Image

പ്രണയസരോവരതീരം..(മീനു എലിസബത്ത് )

മീനു എലിസബത്ത് Published on 12 February, 2013
പ്രണയസരോവരതീരം..(മീനു എലിസബത്ത് )
അമേരിക്ക വീണ്ടും ഒരു വാലന്റൈന്‍ ദിനത്തിന് കൂടി തയാറെടുക്കുന്നു. പ്രണയത്തിന്റെ അടയാളങ്ങളായ ചുവന്ന ഹൃദയങ്ങളും, പ്രണയ വാചകങ്ങള്‍ നിറഞ്ഞ ഗ്രീറ്റിംഗ് കാര്‍ഡുകളും, പ്രണയം പേറി നില്ക്കുന്ന മഞ്ഞനിറമുള്ള കുഞ്ഞു ടെഡി ബെയറുകളും പതിവുപോലെ ജനുവരി പകുതി മുതല്‍ കടകളിലെ ഷെല്‍ഫുകളില്‍ സ്ഥാനം പിടിച്ചു തുടങ്ങി.

ബേക്കറികളില്‍ പ്രണയചിഹ്നങ്ങള്‍ നിറച്ച ചോക്ലേറ്റുകളും ബിസ്‌കറ്റുകളും കേയ്ക്കുകളും മറ്റു പെയ്‌സ്ട്രികളും നിരന്നു നിന്ന് നമ്മെ കൊതിപ്പിക്കുന്നു. പൂക്കടകളിലെങ്ങും മനോഹാരികളായ പല വര്‍ണത്തിലുള്ള റോസാപ്പൂക്കളും, ബട്ടര്‍ കപ്പുകളും, കമില്ലിയകളും, ക്രിസാന്തമങ്ങളും മാടി വിളിക്കുന്നു.

സ്ത്രീകളുടെ വസ്ത്രക്കടകളില്‍, ചുവപ്പ് ലിങ്കറികളും, ഐ ലവ് യു എന്നെഴുതിയ തൊങ്ങുകളും, പാന്റീ, ബ്രാകളും 'എന്നെ വാങ്ങു, അണിയു, അവനുമായി പ്രണയദിനം ആഘോഷിക്കൂ എന്നെല്ലാം പറഞ്ഞ് നമ്മളെ നോക്കി കണ്ണിറുക്കുന്നു.

മാളുകളിലും, ഗ്രോസറിക്കടകളിലും, ഫാസ്റ്റ് ഫുഡ് സ്റ്റോറുകളും മാത്രമല്ല, ഗ്യാസ് സ്റ്റേഷനുകളില്‍ പോലും വരാന്‍ പോകുന്ന വാലന്റൈന്‍സ് ദിനത്തിന്റെ അടയാളപ്പെടുത്തലുകള്‍ കാണാം. എങ്ങും പ്രണയം ഉണര്‍ത്തുന്ന
അന്തരീക്ഷം. അതെ, അക്ഷരാര്‍ഥത്തില്‍ 'ലൗവ് ഈസ് ഇന്‍ ദ എയര്‍ തന്നെ.

വാലന്റൈന്‍സ് ദിനത്തിന്റെ ചരിത്രം പല വര്‍ഷങ്ങളിലും മലയാളംപത്രത്തില്‍ പലരും എഴുതി നമുക്ക് കാണാപ്പാഠമായതിനാല്‍ അതിലേക്കു കടക്കുന്നില്ല. തീര്‍ച്ചയായും അതിലൊരു ദാരുണപ്രണയത്തിന്റെ ദുരന്തകഥയുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം.

കാമുകീകാമുകന്മാര്‍ക്ക് മാത്രമാണ് ഇവിടെ വാലന്റൈന്‍സ് ആഘോഷങ്ങള്‍ എന്നാണ് പണ്ടൊക്കെ ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയ വര്‍ഷമാണ് ആ ധാരണയ്ക്ക് മാറ്റം വന്നത്.

മൂത്ത മകന്റെ കിന്റര്‍ഗാര്‍ട്ടണ്‍ ടീച്ചര്‍ നടത്തുന്ന വാലന്റൈന്‍ പാര്‍ട്ടിക്കുള്ള ക്ഷണക്കത്തിന്റെ കൂടെ, അവന്റെ കൈയില്‍ അന്നേ ദിവസം വാങ്ങിക്കൊടുത്തു വിടേണ്ട പാര്‍ട്ടി സാധനങ്ങളുടെ ലിസ്റ്റ് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ക്ലാസിലെ 23 കുട്ടികള്‍ക്കും വാലന്റൈന്‍ സമ്മാനങ്ങളും, കാര്‍ഡുകള്‍, കപ് കേക്കുകള്‍, ചോക്ലേറ്റുകള്‍ ഇവ എല്ലാമുണ്ട് ടീച്ചറുടെ ലിസ്റ്റില്‍. നാലാം ക്ലാസ് വരെയെങ്കിലും ഈ തരം പാര്‍ട്ടികള്‍ സ്‌കൂളുകളിലുണ്ടായിരുന്നു.

വാലന്റൈന്‍ ദിനത്തിന്റെ തലേന്ന് രാത്രി ഞാനും എന്നെ പോലെ ധാരാളം അമ്മമാരും വാള്‍മാര്‍ട്ടിന്റെ പ്രണയ സെക്ഷനുകളില്‍ കൂടി സാധനങ്ങള്‍ വാങ്ങാന്‍ നടന്നിരുന്നതും, വീട്ടില്‍ വന്നു രാത്രി അത് ഗിഫ്റ്റ് റാപ്പ് ചെയ്ത്, കുഞ്ഞു ഗിഫ്റ്റ് ബാഗുകളില്‍ അടുക്കി വെയ്ക്കുന്നതും പതിവായിരുന്നു. പിന്നിടുള്ള പല വര്‍ഷങ്ങളിലും ഈ പ്രക്രിയ വാലന്റൈന്‍ ദിനങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു.

ജോലിയിലും ഏകദേശം ഇങ്ങനെ തന്നെ. ബോസിനോ, സഹപ്രവര്‍ത്തകര്‍ക്കോ എല്ലാം തന്നെ, നമുക്ക് പ്രണയദിനാശംസകള്‍ നല്കാം. പ്രധാനമായും കമിതാക്കളുടെ ആഘോഷമാണെങ്കിലും, സ്‌നേഹമുള്ള ആര്‍ക്കും സമ്മാനങ്ങള്‍ കൊടുക്കുകയോ, കാര്‍ഡ് കൊടുക്കുകയോ ചെയ്യാമത്രേ.

ഇന്ന് വാലന്റൈന്‍ ദിനങ്ങളില്‍ സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ ചെക്കന്മാരുടെ കൈയില്‍ പെണ്‍കുട്ടികള്‍ കൊടുക്കുന്ന ചോക്ലേറ്റു പായ്ക്കറ്റുകളും, ടെഡി ബെയറുകളും കാണാറുണ്ട്. ചിലതൊന്നും അവന്മാര്‍ എന്നെ കാണതെ ഒളിപ്പിച്ചു വെയ്ക്കുന്നതും കാണാറുണ്ട്.

എന്തായാലും, പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ഒരു ദിനം വേണമെന്നൊന്നും ഞാന്‍ പറയില്ല. കാരണം, പ്രണയം ഒരിക്കലും ഒരു ദിനത്തില്‍ ഉള്‍പ്പെടുത്തി ആഘോഷിച്ചു ഒതുക്കി നിര്‍ത്താവുന്ന ഒന്നല്ല. പ്രണയിക്കുന്നവര്‍ എന്നും പ്രണയിച്ചു കൊണ്ടേയിരിക്കും, അവര്‍ക്കായി എന്തിനൊരു ദിനം മാറ്റി വെയ്ക്കുന്നു.

നമ്മുടെ അമേരിക്കയില്‍ പിന്നെ, എല്ലാറ്റിനും ഓരോ ദിവസങ്ങള്‍ കണ്ടു പിടിച്ചു വെച്ചിരിക്കുന്നതിനാല്‍ അതങ്ങനെ തുടരട്ടെ. പ്രണയം ഉള്ളവര്‍ ആ ദിവസം ആഘോഷിക്കട്ടെ. ഇല്ലാത്തവര്‍ എന്ത് ചെയ്യുമോ ആവോ?

എന്തായാലും പതിമൂന്നാം വയസു മുതല്‍ ഡേറ്റിങ്ങും, പ്രണയവും, തുടങ്ങി, വലിയ ആഘോഷത്തോടെ വിവാഹജീവിതത്തിലേക്കു കടക്കുന്ന അമേരിക്കക്കാരില്‍ പകുതിപേരും (ഏകദേശം 46% മുതല്‍ 50% വരെ) നാല് വര്‍ഷത്തിനകം വിവാഹമോചനം നേടുന്നവരാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

അമേരിക്കയുടെ അത്രയും വരില്ലെങ്കിലും നമ്മുടെ ഇന്ത്യയിലും സ്ഥിതിയും അത്ര മോശം അല്ല. കേരളത്തില്‍ തിരുവനന്തപുരമാണ് പോലും വിവാഹമോചനത്തിനും ഏറ്റവും മുന്നില്‍ നില്ക്കുന്നത്.

എന്റെ ചെറുപ്പത്തിലൊക്കെ പ്രേമം എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നത് അന്നത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലാണ്. ഇന്നിപ്പോള്‍ പ്രണയമാണ് കൂടുതലും ഉപയോഗിക്കപ്പെടുന്നത്. പ്രേമം പ്രണയത്തിനു വഴി മാറിക്കൊടുത്തിട്ട് അധിക നാളായെന്ന് തോന്നുന്നില്ല.

പള്ളത്ത് അന്ന് മറിയപ്പള്ളിയില്‍ വെല്‍ക്കം ടാക്കീസെന്ന പേരില്‍ ഒരു ഓല കെട്ടിയ തിയെറ്ററാണുള്ളത്. കോട്ടയത്ത് മാസങ്ങള്‍ ഓടിയ ശേഷമാവും അവിടെ പടങ്ങള്‍ വരിക. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും. ക്രിസ്മസ്, ഓണ അവധികള്‍ക്കൊക്കെയാണ് അപ്പന്‍ ഞങ്ങളെ കോട്ടയത്തെ തിയെറ്ററുകളില്‍ കൊണ്ട് പോവുക. വല്ലപ്പോഴും അമ്മയുടെ ഇളയ രണ്ടു അനുജത്തിമാരും വലിയമ്മച്ചിയും കാണും. അനുപമയും ആശയും അഭിലാഷും വരുന്നതിനു മുന്‍പ് രാജ്മഹാളും (ഇന്നത്തെ അനശ്വര) സ്റ്റാര്‍ തിയെറ്ററും മാത്രമേ ഉള്ളുവെന്നാണ് എന്റെ ഓര്‍മ. ആനന്ദ് അന്നും ഉണ്ട്.

എന്റെ ഓര്‍മയിലെ എല്ലാ പടങ്ങളിലും പ്രേംനസീറോ, മധുവോ ആണ് നായകന്മാര്‍. ഷീലയും ജയഭാരതിയും ഇവരുടെ നായികമാരും. മിക്ക പടങ്ങളിലും ഈ ജോഡികള്‍ തമ്മില്‍ എന്നും പ്രേമം തന്നെ.

'ഹെന്റെ രാജേട്ടാ'എന്ന് പറഞ്ഞു പ്രേംനസീറിനെ കെട്ടിപ്പിടിക്കുന്ന സുന്ദരിയായ, സെക്‌സിയായ ഷീല. അതിസുന്ദരനായ പ്രേംനസീര്‍, പ്രേമം പ്രേമം എന്ന് വാക്ക് ഇടയ്ക്കും മുറയ്ക്കും കേള്‍ക്കാം. ഇടയ്‌ക്കെപ്പോഴോ നായികയുടെ വീട്ടില്‍ ആരുമില്ലാത്ത നേരത്തൊരു മഴ പെയ്യും ആ തക്കം നോക്കി നായകന്‍ അവിടെ വരും. ഒരുമിച്ചൊരു മഴ നനയല്‍, ഒരു കെട്ടിപ്പിടിത്തം. പിന്നെ, ലിപ് ഗ്ലോസിട്ട നായികയുടെ ചുണ്ട് കുറച്ചു നേരത്തേക്ക് ക്ലോസ്അപ്പ്, രണ്ടു കാലുകളുടെ ഉരുമ്മല്‍, അവസാനം നായിക കട്ടിലില്‍ ഇരുന്നൊരു പൊട്ടിക്കരച്ചില്‍!! 'എന്നോട് ക്ഷമിക്കു എന്ന് പറഞ്ഞു ക്ഷമ പറയുന്ന നായകന്‍.

പിന്നെ കാണിക്കുന്നത് നായികയുടെ മനം പുരട്ടലും അടുക്കള മുറ്റത്തെ വാഴച്ചുവട്ടിലിരുന്നുള്ള ഛര്‍ദ്ദിലും, കൂടെ, 'ചതിച്ചോഡീ എന്ന് ചോദിച്ചുള്ള നായികയുടെ അമ്മ (അത് മിക്കവാറും മീന ആയിരിക്കും)യുടെ നെഞ്ചത്തടിയും, കൂടെ നായികയുടെ ആങ്ങളയുടെ വീതം പുറത്തിനിട്ടു ഇടിയും ആയിരിക്കും.

പ്രേമം എന്ന് വാക്കുമായി ഇതിനെല്ലാം ബന്ധമുണ്ടെന്ന് അന്ന് മുതല്‍ എനിക്ക് മനസിലായി . ഇതൊന്നും അമ്മയോട് ചോദിക്കാന്‍ പറ്റില്ലല്ലോ. അമ്മ വീട്ടിലില്ലാത്ത തക്കം നോക്കി ഞാന്‍

ഒരിക്കല്‍ അപ്പനോട് ചോദിക്കാന്‍ തീരുമാനിച്ചു. അപ്പന്‍ എനിക്ക് മനസിലാവുന്ന പോലെ പ്രേമത്തെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞു തന്നു. കൂടെ കുറെ കഥകളും.

വര്‍ഷങ്ങള്‍ക്കു ശേഷം, ഞാന്‍ സ്‌കൂള്‍ വിട്ടു വരുന്ന വഴി, എന്റെ ഒരു പുതിയ കൂട്ടുകാരിയുടെ വീട്ടില്‍ കയറി താമസിച്ചു വന്നതിനു അപ്പന്‍ എന്നെ വഴക്ക് പറഞ്ഞു. ആരാണ് പുതിയ കൂട്ടുകാരിയെന്നുള്ള അപ്പന്റെ ചോദ്യത്തിന് ഞാന്‍ അവളുടെ പേരും വീട്ടുപേരും എല്ലാം പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു നിമിഷം ഒന്ന് ഞെട്ടി. മിണ്ടാതെ നിന്നിട്ട്, പിന്നെ എന്നെയും കൊണ്ട് തിണ്ണയില്‍ പോയിരുന്ന് ഒരു കഥ പറഞ്ഞു.

ഒരു നീണ്ടകഥ. ഒരു പ്രണയ കഥ. ഞാന്‍ ഇത് വരെ കേട്ടതും വായിച്ചതുമായ പ്രണയകഥകളേക്കാള്‍ വേദനയോടെ മാത്രമെ ഈ കഥ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. അതൊരു വെറും കഥയായിരുന്നില്ല, സംഭവകഥ.

അപ്പന്റെ കുടുംബത്തിലുള്ള, അപ്പന്റെ സമപ്രായക്കാരിയായ ഒരു പെണ്‍കുട്ടി. ഒന്നിച്ച് കളിച്ചു വളര്‍ന്നവര്‍. ഒന്നിച്ച് ആശാന്‍ പള്ളിക്കൂടത്തില്‍ പഠിച്ചവര്‍. ഒന്നിച്ചു സണ്‍ഡേസ്‌കൂള്‍ പഠിച്ചവര്‍.

ആ ചേച്ചി അന്ന് പത്താം ക്ലാസ് പാസായി നില്ക്കുന്ന കാലം. കല്യാണ ആലോചനകള്‍ വന്നു കൊണ്ടിരിക്കുന്നു. ഇവര്‍ക്ക് താഴെ ഇളയ ആണ്‍കുട്ടികള്‍ ഉള്ളതിനാല്‍ മുന്നോട്ടു പഠിപ്പിക്കാനൊന്നും വീട്ടുകാര്‍ക്ക് താല്പര്യമില്ല. അതിനാല്‍ കല്യാണം ആവുന്നിടം വരെ, അവരെ തയ്യല്‍ പഠിക്കാന്‍ വിട്ടു.

തയ്യല്‍ പഠിക്കുവാന്‍ പോയ ആള്‍ അതിനടുത്ത് അരിക്കച്ചവടം ചെയ്യുന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായി. വീട്ടുകാരറിഞ്ഞു. അതോടെ ചേച്ചിയുടെ തയ്യല്‍ പഠനവും നിന്നു. ഇതിനകം കല്യാണ ആലോചനകള്‍ ചിലത് മുറുകി വന്നു. ചേച്ചിയുടെ സമ്മതമില്ലാതെ നിശ്ചയം കഴിഞ്ഞു. ചേച്ചിയെ അവര്‍ വീട്ടു തടങ്കലിലും ആക്കി.

പ്രണയപരവശനായ കാമുകന്‍ അടങ്ങിയിരിക്കുമോ. അദ്ദേഹം ചേച്ചിയുടെ വേറെ ചില ബന്ധുക്കളുടെ സഹായം അഭ്യര്‍ഥിച്ചു. അവരുടെ ഒത്താശയോടെ രായ്ക്കുരാമാനം ചേച്ചിയെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് പോയി രജിസ്റ്റര്‍ വിവാഹം നടത്തി.

അന്നത്തെ കാലം ആണെന്ന് ഓര്‍ക്കണം. പ്രേമവിവാഹങ്ങള്‍ അത്ര പ്രചാരത്തില്‍ ഇല്ലാത്ത കാലം. അപ്പഴാണ്, ഒരു ക്രിസ്ത്യാനി പെണ്‍കുട്ടി കാമുകനുമായി ഒളിച്ചോട്ടം നടത്തിയിരിക്കുന്നത്. ആകെ പുകിലും പ്രശ്‌നങ്ങളും. ഇതിനു കൂട്ട്‌നിന്നത് തങ്ങളുടെ സ്വന്തക്കാര്‍ തന്നെയാണെന്ന് വീട്ടുകാര്‍ അറിഞ്ഞു. പിന്നെ, പകയും, കുടിപ്പകയുമായി, അതങ്ങിനെ ഒരു സിനിമാക്കഥ പോലെ, കാമുകീകാമുകന്മാരെ സഹായിച്ച് ഒരു ബന്ധുവിന്റെ കൊലപാതകത്തില്‍ അവസാനിച്ചു. ഇതിനിടയില്‍പെട്ട്, കാമുകന്‍ ഒന്നര വര്‍ഷത്തോളം പ്രാണനോട് മല്ലടിച്ച് ആശുപത്രിയിലായി. കൊല നടത്തിയ ബന്ധു പതിനാല് വര്‍ഷത്തോളം ജയിലില്‍ കിടന്നു.

ചേച്ചിയെ കുടുംബക്കാരും ബന്ധുക്കളും സ്വന്തക്കാരും, പടിയടച്ചു പിണ്ഡം വെച്ച് അവരുമായുള്ള എല്ലാ ബന്ധവും വീട്ടുകാര്‍ അവസാനിപ്പിച്ചു. വര്‍ഷങ്ങളോളം ചികിത്സയില്‍കഴിഞ്ഞ അവരുടെ ഭര്‍ത്താവ് രക്ഷപെട്ടെങ്കിലും ദുരിത പൂര്‍ണമായിരുന്നു ജീവിതം.

ഇന്നും അന്‍പത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും അവരുടെ കുടുംബത്തോടുള്ള ബന്ധുക്കളുടെ നിലപാട് അതങ്ങിനെ തന്നെ തുടരുന്നു. ആ ചേച്ചിയുടെ മകളായിരുന്നു എന്റെ നാലാം ക്ലാസിലെ പുതിയ കൂട്ടുകാരി.

ഇത് പറയുമ്പോള്‍ അപ്പനു സങ്കടം വരുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞങ്ങളുടെ വീട്ടുകാര്‍ ഇന്നും അവരോടു സഹകരിക്കുന്നത് വലിയപ്പച്ചനോ മറ്റോ അറിഞ്ഞാല്‍ പ്രശ്‌നമാവും. അതിനാല്‍ അവരുടെ വീട്ടില്‍ പോകുന്ന കാര്യമൊന്നും തറവാട്ടില്‍ പറയരുത് എന്ന് കൂടി അപ്പന്‍ എന്നെ ഓര്‍മിപ്പിച്ചു.

ഈ കൂട്ടുകാരി ഞാന്‍ നാട്ടില്‍ നിന്ന് പോരുന്നിടം വരെ എന്റെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ അമ്മ ഞങ്ങളുടെ വീടിന്റെ വാതില്‍ക്കലിലൂടെ നടന്നു പോകുമ്പോള്‍ അപ്പന്‍ ഇറങ്ങി വന്ന് അവരോടു സംസാരിക്കുമായിരുന്നു. അത്ര മാത്രം.

ഇന്ന് ചേച്ചിയുടെ മക്കളെല്ലാം പഠിച്ചു, ഗള്‍ഫിലോ ജര്‍മ്മനിയിലോ പോയി, ആ കുടുംബം രക്ഷ പ്പെടുകയും ചെയ്തു.

അന്നങ്ങനെയൊക്കെയായിരുന്നു കാര്യങ്ങള്‍. അന്നത്തെ കാലവും അതായിരുന്നു. പക്ഷെ, പ്രണയം അന്നും ഇന്നും നിലനില്ക്കുന്നു. പ്രണയം പ്രകൃതിനിയമം തന്നെ. ലോകം മാറിയത് പോലെ, പ്രണയത്തിന്റെ രീതികള്‍ക്ക് മാറ്റമുണ്ടായിയെന്ന് മാത്രം. മാറുന്ന പ്രണയകാലത്തെക്കുറിച്ച് വയലാര്‍ പണ്ടേ പ്രവചിച്ചിരുന്നു എന്ന് ഡോക്ടര്‍. എം.വി പിള്ളസാര്‍ തന്റെ ഒരു പ്രസംഗത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു.

'കടലില്‍ നീ ചെല്ലണം, കാമുകനെ കാണണം, കല്യാണം അറിയിക്കേണം, നിന്റെ കല്യാണം അറിയിക്കേണം.....

അതെ. ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പേ കവിക്കറിയാമായിരുന്നു പ്രണയത്തിന്റെ ഭാവം തീര്‍ച്ചയായും മാറിമറിയുമെന്ന്.

പ്രണയിച്ച കാമുകനെ തന്നെ കല്യാണം വിളിക്കാന്‍ ഇന്നത്തെ തലമുറക്ക് ഒരു ഫേസ് ബുക്ക് മെസേജോ ഒരു എസ്.എം.എസോ മതിയല്ലോ.
'എടാ. ...യു നോ...ആക്ച്വലി .....ഐ റിയലി ലവ് യു ഡാ.....ബട്ട്......,.....യു .....നോ.........ബട്ട്, യു മസ്റ്റ് കം റ്റു മൈ മാരിയേജ് ഓക്കെ...ഡാ !!!! ഐ ലവ് യു ഡാ !!.. ഐ വില്‍ മിസ് യു ഡാ!!! ഹണിമൂണ്‍ കഴിഞ്ഞു വന്നിട്ട് ഐ വില്‍ കാള്‍ യു ഡാ...ഉംംമ്മ ....'

ഹോ, എന്താ ഇന്നത്തെ ന്യൂജനറേഷന്റെ ഒരു പ്രണയമേ...
പ്രണയസരോവരതീരം..(മീനു എലിസബത്ത് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക