Image

ദുബായില്‍ ആത്മഹത്യാനിരക്ക്‌ കൂടുന്നു: ഈവര്‍ഷം 53 ഇന്ത്യക്കാര്‍ ജീവനൊടുക്കി

Published on 13 September, 2011
ദുബായില്‍ ആത്മഹത്യാനിരക്ക്‌ കൂടുന്നു: ഈവര്‍ഷം 53 ഇന്ത്യക്കാര്‍ ജീവനൊടുക്കി
ദുബൈ: ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും ഈ വര്‍ഷം ഇതുവരെ ജീവനൊടുക്കിയിരിക്കുന്നത്‌ 53 ഇന്ത്യക്കാര്‍ ആണെന്ന്‌ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ സഞ്‌ജയ്‌ വര്‍മ പറഞ്ഞു. അതേസമയം, ഇത്തരം സംഭവങ്ങള്‍ കുറഞ്ഞുവരുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. 2008ല്‍ 147 പേരാണ്‌ ആത്മഹത്യ ചെയ്‌തത്‌. 2009ല്‍ ഇത്‌ 113ഉം 2010ല്‍ ഇത്‌ 110ഉം ആയി കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം മാത്രമല്ല ആത്മഹത്യകളിലേറെയും നടക്കുന്നത്‌. മാനസിക പ്രശ്‌നങ്ങള്‍, സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, നാട്ടിലെ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഇതിന്‌ കാരണമാകുന്നുണ്ട്‌.
സാധാരണ തൊഴിലാളികളെക്കാള്‍ വൈറ്റ്‌കോളര്‍ ജോലിക്കാരും മധ്യവര്‍ഗ കുടുംബങ്ങളിലുള്ളവരുമാണ്‌ കൂടുതലും ജീവനൊടുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ടിരുന്ന ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച്‌ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റാസല്‍ഖൈമയില്‍ മൂന്നംഗ മലയാളി കുടുംബം ജീവനൊടുക്കിയ സംഭവത്തെ പരാമര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റപ്പെടല്‍ ആണ്‌ പലരെയും ആത്മഹത്യയിലേക്ക്‌ നയിക്കുന്നത്‌. ഇതൊഴിവാക്കാന്‍ ഇവിടുത്തെ പ്രവാസി ഇന്ത്യക്കാരുടെ സംഘടനകള്‍ക്ക്‌ കഴിയും. ആഘോഷവേളകളില്‍ ഒന്നിക്കുന്നത്‌ പോലെ ഇത്തരം പ്രശ്‌നങ്ങളില്‍ അകപ്പെട്ടവരെ സഹായിക്കാനും അവര്‍ ഒത്തുകൂടണം. നിരാശയും ജീവിതത്തോട്‌ വിരക്തിയും കാണിക്കുന്ന സഹജീവികളെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തണം. കോണ്‍സുലേറ്റിലും മറ്റും ഒരുക്കിയിട്ടുള്ള കൗണ്‍സലിങ്‌ സംവിധാനങ്ങളും ഉപയോഗിക്കണം.

കോണ്‍സുലേറ്റില്‍ നിന്ന്‌ പുതുക്കി നല്‍കുന്ന പാസ്‌പോര്‍ട്ടുകളില്‍ ഇനി മുതല്‍ ഇത്തരം ഹെല്‍പ്ലൈന്‍ നമ്പറുകളും എംബസി, കോണ്‍സുലേറ്റ്‌ തുടങ്ങി പ്രവാസി ഇന്ത്യക്കാര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പറുകളും അടങ്ങിയ സ്‌ളിപ്‌ കൂടി നല്‍കും. ഉടന്‍ ഇത്‌ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയിലെ സിഖ്‌ സമുദായാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വത്‌ കാ ഭല എന്ന സന്നദ്ധ സംഘടന ദുബൈയിലെയും ഷാര്‍ജയിലെയും ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച്‌ നിയമ ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്ന്‌ എസ്‌.പി. സിങ്‌ ഒബ്‌റോയ്‌ പറഞ്ഞു. സംഘടനയിലെ 50 സന്നദ്ധ പ്രവര്‍ത്തകര്‍ പത്ത്‌ ഗ്രൂപ്പായി തിരിഞ്ഞാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. പഞ്ചാബികള്‍ ഉള്‍പ്പെട്ടത്‌ കൊണ്ടുമാത്രമല്ല താന്‍ 17 ഇന്ത്യക്കാരുടെ മോചനത്തിനായി ധനം സമാഹരിച്ചത്‌. ഒമ്പത്‌ സംസ്ഥാനങ്ങളിലെ ആളുകള്‍ ഉള്‍പ്പെട്ട ആറോളം കേസുകള്‍ ഇതുപോലെ പരിഹരിക്കപ്പെടുന്നുണ്ട്‌. നവംബറില്‍ തീരുമാനം വരുന്ന മറ്റൊരു കേസില്‍ എട്ട്‌ പഞ്ചാബികള്‍ക്ക്‌ പുറമേ രണ്ട്‌ പാകിസ്‌താനികളും താന്‍ സമാഹരിച്ച്‌ നല്‍കുന്ന ദിയാധനം കൊണ്ട്‌ മോചിതരാകുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക