Image

സൂര്യനെല്ലി പെണ്‍കുട്ടി (സുധീര്‍ പണിക്കവീട്ടില്‍)

Published on 21 February, 2013
സൂര്യനെല്ലി പെണ്‍കുട്ടി (സുധീര്‍ പണിക്കവീട്ടില്‍)
`ഇന്ന്‌ ആര്‌ വരും, എത്ര പേര്‍ വരും' ആരുടേയോ ബന്ധനത്തില്‍ കഴിഞ്ഞിരുന്ന ഒരു പതിനാറു വയസ്സുകാരി സങ്കടത്തോടെ, പേടിയോടെ പതിനാറു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഏതെങ്കിലും ഹോട്ടല്‍ മുറിയിലോ, വീട്ടു മുറിയിലോ നിസ്സഹായയായി അങ്ങനെ ചിന്തിച്ചിരുന്നു കാണും. എല്ലാ മതങ്ങളിലും വളരെ പ്രാധ്യാന്യമുള്ള നാല്‍പ്പത്‌ ദിനരാത്രങ്ങള്‍ നാല്‍പ്പതിലേറെ പുരുഷന്മാര്‍ ആ കിളുന്ത്‌ പെണ്‍കുട്ടിയുടെ പരിശുദ്ധിയില്‍ മാലിന്യം കലര്‍ത്തി കൊണ്ടിരുന്നു.(നാല്‍പ്പത്‌ രാവും പകലും പെയ്യുന്ന മഴ, യേശുദേവനും, നബി തിരുമേനിയും ഉപവസിച്ച്‌്‌ പ്രാര്‍ഥിക്കുന്ന 40 ദിവസങ്ങള്‍, സിനായ്‌ മരുഭൂമിയില്‍ ഇസ്രായേല്‍ ജനത 40 വര്‍ഷങ്ങള്‍ അലയുന്നു, ഗോലിയാത്ത്‌ 40 ദിവസം രണ്ടു നേരവും ഇസ്രായെല്‍ ജനതയെ വെല്ലു വിളിക്കുന്നു... ഹനുമാനെ സ്‌തുതിച്ച്‌്‌ കൊണ്ടുള്ള നാല്‍പ്പത്‌ ശ്ശോകങ്ങള്‍ ഉള്‍കൊള്ളുന്ന തുളസിദാസ്‌ എഴുതിയ `ഹനുമാന്‍ ചാലിസ'. ലിസ്‌റ്റ്‌ നീളുന്നു)

പക്ഷെ നാല്‍പ്പത്‌ ദിവസത്തിന്റെ അവസാനം കുറ്റത്തിനു ശിക്ഷ കിട്ടിയത്‌ പെണ്‍കുട്ടിക്ക്‌ മാത്രം. ഒരിക്കലും തിരിച്ച്‌ കിട്ടാത്ത അമൂല്യ നിധി അപഹരിക്കപ്പെടുകയാണെന്നറിഞ്ഞിട്ടും പ്രതികരിക്കാനാവാതെ അവസാനം അവള്‍ കളങ്കമുള്ളവളായി ഒരിക്കലും അടയാത്ത കണ്ണുകളുള്ള സമുദായത്തിന്റെ പരിഹാസപാത്രമായി പുറന്തള്ളപ്പെട്ടു. അന്ന്‌ മുതല്‍ ജനം അവളെ കല്ലെറിഞ്ഞു. അവളെ രക്ഷിക്കാന്‍ ഒരു യേശുദേവന്‍ ഉണ്ടാകാന്‍ പോകുന്നില്ല. ഭാരതത്തിന്റെ ന്യായാധിപന്മാര്‍ക്ക്‌ മുന്നില്‍ നീതി കിട്ടാതെ പതിനാറു വര്‍ഷങ്ങള്‍ അവള്‍ കഴിഞ്ഞു. ഇന്നും അതിനായി വേഴാമ്പലിനെപോലെ കാത്തിരിക്കുന്നു. കാലം ഇതൊന്നുമറിയാതെ കടന്നു പോകും.അവള്‍ ഒരു തുടര്‍ക്കഥയായി ജനങ്ങളുടെ മനസ്സില്‍ ഓര്‍മ്മിക്കപ്പെടും.

ജീവിത വസന്തത്തിലെ സ്വപ്‌നങ്ങള്‍ പൊട്ടി വിരിയുന്ന പ്രായത്തില്‍ പുഴുക്കുത്തേറ്റു പാഴ്‌മണ്ണിലേക്ക്‌ വീഴാന്‍ വിധിക്കപ്പെട്ട ആ പെണ്‍കുട്ടിയുടെ പീഢനകാലം ഇപ്പോഴും അവസനിച്ചിട്ടില്ല. സ്വന്തം ജീവിതത്തോട്‌ അറപ്പും വെറുപ്പും തോന്നുന്ന ഓര്‍മ്മകള്‍ അലട്ടിയ പതിനാറു വര്‍ഷങ്ങള്‍ക്ക്‌ ശേഷവും അവള്‍ ഇന്നും ചര്‍ച്ചാ വിഷയമാണ്‌. അന്നു പേടിച്ചരണ്ട്‌ തന്റെ മാംസം കടിച്ചു കീറാന്‍ വരുന്നവരോട്‌ ദയ യാചിച്ച്‌ കഴിഞ്ഞ പെണ്‍കുട്ടി ഇന്ന്‌ ഒരു സ്‌ത്രീയാണ്‌. ഇന്നു ടി.വി.യില്‍ പത്രങ്ങളില്‍ അതെപോലെ വാര്‍ത്താമാദ്ധ്യമങ്ങളില്‍ തന്നെക്കുറിച്ച്‌ എന്തു വിവരങ്ങളാണ്‌ വരുന്നത്‌ എന്ന്‌ അവള്‍ പരിഭ്രമത്തോടെ വേദനയോടെ നോക്കിയിരിക്കുന്നുണ്ടാകും. പതിനാറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഓരോ പ്രഭാതത്തിലും `ഇന്ന്‌ എന്തു' എന്ന്‌ പരിഭ്രമിച്ച പോലെ ഇന്നും ആ അവസ്‌ഥക്ക്‌ മാറ്റമില്ല. പുതിയ പുതിയ വിവരങ്ങള്‍ ഓരോരുത്തരും പുറപ്പെടുവിക്കുന്നു വാസ്‌തവത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടി എന്ന്‌ പേരിട്ടിരിക്കുന്ന അവളുടെ ജീവിതം ജനം, ആഘോഷമാക്കുകയാണ്‌. കഴുകന്‍ കണ്ണുകള്‍ അവളുടെ മേല്‍ അന്നു എങ്ങനെ പതിച്ചുവോ അതെപോലെ ജനം ഇന്നു ടി.വി.യും വരത്തമാനപത്രങ്ങളും കാത്തിരുന്നു അവളുടെ കഥ വായിച്ച്‌ രസിക്കുന്നു.

1987 ല്‍ പതിനഞ്ച്‌ വയസ്സുള്ള ഒരു പെണ്‍കുട്ടിയെ എട്ടു പേര്‍ ചേര്‍ന്ന്‌്‌ ബലാത്സംഗം ചെയ്‌തു. അവളുടെ പേരാണു സുനിത കൃഷ്‌ണന്‍. ഇപ്പോള്‍ നാല്‍പ്പത്തിയൊന്നു വയസ്സുള്ള ആ സ്‌ത്രീ നീതിയ്‌ക്ക്‌ വേണ്ടി അലഞ്ഞ്‌ നടന്നതായി അറിയില്ല. എന്നാല്‍ അവള്‍ പഠിച്ച്‌, ബിരുദങ്ങള്‍ നേടി, ഡോക്‌ടറേറ്റ്‌ എടുത്തു.പ്രജ്വല എന്ന സ്‌ഥാപനം ബാലവേശ്യാവൃത്തിയില്‍ നിന്ന്‌ ബാലികമാരേയും വ്യഭിചാരത്തില്‍ നിന്ന്‌ സ്‌ത്രീകളേയും രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കി. അവരുടെ ഒരു പ്രസംഗം ഈ ലേഖകന്‍ കേള്‍ക്കുകയുണ്ടായി. നാലിനും ഒമ്പതിനും ഇടക്കുള്ള മൂന്നു പെണ്‍കുട്ടികളുടെ ദാരുണ മരണത്തെപ്പറ്റി അവര്‍ പറഞ്ഞു. അതില്‍ നാലു വയസ്സുള്ള പെണ്‍കുട്ടിയെ അര്‍ദ്ധജീവനോടെ ഒരു റെയില്‍വെ ട്രാക്കിനടുത്ത്‌ നിന്നാണു കണ്ടെത്തിയത്‌. അനവധി പുരുഷന്മാര്‍ ബലാത്സംഗം ചെയ്‌ത്‌ ആ സാധു പെണ്‍കുട്ടിയുടെ കുടലൊക്കെ പുറത്ത്‌ ചാടികിടന്നിരുന്നു.. ആ നിര്‍ഭഗ്യവതിയായ പെണ്‍കുട്ടി സുനിത കൃഷ്‌ണന്റെ ശുശ്രൂഷ കിട്ടും മുമ്പ്‌ മരിച്ചുപോയി. ആ കുട്ടിയും ആരുടേയൊ ഓമനയായിരുന്നു. ഏതൊ അമ്മയുടെ സ്വപ്‌നവും ജീവനുമായിരുന്നു. ജീവന്റെ അധികാരം ദൈവത്തിനാണെങ്കില്‍ കഷ്‌ടപ്പെടുത്താതെ കുട്ടിയുടെ ജീവന്‍ എടുത്തതിനു നല്ലവനായ ദൈവത്തിനു സ്‌തുതി പറയാം. ഭാഗ്യവാന്മാരും മതഭ്രാന്തന്മാരും വാഴ്‌ത്തുന്ന ദൈവം എവിടെ? എല്ലാം സാത്താന്റെ പ്രവൃത്തി എന്ന്‌ പറഞ്ഞ്‌ സ്വയം നല്ലവനായി ചമയുന്ന തൊലിക്കട്ടിയുള്ള ഒരു ശക്‌തിയുണ്ടോ? ആ ശക്‌തി സ്വാര്‍ത്‌ഥനും ഭാഗ്യവാനുമായ മനുഷ്യന്റെ സൃഷ്‌ടിയല്ലേ? ദൈവത്താല്‍ അസാദ്ധ്യമായ അനവധി കാര്യങ്ങള്‍ ഈ ലോകത്തിലുണ്ടെന്ന്‌ അസുലഭ ഭാഗ്യങ്ങള്‍ ഇല്ലാത്ത ഏവര്‍ക്കും അറിയാം. സുനിത കൃഷ്‌ണന്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കുന്നു. ബലാത്സംഗം ചെയ്യപ്പെട്ടതിനെക്കാള്‍ സമൂഹം എന്നെ നോക്കിയതും എന്നോട്‌ പെരുമാറിയതുമായിരുന്നു കൂടുതല്‍ വേദനാജനകം. എന്തുകൊണ്ട്‌ പുരുഷന്മാര്‍ ബലാത്സംഗം ചെയ്‌തു എന്നവര്‍ ചോദിച്ചില്ല.ഞാന്‍ എന്തിനു ആ സ്‌ഥലത്ത്‌ പോയി എന്നായിരുന്നു അവരുടെ ചോദ്യം. എനിക്ക്‌ ഒരിക്കല്‍ മാത്രം സംഭവിച്ച ദുരന്തം ഏതൊ ശപിക്കപ്പെട്ട നിമിഷത്തോടെ കഴിഞ്ഞു. എന്നാല്‍ ആളുകള്‍ അത്‌ നിത്യേന സംസാരവിഷയമാക്കിയിരിക്കുന്നു.

സുനിത കൃഷ്‌ണന്‍ പറഞ്ഞപോലെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. ശ്രീ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഈ പെണ്‍കുട്ടിക്ക്‌ സര്‍ക്കാര്‍ ജോലി കൊടുത്തിരുന്നു. എന്നാല്‍ അവളുടെ പൂര്‍വ്വചരിത്രമറിയുന്ന ഏതൊ ഉദ്യോഗസ്‌തനും അവളെ കിടക്കയില്‍ കിട്ടണമെന്നായി.(പത്ര വാര്‍ത്ത) അതിനു സമ്മതം മൂളാതിരുന്ന പെണ്‍കുട്ടിയെ അയാളും കൂട്ടരും കള്ളക്കേസില്‍ കുടുക്കി. അന്ന്‌ പെണ്‍കുട്ടിയെ റോഡില്‍ വച്ച്‌്‌ പരസ്യമായി പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തപ്പോഴാണ്‌ ചുറ്റുവട്ടത്തുള്ളവര്‍ അത്‌ `സൂര്യനെല്ലി പെണ്‍കുട്ടി'യാണെന്നറിഞ്ഞത്‌. വാര്‍ത്ത കാട്ടുതീ പോലെ പരന്നു. ജനം അവളെ ഒരു നോക്ക്‌ കാണാന്‍ കൊതിച്ച്‌ വന്നു. ബലാത്സംഗത്തിനു ശേഷം മരിക്കുന്നവര്‍ക്ക്‌, സ്വയം ആത്മഹത്യ ചെയ്യുന്നവര്‍ക്ക്‌ സമുദായത്തിന്റെ ദിവസേനെയുള്ള ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാം. ആര്‍ഷ ഭാരതം അമ്പലത്തില്‍ സ്‌ത്രീയെ ദേവിയായി ആരാധിക്കുന്നു എന്നാല്‍ പുറത്ത്‌ അവളെ ഉപഭോഗ വസ്‌തുവായി കാണുന്നു. അന്നത്തെ മുംബൈയിലെ ചുവന്ന തെരുവുകള്‍ക്ക്‌ മുന്നില്‍ നിന്ന്‌ ഒരു ഹിന്ദി ചിത്രത്തിലെ നായകന്‍ അത്‌ കൊണ്ടാണ്‌ പാടിയത്‌ `ഹിന്ദുസ്‌ഥാന്‍ (ആര്‍ഷഭാരതം) എന്ന്‌ അഭിമാനിക്കുന്നവര്‍ (അഹങ്കരിക്കുന്നവര്‍) എവിടെ?

ഇവിടെ പാവം പെണ്‍കുട്ടികളും സ്‌ത്രീകളും വിലപേശി വില്‍ക്കപ്പെടുന്നു. കാമഭ്രാന്തുമായി കാളകൂറ്റനെപോലെ ബാലികമാര്‍ക്ക്‌ നേരെ, പെണ്‍കുട്ടികള്‍ക്ക്‌ നേരെ സ്‌ത്രീകള്‍ക്ക്‌ നേരേ, എന്തിനു വൃദ്ധകള്‍ക്ക്‌ നേരെ വരെ കലിയുഗത്തില്‍ പാഞ്ഞ്‌ വരുന്ന പുരുഷവര്‍ഗ്ഗത്തെക്കുറിച്ച്‌ മനു ബോധവാനായിരുന്നിരിക്കണം. അതുകൊണ്ടാണ്‌ അദ്ദേഹം സ്‌ത്രീകളുടെ രക്ഷക്കായി പലതും എഴുതിവച്ചത്‌. സ്ര്‌തീകളെ ബലാത്സംഗം ചെയ്യുകയോ മറ്റു വിധത്തില്‍ ലൈംഗികമായി പീഢിപ്പിക്കുകയോ അവരെ വ്യഭിചാരത്തിനു വശംവദരാക്കുകയോ ചെയ്യുന്നവര്‍ക്ക്‌ എത്രയും കഠിനമായ ശിക്ഷ കൊടുത്ത്‌ മറ്റുള്ളവരില്‍ അത്തരം കുറ്റവാസനകള്‍ ചെയ്യാതിരിക്കാനുള്ള ഭയം ഉണ്ടാക്കണം. ഇതാണു മനുസ്‌മൃതിയില്‍ പറയുന്നത്‌. സ്‌ത്രീകള്‍ക്ക്‌ തുല്യാവകാശം എന്ന്‌ നാഴികക്ക്‌ നാല്‍പ്പ്‌ത്‌ വട്ടം പറയുന്ന നാരികളും, പുരുഷന്മാരും അവരുടെ സുരക്ഷയെക്കുറിച്ച്‌ മിണ്ടുന്നില്ല. തരം കിട്ടിയാല്‍ ഞങ്ങള്‍ ബലാത്സംഗം ചെയ്യും അത്‌ കൊണ്ട്‌ സ്‌ത്രീകളെ നിങ്ങള്‍ സ്വതന്ത്രരായി പുറത്തേക്ക്‌ വരൂ എന്നാണു സ്‌ത്രീക്ക്‌ സ്വാതന്ത്രം വേണമെന്ന്‌ വിളിച്ചുകൂവ്വുന്നവരുടെ മനസ്സിലിരുപ്പെങ്കില്‍ അത്‌ സ്‌ത്രീകള്‍ മനസ്സിലാക്കുന്നത്‌ നല്ലത്‌.

പ്രേമം മൊട്ടിടുന്ന പ്രായത്തില്‍ പറ്റിയ ഒരു തെറ്റിന്റെ ഫലം അനുഭവിക്കാന്‍ ബാക്കിയായത്‌ ഈ പെണ്‍കുട്ടി മാത്രം. അവള്‍ക്ക്‌ മോഹന വാഗ്‌ദാനങ്ങള്‍ കൊടുത്ത്‌ വഴിപിഴപ്പിച്ചയാള്‍ക്ക്‌ പുരുഷനായത്‌കൊണ്ട്‌ മാന്യത നഷ്‌ടപ്പെടുന്നില്ല. അവളുടെ മാംസം കൊത്തി കീറി തിന്ന കഴുകന്മാര്‍ക്കും പ്രശ്‌നങ്ങളില്ല. പെണ്‍കുട്ടി ബാലവേശ്യയായിരുന്നു എന്ന്‌ കുറ്റം അന്വേഷിച്ചവര്‍ കണ്ടെത്തിയിരിക്കുന്നു. അവളെ പ്രലോഭിപ്പിച്ചുകൊണ്ട്‌ പോയ അല്ലെങ്കില്‍ പ്രണയം നടിച്ചു കൊണ്ട്‌ പോയ ബസ്സിലെ ക്ലീനര്‍ നിരപരാധിയാണെന്ന്‌ അവര്‍ കണ്ടെത്തി. സത്യം ആര്‍ക്കറിയാം. പെണ്‍കുട്ടിയെ കാപാലികര്‍ തടവില്‍ പാര്‍പ്പിച്ചിട്ടല്ല പീഡിപ്പിച്ചതെന്ന്‌ ഒരു വാര്‍ത്ത കണ്ടു. അന്ന്‌ ന്യായാധിപനായിരുന്ന ശ്രീ ബസന്ത്‌ അതിണ്‌ ഉപോല്‍ബലകമായി പറഞ്ഞത്‌ പെണ്‍കുട്ടിയുടെ പീഡനകാലത്ത്‌ അവള്‍ക്ക്‌ തൊണ്ട വേദന വന്നപ്പോള്‍ ഡോക്‌ടറുടെ അടുത്ത്‌ കൊണ്ടുപോയി എന്നാണ്‌. ആ സമയം അവള്‍ക്ക്‌ രക്ഷപ്പെടാനുള്ള അവസരം ഉണ്ടായിട്ടും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. മയക്ക്‌ മരുന്നിനടമിയാക്കി പ്രതിദിനം അവളുടെ ശരീരം കാമ പൂരണത്തിനായി ഉപയോഗിക്കുന്നവര്‍ക്കറിയാം അവരുടെ ചൊല്‍പ്പടിക്ക്‌ കീഴടങ്ങുന്ന ദുര്‍ബ്ബലയായ പെണ്‍കുട്ടി പ്രതികരിക്കാന്‍ പ്രാപ്‌തിയില്ലാത്ത വെറും ശരീരം മാത്രമാണെന്ന്‌. എന്നാല്‍ കേസന്വേഷകന്‍ പെണ്‍കുട്ടിക്ക്‌ രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും രക്ഷപ്പെട്ടില്ല എന്ന തീരുമാനത്തിലെത്തിയത്‌ പ്രസ്‌തുത തെളിവിനെ ആശ്രയിച്ചാണ്‌.

അമേരിക്കയിലെ കിന്‍സി ഇന്‍സ്‌റ്റിറ്റൂട്ടിന്റെ കണ്ടെത്തുലകളില്‍ 14 ശതമാനം പുരുഷന്മാര്‍ ഓരോ ദിവസവും രതിയെപ്പറ്റി ചിന്തിക്കുന്നു ചിലര്‍ ദിവസം മുഴുവന്‍ അതെപ്പറ്റി ചിന്തിക്കുന്നു എന്നാണ്‌. ഓരോ ഏഴു മിനിറ്റിലും പുരുഷന്മാര്‍ രതിയെപ്പറ്റി ചിന്തിക്കുന്നു എന്നും കരുതിപോരുന്നു. അത്‌ വാസ്‌തവമാണെങ്കില്‍ അനുകൂല സാഹചര്യങ്ങളില്‍ അവര്‍ അവസരങ്ങളെ ഉപയോഗിക്കുമെന്നുള്ളത്‌ നിസ്‌തര്‍ക്കമാണ്‌. രതി പുരുഷനും സ്‌ത്രീക്കും ആനന്ദം പകരുമെങ്കിലും അത്‌ ബലപ്രയോഗത്തിലൂടെയാകുമ്പോള്‍ അത്‌ കുറ്റകരമാകുന്നു. നേരത്തെ സൂചിപ്പിച്ചപോലെ വിവരം പുറത്തറിഞ്ഞാല്‍ സ്‌ത്രീയുടെ മാനം പോകുമെന്നുള്ളത്‌കൊണ്ട്‌ പലരും ഇത്‌ മൂടി വക്കുന്നു. പ്രതികള്‍ക്കെതിരെ കേസ്സ്‌ എടുക്കാന്‍ പോകുന്നവര്‍ കൊല്ലങ്ങളോളം അവജ്‌ഞയും പരിഹാസവും പേറി ജീവിതം നരകമാക്കുന്നു. തീവണ്ടിയില്‍ വച്ച്‌ സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത പ്രതി ഗോവിന്ദചാമിക്ക്‌ അയാളുടെ ആവശ്യപ്രകാരം ചിക്കന്‍ കറിയുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നു എന്ന്‌ നമ്മള്‍ പത്രങ്ങളില്‍ വായിക്കുകയുണ്ടായി. വധശിക്ഷക്ക്‌ വിധിച്ചിട്ടുണ്ടെങ്കിലു കുറെ നാള്‍ സംസ്‌ഥാന അതിഥിയായി (ജയിലില്‍) കഴിഞ്ഞതിനുശേഷം ഒരു ദിവസം അയാളും പുറത്തിറങ്ങും. ബലാത്സംഗം കുറ്റകരവും ഹീനവുമായ ഒരു കൃത്യമായി ജനങ്ങളോ കോടതിയോ കാണുന്നില്ലെന്നാണു നമുക്ക്‌ ചുറ്റും നടക്കുന്ന വാര്‍ത്തകള്‍ വ്യക്‌തമാക്കുന്നത്‌. കുറ്റം പെണ്‍കുട്ടിയില്‍ വന്നു ചേരുന്നു.പങ്കാളിയാകാത്ത കുറ്റത്തിന്റെ ഭാരവും ശിക്ഷയും പേറി അവരുടെ ജന്മം ഒടുങ്ങുന്നു. ഓരൊ സംഭവം ഉണ്ടാകുമ്പോഴും ജനരോഷം കത്തികാളുന്നതും അല്‍പ്പായുസ്സുള്ള അതിന്റെ ജ്വാല കെട്ടടങ്ങുന്നതും കാണാം.

സൂര്യനെല്ലി സംഭവം പരിശോധിക്കുമ്പോള്‍ എന്താണു മനസ്സിലാകുക. സമൂഹം പെണ്‍കുട്ടിയെ പരിഹസിക്കാനും ഭ്രഷ്‌ടാക്കാനും ശ്രമിക്കുന്നു. കോടതി തെളിവുകള്‍ അന്വേഷിക്കുന്നു. രാഷ്‌ട്രീയക്കാര്‍ അവര്‍ക്ക്‌ അനുകൂലമായ മുതലെടുപ്പിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നു. ജനം വായിച്ച്‌ രസിക്കാനുള്ള വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു. 2005ല്‍ ഹൈകോടതി ഒരു പ്രതിയെ ഒഴികെ മറ്റെല്ലാവരേയും വെറുതെ വിട്ടിരുന്നു. അത്‌ ഇപ്പോള്‍ സുപ്രീം കോടതി റദ്ദാക്കുകയും വീണ്ടും കേസ്സ്‌ ഹൈകോടതിയുടെ പരിശോധനക്കായി വിടുകയും ചെയ്‌തു. അപ്പോഴാണ്‌ ഒരു രാഷ്‌ട്രീയ നേതാവും കുറ്റകാരില്‍ ഉള്‍പ്പെടുന്നു എന്ന്‌ പെണ്‍കുട്ടി പറയുന്നത്‌. പതിനാറു്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കുറ്റം ആരോപിക്കപ്പെട്ടെങ്കിലും അദ്ദേഹം മതിയായ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ചേരി തിരിയുന്നു. പതിനാറു്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അദ്ദേഹത്തിന്റെ പേര്‌ പറയാതിരുന്ന ഈ കേസ്സില്‍ ശിക്ഷിക്കപ്പെട്ട പ്രതി ധര്‍മ്മരാജനും രാഷ്‌ട്രീയ നേതാവ്‌ പീഢനകാരുടെ ലീസ്‌റ്റില്‍ പെടുന്നു എന്ന്‌ ഇപ്പോള്‍ പറയുന്നു. ഇന്ത്യയില്‍ രാഷ്‌ട്രീയക്കാരുടെ കുറ്റം തെളിയാറില്ല, തെളിഞ്ഞാലും അവര്‍ ശിക്ഷിക്കപ്പെടാറില്ല. അതാണ്‌ മഹത്തായ എന്ന്‌ വിശ്വസിക്കുന്ന ഭാരതത്തിന്റെ കീഴ്‌വഴക്കം. ഒരിക്കലും ബുദ്ധിയുദിക്കാത്ത ബഹുഭൂരിപക്ഷം അവരെ ജയിപ്പിച്ചു വിട്ട്‌ നിസ്സംഗത പാലിക്കുന്നു. എന്തെങ്കിലും കണ്ടാല്‍ കേട്ടാല്‍ ഈക്ലയെപ്പോലെ ആര്‍ത്ത്‌ വരികയും പട്ടിയെപോലെ കുരക്കുകയും ചെയ്‌ത്‌ ബഹളം വക്കുകയല്ലാതെ വേറൊന്നും ചെയ്യാന്‍ അവര്‍ക്കറിഞ്ഞുകൂട. അതറിയുന്നവന്‍ അവരെ മുതലെടുത്ത്‌ ഭരിക്കുന്നു.

ആരാന്റെ മക്കള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ കാണാനെന്തു രസം എന്ന നിലപാടാണു്‌ നാട്ടില്‍. സൂര്യനെല്ലി പെണ്‍കുട്ടിക്ക്‌ ഒരു നീതിയും കിട്ടാന്‍ പോകുന്നില്ല. കിട്ടുന്നത്‌ രാഷ്‌ട്രീയക്കാര്‍ക്കും സ്വാര്‍ഥതാല്‍പ്പര്യമുള്ളവര്‍ക്കും മാത്രം. പിന്നെ മാദ്ധ്യമങ്ങള്‍ക്കും പത്രക്കാര്‍ക്കും അടിച്ചുപൊളിക്കാന്‍ ഒരവസരം. കേരളത്തിലെ പെണ്‍വാണിഭ്യത്തിനു ഹരിശ്രീ കുറിച്ചത്‌ ഈ പെണ്‍കുട്ടിയുടെ പീഢനാനുഭവത്തില്‍ നിന്നാണ്‌. അന്ന്‌ പ്രതികളെ ശിക്ഷിക്കയും കര്‍ശനമായ നിയമം കൊണ്ടുവരികയും ചെയ്‌തിരുന്നെങ്കില്‍ പിന്നീട്‌ നടന്ന പീഢന പരമ്പര ഉണ്ടാവുകയില്ലായിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയോട്‌ കരുണ കാണിക്കാനോ അവള്‍ക്ക്‌ ഭ്രഷ്‌ട്‌ കല്‍പ്പിക്കാതിരിക്കാനോ സമൂഹത്തിന്റെ ഹൃദയത്തിനു വിശാലതയില്ല. ബലാത്സംഗത്തിനു മിക്കപ്പോഴും ശിക്ഷ കിട്ടുകയില്ല; കിട്ടിയാല്‍ തന്നെ കേസ്സ്‌ വളരെ കാലം കോടതിയില്‍ കിടന്നതിനു ശേഷം എന്ന്‌ തിരിച്ചറിവുള്ളവര്‍ സമയവും സൗകര്യവും കിട്ടുമ്പോള്‍ ഈ ക്രുത്യത്തിനു മുതിരുന്നു. പെണ്‍കുട്ടികള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ ബലാത്സംഗം ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെ ഒരു ദുരന്തം സംഭവിച്ചാല്‍ കേസ്സിന്റെ പുറകെ പോയി പൊതുജനസമക്ഷം പരിഹസിക്കപ്പെടുകയും നീതി കിട്ടാതെ അലയുകയും ചെയ്യുന്നതിനെക്കാല്‍ സുനിത കൃഷ്‌ണനെ പോലെ പഠിച്ച്‌ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുണ്ടാക്കുക. സമൂഹം ഒരിക്കലും അംഗീകരിക്കയോ സ്വീകരിക്കയോ ചെയ്യുകയില്ലായിരിക്കാം. എങ്കിലും പരാശ്രയം കൂടാതെ ജീവിക്കാമല്ലോ.

ബലാത്സംഗം ഏറ്റവും വലിയ ഒരു പ്രശ്‌നമായത്‌ പുരുഷമേധാവിത്വത്തില്‍ നിന്നാണു. വിവാഹം കഴിക്കാന്‍ കന്യകയെ വേണമെന്ന പുരുഷന്റെ നിബന്ധന. പുരുഷന്മാര്‍ തമ്മിലുള്ള മത്സരത്തില്‍ പ്രതികാരമായി ഒരാളുടെ ഭാര്യയേയോ, സഹോദരിയേയോ ബലാത്സംഗം ചെയ്യുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു. അപ്പോഴും സ്‌ത്രീ ശിക്ഷിക്കപ്പെടുന്നു. ഒരു ബലാത്സംഗക്കാരനെക്കാള്‍ മാനസിക നില തെറ്റി നില്‍ക്കുന്ന പിശാച്‌ സമൂഹമാണ്‌. സമൂഹം എപ്പോഴും പെണ്‍കുട്ടിയെ ബലിയാടാക്കുന്നു. അതറിയുന്ന രാഷ്‌ട്രീയക്കാര്‍ അതിനെ ഇറക്ലി വെട്ടുകാര്‍ക്ക്‌ വിലപേശുന്നു. ബലാത്സംഗത്തിനു മരണ ശിക്ഷ വേണമെന്ന്‌ മുറവിളി കൂട്ടുന്നവര്‍ അത്തരം ശിക്ഷ കൊണ്ട്‌ കുറ്റവാളി ഒന്നുമറിയാതെ മരിച്ചുപോകുന്നു എന്ന കാര്യം ചിന്തിക്കുന്നില്ല. എന്നാല്‍ ജീവിച്ചിരിക്കുന്ന പെണ്‍കുട്ടി അവളുടെ മരണം വരെ അപമാനത്തിന്റെ കയ്‌പുനീര്‍ കുടിക്കുന്നു. ബലാത്സംഗത്തിനു പുരാതന ചൈനയിലും ജപ്പാനിലും ചെയ്‌തിരുന്ന പോലെ ശസ്‌ത്രക്രിയയിലൂടെ കുറ്റവാളിയുടെ ലിംഗം മുറിച്ചു മാറ്റുകയാണു ചെയ്യേണ്ടത്‌. ആ ശിക്ഷ നടപ്പാക്കിയാല്‍ ഈ കുറ്റം താരതമ്യേന കുറയുമായിരിക്കും.
സൂര്യനെല്ലി പെണ്‍കുട്ടി (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക