Image

വാലന്റൈന്‍സ്‌ ഡേ (കഥ)- ജെയ്ന്‍ ജോസഫ്, ഓസ്റ്റിന്‍

ജെയ്ന്‍ ജോസഫ്, ഓസ്റ്റിന്‍ Published on 13 February, 2013
വാലന്റൈന്‍സ്‌ ഡേ (കഥ)-  ജെയ്ന്‍ ജോസഫ്, ഓസ്റ്റിന്‍
വിവിധ വര്‍ണ്ണങ്ങളിലുള്ള റോസാപ്പൂക്കള്‍ക്കിടയിലൂടെ പരതി അരുണ്‍ വിടരാന്‍ വെമ്പി നില്‍ക്കുന്ന ഒരു ചുവന്ന റോസാപ്പൂ തണ്ട് കൈയിലെടുത്തു. മറ്റൊരു വാലന്റൈന്‍സ് ഡേ. കോളേജിന്റെ മുന്‍വശത്ത് കുട്ടികള്‍ തന്നെ സജ്ജമാക്കിയിരിക്കുന്ന വാലന്റൈന്‍ ഷോപ്പില്‍ പൂക്കള്‍ മാത്രമല്ല ഭംഗിയുള്ള കാര്‍ഡുകളുമുണ്ട്; പല വലിപ്പത്തില്‍, നിറഭേദങ്ങളില്‍ , കേട്ടുമടുത്ത പ്രണയവാചകങ്ങളാണ് മിക്കതിലും. ഏറെ നോക്കിയിട്ടാണ് അരുണ്‍ ആ കാര്‍ഡ് കണ്ടത്. മനോഹരമായ ഒരു തടാകത്തിന്റെ തീരത്ത് ഒരു ബഞ്ചില്‍, തടാകത്തിലേയ്ക്ക് നോക്കിയിരിക്കുന്ന യുവമിഥുനങ്ങള്‍. പെണ്‍കുട്ടിയുടെ തല ആണ്‍കുട്ടിയുടെ തോളില്‍; അവന്റെ കൈ അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്നു. അതില്‍ ഒരു വാചകം പോലും പ്രിന്റ് ചെയ്തിട്ടില്ല എന്നതാണ് അവനെ ഏറെ ആകര്‍ഷിച്ചത്. വാലന്റൈന്‍ ഷോപ്പില്‍ കുട്ടികളുടെ തിരക്കേറി വരുന്നു. അരുണിന്റെ കണ്ണുകള്‍ നീലിമയെ തേടി. അവന്‍ കാന്റീന്‍ ലക്ഷ്യമാക്കി നടന്നു. അവിടെയുണ്ടാവും. അതാണല്ലോ പതിവ്!

ഊഹം തെറ്റിയില്ല. കാന്റീനിലെ സ്ഥിരം മേശയില്‍ നീലിമ സ്ഥാനം പിടിച്ചിരിക്കുന്നു. തൂവെള്ള ചുരിദാറില്‍ അവള്‍ ഏറെ സുന്ദരിയായിരിക്കുന്നുവെന്ന് അരുണിന് തോന്നി. വെള്ളയാണവള്‍ക്ക് ഏറ്റവും ചേരുന്ന നിറം. അവളിടുന്നതില്‍ അവന് ഏറ്റവും ഇഷ്ടം എന്ന് പറയുന്നതാവും ശരി.

“ഹേയ് അരുണ്‍, ഇങ്ങോട്ട് പോരൂ. ചായ ഞാന്‍ ഓര്‍ഡര്‍ ചെയ്തു.”

നീലിമയ്ക്ക് എതിരെയുള്ള കസേരയിലിരുന്ന് അരുണ്‍ അവളുടെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി.

“ഹേയ് എന്താ ഒരു ഗേലഭാവം?” അവള്‍ അവനെ കളിയാക്കി. അരുണ്‍ കൈയിലിരുന്ന പൂവും കാര്‍ഡും അവള്‍ക്കു നേരെ നീട്ടി. നീലിമ കാര്‍ഡ് തുറന്നു. അവന്റെ വടിവൊത്ത അക്ഷരങ്ങളിലൂടെ അവള്‍ കണ്ണോടിച്ചു. 'കഴിഞ്ഞുപോയ വസന്തങ്ങള്‍ മനോഹരം; വരാനിരിക്കുന്നതും' നീലിമയുടെ കണ്ണുകള്‍ നനഞ്ഞു. അവള്‍ അവന്റെ കൈയില്‍ പിടിച്ചു.

"എനിക്കൊന്നുമില്ലേ?" അരുണ്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. അവള്‍ കൈയിലിരുന്ന ബാഗില്‍ നിന്ന് മനോഹരമായി പൊതിഞ്ഞ ഗിഫ്റ്റ് അവന് നല്‍കി. അവന്‍ ധൃതിയില്‍ പൊതിഞ്ഞിരുന്ന വര്‍ണ്ണക്കടലാസ് കീറി. നീലിമയുടെ കൈയൊപ്പു കൂടി, സൂരോദയത്തിന്റെ മനോഹരമായ ഒരു പെയിന്റിംഗ്. അരുണിന് സന്തോഷം അടക്കാനായില്ല. കുറെ നാളുകള്‍ക്ക് ശേഷമായിരിക്കും അവള്‍ പെയിന്റ് ബ്രഷ് കൈയിലെടുത്തത്.

കാന്റീന്‍ ഉടമസ്ഥന്‍ സുന്ദരേട്ടന്‍ ചായയുമായി വന്നു. ലവ്‌ബേര്‍ഡ്‌സിന് കഴിക്കാനെന്തെങ്കിലും? സുന്ദരേട്ടന്‍ ചോദിച്ചു.

“വേണ്ട ചേട്ടാ. ഇതു മതി. ഇതല്ലേ പതിവ്.”

സുന്ദരേട്ടന് അവരെ വലിയ കാര്യമാണ്. എത്രനാളായി കാന്റീന്‍ നടത്തുന്നു. എത്രയോ കുട്ടികള്‍ വന്നുപോയിരിക്കുന്നു. അവര്‍ക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത ഇവരില്‍ അയാള്‍ കണ്ടു. വളരെ നല്ല പെരുമാറ്റം. എന്നും കുശലം പറഞ്ഞിട്ടേ പോവൂ. അറ്റ് പ്രണയജോഡികള്‍ വന്നാല്‍ പരിസരം മറന്നൊരു ഇരിപ്പാണ്. എന്‌നാല്‍ അരുണും നീലിമയും അങ്ങനെയല്ല. അവര്‍ക്കു മാത്രമായൊരു ലോകമില്ല. സുഹൃത്തുക്കള്‍ അവരുടെ ലോകത്തിന്റെ വലിയൊരു ഭാഗമാണ്.

“ഇന്നെന്താ പരിപാടി?” സുന്ദരേട്ടന്‍ ചോദിച്ചു.

പ്രത്യേകിച്ചൊന്നുമില്ല ചേട്ടാ. കാമ്പസിലൊക്കെത്തന്നെ. ഉച്ചയ്‌ക്കെത്തിയേക്കാം.
എന്താണ് ലഞ്ച് സ്‌പെഷ്യല്‍? അരുണ്‍ ചോദിച്ചു.

“നീലിമയുടെ ഇഷ്ടപ്പെട്ട ഐറ്റം ഉണ്ട്. ഇറച്ചിയിടിച്ചത്. ഒരു പന്ത്രണ്ട് മണിക്ക് തന്നെ വന്നോളൂ.” സുന്ദരന്‍ പറഞ്ഞു.

അവര്‍ കാന്റീനില്‍ നിന്ന് പുറത്തിറങ്ങി. കാമ്പസ് ശബ്ദമുഖരിതമായിരിക്കുന്നു കൂട്ടം കൂടി നിന്നു കത്തി വയ്ക്കുന്നവര്‍, ക്ലാസ് റൂമിലേയ്ക്ക് തിരക്കിട്ട് പോകുന്നവര്‍. വാലന്റൈന്‍സ് ഡേ രാവിലെ ഒന്നോ രണ്ടോ മണിക്കൂറേ ക്ലാസ് കാണാറുള്ളൂ. പിന്നെ കോളജ് യൂണിയന്‍ സംഘടിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ പരിപാടികളാണ് പതിവ്.

അരുണും നീലിമയും ക്ലാസ്‌റൂം ലക്ഷ്യമാക്കി നടന്നു. ഇലക്ട്രിക്കല്‍ ലാബിന്റെ മുകളിലത്തെ ക്ലാസ്‌റൂ സ്ഥിരമായി ഫൈനല്‍ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ്., ക്ലാസ്സില്‍ ആരുമില്ല. ബ്ലാക്ക് ബോര്‍ഡില്‍ രാവിലത്തെ ക്ലാസ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നു എന്ന് അിറയിപ്പ്. ഓഫീസില്‍ നിന്നുള്ളതാണോ അതോ ഏതെങ്കിലും വിരുതന്‍ ഒപ്പിച്ചതോ! എന്തായാലും ഒഴിഞ്ഞ ക്ലാസ്‌റൂ ആ പ്രണയദിനത്തില്‍ അരുണിനും നീലിമയ്ക്കുമായി കാത്തിരുന്ന പോലെ. പ്രണയവാക്യങ്ങള്‍ കോറിയിട്ടിരിക്കുന്ന ഡസ്‌ക്ക്, യൗവ്വനം തുടിക്കുന്ന ചുവരുകള്‍. ഏറെ നേരം അവര്‍ അവിടെയിരുന്നു. രണ്ടുപേര്‍ക്കുമിടയില്‍ മൗനം നിറഞ്ഞു നിന്നു. ഒന്നു പറയാനില്ലാത്തതു പോലെ, എല്ലാം പറഞ്ഞു കഴിഞ്ഞതുപോലെ.

നമുക്കൊന്നു നടക്കാം. അരുണ്‍ പറഞ്ഞു. കാമ്പസിന് എന്തെന്നില്ലാത്ത ഒരു മനോഹാരിത. ഓരോ ചാരുലതകളും പ്രണയം പങ്കുവയ്ക്കുന്നതുപോലെ! ചുറ്റും പ്രണയജോഡികള്‍ പാറി നടന്നു. ചിലര്‍ ആദ്യമായി ഹൃദയം തുറക്കുന്നു. മറ്റു ചിലര്‍ പ്രണയം പുതുക്കുന്നു. പിന്നെയും കുറച്ചുപേര്‍ ഇതിലൊന്നും താല്‍പര്യമില്ലാത്തതു പോലെ നടന്നു നീങ്ങുന്നു. മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പിന്റെ പുറകില്‍ കൂടിയുള്ള പാതയിലൂടെ അവര്‍ നടന്നു. ഒരു വശത്ത് വലിയ പ്ലേഗ്രൗണ്ട്. ഗ്രൗണ്ടിനു പുറകില്‍ മെന്‍സ് ഹോസ്റ്റല്‍. ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളി നടക്കുന്നു. കാണാനും കുറെ പേര്‍ കൂടിയിട്ടുണ്ട്. ഒരു കൂട്ടം ആണ്‍കുട്ടികള്‍ അരുണും നീലിമയും കടന്നു പോയിക്കഴിഞ്ഞപ്പോള്‍ പാടി “അനുരാഗവിലോചനനായി…. അതിലേറെ മോഹിതനായി…” അരുണ്‍ അവരെ തിരിഞ്ഞു നോക്കി കൈവീശി പറഞ്ഞു, “താങ്ക്യൂ”. നീലിമ ചിരിച്ചു.

നടന്ന് കോളജ് ഓഡിററോറിയത്തിന് മുമ്പിലെത്തി. പുറത്തുകെട്ടിയിരിക്കുന്ന ബാനറില്‍ ഉച്ചകഴിഞ്ഞ് നടക്കുന്ന ഗാനമേളയെക്കുറിച്ചുള്ള വര്‍ണ്ണനകള്‍. "വല്ലതും കഴിക്കണ്ടേ. സുന്ദരേട്ടന്‍ പറഞ്ഞതു പോലെ നേരത്തെ തന്നെ ചെന്നേക്കാം. ഒരു നല്ല ദിവസമായിട്ട് പട്ടിണിയാ വേണ്ടേ”, അരുണ്‍ പറഞ്ഞു.

ഇറച്ചിയിടിച്ചതും. മോരു കാച്ചിയതും, കാബേജ് തോരനും, കടച്ചക്കക്കറിയുമൊക്കെയായി രുചിയുടെ ഒരു മേളം തന്നെ പ്ലേറ്റില്‍. ഏറെ രുചിയോടെ അരുണും നീലിമയും ഊണു കഴിച്ചു. കാന്റീന്‍ കുട്ടികളെക്കൊണ്ട് നിറഞ്ഞു. ചുറ്റും ശബ്ദകോലാഹലങ്ങള്‍. കാശു കൊടുക്കാന്‍ ചെന്നപ്പോള്‍ സുന്ദരേട്ടന്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല.

“ഇന്ന് ലവ്‌ബേര്‍ഡ്‌സിന് എന്റെ ചിലവ്”.

ചായ കുടിക്കാന്‍ കാണില്ല. വാലന്റൈന്‍ സ്‌പെഷ്യല്‍ ദില്‍ഖുശ് ഉണ്ടാക്കുന്നത് ഈ കാന്റീനില്‍ മാത്രമാണ് അവര്‍ ഈയൊരു ഐറ്റം കണ്ടിരിക്കുന്നത്. ഏത്തപ്പഴത്തിനകത്ത് തേങ്ങയും അവലുവിളയിച്ചതും വച്ച് വറുത്തെടുക്കുന്ന ഒരു വിഭവമാണ് ദില്‍ഖുശ്. സുന്ദരേട്ടന്റെ ഭാഷയില്‍ കഴിക്കുന്നവന്റെ വയറുമാത്രമല്ല ഹൃദയവും നിറയും!

കാന്റീനില്‍ നിന്നിറങ്ങി അവര്‍ ഓഡിറ്റോറിയത്തിലേക്ക് നടന്നു. ഗാനമേള തുടങ്ങിക്കഴിഞ്ഞിരുന്നു. “അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു…” കാമ്പസിന്റെ ഭാവഗായകന്‍ പാടിത്തകര്‍ക്കുന്നു. ഇടയ്ക്ക് കൂക്കല്‍ വിളികളുമുണ്ട്. എതിര്‍പാര്‍ട്ടിയുടെ സ്ഥിരം കൂവല്‍ തൊഴിലാളികള്‍. പക്ഷെ പാട്ടിന്റെ മാധുര്യത്തില്‍ അവരും കൂവാന്‍ മറന്നു പോകുന്നതുപോലെ! നീലിമ പെണ്‍കുട്ടികളുടെ ഇടയില്‍ സ്ഥാനം പിടിച്ചു. അരുണ്‍ വാതിലിനടുത്തും. ഗായകര്‍ പഴയ പ്രണയഗാനങ്ങളില്‍ നിന്ന് പുതിയ ഗാനങ്ങളിലേയ്ക്ക് കടന്നു. കാത്തിരുന്ന പെണ്ണല്ലേ…. കാലമേറെയായില്ലേ…. അരുണിന് ഏറെ ഇഷ്ടമുള്ള ഗാനം. അവന്‍ നീലിമയെ നോക്കി. അവളുടെ തിളങ്ങുന്ന കണ്ണുകള്‍ അവനേയും. നീലിമ മെല്ലെ എഴുന്നേറ്റു. അരുണിന്റെ കൈ പിടിച്ച് അവള്‍ ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങി.

“നീലിമ എന്തായിത്, ആ പാട്ടൊന്നു കേട്ടോട്ടെ.” അവള്‍ അവന്‍ പറഞ്ഞതൊന്നും കേട്ടില്ല. താഴത്തെ നിലയില്‍ ആളൊഴിഞ്ഞ വരാന്തയിലെത്തിയപ്പോള്‍ അവള്‍ നിന്നു. അവന്റെ കൈയിലെ പിടിവിട്ടു.

“എന്തു പറ്റി നീലിമാ?” അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. അവള്‍ അവന്റെയടുത്തേക്ക് ചേര്‍ന്നു. അവന്‍ അവളെ നെഞ്ചോടു ചേര്‍ത്തു. വാക്കുകള്‍ക്ക് പ്രസക്തിയില്ലാത്ത നിമിഷങ്ങള്‍!

ചായയും ദില്‍ഖുശും കഴിച്ച്, സുന്ദരേട്ടനോട് യാത്രപറഞ്ഞ് അരുണും നീലിമയും വാകമരച്ചോട്ടിലെത്തി. കാമ്പസ് വിജനമായിക്കൊണ്ടിരിക്കുന്നു. ആ വാകമരച്ചോട്ടിലിരുന്നാല്‍ കാമ്പസ് മുഴുവന്‍ കാണാം. എല്ലാം സ്പന്ദനങ്ങളും അറിയാം. എത്ര തലമുറകള്‍ക്ക് ഈ മരം തണലായിട്ടുണ്ടാവും? എത്ര സ്വകാര്യങ്ങള്‍ …. എത്ര ഗദ്ഗതങ്ങള്‍.. എല്ലാറ്റിനും കൂട്ടായി ഒരു നല്ല സുഹൃത്തിനെപോലെ!

അരുണ്‍ സമയം നോക്കി. അഞ്ചു മണി. പോകാന്‍ തോന്നുന്നില്ല. എത്ര നേരം വേണമെങ്കിലും നീലിമയുടെ കൈപിടിച്ച് ഇവിടിരിക്കാമെന്ന് അവനുതോന്നി!

പതുക്കെ അവര്‍ നടന്നു. കല്ലുപാകിയ പാതയിലൂടെ, മെക്കാനിക്കല്‍ ബ്ലോക്കിന്റെ സൈഡില്‍ കൂടി പാര്‍ക്കിംഗിലേക്ക്. പാര്‍ക്കിംഗ് ലോട്ടില്‍ കുറച്ചു കാറുകള്‍ മാത്രം. വെളുത്ത നിറമുള്ള കാറിന്റെ പാസഞ്ചര്‍ ഡോര്‍ അവന്‍ നീലിമയ്ക്കായി തുറന്നു. തിരിച്ച് വന്ന് ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് കാര്‍ സ്റ്റാര്‍ട്ടാക്കി.

അരുണും നീലിമയും കാറില്‍ നിന്നും പുറത്തേക്ക് നോക്കി. അരുണിനെ നീലിമയ്ക്ക്, നീലിമയെ അരുണിന് സമ്മാനിച്ച അവരുടെ പ്രിയ കലാലയം. പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ന് വീണ്ടും ഈ കാമ്പസില്‍ എത്തിയത്. പതിവിലും വ്യത്യസ്തമായി പഴയ കാമ്പസില്‍ വാലന്റൈന്‍സ്‌ഡേ ചിലവഴിക്കാമെന്നുള്ളത് നീലിമയുടെ ആശയമായിരുന്നു. കേട്ടപ്പോള്‍ തന്നെ അരുണിന്റെ മനസ്സും തുടിച്ചു. കുറെ വര്‍ഷങ്ങളായി നിര്‍ത്താതെയുള്ള ഓട്ടമായിരുന്നു. ജോലിയിലെ തിരക്കുകള്‍, കുട്ടികള്‍: അവരുടെ ആവശ്യങ്ങള്‍, അസുഖങ്ങള്‍, മറ്റു സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍…നീലിമയുമായി ഒന്നും സ്വസ്ഥമായി സംസാരിക്കാന്‍ പോലും അവസരം കിട്ടുന്നില്ലായിരുന്നു. തികച്ചും യാന്ത്രികമായ ഒരു ജീവിതം. പക്ഷെ ഇന്ന് ഇവിടെ ഈ കാമ്പസില്‍ തിരിച്ചെത്തിയപ്പോള്‍; കുറച്ചു സമയം ചെലവഴിച്ചപ്പോള്‍ വല്ലാത്ത ഒരു ഉണര്‍വ് ….ഒരു മഴ നനഞ്ഞ പോലെയുള്ള സുഖം.

അരുണ്‍ കാര്‍ മുമ്പോട്ടേക്കെടുത്തു. കലാലയം കാഴ്ചയ്ക്കു പിന്നിലേയ്ക്ക് മറഞ്ഞു. കാമ്പസ് അവര്‍ക്ക് സമ്മാനിച്ച പ്രണയം; പിന്നെ ജീവിതത്തിരക്കില്‍ അവര്‍ക്ക് നഷ്ടമായ അതേ പ്രണയം; ഇന്നിതാ അതേ കാമ്പസ് അവര്‍ക്ക് വീണ്ടും സമ്മാനിച്ചിരിക്കുന്നു.

ഒരു കൈ സ്റ്റിയറിംഗില്‍ പിടിച്ചുകൊണ്ട് അരുണ്‍ നീലിമയെ അടുത്തേക്ക് ചേര്‍ത്തു. അവന്റെ ചുണ്ടുകള്‍ മെല്ലെ മന്ത്രിച്ചു. കഴിഞ്ഞു പോയ വസന്തങ്ങള്‍ മനോഹരം; വരാനിരിക്കുന്നതും!
വാലന്റൈന്‍സ്‌ ഡേ (കഥ)-  ജെയ്ന്‍ ജോസഫ്, ഓസ്റ്റിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക