Image

' വിസ്മയങ്ങളില്‍ വിസ്മയമായി ഗോപിനാഥ് മുതുകാട് '

ജോയിച്ചന്‍ പുതുക്കളം Published on 13 September, 2011
' വിസ്മയങ്ങളില്‍ വിസ്മയമായി ഗോപിനാഥ് മുതുകാട് '

ന്യൂജേഴ്‌സി: ദേശീയോദ്ഗ്രന്ഥത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഷന്‍ ഇംപോസിബിള്‍ എന്ന് പേരിട്ട്, രാജ്യത്തെ ഒമ്പത് നഗരങ്ങളില്‍ പുറത്തിറങ്ങുന്ന പത്തുദിന പത്രങ്ങളുടെ തലക്കെട്ട് രണ്ടു ദിവസം മുമ്പുതന്നെ പ്രവചിച്ച്, ലോകമായാജാലരംഗത്ത് വിസ്മയങ്ങളുടെ കോളിളക്കം സൃഷ്ടിച്ച്, ആധുനിക ജാലവിദ്യാ രംഗത്ത് ഏറെ ശ്രദ്ധേയനായ ജനപ്രിയ ജാലവിദ്യക്കാരന്‍ ഗോപിനാഥ് മുതുകാടും സംഘവും 'വിസ്മയം 2011' ലൂടെ അമേരിക്കയിലുടനീളം സംസാരവിഷയമാവുന്നു.

തരംഗം ആര്‍ട്‌സിന്റെ ബാനറില്‍ അമേരിക്കയിലുടനീളം 'വിസ്മയം 2011' വിജയകരമായി അതിന്റെ ജൈത്രയാത്ര തുടരുന്നു. 2011, ആഗസ്റ്റ് 26-ാം തീയതി ന്യൂയോര്‍ക്കിലെ റോക് ലാന്റില്‍ തുടങ്ങിയ ഷോ ഇതിനോടകം ഡിറ്ററോയിറ്റ്, ചിക്കാഗോ, ടൊറാണ്ടോ, വാഷിംങ്ങ്ടണ്‍ ഡി.സി, മയാമി, ഫ്‌ളോറിഡ, താമ്പ അറ്റ്‌ലാന്റ എന്നിങ്ങനെ ഒന്‍പതോളം സംസ്ഥാനങ്ങളില്‍ അരങ്ങേറി കഴിഞ്ഞു. അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റിയ 'വിസ്മയം 2011' ഇതുവരെ അമേരിക്കയില്‍ അരങ്ങേറിയ ഷോകളില്‍ , അവതരണ ശൈലിയിലും, പുതുമയിലും, ഷോയുടെ മികവിലും ഏറ്റവും മികച്ച ഷോ എന്നാണ് പ്രേക്ഷകര്‍ വിധിയെഴുതിയത്. ചിക്കാഗോയിലും, വാഷിംഗ്ടണ്‍ ഡി.സിയിലും, ഷോ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ ഒന്നടക്കം എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി തങ്ങളുടെ നന്ദിയും, സ്‌നേഹവും രേഖപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലും തിങ്ങിനിറഞ്ഞ സദസ്സിലായിരുന്ന പ്രദര്‍ശനങ്ങള്‍ നടന്നത് എന്ന് പ്രേക്ഷകര്‍ പറഞ്ഞു.
ഇന്ത്യന്‍ മാജിക്കിനെന്നല്ല ലോകരാജ്യങ്ങളില്‍ തന്നെ വിസ്മയങ്ങള്‍ തീര്‍ത്ത് മാജിക്കിനെ ഉയരങ്ങളിലേക്ക് എത്തിച്ച് മുതുകാട് ഒരു ഒറ്റയാള്‍ പടയായി ജൈത്രയാത്ര തുടരുന്നു. ലോക മാജിക്കിന്റെ മുതുമുത്തച്ഛന്‍ ഹൗഡിനിയുടെ അതിസാഹസിക വിദ്യയും അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ഹൗഡിനി എന്ന പ്രശസ്തി നേടിക്കൊണ്ടായിരുന്നു തുടക്കം.

മാന്ത്രിക കലയെ ജനകീയമാക്കുന്നതിലും, സാമൂഹിക-ദേശീയ-മാനവിക മൂല്യങ്ങളുടെ പ്രചരണത്തിലും, ബോധവല്‍ക്കരണത്തിലും, വിനിയോഗത്തിലും വിജയം കണ്ടെത്തിയ ഗോപിനാഥ് മുതുകാട് ദേശീയോദ്ഗ്രന്ഥ സന്ദേശങ്ങളുമായി പലതവണ നടത്തിയ ഭാരതപര്യടനങ്ങള്‍ ഏറേ ജനശ്രദ്ധ നേടിയിരുന്നു.
പുതിയ തലമുറയെ ലക്ഷ്യമാക്കി സംഘടിപ്പിച്ച മദ്യത്തിനും, മയക്കുമരുന്നിനും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും എതിരേയുള്ള 'ക്യാമ്പസ് മാജിക്ക് ' സംരംഭങ്ങളും ജനശ്രദ്ധ ഏറെ പിടിച്ചുപറ്റി.

ജാലവിദ്യയിലൂടെ അദ്ധ്യാപനത്തിലും, സമഗ്രവികസനത്തിനും വേണ്ടി തിരുവനന്തപുരത്തു ആരംഭിച്ച 'മാജിക് അക്കാദമി' ഇപ്പോള്‍ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമായി വളര്‍ന്നിട്ടുണ്ട്.

യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി അന്തര്‍ രാഷ്ട്രതലത്തില്‍ മാജിക്കിന് നല്‍കുന്ന ഏറ്റവും വലിയ പരമോന്നത പുരസ്‌ക്കാരമായ 'മെര്‍ലിന്‍ അവാര്‍ഡ്' പി.സി.സര്‍ക്കാരിന് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരന് പ്രത്യേകിച്ച് ഒരു മലയാളിക്ക് ലഭിക്കുന്നത് ഏറെ ശ്രദ്ധ നേടുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ 'വിസ്മയം 2011' ന്റെ അത്ഭൂതപൂര്‍വ്വമായ വിജയ തിളക്കം ഇനിനടക്കാനിരിക്കുന്ന ന്യൂജേഴ്‌സിയിലും, ന്യൂയോര്‍ക്കിലും പ്രതിഫലിച്ചു കാണാം. സെപ്റ്റംബര്‍ മാസം 15-ാം തീയതി ന്യൂജേഴ്‌സിയിലെ ഫെലീഷ്യന്‍ കോളേജില്‍ നടക്കുന്ന ഷോയ്ക്ക് ന്യൂജേഴ്‌സിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും അഭൂതപൂര്‍വ്വമായ അന്വേഷണമാണ് ഉണ്ടാകുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

പല ഷോകളും അമേരിക്കയില്‍ അരങ്ങേറുന്ന ഈ സമയത്ത് 'വിസ്മയം 2011' പ്രേക്ഷകരെ വിസ്മയഭരിതമാക്കി അതിന്റെ ജൈത്രയാത്ര തുടരുന്നു.

സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത് അറിയിച്ചതാണിത്.
' വിസ്മയങ്ങളില്‍ വിസ്മയമായി ഗോപിനാഥ് മുതുകാട് '
ഗോപിനാഥ് മുതുകാട്
' വിസ്മയങ്ങളില്‍ വിസ്മയമായി ഗോപിനാഥ് മുതുകാട് '
സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക