Image

ഉതൃട്ടാതി ജലമേള - കേരളത്തിന്റെ പൈതൃകം

Published on 13 September, 2011
ഉതൃട്ടാതി ജലമേള - കേരളത്തിന്റെ പൈതൃകം
കേരളത്തിന്റെ പൈതൃകങ്ങള്‍ എപ്പോഴും നഷ്‌ടപ്പെടാതെ സൂക്ഷിക്കപ്പെടുന്നു എന്നത്‌ തന്നെയാണ്‌ മലയാളിയുടെ ഏറ്റവും വലിയ അഭിമാനം. നമ്മുടെ സംസ്‌കാരം അതിന്റെ തനിമയോടെ തന്നെ എന്നും നിലനില്‍ക്കുകയും പൈതൃകങ്ങള്‍ സമ്പന്നതയോടെ തന്നെ കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്നത്‌ ചെറിയ കാര്യവുമല്ല. എത്രത്തോളം കാലം മുമ്പോട്ടുപോകുമ്പോഴും ഒരു പ്രാദേശിക ആഘോഷമായ ഓണത്തെ മലയാളി ഏത്‌ ദേശത്ത്‌ വെച്ചും ആഘോഷിക്കാന്‍ മറക്കാറില്ല എന്നത്‌ കാത്തുസൂക്ഷിക്കപ്പെടുന്ന പൈതൃകത്തിന്‌ ഉദാഹരമാണ്‌. ഓണം ഇന്നും കേരളത്തിന്‌ ആവേശം തന്നെയാണ്‌. മലയാളിക്കും. ഓണത്തെ ഓര്‍മ്മിക്കപ്പെടുമ്പോള്‍ ഉതൃട്ടാതി നാളില്‍ ആവേശം വിതറുന്ന ആറുന്‍മുള ഉതൃട്ടാതി ജലോത്സവത്തെക്കൂടി സ്‌മരിക്കാതെ സാധ്യവുമല്ല. നേരിട്ട്‌ ജലോത്സവത്തിന്റെ കാഴ്‌ചക്കാരനാവാന്‍ കഴിഞ്ഞില്ലെങ്കിലും ചാനലുകലിലൂടെയങ്കിലും ജലമേളയുടെ കാഴ്‌ച കാണാന്‍ എവിടെയിരുന്നും മലയാളി ആഗ്രഹിക്കും. അത്രയ്‌ക്കുണ്ട്‌ ഉതൃട്ടാതി ജലമേളയുടെ പ്രസക്തി. കേന്ദ്രസര്‍ക്കാര്‍ പത്തനംതിട്ടയിലെ ആറന്‍മുള എന്ന ദേശത്തെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചതിനു പിന്നിലും ഉതൃട്ടാതി ജലോത്സവത്തിന്‌ ഏറെ പങ്കുണ്ട്‌. ഇന്നും മലയാളിയുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകമായി നില്‍ക്കുന്ന ഉതൃട്ടാതി ജലോത്സവത്തെ അനുസ്‌മരിക്കുകയാണ്‌ ഇവിടെ.

പമ്പയുടെ ഓളങ്ങളില്‍ ചുണ്ടന്‍വള്ളങ്ങള്‍ ആവേശം വിതറുന്ന ഉതൃട്ടാതി ജലമേളക്ക്‌ ഇനി മണിക്കൂറുകളുടെ അകലം മാത്രം. ഉതൃട്ടാതി ജലോത്സവത്തിന്റെ ചരിത്രം പമ്പയുടെ ചരിത്രം കൂടിയാണ്‌. ഉതൃട്ടാതി വള്ളംകളി അഥവാ ആറന്‍മുള വള്ളംകളി ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രവുമായി ഐതിഹ്യപരമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. ചിങ്ങമാസത്തിലെ ഉതൃട്ടാതി ദിവസം പമ്പാനദിയില്‍ ആറന്‍മുള ക്ഷേത്രത്തിന്‌ മുന്‍വശത്തായി നടത്തിവരുന്ന നിറപ്പകിട്ടാര്‍ന്ന ജലോത്സവമാണിത്‌.

ജലമേളകളുടെ നാടാണ്‌ കേരളം എന്നുവേണമെങ്കിലും പറയാം. ഇതില്‍ ഉതൃട്ടാതി ജലോത്സവത്തിന്‌ സവിശേഷമായ ഒരു സ്ഥാനം ലഭിക്കുന്നത്‌ മലയാളിയുടെ സ്വന്തം ആഘോഷമായ ഓണവുമായി ഇത്‌ ബന്ധപ്പെട്ട്‌ നില്‍ക്കുന്നു എന്നതുകൊണ്ടു തന്നെ.

തലയെടുപ്പുള്ള പള്ളിയോടങ്ങള്‍ തന്നെയാണ്‌ ഈ ജലോത്സവത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം. ഈശ്വര കല്‌പിതമാണ്‌ ആറന്‍മുളയില്‍ ജലോത്സവത്തിന്‌ എത്തുന്ന പള്ളിയോടങ്ങള്‍ എന്നാണ്‌ സങ്കല്‌പം. അതുകൊണ്ടാണ്‌ ആറന്‍മുളയിലെ ചുണ്ടന്‍വള്ളങ്ങളെ പള്ളിയോടങ്ങള്‍ എന്ന്‌ പറയുന്നത്‌. പ്രത്യേകമായ ആകൃതിയും ഘടനയുമാണ്‌ പള്ളിയോടങ്ങള്‍ക്ക്‌. പള്ളിയോടങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വിദഗ്‌ധരുണ്ട്‌. കാരണം പള്ളിയോടങ്ങള്‍ക്ക്‌ എഴുതപ്പെട്ട ഒരു തച്ചുശാസ്‌ത്രമില്ല. അത്‌ പ്രത്യേകമായ ഒരു കരവിരുതാണ്‌. 110 മുതല്‍ 120 അടി നീളമുള്ള ചുണ്ടന്‍വള്ളങ്ങളാണ്‌ പള്ളിയോടങ്ങളായി രൂപപ്പെടുത്തുന്നത്‌. ഇതിന്റെ മൂന്നില്‍ രണ്ടുഭാഗമേ വെള്ളത്തില്‍ സ്‌പര്‍ശിക്കുകയുള്ളു.

ഉത്സവത്തിന്‌ എഴുന്നെള്ളിക്കപ്പെട്ട കൊമ്പനാനയുടെ പകിട്ടാണ്‌ എപ്പോഴും ജലോത്സവത്തിന്‌ പമ്പയിലെത്തുന്ന പള്ളിയോടങ്ങള്‍ക്ക്‌. ആനയുടെ നെറ്റിപ്പട്ടം പോലെ ഒരു അമരച്ചാര്‍ത്തുണ്ടാകും വള്ളത്തിനു മുമ്പില്‍. പിന്നെ വേഗത്തിലെത്തുന്ന വള്ളത്തില്‍ രഥത്തിലെന്നപോലെ ഒരു കൊടിക്കൂറയും. ഇങ്ങനെ അലങ്കാരങ്ങള്‍ ചാര്‍ത്തിയ പള്ളിയോടങ്ങളില്‍ വഞ്ചിപ്പാട്ടുകാരും ഉണ്ടാവും. അതോടെ ഓളപ്പരപ്പില്‍ വേഗത്തില്‍ കരുത്തുതെളിയിക്കാനെത്തുന്ന പള്ളിയോടങ്ങള്‍ കാഴ്‌ചയുടെ ഉത്സവം തന്നെയൊരുക്കും.

ജലമേളയില്‍ ഒരു പള്ളിയോടത്തില്‍ 64 തുഴക്കാരുണ്ടാകും. ഇവര്‍ 64 കലങ്ങളെ പ്രതിനിധീകരിക്കുന്നു. മധ്യതിരുവതാംകൂറിന്റെ കിഴക്കന്‍ പ്രദേശമായ വടശ്ശേരിക്കര മുതല്‍ പടിഞ്ഞാറ്‌ പള്ളിപ്പാടുവരെയുള്ള 48 ഗ്രാമങ്ങളെ പ്രതിനിധാം ചെയ്‌ത്‌ 48 പള്ളിയോടങ്ങളായിരുന്നു ആദ്യമുണ്ടായിരുന്നത്‌. ഇടക്കാലത്ത്‌ പള്ളിയോടങ്ങളുടെ എണ്ണം കുറഞ്ഞു. എങ്കിലും ഇപ്പോള്‍ 42 ഗ്രാമങ്ങള്‍ തങ്ങളുടെ പള്ളിയോടങ്ങളുമായി ജലമേളക്ക്‌ എത്തുന്നുണ്ട്‌.

ആറന്‍മുള വള്ളംകളിയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ പ്രകടനങ്ങള്‍ക്ക്‌ ഏറ്റവും മിഴിവേകുന്നത്‌ വഞ്ചിപ്പാട്ടുകളുടെ അകമ്പടിയാണ്‌. വഞ്ചിപ്പാട്ട്‌ ഒരു ഗാനശാഖ തന്നെയെന്ന്‌ പറയാം. വഞ്ചാപ്പാട്ടിന്റെ ഈണത്തില്‍ തുഴയെറിഞ്ഞു പോകുന്ന അലങ്കരിച്ച പള്ളിയോടങ്ങള്‍, അതൊരു അനുപമമായ കാഴ്‌ച തന്നെയാണ്‌ എന്നും.

ടൂറിസം ഭൂപടത്തില്‍ കേരളത്തിന്‌ സുപ്രധാനമായ ഒരു സ്ഥാനമുള്ള ഇന്ന്‌ ആറന്‍മുള ജലോത്സവത്തിന്‌ ഏറെ പ്രധാന്യമാണ്‌ ഉള്ളത്‌. ഈ ജലമേള കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടേക്ക്‌ എത്തുമ്പോള്‍ ഇത്‌ ഒരു ആഘോഷമായി മാറുമ്പോള്‍ ഇവിടെ വിനോദ സഞ്ചാരത്തിനുള്ള വലിയൊരു സാധ്യത സര്‍ക്കാര്‍ കാണാതെ പോകാനും പാടില്ല. ആറന്‍മുളയിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ഏറ്റവും അടിയന്തിരമായി വര്‍ദ്ധിപ്പിക്കേണ്ടത്‌ ഉതൃട്ടാതി ജലമേളയുടെ ജനകീയതയ്‌ക്ക്‌ ഏറെ അത്യാവശ്യമാണ്‌.

കേന്ദ്രസര്‍ക്കാര്‍ ആറന്‍മുളയെ പൈതൃകഗ്രാമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടു നിര്‍ദ്ദേശിച്ച പല പദ്ധതികളും ഇപ്പോഴും മന്ദഗതിയിലാണ്‌ എന്നത്‌ ഇവിടെ വികസനത്തിന്‌ തടസമായി നില്‍ക്കുന്നു. മികച്ച സൗകര്യങ്ങളുടെ ഗാലറിയെ, പതിനായിരങ്ങള്‍ ഒരുമിച്ചെത്തുമ്പോള്‍ സൗകര്യപ്രദമായ യാത്രസംവിധാനങ്ങളോ ഇപ്പോഴും ആറന്‍മുളയില്‍ ഇല്ല. എങ്കിലും ഇത്തവണ ജലമേളയോട്‌ അനുബന്ധിച്ച്‌ പുതിയ ഗാലറി തുറന്നുവെന്നത്‌ കാണികള്‍ നല്ലകാര്യം തന്നെയാണ്‌. ഇത്തരത്തിലുള്ള മികച്ച വികസന പ്രവര്‍ത്തനങ്ങളാണ്‌ ആറന്‍മുളയില്‍ ഇനി വേണ്ടത്‌.

ഉതൃട്ടാതി ദിനത്തിന്‌ ഇനിയും മണിക്കൂറുകള്‍ ശേഷിക്കെ, പമ്പയുടെ ചുറ്റുപാടുമായുള്ള ഗ്രാമങ്ങളില്‍ ജലഘോഷയാത്രയുടെ ആവേശം ഉണര്‍ന്നു കഴിഞ്ഞു. വൃതശുദ്ധിയോടെ തുഴക്കാര്‍ ഓണപ്പരപ്പില്‍ പ്രകടനത്തിനുള്ള സമയം കാത്തിരിക്കുന്നു. ലോകമെങ്ങുമുള്ള കാണികളെ അമ്പരപ്പിക്കുവാന്‍ പമ്പാതീരവും തയാറെടുത്തു കഴിഞ്ഞിരിക്കുന്നു. ജലോത്സവങ്ങളുടെ നാടായ കേരളത്തിന്‌ ഇത്‌ അഭിമാനത്തിന്റെ ഉത്സവം കൂടിയാണ്‌.

ഉതൃട്ടാതിയോടു കൂടി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തിന്‌ വിരാമമാകുമ്പോള്‍ ഇനി അടുത്ത വര്‍ഷത്തേക്കുള്ള കാത്തിരുപ്പ്‌ കൂടി ആരംഭിക്കുകയാണ്‌. ഒപ്പം ഓര്‍മ്മകളിലേക്ക്‌ ഒരു ഓണം കൂടി കയറിക്കൂടുകയും ചെയ്യുന്നു. ആ ഓര്‍മ്മകളില്‍ ഉതൃട്ടാതി ജലമേളയുടെ അനുഭവങ്ങള്‍ മായാതെയുണ്ടാവുകയും ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക