Image

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 12 September, 2011
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ഒ.സി, യു.എസ്‌.എ)യുടെ നേതാക്കളുടേയും, നോര്‍ക്കയുടേയും നേതൃത്വത്തില്‍ കേരളത്തില്‍ ചിക്കന്‍ ഗുനിയ, ജപ്പാന്‍ജ്വരം, എച്ച്‌1എന്‍1 പനി, ഡെങ്കിപ്പനി, എലിപ്പനി, അരിവാള്‍ പനി തുടങ്ങിയ മാരകമായ പകര്‍ച്ചവ്യാധികള്‍ക്ക്‌ ചികിത്സയും, അത്തരത്തിലുള്ള രോഗങ്ങള്‍ പ്രതിരോധിക്കുവാന്‍ വാക്‌സിനേഷന്‍ ക്യാമ്പുകളും, മറ്റ്‌ നിരവധി രോഗങ്ങള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ കേരളത്തില്‍ തുടര്‍ച്ചയായി നടത്തുവാനുള്ള സാധ്യതകള്‍ പ്രാവര്‍ത്തികമാക്കുവാനും കേരള ആരോഗ്യമന്ത്രി അടൂര്‍ പ്രകാശുമായി ജോര്‍ജ്‌ ഏബ്രഹാം (ഹൂസ്റ്റണ്‍, ടെക്‌സാസ്‌, കേരള ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌, ഐ.എന്‍.ഒ.സി, യു.എസ്‌.എ), ചാരുംമൂട്‌ ജോസ്‌ (ഐ.എന്‍.ഒ.സി യു.എസ്‌.എ കേരള ചാപ്‌റ്റര്‍ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍, ന്യൂയോര്‍ക്ക്‌) തുടങ്ങിയവര്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി.

ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ആലപ്പുഴ ഡി.സി.സി സെക്രട്ടറി കറ്റാനം ഷാജി അഭിപ്രായപ്പെട്ടു. ഈ സംരംഭത്തില്‍ കേരള ആരോഗ്യവകുപ്പിനെ സഹായിക്കുവാന്‍ അമേരിക്കന്‍ നാഷണല്‍ വൈറസ്‌ കണ്‍ട്രോള്‍ ലാബോറട്ടറീസ്‌ ടെക്‌സാസ്‌ ആണ്‌ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്‌.

ടെക്‌സാസിലെ യു.ടി.എം.ബി ഡയറക്‌ടര്‍ ഡോ. കോസിയാക്കിന്റെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയേയും സംഘത്തേയും അമേരിക്കയിലേക്കുള്ള ക്ഷണക്കത്തും കൈമാറി.

കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരിന്റേയും, നോര്‍ക്കയുടേയും ആഭിമുഖ്യത്തില്‍ അമേരിക്കയിലെ മെഡിക്കല്‍ സംഘങ്ങളുടെ സഹകരണത്തോടെ മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും, നിര്‍ധനര്‍ക്കുവേണ്ടിയുള്ളസ സൗജന്യ ചികിത്സയുടെ ഭാഗമായി കോട്ടയം, മന്ദിരം, ചെത്തിപ്പുഴ, കോഴഞ്ചേരി മുത്തൂറ്റ്‌ എന്നിവിടങ്ങളിലെ ആശുപത്രികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. ഇതോടൊപ്പം മുച്ചുണ്ടും മുച്ചിറിയുമുള്ള 1300 കുട്ടികള്‍ക്ക്‌ സൗജന്യ സര്‍ജറിയും നടത്തിക്കൊടുത്തിട്ടുണ്ട്‌. കൂടാതെ 45 പേര്‍ക്ക്‌ യൂറോളജി വിഭാഗത്തിലെ വിദഗ്‌ധ സര്‍ജറിയും സൗജന്യമായി നടത്തി. നെടുമങ്ങാട്‌ സ്വദേശിനിയും രണ്ടു കൈകള്‍ നഷ്‌ടപ്പെട്ടതുമായ അഖില ബുക്കാരിയെന്ന പെണ്‍കുട്ടിയെ അമേരിക്കയില്‍ കൊണ്ടുപോയി സൗജന്യമായി കൃത്രിമ കൈകള്‍ കൂട്ടിച്ചേര്‍ത്ത്‌ സുഖപ്പെടുത്തി തിരിച്ച്‌ കേരളത്തില്‍ എത്തിക്കുകയുണ്ടായി. ഇതിന്‌ നേതൃത്വം നല്‍കിയത്‌ ജോര്‍ജ്‌ ഏബ്രഹാം (ഹൂസ്റ്റണ്‍), സഖറിയ തോമസ്‌ (നോര്‍ക്ക), ചാരുംമൂട്‌ ജോസ്‌ (നോര്‍ക്ക ഡയറക്‌ടര്‍, ന്യൂയോര്‍ക്ക്‌), രാജന്‍ കോശി, ഈശോ ജേക്കബ്‌ (ഹൂസ്റ്റണ്‍) തുടങ്ങിയവരാണ്‌.

കാന്‍സര്‍ ചികിത്സ, യൂറോളജി ഇന്‍സ്റ്റിറ്റിയൂട്ട്‌, സൗജന്യ ആംബുലന്‍സ്‌ എന്നിവയുടെ സാധ്യതകള്‍ ഇവര്‍ മന്ത്രിയുമായി വിശദീകരിച്ചു. ജോസ്‌ ചാരുംമൂട്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക