Image

ഒരു ചര്‍ച്ച ഉണര്‍ത്തിയ ചിന്ത (ഡി. ബാബുപോള്‍); മാധ്യമങ്ങള്‍ക്ക് ഇഷ്ട വിഷയം പെണ്ണ് കേസ്

Published on 20 February, 2013
ഒരു ചര്‍ച്ച ഉണര്‍ത്തിയ ചിന്ത (ഡി. ബാബുപോള്‍); മാധ്യമങ്ങള്‍ക്ക് ഇഷ്ട വിഷയം പെണ്ണ് കേസ്
‘ബജറ്റും മാധ്യമങ്ങളും’ എന്ന വിഷയത്തെക്കുറിച്ച് ഈയിടെ തലസ്ഥാനത്ത് ഒരു ചര്‍ച്ചനടന്നു. ശീര്‍ഷകത്തില്‍തന്നെ മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് സൂചനയുണ്ടെന്ന് എന്‍െറ തലമുറയിലെ കേരളീയരെങ്കിലും  തിരിച്ചറിയാനിടയുണ്ട്. പത്തമ്പത് കൊല്ലം മുമ്പ് നാം ദാക്ഷിണാത്യര്‍ ബജറ്റ് എന്ന്  പറഞ്ഞിരുന്നില്ല. ബഡ്ജറ്റ് എന്നായിരുന്നു വിന്ധ്യന് തെക്ക് ഉച്ചാരണം. മലയാളത്തില്‍ ‘മാതൃഭൂമി’ മാത്രമാണ് അക്കാലത്ത് ബജറ്റ് എന്ന് ഉപയോഗിച്ചിരുന്നത്. അത് ബാരിസ്റ്റര്‍ കേശവമേനോന്‍െറ ബിലാത്തിവിശേഷത്തിന്‍െറ ഫലം ആയിരുന്നിരിക്കാം. ബജറ്റിലെ ‘ഡി’യും പ്ളമ്മറിലെ ‘ബി’യും ഉച്ചരിക്കപ്പെടരുതെന്ന് പില്‍ക്കാലത്ത് സാഹിത്യവാരഫലത്തില്‍ വായിച്ചവരും അതത്ര ഗണ്യമാക്കിയില്ല. ഇപ്പോള്‍ എന്‍െറ സുപ്രഭാതമാണ് ഉച്ചാരണത്തിന്‍െറ എം. കൃഷ്ണന്‍നായര്‍. നൊബേല്‍, പ്ളമ്മര്‍, പൊലീസ്, ബജറ്റ് എന്നൊക്കെ തോമസ് ജേക്കബ് അച്ചടിച്ചുവിടുന്നുണ്ട്. ഏതായാലും മാധ്യമങ്ങള്‍ പ്രചാരംനല്‍കിയതോടെ ബഡ്ജറ്റിലെ ഖരഭാവമുള്ള മൃദു ഉപേക്ഷിക്കപ്പെട്ടു.
ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ഉണ്ടായത് നന്നായി. അത്രയും ആശ്വാസം. എന്നാല്‍, അത് സംഘടിപ്പിച്ചത് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനാണ്; പ്രസ് ക്ളബ് അല്ല. പണിക്കര്‍ മലയാളിയെ അക്ഷരോന്മുഖനാക്കിയ മഹാത്മാവാണ്. അദ്ദേഹത്തിന്‍െറ മകനും കൂട്ടാളികളും സമൂഹത്തിലെ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്നതിന്‍െറ തെളിവായി ഈ ചര്‍ച്ച. മാധ്യമപ്രതിനിധികള്‍ ഏറെയൊന്നും സന്നിഹിതരായില്ലെന്നതും മാധ്യമങ്ങള്‍ ഈ പരിപാടിക്ക് കാര്യമായ പ്രാധാന്യം കൊടുത്തില്ലെന്നതും നമ്മുടെ നിയമസഭാ റിപ്പോര്‍ട്ടിങ്ങിന്‍െറ പ്രതിഫലനമായി: അവിടെയും ഗൗരവമുള്ള പ്രസംഗങ്ങള്‍ അല്ലല്ലോ പത്രങ്ങളില്‍ അച്ചടിച്ചുവരുന്നത്!
നമ്മുടെ മാധ്യമങ്ങള്‍ ചിലപ്പോള്‍ കുട്ടമഠത്തിലെ ഉത്സവത്തിന് ഇടഞ്ഞ ആനയെപ്പോലെയും ചിലപ്പോള്‍ പൂര്‍ണത്രയീശനെ തൊഴാന്‍ വന്ന ഭക്തസ്ത്രീയെ അകാരണമായി മതിലോട് ചേര്‍ത്തുനിര്‍ത്തി കുത്തിയ കരിവരനെ പോലെയും ചിലപ്പോള്‍ ലക്ഷ്യമില്ലാതെ ഓടി തന്‍െറ പിന്നാലെ ഓടാന്‍ നാട്ടുകാരെ പ്രലോഭിപ്പിക്കുന്ന മദയാനയെപ്പോലെയും പെരുമാറുന്നുവെന്ന് ഓര്‍മിക്കാന്‍ ഈ ചര്‍ച്ചയും അതിനോട് കണ്ട പ്രതികരണവും സഹായിച്ചു. നാടോടുമ്പോള്‍ നെടുകെ ഓടാന്‍ ആര്‍ക്കും കഴിയും. എങ്കിലും, മന$സാക്ഷി നിര്‍ബന്ധിക്കുമ്പോള്‍ ചിലര്‍ക്ക് കുറുകെ ഓടാതെ വയ്യെന്നുതോന്നും. വാക്കുകള്‍ക്ക് മാര്‍ദവമില്ലെങ്കില്‍  ഉദ്ദേശ്യശുദ്ധിയെ മാനിച്ച് മാപ്പു തരണമെന്ന് അപേക്ഷിച്ച് കുറുകെ ഓടാന്‍ പോവുകയാണ് ഇവിടെ.
മാധ്യമങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം പെണ്ണുകേസുകളാണ്. അതിന് ഒരു സാമൂഹികമാനവും ധാര്‍മികമാനവും ഉള്ളതിനാല്‍ രാഷ്ട്രീയക്കാരുടെ അഴിമതിക്കഥകള്‍ പോലെ തന്നെയുള്ള പ്രാധാന്യം അവക്കുണ്ടു താനും. എന്നാല്‍, ചില പ്രധാനകാര്യങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍പെടുത്താന്‍ മാധ്യമങ്ങള്‍ മടിക്കുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്ന ഗുണത്തിനു ശോഷണം ഭവിക്കുന്നു.
അഗമ്യഗമനം, പ്രകൃതിവിരുദ്ധം, ബാലപീഡനം, ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം, ബലാത്സംഗം, വേശ്യാവൃത്തി, വ്യഭിചാരം എന്നീ സംഗതികളൊക്കെ കൂട്ടിക്കുഴക്കുന്നത് സ്ത്രീ സുരക്ഷക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയായ ബലാത്സംഗത്തിന്‍െറ ബീഭത്സതയില്‍നിന്ന് ശ്രദ്ധതിരിക്കുമെന്ന് നാം തിരിച്ചറിയണം. ദല്‍ഹിയില്‍ നടന്നതും ബംഗളൂരുവിലെ സ്കൂളില്‍ നടന്നതും ഷൊര്‍ണൂരില്‍ നടന്നതും ഒക്കെ നിഷ്ഠുരമായ ബലാത്സംഗമാണ്. അവിടെ പുരുഷന്‍മാത്രമാണ് കുറ്റവാളി. സ്ത്രീ ഇരയാണ്.
വ്യഭിചാരമാകട്ടെ സ്വന്തം പുരുഷനെയോ സ്വന്തം സ്ത്രീയെയോ വഞ്ചിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്. അവിടെ പാരിതോഷികങ്ങള്‍ ഉണ്ടാകാമെങ്കിലും കച്ചവടം ഇല്ല. അത് മിക്കവാറും ഒരൊറ്റത്തവണ തീര്‍പ്പാക്കല്‍ ആകാറുമില്ല. അവിഹിതബന്ധം തുടര്‍ന്നുപോവുന്ന  അഭ്യാസമായിരിക്കും മിക്കവാറും.
‘സല്‍ക്കാരമേകാനായി പാന്ഥ തല്‍ക്കാലമിങ്ങില്ല ഗൃഹാധിനാഥന്‍, പയോധരത്തിന്‍െറ ഉയര്‍ച്ച കണ്ടീയാധിയെങ്കില്‍ പുലരെഗ്ഗമിക്കാം’ എന്നത് ആതിഥ്യമര്യാദയോ പ്രലോഭനമോ എന്നതിനുത്തരം. ശ്ളേഷം പൊരുള്‍തിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുമല്ലോ. രാജലക്ഷ്മിയുടെ വീട്ടില്‍ പോയ എഴുത്തുകാരന്‍േറത് പോലെ ആവണമെന്നില്ല എല്ലാവരുടെയും മനോവ്യാപാരം.
ഇത് രണ്ടും അല്ല വേശ്യാവൃത്തി. അത് ശരീരം കച്ചവടച്ചരക്കാക്കുന്നതാണ്. സാധാരണഗതിയില്‍ പെണ്‍ശരീരം ആകാമെങ്കില്‍, സ്ത്രീകള്‍ക്കായി സ്വന്തം ആണുടലുകള്‍ വില്‍ക്കുന്ന ഗിഗോളോകളുടേതും വേശ്യാവൃത്തിയാണ്. അവിടെ ‘ഇന്നുറൊക്കം നാളെ കടം’ എന്നതാണ് പ്രമാണം.
താമാര്‍  (ബൈബ്ള്‍ പഴയനിയമം, ഉല്‍പത്തി പുസ്തകം, അധ്യായം 38) ഏര്‍പ്പെട്ടതിനാലാണ് ലോകത്തിലെ ഏറ്റവും പഴയ തൊഴിലെന്ന് അതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, അതിന് മുമ്പാണ് (അധ്യായം 34) ദീന എന്ന കുമാരിയുടെ ബലാത്സംഗം ബൈബ്ള്‍ വിവരിക്കുന്നത്. താമാറിനെ വിമര്‍ശിക്കാത്ത ബൈബ്ള്‍ ദീനയുടെ ബലാത്സംഗത്തിന് പകരംവീട്ടിയത് വിസ്തരിച്ചുപറയുന്നുണ്ട് എന്നതും ശ്രദ്ധിക്കണം.
ഈ വ്യതിരിക്തതകളെ ലിംഗഭേദംകൊണ്ട് ആച്ഛാദനം ചെയ്യുന്നത് ബലാത്സംഗത്തിന് ഇരയാവുന്നവരുടെ വേദനകളെ തുച്ഛീകരിക്കുകയാണ്. വ്യഭിചാരത്തിനും വേശ്യാവൃത്തിക്കും ഒക്കെ കാരണങ്ങളുണ്ടാകാം. പ്രത്യേകിച്ചും, വേശ്യാവൃത്തിയില്‍  ജീവിതം കണ്ടെത്തുന്നവരില്‍ പലരും തുടക്കത്തിലെങ്കിലും അറിഞ്ഞുകൊണ്ട് ഏറ്റെടുത്തതാവില്ല തൊഴില്‍. എങ്കിലും അത് സ്ത്രീപീഡനമല്ലെന്ന് നളിനി ജമീല പറഞ്ഞുതരുന്നു. പരമാവധി പറയാവുന്നത് സ്ത്രീത്വത്തെ അവഹേളിക്കുകയും പെണ്ണുടലിന്‍െറ കച്ചവടത്തില്‍ പങ്കാളിയാവുകയും ചെയ്തു എന്നതാണ്. യഥാര്‍ഥത്തില്‍ നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ നാം ബലാത്സംഗത്തെ കൂടുതല്‍ ശക്തമായി നേരിടുകയും പ്രതിഫലം പറ്റി നല്‍കുന്ന ലൈംഗികസേവനത്തെ വേറിട്ടുകണ്ട് അതിനുള്ള പ്രതിവിധികള്‍ വേറെ കണ്ടെത്തുകയുമാണ് വേണ്ടത്.
സൂര്യനെല്ലിക്കേസോ പി.ജെ. കുര്യന്‍െറ ലൈംഗികജീവിതമോ എനിക്ക് കൗതുകം പകരുന്നില്ല. എന്നാല്‍, ബസന്ത് എന്ന ന്യായാധിപനെ പഴിചാരി ആ പാവം പെണ്‍കുട്ടിയോട് മാധ്യമങ്ങള്‍ ചെയ്തത് കടുത്ത ദ്രോഹമാണ്. അദ്ദേഹത്തോട് മാധ്യമപ്രതിനിധി ആവശ്യപ്പെട്ടതും അദ്ദേഹം അപ്പോള്‍തന്നെ നിരാകരിച്ചതും ആണ് സൂര്യനെല്ലിക്കേസിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായ പ്രകടനം.   ആ പ്രതിനിധി അപ്പോള്‍തന്നെ സ്ഥലം കാലിയാക്കുന്നതായിരുന്നു മര്യാദ. അത് പോകട്ടെ, അത് സഹദേവന്‍െറ ഇഷ്ടം.
ബസന്ത് എന്തോ പുതിയ കാര്യം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞ് ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്നുവെന്ന മട്ടില്‍ ആ പെണ്‍കുട്ടിയെ അകാരണമായി പിച്ചിച്ചീന്തുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ബസന്ത് ചെയ്തത് ഒട്ടും ഭംഗിയായില്ല. മാധ്യമങ്ങള്‍ക്ക് വിരുന്നായി ബസന്തിന്‍െറ അനവധാനത. എന്നാല്‍, വിധിന്യായം വായിച്ചിട്ടില്ലാത്ത നമ്മളെ ഡീവിയന്‍റ്, ബാലവേശ്യ തുടങ്ങിയ പദങ്ങളിലൂടെ ആ പെണ്‍കുട്ടിക്ക് അപമാനകരമായ കണ്ടെത്തലുകളെക്കുറിച്ച് പഠിപ്പിക്കാനായി ചാനലുകള്‍ തുനിഞ്ഞത് അത്രപോലും ശരിയായില്ല.
രാജിവെച്ച് ടിംബക്ടുവിലോ പാപുവാന്യൂഗിനിയിലോ കുടിയേറിയാല്‍ കുര്യന്‍ രക്ഷപ്പെടും. ഈ കുട്ടിയോ? കേസ് നടക്കട്ടെ. പുനരന്വേഷണം വേണമെന്ന് കോടതി പറയുന്നെങ്കില്‍ അതും നടക്കട്ടെ. ഇപ്പോള്‍ നടക്കുന്ന ഈ മാധ്യമവിചാരണ സൂര്യനെല്ലിയിലെ കുട്ടിയെ വീണ്ടും വീണ്ടും പീഡനത്തിന് വിധേയമാക്കുകയാണ്. അല്‍പം വരുമാനം കുറയുമെന്നല്ലേ ഉള്ളൂ, ഈ കച്ചവടം നിര്‍ത്തരുതോ? ഇനി ആ പാവം കുട്ടി ആത്മഹത്യ ചെയ്താല്‍ ധര്‍മരാജനോ മറ്റ് പ്രതികളോ കുര്യന്‍തന്നെയോ അല്ല വ്യൂവര്‍ഷിപ്പിനും സര്‍ക്കുലേഷനും അതില്‍ നിന്നൊക്കെയുള്ള വരുമാനത്തിനും വേണ്ടി ഈ ശിങ്കാരിമേളം ഒരുക്കിയ മാധ്യമങ്ങളാവും ഉത്തരവാദി. ഇത്തരം അഭ്യുദയകാംക്ഷികള്‍ ഉണ്ടെങ്കില്‍ ശത്രുക്കള്‍ വേറെ വേണ്ട. ഇത് ക്രൂരതയാണ്. കുര്യനോടോ ബസന്തിനോടോ അല്ല, ആ പാവം പെണ്‍കുട്ടിയോട്; കുര്യന് പിടിച്ചുനില്‍ക്കാന്‍ വിധി ഉണ്ട്, ബസന്തിന് പറയാന്‍ വിധിന്യായം ഉണ്ട്, സൂര്യനെല്ലിയിലെ  ആ ദു$ഖപുത്രിക്ക് പറയാനെന്തുണ്ട് കദനകഥകളല്ലാതെ?
മറ്റൊന്നുകൂടി. പണ്ട് ഒരാള്‍ ബുഷിനെ ചെരിപ്പെറിഞ്ഞു. ബുഷിനെ ഇഷ്ടമല്ലാത്തവര്‍ അത് ആഘോഷിച്ചു. സര്‍വശക്തന്‍െറ ഒരു സൃഷ്ടിയെ ചെരിപ്പെറിയാന്‍ മറ്റ് സൃഷ്ടികള്‍ക്ക് അധികാരമില്ലെന്ന് ‘മധ്യരേഖ’ അന്ന് നിരീക്ഷിച്ചിരുന്നു. ഇപ്പോള്‍ ആര്യ കൂവി എന്ന് ആഹ്ളാദപൂര്‍വം വിളിച്ചുപറയുന്നവരും ചെരിപ്പേറുകാരാണെന്ന് പറയാതെ വയ്യ. ആര്യക്ക് മൈക്ക് ചോദിക്കാമായിരുന്നു. കൂവിയിരുത്തുന്നത് ഗതികേട് കൊണ്ടും. ആര്യയെ കുറ്റപ്പെടുത്തണ്ട. പാവം കുട്ടി. ധര്‍മരോഷംകൊണ്ടായാലും പ്രാകൃതമാണ്. എന്നാല്‍, ഈ അപക്വത ആഘോഷിക്കരുത്. അമൃതയുടെ അടി പിന്നെയും ക്ഷമിക്കാം. നിയമം കൈയിലെടുക്കുന്ന രാജമാണിക്യങ്ങളാണല്ലോ നാം സിനിമയില്‍ പതിവായി കാണുന്നത്. വഴിയില്‍ ഒരാള്‍ തെറിപറഞ്ഞാല്‍ അയാളെ കുനിച്ചുനിര്‍ത്തി ഇടിക്കുക! അമൃത നേരിട്ട സാഹചര്യത്തില്‍ അത് ഇ.ശി.നി (ഇന്ത്യന്‍ ശിക്ഷാനിയമം) അനുവദിച്ചിരിക്കുന്ന സെല്‍ഫ് ഡിഫന്‍സിന്‍െറ പരിധിയില്‍ വരുന്നതിനാല്‍  ക്ഷന്തവ്യമാണെന്ന് വാദിച്ചാലും ഒരുവനോട് തെറ്റുചെയ്യുന്നവരെ അയാള്‍തന്നെ ശിക്ഷിക്കുന്നത് സാധാരണഗതിയില്‍ കാട്ടുനീതിയാണ്. അപഭ്രംശങ്ങള്‍ എന്നനിലയില്‍ ആര്യയുടെയും അമൃതയുടെയും പ്രതികരണങ്ങള്‍ നമുക്ക് അംഗീകരിക്കാം. എന്നാല്‍, അപഭ്രംശങ്ങള്‍ നിയമങ്ങളാകുന്നത് നിയമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് നാം തിരിച്ചറിയണം.
ബണ്ടിചോറിനെ വീരനായകനാക്കിയത് അതിലേറെ തെറ്റായി. ആര് ആരോട് എപ്പോള്‍ പറയാം? മാധ്യമ കുലപതികള്‍ ഒത്തുകൂടി ഇതൊക്കെ ചര്‍ച്ചചെയ്യാന്‍ കാലമായി. വെളുക്കാന്‍ തേക്കുന്നത് പാണ്ടാവരുതല്ലോ.
http://www.madhyamam.com/news/214148/130221
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക