Image

നിലവിളക്കിന്റെ ഗദ്‌ഗദം (കവിത: ബാബു പാറയ്‌ക്കല്‍)

Published on 21 February, 2013
നിലവിളക്കിന്റെ ഗദ്‌ഗദം (കവിത: ബാബു പാറയ്‌ക്കല്‍)
ഓടുന്നു ഞാനിതാ ചിതയിലേക്കെത്തുവാന്‍
എരിയുന്ന രോഷാഗ്നിയിലെന്നെ എറിഞ്ഞവര്‍
ഈ ഭാണ്‌ഡക്കെട്ടിലെന്‍ ആത്മുവു തേങ്ങുന്നു
വിട്ടുപിരിയുമീ സംഭവബഹുലമാം നൂറ്റാണ്ടിന്നോര്‍മ്മയും
എന്തെല്ലാം കണ്ടുഞാന്‍ എന്തെല്ലാം കേട്ടുഞാന്‍
എന്‍ ദീപനാളത്തിന്‍ പ്രകാശവലയത്തില്‍
പിഞ്ചോമനയായ്‌ പിച്ചവെച്ചെത്തിയോരോ തറവാട്ടില്‍
നിറദീപമായ്‌ ഞാന്‍ നൂറ്റാണ്ടിനപ്പുറം ശോഭിച്ചൊരാ കഥ

വിടപറയും പകലിനെ നോക്കി നെടുവീര്‍പ്പെടും
മനതാരിലെത്തുമാ സന്ധ്യയ്‌ക്കു സ്വാഗതമോതുവാന്‍
ദീപം ദീപം എന്ന ജപവുമായി എത്തുന്ന വേളയില്‍
തറവാടിനൈശ്വര്യമരുളുവാന്‍ ഞാന്‍ പ്രകാശിക്കണം
മംഗളകര്‍മ്മങ്ങളുളവാകും വേളയില്‍ മംഗളമരുളുവാന്‍
മുന്നിലുണ്ടാകണമെരിയുന്ന തിരിനാളമുയര്‍ത്തി പിടിച്ചു ഞാന്‍
പ്രശ്‌നങ്ങളുണ്ടായാല്‍ പ്രശ്‌ന പരിഹാരമായി ഹോമയാഗാഗ്നികള്‍
മുറ്റത്തെരിയുമ്പോള്‍ ഉമ്മറത്തിരിക്കേണം കണ്ണുചിമ്മാതെ ഞാന്‍
ആഘോഷവേളകള്‍ തടവാട്ടുമുറ്റത്തു കൂത്തരങ്ങേറുമ്പോള്‍
ആ കലാദൃശ്യത്തിനകമ്പടിയേകുവാന്‍ മുന്നിലുണ്ടാവണം
തറവാട്ടിലാരാനും ചരമമടയുമ്പോള്‍ ആ ജഡത്തിന്‍ തലയ്‌ക്കലും
കാവലിരിക്കണമെന്‍ തേങ്ങലെന്നിലടക്കിപ്പിടിച്ചു ഞാന്‍

ഇളമുള തമ്പ്രാക്കള്‍ അധികാരമേറ്റപ്പോള്‍ മാറ്റി മറിച്ചവര്‍
തറവാടിന്‍ രീതികള്‍ മാറിയ കാലത്തിന്‍ വക്താക്കളായവര്‍
പോയ ചരിത്രത്തിന്‍ ഏടറിയാത്തൊരു ഹൈടെക്‌ തലമുറ
സെല്‍ഫോണും ഫേസ്‌ബുക്കും മാത്രമറിയുന്നവര്‍
നാമം ജപിക്കുവാന്‍ സമയമില്ലാത്തൊരു പാച്ചിലില്‍പ്പെട്ടവര്‍
അസ്ഥിത്തറയും തുളസിത്തറയുമിന്നന്യമായി തീര്‍ന്നിടം
ലൈറ്റുകള്‍ കത്തുമ്പോള്‍ നിലവിളക്കെന്തിനാണെന്നു ചോദിച്ചു
കൊണ്ടെന്നെയെടുത്തവര്‍ ആക്രിക്കു വിറ്റപ്പോള്‍ ചങ്കുപിടഞ്ഞുപോയ്‌
വിങ്ങുന്ന നൊമ്പരം ശോകാര്‍ദ്രമാക്കിയൊരെന്‍ നയനങ്ങളില്‍
അവ്യക്തമായി ആ ശില്‍പചാതുര്യത്തിന്‍ സൗന്ദര്യ വൈഭവം
പടിയിറങ്ങുന്നു ഞാന്‍ എന്നോടുകൂടെയാ തറവാടിന്നോര്‍മ്മയും
മുറ്റത്തു വീണോരശ്രുകണങ്ങളെ ബാഷ്‌പാഞ്‌ജലിയായ്‌ സമര്‍പ്പിച്ചേട്ടെ ഞാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക