംകളെ പ്രകോപിപ്പിച്ചു. െ്രെടഡന്‍ൈറന്‍ ആരാധനാക്രമങ്ങള്‍ പ്രോത്സാഹിപ്പിച്ചത്‌ യഹൂദരെ പിണക്കി. തെക്കേ അമേരിക്കയില്‍ ചെന്ന്‌ അവരുടെ ആദിമസംസ്‌കാരത്തെക്കുറിച്ച്‌ പറഞ്ഞത്‌ അവിടെ കോലാഹലം സൃഷ്ടിച്ചു. മാര്‍ തോമാശ്‌ളീഹാ കേരളത്തില്‍ വന്നില്ല എന്ന പ്രസ്‌താവനയിലൂടെ നമ്മെയും ഒട്ട്‌ പ്രകോപിപ്പിച്ചു. ജര്‍മന്‍ ബൗദ്ധികവ്യായാമങ്ങളുടെ രീതിശാസ്‌ത്രം പരിചയിച്ചാണ്‌ ബനഡിക്ട്‌ ബൗദ്ധിക ഗൗരീശങ്കരങ്ങള്‍ കീഴടക്കിയതെന്ന്‌ ഓര്‍മിക്കുമെങ്കില്‍ ഇപ്പറഞ്ഞതിനൊക്കെ ന്യായീകരണമല്ലെങ്കില്‍ വിശദീകരണമെങ്കിലും കണ്ടെത്താന്‍ കഴിയും. ഇതിലൊന്നുപോലും ഈ പരിശുദ്ധ പിതാവിനെ നിര്‍വചിക്കാന്‍ പോന്നതല്ലതാനും.

പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകളും പ്രവൃത്തികളും ബനഡിക്ടിനെ പച്ചപ്പാപ്പ (ഠവല ഏൃലലി ജീുല) എന്നുവിളിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. 266ാമത്തെ മാര്‍പാപ്പയായി ബനഡിക്ട്‌ സ്ഥാനമേല്‍ക്കുമ്പോള്‍ യാഥാസ്ഥിതികനായ ഒരു ജര്‍മന്‍ പണ്ഡിതനും വിശ്വാസത്തിന്‍െറ കാവല്‍നായയും (`ഗോഡ്‌സ്‌ റോട്ട്വീലര്‍') എന്നാണ്‌ ഒരിടത്ത്‌ വായിച്ചിട്ടുള്ളത്‌. ലോകത്തിലെ ഏറ്റവും കരുത്തനായ കാവല്‍നായ ആണ്‌ റോട്ട്വീലര്‍. ജര്‍മനിയുടെ തെക്കുപടിഞ്ഞാറ്‌ ഭാഗത്തെ ഒരു നഗരമാണ്‌ റോട്ട്വീല്‍ (ഭാരതീയ ശുനകരില്‍ രാജപാളയം ഹൗണ്ട്‌ എന്നതുപോലെയാണ്‌ കാവലിന്‌ ജര്‍മന്‍ ശുനകവൃന്ദത്തില്‍ റോട്ട്വീലര്‍). എന്നതിലുപരി ശുദ്ധജലം, സൗരോര്‍ജം, കാര്‍ബണ്‍ എമിഷന്‍ തുടങ്ങിയവയെക്കുറിച്ച്‌ സാരോപദേശം നല്‍കുകയും `ഭൂഗ്രഹത്തെ രക്ഷിക്കുക' സേവ്‌ ദ പ്‌ളാനറ്റ്‌ എന്ന പരിസ്ഥിതിപ്രേമജന്യ മുദ്രാവാക്യം പ്രചരിപ്പിക്കുകയും ചെയ്യുന്ന ശാസ്‌ത്രജ്ഞനായി മാര്‍പാപ്പ വര്‍ത്തമാനകാല ചരിത്രത്തിന്‍െറ ഭൂമികയില്‍ പ്രത്യക്ഷപ്പെടുമെന്ന്‌ ആരും തന്നെ കരുതിയിരിക്കാനിടയില്ല. എങ്കിലും സ്ഥാനാരോഹണവേളയില്‍തന്നെ സൂക്ഷ്‌മദൃക്കുകള്‍ക്ക്‌ ഈ വാസന ദൃശ്യമായിരുന്നു. `അന്തര്‍ഭാഗത്തെ മരുഭൂമികള്‍ വിപുലമാകുന്നതിന്‍െറ ഫലമാണ്‌ ബാഹ്യലോകത്തെ മരുഭൂമികള്‍ വലുതാവുന്നത്‌. സമസ്‌ത ജനത്തിനും വസിക്കാന്‍ പോന്ന ദൈവികോദ്യാനം നിര്‍മിക്കാന്‍ ഭൂമുഖത്തെ വിഭവങ്ങള്‍ പോരാതെവരുന്നത്‌ ചൂഷണവും നശീകരണവും ആയുധങ്ങളാക്കുന്ന കിരാതശക്തികള്‍ അവയെ നിയന്ത്രിക്കുന്നതിനാലാണ്‌. ഈ മരുഭൂമിയില്‍നിന്ന്‌ ജീവന്‍െറ നാട്ടിലേക്കും ദൈവപുത്രനുമായുള്ള സ്‌നേഹബന്ധത്തിലേക്കും ജീവസ്രോതസ്സിലേക്കും സമൃദ്ധിയായ ജീവനിലേക്കും ജനങ്ങളെ നയിക്കാന്‍ സഭ ഒന്നാകെയും അതിലെ സകല ഇടയന്മാരും പരിശ്രമിക്കേണ്ടിയിരിക്കുന്നു' എന്ന്‌ എന്‍െറ സ്വതന്ത്രപരിഭാഷയില്‍ ഇവിടെ കുറിക്കുന്നത്‌ 2005 ഏപ്രില്‍ 24ന്‌ സ്ഥാനാരോഹണദിവ്യബലിയില്‍ പരിശുദ്ധപിതാവ്‌ പറഞ്ഞ സംഗതിയാണ്‌ (വത്തിക്കാന്‍െറ വെബ്‌സൈറ്റില്‍ ഇത്‌ വായിക്കാം).

മനുഷ്യനും ഭൂമിയും തമ്മിലുള്ള ദൃഢബന്ധം പുന$സൃഷ്ടിക്കാനുതകുന്ന ധീരമായ തീരുമാനങ്ങളെടുക്കാന്‍ കാലമായി എന്നും സൃഷ്ടിയുടെ സംരക്ഷണത്തിനുവേണ്ടി ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും മടങ്ങിവരവില്ലാത്ത അപായഗര്‍ത്തങ്ങളിലേക്ക്‌ നയിക്കുന്ന ജീവിതശൈലികള്‍ അടിയന്തരമായി പുനര്‍വിചിന്തനത്തിന്‌ വിധേയമാക്കുകയും വേണമെന്നും പ്രസംഗിച്ച മഹാപുരോഹിതനാണ്‌ പടിയിറങ്ങിയത്‌.

See more at: http://www.madhyamam.com/news/215202/130228#sthash.O3LznWwE.dpuf

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക