Image

സൂര്യനെല്ലികള്‍ ഉണ്ടാകുന്നത്...ശ്രീപാര്‍വ്വതി

ശ്രീപാര്‍വ്വതി Published on 24 February, 2013
സൂര്യനെല്ലികള്‍ ഉണ്ടാകുന്നത്...ശ്രീപാര്‍വ്വതി

ചാനലുകള്‍ എണ്ണം പെരുകി പെരുകി സെറ്റ് ഓഫ് ബോക്സ് ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്നു തോന്നും. പക്ഷേ ന്യൂസ് ചാനലുകള്‍ ഒന്നും തന്നെ വയ്ക്കാന്‍ വയ്യ. ദുരന്തങ്ങളേയും അക്രമങ്ങളേയും ഇത്ര കണ്ട് പ്രോത്സാഹിപ്പിക്കുന്ന മാദ്ധ്യമ ധര്‍മ്മത്തേക്കാള്‍ ചാനലുകളിലെ "പൈങ്കിളി" റിയാലിറ്റി ഷോകളും സീരിയലുകളും തന്നെ ഭേദം. തമ്മില്‍ ഭേദമാണ്, പത്രങ്ങള്‍ പീഡന വാര്‍ത്തകള്‍ക്കും ദുരന്തങ്ങള്‍ക്കും കോളത്തിന്റെ കണക്കുണ്ടല്ലോ.

പക്ഷേ എത്രയൊക്കെ കാണാതിരുന്നാലും വാര്‍ത്തകളും അതിനുള്ളിലെ സത്യങ്ങളും സമൂഹത്തിന്റെ മന:സ്സാക്ഷിയെ മരവിപ്പിക്കും. പലതിലും സത്യം കാണാതെതന്നെ നാം വിധിയെഴുത്തും നടത്തും. അതിന്റെ പേരിലുള്ള കൊലക്കയറുകള്‍ പലരുടേയും തലയ്ക്കു മുകളില്‍ ഡെമോക്ലസിന്റെ വാള്‍പോലെ തൂങ്ങി കിടക്കുകയാണ്. സത്യം എന്തെങ്കിലുമാകട്ടെ ഇതില്‍ പൊതുജനങ്ങള്‍ മനസ്സിലാക്കേണ്ട ചില സത്യങ്ങളുണ്ടെന്ന് പറയാതെ വയ്യ. പുറത്തു നടക്കുന്ന പലതിനേക്കുറിച്ചും ഇത്രമാത്രം വാര്‍ത്തകള്‍ കണ്ടാലും നമ്മുടെയൊക്കെ നാട്ടിലുള്ള പല അച്ഛനമ്മമാരും ബോധവാന്‍മാരല്ല. അപ്പോള്‍ പിന്നെ കുട്ടികളെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ലല്ലോ.

ഒരു ന്യൂ ജെനറേഷന്‍ സിനിമപോലെയാണു ഇപ്പോള്‍ കൌമാരപ്രായക്കാരായ കുട്ടികളുടെ ജീവിതവും. മിക്ക സ്കൂളുകളിലേയും നല്ല ശതമാനം കുട്ടികളുടേയും വഴികള്‍ പലതും പല അച്ഛനമ്മമാരും തിരിച്ചറിയാറില്ല. ആവശ്യത്തിന്, മൊബൈല്‍ , ഇന്‍റര്‍നെറ്റ് സൗകര്യത്തോടു കൂടിയ കംമ്പ്യൂട്ടര്‍ , എല്ലാം അവര്‍ക്കുണ്ട്. അതുകൊണ്ടുമാത്രം എന്നാല്‍ ഒരു കുട്ടിയും വഴിതെറ്റി പോകുന്നില്ല സമ്മതിക്കുന്നു, മാത്രമല്ല പണ്ടു കാലത്തുണ്ടായിരുന്ന പീഡനകഥകള്‍ പലതും ഇത്ര വാര്‍ത്തയാകാഞ്ഞത് മാദ്ധ്യമങ്ങളുടെ സെന്‍സേഷണലിസം അന്ന് ഇല്ലാതിരുന്നതു കൊണ്ടുമാണെന്നുള്ളതും സമ്മതിക്കുന്നു. പക്ഷേ ഒരു കാര്യം അംഗീകരിച്ചേ മതിയാവുകയുള്ളൂ, ഇന്നത്തെ കുട്ടികള്‍ പോകുന്ന വഴി അത്ര മനോഹരമല്ല. സാദ്ധ്യതകളുടെ കൂടുതലാകാം അവരെ അറിയാത്ത വഴികളിലേയ്ക്കും ബന്ധങ്ങളിലേയ്ക്കും നയിക്കുന്നത്.

തൊണ്ണൂറു ശതമാനം പീഡനക്കേസുകളും ഇവിടെ നടന്നത് എടുത്താല്‍ അതിനു പിന്നില്‍ സാധാരണ ഒരു അച്ഛനുമമ്മയും കാണേണ്ട ഒരു സത്യമുണ്ട്, മിക്ക പെണ്‍കുട്ടികളും കാമുകന്‍മാരുടെ ചതിയുടെ ഇരകളാണെന്നുള്ളത്. ബീഹാറി പെണ്‍കുട്ടിയും ശാരിയുമൊക്കെ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. പക്ഷേ ഈയടുത്ത് പത്രങ്ങളില്‍ വായിച്ച ഒട്ടു മിക്ക കഥകളിലും അവസ്ഥ ഇതുതന്നെ. ഇതിനാരാണ്, ഉത്തരവാദികള്‍ ...? ഒരിക്കലും ആ കുട്ടിയല്ല, ശാരീരികമായും മാനസികമായും മാറ്റങ്ങളുണ്ടാകുന്ന സമയമാണ്, കൗമാരം. മാതാപിതാക്കളുടെ അമിതമായ ഉത്കണ്ഠയോ ശകാരമോ വിഷമമോ അത്ര പ്രശ്നമാക്കാത്ത ഒരു കാലം. കൂട്ടുകാരെ അമിതമായി വിശ്വസിക്കുകയും ഹോര്‍മോണ്‍ വ്യതിയാന പ്രകാരം എതിര്‍ലിംഗത്തോട് അടുപ്പവും തോന്നുന്ന പ്രായം. അതിലൊന്നും ഒരു തെറ്റുമില്ല, പക്ഷേ ഇവിടെ കുട്ടിയുടെ ഈ പ്രായത്തില്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന അതികഠിനമായ മാനസിക വ്യഥ പ്രശ്നമുണ്ടാക്കുന്നുണ്ട്. ഒന്നുകില്‍ അമിതമായ പരിലാളന, അല്ലെങ്കില്‍ നിയന്ത്രണം രണ്ടും ദോഷമാണെന്നോര്‍ക്കാതെ ഇപ്പോഴും അത് തുടരുക തന്നെ.
കൗമാര പ്രായത്തിലുള്ള മക്കളുടെ അച്ഛനമ്മമാര്‍ക്ക് തീര്‍ച്ചയായും സ്വന്തം കുട്ടികളുടെ സുഹൃത്തുക്കളെ കുറിച്ച് അറിവുണ്ടാകണം. മക്കളോട് സുഹൃത്തുക്കളേപോലെ പെരുമാറിയാല്‍തന്നെ ഒരുവിധം കുട്ടികളൊക്കെ ഒരു ചെറിയ അഫയര്‍ പോലും വീട്ടില്‍ വന്ന് പറയും. പിന്നീട് അവള്‍ക്കുണ്ടാകുന്ന മാനസിക വ്യത്യാസത്തില്‍ നിന്ന് അമ്മമാര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ എളുപ്പവുമാണ്.

വളരെ പ്രധാനപ്പെട്ട ഒരു കാര്യം വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ആ പ്രായത്തില്‍ തന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കുക എന്നതാണ്. എന്താണ്, ലൈംഗികത എന്നും അതിന്റെ പവിത്രതയെക്കുറിച്ചുമൊക്കെ വീടുകളില്‍നിന്നും സ്കൂളുകളില്‍നിന്നും അവര്‍ക്ക് ബോധവത്കരണ ക്ലാസ്സുകള്‍ നടത്താം. പക്ഷേ ഒന്‍പതാം ക്ലാസ്സില്‍ അത്രയൊന്നും തൊടുന്നില്ലെങ്കിലും സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങളെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നവരാണ്, ഇന്നും അദ്ധ്യാപകര്‍ . അവിടെ ഉടലെടുന്ന രഹസ്യത്തിന്റെ മറനീക്കാനുള്ള യാത്രയാകും പൊതുവേ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടാന്‍ ആഗ്രഹിക്കുന്ന യുവത്വം ചെയ്യുക. വെസ്റ്റേണ്‍ സംസ്കാരം അനുകരിക്കുന്നതില്‍ കുഴപ്പമില്ല പക്ഷേ അത് അതിന്റേതായരീതിയില്‍ അനുകരിക്കാന്‍ കുട്ടികളെ പഠിപ്പിക്കാം. ലൈംഗിക വിദ്യാഭ്യാസം നല്‍കുക ഒരു തെറ്റായ കാര്യമല്ലെന്ന് അദ്ധ്യാപകരേയും മാതാപിതാക്കളേയും ബോധവത്കരണം നടത്തുകയാണ്, ആദ്യം ചെയ്യേണ്ടത്. മാതാപിതാക്കള്‍ മനസ്സിലാക്കട്ടെ സ്വന്തം കുട്ടികളെ അടുത്തറിഞ്ഞ് അവരുടെ ബലഹീനതകള്‍ മനസ്സിലാക്കട്ടെ, ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കട്ടെ...

ഇനിയും സൂര്യനെല്ലിയും സെന്‍സേഷണല്‍ വാര്‍ത്തകളും ഉണ്ടാകാതിരിക്കട്ടെ.
കുറ്റപ്പെടുത്തല്‍ മാത്രമല്ല ഇവിടെ ആവശ്യം ഉചിതമായത് ഉചിതമായ സമയത്ത് തിരഞ്ഞെടുക്കല്‍ കൂടിയാണ്.

സൂര്യനെല്ലികള്‍ ഉണ്ടാകുന്നത്...ശ്രീപാര്‍വ്വതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക