Image

ഓ.സി.ഐ. കാര്‍ഡ് പുതുക്കല്‍ പുതിയ പാര; ദ്രോഹിക്കാന്‍ മാത്രമായി പ്രവാസി വകുപ്പ്

ജോയിച്ചന്‍ പുതുക്കുളം Published on 25 February, 2013
ഓ.സി.ഐ. കാര്‍ഡ് പുതുക്കല്‍ പുതിയ പാര; ദ്രോഹിക്കാന്‍ മാത്രമായി പ്രവാസി വകുപ്പ്
ന്യൂജേഴ്‌സി: ദശാബ്‌ദങ്ങളായി വടക്കേ അമേരിക്കയിലേക്ക്‌ കുടിയേറിപ്പാര്‍ത്ത മലയാളികള്‍ക്ക്‌ പ്രശ്‌നങ്ങളും, ദുരിതങ്ങളും പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍ അവരെ സഹായിക്കാനായി ഇന്ത്യാ ഗവണ്‍മെന്റ്‌ രൂപംകൊടുത്ത പ്രവാസികാര്യ വകുപ്പ്‌ ഇന്ന്‌ അവര്‍ക്കൊരു ബാധ്യതയായി മാറുകയാണ്‌. ഇന്ത്യാ ഗവണ്‍മെന്റ്‌ ഓരോ ബഡ്‌ജറ്റിലും കോടിക്കണക്കിന്‌ രൂപയാണ്‌ പ്രവാസിക്ഷേമത്തിന്‌ വകയിരുത്തുന്നത്‌. നിര്‍ഭാഗ്യവശാല്‍ ഈ പണമെല്ലാം പ്രവാസികളുടെ ക്ഷേമത്തിന്‌ ഉപയോഗിക്കാതെ ഓരോ വര്‍ഷവും നടത്തുന്ന പ്രവാസി ഭാരതീയ ദിവസിലെ (പി.ഡി.ബി) ധൂര്‍ത്തിനും, അവാര്‍ഡിനും, മന്ത്രിമാരുടേയും പരിവാരങ്ങളുടേയും വിദേശ സന്ദര്‍ശനത്തിനുമായി പൊടിപൊടിക്കുന്നത്‌. ഇതിനു പുറമെയാണ്‌ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലെ ആര്‍ഭാടങ്ങളും ആഘോഷങ്ങളും.

മന്ത്രിമാരും ബ്യൂറോക്രാറ്റുകളും ഇന്ത്യയില്‍ നിന്ന്‌ അമേരിക്ക സന്ദര്‍ശിക്കാനെത്തുമ്പോള്‍ അവരുടെ സ്വന്തക്കാരേയും ആശ്രിതരേയും വിളിച്ച്‌ കോണ്‍സുലേറ്റുകളില്‍ സത്‌കാരങ്ങള്‍ നടത്താറുണ്ട്‌. ഇപ്പോള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കുപുറമെ മദ്യവും വിളമ്പാറുണ്ട്‌ എന്നാണ്‌ അണിയറ സംസാരങ്ങള്‍. ഇതിനായി മില്യന്‍ കണക്കിന്‌ ഡോളറുകള്‍ ആവശ്യമായി വന്നിരിക്കുകയാണ്‌ കോണ്‍സുലേറ്റുകള്‍ക്ക്‌. ഇന്ത്യാ ഗവണ്‍മെന്റ്‌ ആകട്ടെ കോണ്‍സുലേറ്റുകളിലെ ആഘോഷങ്ങള്‍ക്ക്‌ പണം നല്‍കുന്നുമില്ല. അതിനായി കണ്ട കുറുക്കുവഴിയാണ്‌ വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന പ്രവാസി മലയാളികളുടെ കാലഹരണപ്പെട്ട ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ `ഗാര്‍ബേജിലേക്ക്‌' കളയുന്നതിന്‌ പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ നിയമം എന്ന ഓമനപ്പേര്‌ കൊടുത്ത്‌ ഓരോരുത്തരില്‍ നിന്നും 250 ഡോളര്‍ വീതം ഈടാക്കുന്നത്‌. കാക്കത്തൊള്ളായിരം മലയാളി സംഘടനകളുള്ള അമേരിക്കയില്‍ പ്രതികരിക്കാനാവാതെ `സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കും' എന്നു പറഞ്ഞുപോലെ അവര്‍ നട്ടം തിരിയുന്ന കാഴ്‌ച വേദനാജനകമാണ്‌.

ഇപ്പോഴിതാ ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നു പറഞ്ഞതുപോലെ പ്രവാസി മലയാളികള്‍ക്ക്‌ നല്‍കിയ ആജീവനാന്ത (Life Long) ഒ.സി.ഐ കാര്‍ഡുകള്‍ പുതുക്കണം എന്ന നിബന്ധനയും അതിന്റെ കൂടെ ഫീസ്‌ ഈടാക്കാനും കേന്ദ്ര ആഭ്യന്തര വകുപ്പ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. നാട്ടില്‍ ചെന്നാല്‍ `ചുണ്ണാമ്പ്‌ പൊതിയാന്‍ പോലും' വിലയില്ലാത്ത ഒ.സി.ഐ കാര്‍ഡ്‌, വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികള്‍ സമരം ചെയ്‌ത്‌ നേടിയെടുത്ത അവകാശപത്രമാണ്‌. ഇപ്പോഴിതാ ഒ.സി.ഐ കാര്‍ഡുള്ളവര്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ട്‌ പുതുക്കുമ്പോള്‍, ഒ.സി.ഐ കാര്‍ഡ്‌ പുതുക്കുവാനും അപേക്ഷ കൊടുക്കണം.

ഒ.സി.ഐ കാര്‍ഡിന്‌ ആദ്യം അപേക്ഷിച്ചപ്പോഴതിനേക്കാള്‍ കൂടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യണമെന്നതാണ്‌ ഇപ്പോഴത്തെ സ്ഥിതി. ഇന്ത്യയില്‍ കാല്‍ കുത്തണമെങ്കില്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ പതിപ്പിച്ചിരിക്കുന്ന `യു വിസ' വേണം. യു വിസ ആജീവനാന്ത വിസയാണെന്നാണ്‌ വെയ്‌പ്‌. പുതിയ അമേരിക്കന്‍ പാസ്‌പോര്‍ട്ട്‌ എടുക്കുമ്പോള്‍, പഴയ പാസ്‌പോര്‍ട്ടിലെ യു വിസ മാറ്റി പതിപ്പിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്‌ സങ്കീര്‍ണമായ ഒരു പ്രക്രിയയായി മാറിയിരിക്കുകയാണ്‌. ഇനിമുതല്‍ 20 വയസില്‍ താഴെയുള്ളവരും, 50 വയസിനു മേലെയുള്ളവരും ഒ.സി.ഐ കാര്‍ഡ്‌ പുതുക്കാന്‍ അപേക്ഷ നല്‍കണം. അതിന്റെ കൂടെ OCI card, Naturalization Certificate, Renourciation Certificate (പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്‌), അതില്ലെങ്കില്‍ പിഴ, ഫീസ്‌ തുടങ്ങി ഒട്ടേറെ രേഖകളും പണവും കോണ്‍സുലേറ്റിന്‌ വേണം. പ്രവാസികളെ സഹായിക്കുന്നതിനു പകരം എങ്ങനെ ദ്രോഹിക്കാം എന്നുള്ളതിന്‌ ഗവേഷണം നടത്തുകയാണ്‌ ഇന്ത്യന്‍ ആഭ്യന്തര വകുപ്പും, പ്രവാസികാര്യ വകുപ്പും.

ഫൊക്കാനാ, ഫോമാ, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍, ഗോപിയോ, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ തുടങ്ങി ഒട്ടേറെ സംഘടനകള്‍ അമേരിക്കയിലുണ്ട്‌. പ്രവാസി മലയാളികള്‍ക്ക്‌ ദോഷമായ നിയമങ്ങള്‍ ഉണ്ടാക്കുമ്പോഴും, സാമ്പത്തിക മാന്ദ്യത്തിലമര്‍ന്ന്‌ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന പ്രവാസികള്‍ ദുരിതത്തിന്റെ നടുക്കടലില്‍ നട്ടം തിരിയുമ്പോഴും മേല്‍പ്പറഞ്ഞ സംഘടനകള്‍ പ്രതികരിക്കാനാവാതെ മാറി നില്‍ക്കുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു. പ്രവാസി ക്ഷേമമെന്ന പേരില്‍ അമേരിക്കയിലെത്തി സ്വന്തം കാര്യങ്ങള്‍ സാധിച്ചുപോകുന്ന മന്ത്രിമാരേയും, ഉദ്യോഗസ്ഥരേയും പൂമാലയിട്ട്‌ സ്വീകരിക്കുന്നതിനു പകരം, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണ്‌, അല്ലാതെ ജനങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുക എന്നതല്ല അവരുടെ ചുമതലയെന്ന്‌ അവരെ പറഞ്ഞ്‌ മനസിലാക്കി പ്രവാസി ക്ഷേമത്തിനായും അവരുടെ പ്രശ്‌ന പരിഹാരത്തിനായും എല്ലാ സംഘടനകളും യോജിച്ച്‌ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌.

പ്രവാസികളുടെ ദുരിതങ്ങളും പ്രയാസങ്ങളും മനസിലാക്കാന്‍ കഴിയാതിരിക്കുകയും അവരുടെ മേല്‍ നാള്‍ക്കുനാള്‍ അടിച്ചേല്‍പിക്കുന്ന കിരാത നിയമങ്ങള്‍ പിന്‍വലിക്കാന്‍ കൂട്ടാക്കാതിരിക്കുന്ന മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും ബഹിഷ്‌കരിക്കാന്‍ പ്രവാസി സംഘടനകളും പ്രവാസികളും മുന്നിട്ടിറങ്ങണം. പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി വന്നാല്‍ അമേരിക്കയിലെ എല്ലാ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലും ഉപവാസ സമരം (ഗാന്ധിയന്‍) നടത്താനും പ്രവാസി സംഘടനകള്‍ തയാറാകണം. ജനിച്ച നാടിന്‌ കോടാനുകോടി കണക്കിന്‌ വിദേശനാണ്യം നേടിക്കൊടുക്കുന്ന പ്രവാസികളെ കറവപ്പശുക്കളായി കാണാതെ അവരും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ മക്കളാണ്‌, അവരുടെ ആവശ്യങ്ങള്‍ ഔദാര്യമല്ല, അവരുടെ അവകാശമാണ്‌ എന്ന്‌ മനസിലാക്കിക്കൊടുക്കാന്‍ പ്രവാസികളുടെ കൂട്ടായ്‌മയ്‌ക്ക്‌ കഴിയണം. കഴിയും എന്ന്‌ പ്രത്യാശിക്കുന്നു.
അനിയന്‍ ജോര്‍ജ്‌
ഓ.സി.ഐ. കാര്‍ഡ് പുതുക്കല്‍ പുതിയ പാര; ദ്രോഹിക്കാന്‍ മാത്രമായി പ്രവാസി വകുപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക