Image

സ്വപ്നാടനം(നോവല്‍ ഭാഗം-3)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 26 February, 2013
സ്വപ്നാടനം(നോവല്‍ ഭാഗം-3)- നീന പനയ്ക്കല്‍
മൂന്ന്

മറിയച്ചേടത്തി പകച്ചു നോക്കുന്നതു കണ്ടപ്പോള്‍ സൂസിക്ക് കാര്യം മനസ്സിലായി. മറിയച്ചേടത്തിക്ക് അതിഥികള്‍ ആരാണെന്ന് ഒരു പിടിയും കിട്ടിക്കാണില്ല.

'അമേരിക്കയിലുള്ള ജോസച്ചാച്ചനെക്കുറിച്ച് ഞാന്‍ പറയാറില്ലേ-അച്ചാച്ചനും അമ്മാമ്മയുമാണ്.' സൂസി അവരെ പരിചയപ്പെടുത്തി.

കുറച്ചു വൈകിയാണെങ്കിലും നിങ്ങള്‍ വന്നല്ലോ നന്നായി. മറിയച്ചേടത്തി മനസ്സില്‍ പറഞ്ഞു. നിങ്ങള്‍ കൂടപ്പിറപ്പുകളല്ലേ. എന്തായാലും സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടവരാ.

ജോസച്ചാച്ചന്റേയും അമ്മാമ്മയുടേയും കണ്ണുകള്‍ ബീനയിലും ബിന്ദുവിലും ആണെന്ന് സൂസി കണ്ടു.
'ഇരട്ടകളെയാ ദൈവം തന്നത്.' സന്തോഷത്തോടെ അവള്‍ പറഞ്ഞു.

'വളരെ നല്ലത് രണ്ടു സുന്ദരിക്കുട്ടികളെയാ സൂസിക്ക് കിട്ടിയിരിക്കുന്നത്. എല്ലാറ്റിനും ദൈവത്തിന് ഒരു ഉദ്ദ്യേശ്യമുണ്ടല്ലോ.' മേരിക്കുട്ടി കുഞ്ഞുങ്ങളില്‍ നിന്നും കണ്ണെടുത്തില്ല.

ജോസും തലകുലുക്കി.

മറിയച്ചേടത്തി ചായ കൊണ്ടുവന്നു. സൂസി അതു വാങ്ങി രണ്ടുപേര്‍ക്കും കൊടുത്തു.

'ഞങ്ങള്‍ നിന്നോടു വലിയ തെറ്റാ ചെയ്തത്. വീട്ടിലെല്ലാവര്‍ക്കും അതേക്കുറിച്ച് ഖേദമുണ്ട്,' ജോസ് പറഞ്ഞു.

'എനിക്കാരോടും പിണക്കവും പരിഭവവും ഇല്ലച്ചായാ. എല്ലാവരുടേയും മുഖത്തു കരിവാരിത്തേച്ചു കൊണ്ടാണല്ലോ ഞാനും ഇറങ്ങിപ്പോയത്. ഞാന്‍ ചെയ്തതു തെറ്റായിപ്പോയതു കൊണ്ടാവാം ദൈവം എന്നെ ഇത്തരത്തില്‍ ശിക്ഷിച്ചത്. പക്ഷെ എനിക്ക് പശ്ചാത്താപമൊന്നുമില്ല.'

'അപ്പച്ചനും അമ്മച്ചിക്കും സൂസിയേയും കുഞ്ഞുങ്ങളേയും കാണണമെന്ന് വളരെ ആഗ്രഹമുണ്ട്.' മേരിക്കുട്ടി പറഞ്ഞു. 'നിങ്ങളെ കൂട്ടിക്കൊണ്ടു പോകാനാ ഞങ്ങള്‍ വന്നത്.'

'വേണ്ടമ്മാമ്മേ. ഈ വീടുവിട്ട് ഞാന്‍ എങ്ങോട്ടുമില്ല. ഞാനും എന്റെ മക്കളും ഇവിടെ സ്വസ്ഥമായി കഴിയുകയാണ്. ആരുടേയും കണ്ണിലെ കരടാകാന്‍ ഞാനാഗ്രഹിക്കുന്നില്ല.'

'അങ്ങനെ പറയരുത്. എല്ലാം പൊറുക്കാന്‍ അപ്പച്ചന്‍ തയ്യാറാണ്.'

'വേണ്ട. എനിക്കു ജോലിയുണ്ട്, എനിക്കും എന്റെ മക്കള്‍ക്കും സുഖമാണിവിടെ.'

'തിരുവനന്തപുരത്തേക്ക് സ്ഥലമാറ്റം വാങ്ങിയാല്‍ പോരേ?'

സൂസി ഒന്നു മിണ്ടിയില്ല.

'കുഞ്ഞുങ്ങളെ നീ എങ്ങനെ തിരിച്ചറിയും സൂസീ?' കൗതുകത്തോടെ ബിന്ദുവിനേയും ബീനയേയും നോക്കിക്കൊണ്ടിരുന്ന മേരിക്കുട്ടി ചോദിച്ചു.

'ദാ...കൈയില്‍ ഈ മറുകുള്ളവളാണ് ബിന്ദു. മറ്റേത് ബീന.'

'വാ ...ആന്റിയൊന്നെടുക്കട്ടെ രണ്ടുപേരെയും.' മേരിക്കുട്ടി കൈകള്‍ നീട്ടി. ബിന്ദു പിന്നിലേക്കു വലിഞ്ഞു. പക്ഷേ ബീന വലിയ പരിചയഭാവത്തില്‍ ചാടിച്ചെല്ലാനാഞ്ഞു. മേരിക്കുട്ടി അവളെ വാരിയെടുത്ത് ഇരുകവിളിലും ഉമ്മവച്ചു.

അവര്‍ സംസാരിക്കുന്നതിനിടയില്‍ മറിയച്ചേടത്തി ഊണൊരുക്കി.

'എന്നാലിനി ഊണു കഴിച്ചിട്ടിരിക്കാം ജോസച്ചാച്ചാ. ഊണു കഴിക്കാം. പക്ഷെ ഇരിക്കുന്നില്ല. പോകുന്ന വഴി മേരിക്കുട്ടീടെ വീട്ടിലൊന്നു കയറണം.'

ജോസിനും മേരിക്കുട്ടിക്കും സൂസി ചോറു വിളമ്പിക്കൊടുത്തു. അവള്‍ അടുത്തിരുന്ന് അവരെ ഊട്ടി. അവളുടെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞു കവിയുകയായിരുന്നു.

'നീ കൂടെ ഇരിക്കൂ സൂസീ.' മേരിക്കുട്ടി പലതവണ പറഞ്ഞു.

'വേണ്ടമ്മാമ്മേ. ഞാന്‍ പിന്നെ ഉണ്ടോളാം. നിങ്ങളെ രണ്ടുപേരെയും കണ്ടപ്പോള്‍ത്തന്നെ എന്റെ വയറു നിറഞ്ഞു.'

അവര്‍  ഊണു കഴിച്ച് കഴിഞ്ഞ് മറിയാമ്മച്ചേടത്തിയും സൂസിയും ഊണു കഴിച്ചു.

അവള്‍ ചെന്നപ്പോള്‍ ജോസും മേരിക്കുട്ടിയും സംസാരിച്ചുകൊണ്ട് ഡ്രോയിംഗ് റൂമില്‍ ഇരിക്കുന്നു. ജോസിന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടന്ന് ബീന ഉറങ്ങുന്നു. ബിന്ദു നിലത്തിരുന്നു കളിക്കുന്നു.

'അയ്യോ, മോളുറങ്ങിയോ... ഇങ്ങുതാ അച്ചായാ. ഞാന്‍ കൊണ്ടുചെന്നു കിടത്തിയിട്ടു വരാം.' സൂസി പറഞ്ഞു.

'വേണ്ട. കുഞ്ഞുണരും.'

'ഇല്ലെന്നേ.'

അവള്‍ മെല്ലെ കുഞ്ഞിനെ എടുത്ത് അടുത്ത മുറിയില്‍ കൊണ്ടുപോയി തൊട്ടിലില്‍ കിടത്തി.

ജോസ് മുറിയിലേക്ക് കയറിവന്നു. അയാള്‍ സ്യൂട്ട്‌കേസ് തുറന്ന് നൂറുരൂപയുടെ രണ്ടു കെട്ടുകളെടുത്ത് സൂസിയുടെ നേര്‍ക്ക് നീട്ടി.

'നിനക്ക് പണത്തിന് ആവശ്യം കാണുമെന്നറിയാം. ഇന്നാ... ഇത് വാങ്ങ്.'

രൂപ കണ്ടപ്പോള്‍ അവളുടെ ഹൃദയം ശക്തിയായി മിടിച്ചു.

കടങ്ങള്‍ പലതുണ്ട്. പണമില്ലാത്തതുകൊണ്ട് സാധിക്കാതെ നീട്ടിവെച്ച ചില അത്യാവശ്യങ്ങളുമുണ്ട്.

വാങ്ങണോ?

വേണ്ട. പണത്തിന് അത്യാവശ്യമുണ്ടായ ഘട്ടങ്ങളില്‍ ആരും സഹായിക്കാന്‍ വന്നില്ല. ഇപ്പോള്‍ എന്തിന് ഈ നോട്ടുകെട്ടുകള്‍?

'വേണ്ടച്ചായാ. ഇപ്പോള്‍ രൂപക്ക് അത്യാവശ്യമൊന്നുമില്ല. വേണ്ടപ്പോള്‍ ഞാന്‍ വാങ്ങിക്കോളാം.'

അയാള്‍ എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ ആ പണം വാങ്ങിയില്ല.

'എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്,' ജോസ് പറഞ്ഞു. 'ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ അപ്പച്ചനും അമ്മച്ചിക്കും വീട്ടിലെല്ലാവര്‍ക്കും ഖേദമുണ്ട്. നീ ഒരു സ്ഥലംമാറ്റം വാങ്ങി തിരുവനന്തപുരത്തേക്കു വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. അപ്പച്ചനും അമ്മച്ചിയും നിന്നെ കാണാന്‍ വരാനിരിക്കുകയാണ്.'

സൂസിയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ ഒന്നു വന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ച അവസരങ്ങളുണ്ടായിരുന്നു. അന്നാരും വന്നില്ല. ഇനിയിപ്പോള്‍ വന്നിട്ടെന്തു ചെയ്യാനാ ജോസച്ചാച്ചാ.

'പരസ്പരം ക്ഷമിക്കണമെന്നും കഴിഞ്ഞതെല്ലാം മറക്കണമെന്നുമേ എനിക്കു പറയാനുള്ളൂ.'

ഉറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ഉമ്മ കൊടുത്തിട്ട് ജോസും മേരിക്കുട്ടിയും പോകാനിറങ്ങി.

'ഞങ്ങളെന്നാല്‍ പോകട്ടെ മോളേ.'

പോകണ്ട എന്നു പറഞ്ഞാലും നിങ്ങള്‍ നില്‍ക്കത്തില്ലല്ലോ. സൂസി ചിരിച്ചു.

കാറിലിരിക്കുമ്പോള്‍ രണ്ടുപേരും നിശബ്ദരായിരുന്നു. അവരവരുടെ ചിന്തകളിലായിരുന്നു.

പറയാനുള്ളതു മാത്രം നമ്മള്‍ അവളോടു പറഞ്ഞില്ല. ഒടുവില്‍ മേരിക്കുട്ടി മൗനം ഭഞ്ജിച്ചു.

'ഞാന്‍ പലവട്ടം ആലോചിച്ചതാ. പക്ഷേ..'

നമുക്ക് അമ്മച്ചിയേയും കൊണ്ട് ഒന്നുകൂടി വരാം. അന്നേരം നമുക്കവളോട് എല്ലാം തുറന്നു പറയാം, നമ്മുടെ ആഗ്രഹം അവളെ അറിയിക്കാം. എനിക്ക് ബീനമോളെ ഒത്തിരി ഇഷ്ടമായി.

'എനിക്കും.'

വീട്ടില്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സൂസിയെ കാണാന്‍ പോകുന്നു എന്ന പറഞ്ഞപ്പോള്‍ ആദ്യം അപ്പച്ചന്‍ അനുകൂലിച്ചു പോലുമില്ല.

എന്തുമാത്രം വാഗ്വാദങ്ങള്‍ നടന്നു അപ്പച്ചനുമായി! അദ്ദേഹത്തിന്റെ മനസ്സുമാറ്റാന്‍ എന്തു ശ്രമിക്കേണ്ടിവന്നു! അവളെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ഇനി നാട്ടില്‍ വരില്ല എന്നുവരെ പറയേണ്ടിവന്നു.

അച്ചന്മാരും! കന്യാസ്ത്രീകളും!!

ക്രിസ്തുവിനെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവര്‍. മനുഷ്യനെ സ്‌നേഹിക്കാനാണോ, അതോ വെറുത്ത് അകറ്റാനാണോ ക്രിസ്തു അവരോടു പറഞ്ഞത്?

ചോദിക്കേണ്ടി വന്നു.

'സൂസിയുടെ കാര്യത്തില്‍ നിങ്ങള്‍ രണ്ടുപേരും അഭിമാനവും ആഭിജാത്യവും മുറുകെപ്പിടിച്ച് ഇരുന്നു. വലിയ കഷ്ടമായിപ്പോയി. അവള്‍ എങ്ങനെ ജീവിക്കുന്നു എന്നെങ്കിലും അന്വേഷിക്കേണ്ടതായിരുന്നു.'

'ചെന്നു കൂട്ടിക്കൊണ്ടു വന്നില്ല എന്നത് സത്യമാ. പക്ഷേ, ഞങ്ങള്‍ അവളുടെ എല്ലാക്കാര്യങ്ങളും അന്വേഷിച്ചറിയുന്നുണ്ടായിരുന്നു.' അമ്മച്ചി പറഞ്ഞു.

'അവള്‍ തെറ്റു ചെയ്തു.' ബര്‍ണാര്‍ഡ് സാര്‍ ഉറക്കെപ്പറഞ്ഞു. 'സമുദായമായിട്ടു ജീവിക്കുമ്പോള്‍, ഏതെങ്കിലും ഒരു ക്രിസ്തീയ സഭയിലായിരിക്കുമ്പോള്‍ അതിന്റെ ചട്ടക്കൂട്ടില്‍ നിന്നേ തീരൂ. നീയിന്ന് അമേരിക്കന്‍ രീതിയില്‍ ചിന്തിക്കുന്നു. സംസാരിക്കുന്നു. നിനക്കറിയാമോ, റിന്‍ഡായും ഷാജനും അപൂര്‍വ്വമായിട്ടു മാത്രമേ ഇങ്ങോട്ടു വരാറുള്ളൂ. ചാരുവിള വീട്ടില്‍ വരുന്നത് അവര്‍ക്കിന്ന് അപമാനമാണ്.'

'അപ്പച്ചാ, ചെയ്ത തെറ്റിനുള്ള ശിക്ഷ അവള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇനിയെങ്കിലും അവളോട് ദയ കാണിക്കണം.' മേരിക്കുട്ടി അപേക്ഷിച്ചു.

'ഞാനെന്തു ചെയ്യണമെന്നാ നിങ്ങള്‍ പറയുന്നത്?'

'അവളെ വിളിച്ചുകൊണ്ടുവന്ന് ഇവിടെ താമസിപ്പിക്കണം.'

'പക്ഷേ അവള്‍ വരുമോ മോനേ?' അമ്മച്ചി ചോദിച്ചു.

'ചെന്നു വിളിച്ചാല്‍ വരും.'

'ഞാന്‍ പോയി വിളിക്കില്ല. അവള്‍ വരുന്നെങ്കില്‍ വരട്ടെ. ഞാന്‍ എതിര്‍ക്കില്ല.' അപ്പച്ചന്‍ പറഞ്ഞു. 'തല്‍ക്കാലം ഞങ്ങളൊന്നു പോയിവരാം. എന്നിട്ടുമതി ബാക്കി കാര്യങ്ങള്‍.”

ജോസും മേരിക്കുട്ടിയും തിരികെ വീട്ടില്‍ ചെന്നപ്പോള്‍ അപ്പച്ചനും അമ്മച്ചിയും കാത്തിരിക്കുന്നുണ്ടായിരുന്നു.

'കണ്ടോ?' ആകാംക്ഷയോടെ അമ്മച്ചി ചോദിച്ചു.

'കണ്ടു.'

കാര്യങ്ങളൊക്കെ ജോസ് വിശദമായി പറഞ്ഞു കേള്‍പ്പിച്ചു.

മൂന്നാം ദിവസം അമ്മച്ചിയേയും കൊണ്ട് വീണ്ടും ജോസും മേരിക്കുട്ടിയും എറണാകുളത്തിനു പോയി. സൂസി  ഓഫീസിലായിരുന്നു.

ജോസ് അവളുടെ ഓഫീസിലേക്കു ചെന്നു.

'അമ്മച്ചി വന്നിട്ടുണ്ട്.' അയാള്‍ സൂസിയോടു പറഞ്ഞു.

'എവിടെ?' വിശ്വസിക്കാനാവാതെ അവള്‍ ചോദിച്ചു.

'വീട്ടിലുണ്ട്.'

അപ്പോള്‍ത്തന്നെ. സൂസി ജോസിനോടൊപ്പം ഇറങ്ങി. അവര്‍ വീട്ടിലെത്തിയപ്പോള്‍ അമ്മച്ചിയും മേരിക്കുട്ടിയും ബീനയേയും ബിന്ദുവിനേയും ഓമനിച്ചുകൊണ്ടിരിക്കയായിരുന്നു.

അമ്മച്ചീ... സൂസി ഓടിച്ചെന്ന് അമ്മച്ചിയെ കെട്ടിപ്പിടിച്ചു.

'എന്റെ മോളേ.'

'അമ്മച്ചി ഇപ്പോഴെങ്കിലും വന്നല്ലോ.'

അമ്മയേയും മകളേയും സംസാരിക്കാന്‍ വിട്ടിട്ട് ജോസും മേരിക്കുട്ടിയും കുഞ്ഞുങ്ങളേയും കൊണ്ട് മുറ്റത്തിറങ്ങി നിന്നു.

'നിന്നേയും മക്കളേയും കൊണ്ടുപോകാനാ മോളേ ഞാന്‍ വന്നത്.'

'വേണ്ടമ്മേ. നിങ്ങള്‍ക്കൊക്കെ ആവശ്യത്തിലധികം അപമാനം ഞാനുണ്ടാക്കിക്കഴിഞ്ഞു. ഞാനും എന്റെ മക്കളും ആര്‍ക്കും ശല്യമാവാതെ ഇവിടെ ഒതുങ്ങിക്കഴിഞ്ഞോളാം.'

'അങ്ങനൊന്നു പറയാതെ നീ.'

'എന്റെ മനു ജീവിച്ചിരുന്നപ്പോള്‍ നിങ്ങള്‍ ഞങ്ങളെ അടുപ്പിച്ചില്ല. അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കിടന്നപ്പോഴും മരിച്ചപ്പോഴും അറിയിച്ചിട്ടുകൂടി നിങ്ങളാരും വന്നില്ല....'

ഏറെനേരം കഴിഞ്ഞാണ് രണ്ടുപേരുടേയും കണ്ണീരടങ്ങിയത്.

ബീനമോളെ കൊഞ്ചിച്ചുകൊണ്ട് മേരിക്കുട്ടി ബെഡ്‌റൂമിലിരിക്കുമ്പോള്‍ സൂസി അവിടേക്കു വന്നു.

'അവളെ താഴെ വിട്ടേക്ക് അമ്മാമ്മേ... കുറുമ്പി.. അമ്മാമ്മേടെ സാരി മുഴുവന്‍ ചീത്തയാക്കും.'

'വലിയ കുറുമ്പിയാണെങ്കില്‍ അവളെ എനിക്കു തന്നേക്ക് ഞാന്‍ കൊണ്ടു പൊയ്‌ക്കൊള്ളാം.' കളിമട്ടില്‍ മേരിക്കുട്ടി പറഞ്ഞു.

'കൊണ്ടുപൊക്കോ. എനിക്ക് അത്രയും ആശ്വാസം. ഒന്നിനെത്തന്നെ പോറ്റാന്‍ വയ്യ. പിന്നാ രണ്ടെണ്ണത്തിനെ.' കുണുങ്ങിച്ചിരിച്ചുകൊണ്ട് മുറിയില്‍ നിന്നും എന്തോ സാധനവും എടുത്ത് സൂസി അപ്പോള്‍ത്തന്നെ ഇറങ്ങിപ്പോയി.

മേരിക്കുട്ടിയുടെ ഹൃദയം ഒരു നിമിഷത്തേക്കു നിലച്ചുപോയി. സൂസി പറഞ്ഞത് കളിയോ.. .അതോ കാര്യമായിട്ടോ?

മേരിക്കുട്ടി ബീനമോളെ മാറോടണച്ചുമ്മവെച്ചു. അതുവരെ അനുഭവപ്പെടാത്ത ഒരു ഉള്‍പ്പുളകം. കുഞ്ഞികൈകള്‍ അവളുടെ കവിളിലും കണ്ണിലും സ്പര്‍ശിക്കുന്നു! മാറിടത്തില്‍ പരതുന്നു. ദേഹമാസകലം കുളിരു കോരിയിട്ടു. മുലയൂട്ടുവാനുള്ള അഭിനിവേശമുണര്‍ന്നു.

ദൈവമേ ഈ പാപിക്ക് നീയൊരു കുഞ്ഞിനെ തന്നില്ലല്ലോ. ഇവളെയെങ്കിലും നീ എനിക്കു തരുവിക്കുമോ?

മേരിക്കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു.

ജീവിതസുഖങ്ങള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലിനിടയില്‍ ഒരമ്മയാവാന്‍ വിസമ്മതിച്ചവളാണു താന്‍. അമ്മയാവണം എന്നാഗ്രഹിച്ചപ്പോള്‍ വൈകിപ്പോയി. ഇന്നിതാ ഒരു കുഞ്ഞിനുവേണ്ടി മറ്റൊരമ്മയുടെ കാലുപിടിക്കാന്‍ തയ്യാറായി വന്നിരിക്കുന്നു ഈ ഹതഭാഗ്യ.

കവിളുകളിലൂടെ കണ്ണീര്‍ മാറിടത്തില്‍ വീണു ചിതറി.

ചുമലില്‍ ആരോ തൊട്ടപ്പോള്‍ മേരിക്കുട്ടി ഞെട്ടിത്തിരിഞ്ഞു.
കണ്ണുകളില്‍ അമ്പരപ്പുമായി സൂസി.

എന്തിനാ അമ്മാമ്മ കരയുന്നത്?

'ഒന്നുമില്ല.'

'അല്ല എന്തോ ഉണ്ട്. എന്തായാലും പറയൂ അമ്മാമ്മേ.' മേരിക്കുട്ടി സൂസിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ബീനമോളെ കട്ടിലില്‍ ഇരുത്തി.

'ബീനമോളെ എനിക്കു തരാമെന്നു പറഞ്ഞത് സീരയസ്സായിട്ടാണോ?'

സൂസി ഒന്നു ഞെട്ടി.

'ഞാന്‍ ഭാഗ്യം കെട്ടവളാണു സൂസി. അമേരിക്കയില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി ജീവിക്കുന്ന ഒരു ഭാഗ്യഹീന. ഒരു കുഞ്ഞിനെ ദൈവ എനിക്കു തന്നില്ല. സിസ്റ്റ് ഉണ്ടായതു കാരണം എന്റെ ഒരു ഓവറി എടുത്തുമാറ്റി. ഇനി ഞാന്‍ പ്രസവിക്കില്ല.'

സൂസി മേരിക്കുട്ടിയെ തുറിച്ചുനോക്കി. എന്താണ് അമ്മാമ്മ പറഞ്ഞു വരുന്നത്?

'ഏതെങ്കിലും അനാഥശാലയില്‍ ചെന്ന് ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്നാമഅ ജോസ് പറയുന്നത്. ഒന്നുമോര്‍ക്കാതെയാണെങ്കിലും ബീനമോളെ കൊണ്ടുപോയ്‌ക്കൊള്ളാന്‍ കുറച്ചു മുന്‍പ് നീ പറഞ്ഞില്ലേ, ഞാന്‍ ആത്മാര്ത്ഥമായി ചോദിക്കയാണ് ഇവളെ എനിക്ക് തന്നേക്ക് സൂസിമോളേ.'

അമ്മാമ്മ എന്താണീ പറയുന്നത്? വിശ്വാസം വരാതെ സൂസി ചോദിച്ചു.

'ചോദിക്കാന്‍ പാടില്ലാത്തതാണ് ഞാന്‍ ചോദിക്കുന്നതെന്നറിയാം. നിവൃത്തിയില്ലാത്തതുകൊണ്ടാണ്. ബീനയെ ഞങ്ങള്‍ക്കുതാ. അനന്യരല്ലോ ഞങ്ങള്‍. ഒരു രാജകുമാരിയെപ്പോലെ ഞങ്ങളവളെ വളര്‍ത്താം.'

'മനസ്സോടെ ഒരമ്മയും സ്വന്തം കുഞ്ഞിനെ വേറൊരാള്‍ക്കു കൊടുക്കയില്ല. പക്ഷെ ദൈവം നിനക്ക് ദൈവം നിനക്ക് രണ്ടു കുഞ്ഞുങ്ങളെ തന്നല്ലോ. ബീനയെ ഞങ്ങള്‍ കൊണ്ടു പോകുന്നതുകൊണ്ട് നിനക്കവളെ നഷ്ടമാവില്ല. ജോസ് അമേരിക്കന്‍ സിറ്റിസണാണ്. ഞങ്ങള്‍ നിങ്ങളെ രണ്ടുപേരെയും സ്‌പോണ്‍സര്‍ ചെയ്ത് അങ്ങോട്ടു കൊണ്ടുപോകാം. എന്നും നിനക്ക് ബീനയെ കാണുകയും ചെയ്യാം.'

'മനുവോടൊന്നിച്ച് ഞാന്‍ ജീവിച്ച വീടാണിത്. ഈ വീടുവിട്ട് ഞാന്‍ എങ്ങോട്ടും പോവില്ല.'

'ഞാന്‍ നിന്റെ കാലു പിടിക്കാം മോളേ. ബീനയെ എനിക്കു താ... കുഞ്ഞുങ്ങളുടെ ഭാവിയോര്‍ത്തെങ്കിലും നീ സമ്മതിക്ക്. അവിടെ വന്നാല്‍ നിനക്കു നല്ല ജോലിയും കിട്ടും.'

സൂസി പെട്ടെന്ന് ബീനയെ എടുത്ത് നെഞ്ചോടു ചേര്‍ത്തു. ഒരു പൂച്ചക്കുഞ്ഞിനെ ചോദിക്കുന്ന ലാഘവത്തോടെ അമ്മാമ്മ എന്റെ കുഞ്ഞിനെ ചോദിച്ചല്ലോ. ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ടാണോ നിങ്ങളെന്നെ കാണാന്‍ വന്നത്? എങ്കില്‍ വേണ്ടായിരുന്നു.

സൂസി കുഞ്ഞിനേയും കൊണ്ട് മുറിയില്‍ നിന്നിറങ്ങിപ്പോയി. കരച്ചിലടക്കാന്‍ ശ്രമിച്ചുകൊണ്ട് മേരിക്കുട്ടി അവിടെത്തന്നെ ഇരുന്നു.

ഉച്ചക്ക് ഊണു കഴിക്കുമ്പോള്‍ മേരിക്കുട്ടി പൊതുവേ നിശ്ശബ്ദയായിരുന്നു. സൂസിയാകട്ടെ സംസാരിക്കാന്‍ വേണ്ടി സംസാരിക്കുകയും സംഭവിച്ചിട്ടുള്ളത് എന്താണെന്ന് ജോസിനു മാത്രമേ മനസ്സിലായുള്ളൂ. അമ്മച്ചി ഒന്നുമറിഞ്ഞതേയില്ല.

നാലുമണിയായപ്പോള്‍ അവര്‍ തിരിച്ചുപോകാന്‍ തയ്യാറായി. സൂസിയെ മാറ്റിനിര്‍ത്തി മേരിക്കുട്ടിക്ഷമ ചോദിച്ചു. ഇക്കാരണം കൊണ്ടു തന്നെ വെറുക്കരുതെന്നു പറഞ്ഞു.

സൂസി ഒന്നും മിണ്ടിയില്ല.

അമ്മച്ചിയും ജോസും മേരിക്കുട്ടിയും കാറില്‍ കയറി. അവര്‍ കൈ വീശിക്കാണിച്ചപ്പോള്‍ സൂസിയും കൈവീശി, യാന്ത്രികമായി.

Previous page Link:http://emalayalee.com/varthaFull.php?newsId=44463
സ്വപ്നാടനം(നോവല്‍ ഭാഗം-3)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക