Image

`ടിപ്പോളജി' എന്ന സാമ്പത്തികശാസ്‌ത്രം (ജോണ്‍ മാത്യു)

Published on 11 February, 2013
`ടിപ്പോളജി' എന്ന സാമ്പത്തികശാസ്‌ത്രം (ജോണ്‍ മാത്യു)
ഒറ്റനോട്ടത്തില്‍ തിരസ്‌രിക്കപ്പെടുന്നതും ചര്‍ച്ചചെയ്യാനുള്ള ഗൗരവത്വം ഇല്ലാത്തതുമായ ഒരു വിഷയമായിരിക്കാം ടിപ്പ്‌. ഒരു ചെറിയ പാരിതോഷികത്തിന്‌ എന്ത്‌ സാമ്പത്തികവശം.

റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചതിന്‌ ബില്ല്‌ ഒന്‍പത്‌ ഡോളര്‍ അന്‍പത്‌ സെന്റ്‌, നമ്മള്‍ പത്ത്‌ഡോളറിന്‍െ നോട്ട്‌ കൊടുത്തിട്ട്‌ ചില്ലറവാങ്ങാന്‍ നില്‌ക്കാറില്ല. ഇനിയും തലമുടിവെട്ടിച്ചിട്ട്‌ ഒരുഡോളര്‍ കൂടുതല്‍ കൊടുത്ത്‌്‌ പോരുന്നതും വെറും മര്യാദയായ പെരുമാറ്റം.

എന്നാല്‍ ഈ `ടിപ്പ്‌' എന്ന ചില്ലറക്കച്ചവടം അത്ര നിസാരമാണോ? അതിനൊരു സാമ്പത്തികവശമില്ലേ? അങ്ങനെയൊന്നില്ലെന്ന്‌ പറഞ്ഞ്‌ കണ്ണടച്ചാലും ആധുനിക ജീവിതരീതി ടിപ്പിന്റെ ആകെത്തുകക്ക്‌ പ്രബലമായൊരു സാമ്പത്തികത ഉണ്ടാക്കിക്കൊടുത്തുകഴിഞ്ഞു. ഇത്‌ തൊഴില്‍ബന്‌ധങ്ങള്‍ക്കും പുതിയനിര്‍വചനം കൊടുത്തു. ഈ സാമ്പത്തികത മാത്രമല്ലാത്ത മറ്റു ചില പക്ഷങ്ങള്‍ക്കൂടി ടിപ്പിനുണ്ട്‌, കൊടുക്കുന്നവരുടെ മാനസികത, പിന്നെ വാങ്ങുന്നവരുടെ ആര്‍ത്തിയും. ഇതിനൊക്കെ ഉപരി ഈ നിസാരമായ ടിപ്പ്‌ മേലേത്തട്ടിലേക്ക്‌ കയറുമ്പോള്‍ കൈകാര്യം ചെയ്യുന്നവരുടെ നിലയും ടിപ്പിന്റെതന്നെ വിലയും അനുസരിച്ച്‌ അറിയപ്പെടുന്ന പേരുകള്‍ വേറെയെന്ന്‌ മാത്രം.

നമുക്കുവേണ്ടി വ്യക്‌തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ കണ്ടറിഞ്ഞ്‌ സേവനം നല്‌കുന്നവര്‍ക്ക്‌ ആ സേവനത്തിനും മുന്‍കൂട്ടി നിശ്‌ചയിച്ചുറച്ച ഔപചാരികമൂല്യത്തിനുമുപരിയായ തിരിച്ചറിവുംകൂടി ഉണ്ടാകുക, അങ്ങനെയുള്ള സന്തോഷം പങ്കുവെക്കുന്നതിന്റെ പ്രത്യക്ഷമായ ആവിഷ്‌ക്കാരമാണ്‌ `ടിപ്പ്‌'.

മറ്റ്‌ ചിലപ്പോള്‍ സേവനങ്ങളുടെ നിലവാരം അവഗണിച്ച്‌ തങ്ങള്‍ക്കുണ്ടായ നേട്ടങ്ങളുടെ ആഹ്‌ളാദവും ചിലര്‍ പങ്കുവെക്കുന്നു. വല്ലപ്പോഴുമെങ്കിലും സാല്‍വേഷന്‍ ആര്‍മിയുടെ പിരിവുതൊട്ടിയില്‍ വീഴുന്ന സ്വര്‍ണ്ണനാണയങ്ങള്‍ ഇതിന്‌ ഉത്തമോദാഹരണമാണ്‌. ഇതേ മാനസീകാവസ്‌ഥ മുതലെടുക്കുന്ന തത്വമാണ്‌ സമര്‍ത്ഥരായ പിരിവുകാരും, ഇനിയും ഭിക്ഷക്കാര്‍പ്പോലും, പ്രയോഗിക്കുക. കൈനിറയെ വാരിക്കൊടുക്കുന്ന വിശാലമനസ്‌ക്കനും പുതുപ്പണക്കാരനുമായ ഒരാളെ ഇവര്‍ ഇടക്കിടെ എവിടെയെങ്കിലും കണ്ടുമുട്ടിയെന്നിരിക്കും.

ടിപ്പിന്റെ സാമ്പത്തികത എന്ന ചര്‍ച്ചയില്‍ നിരീക്ഷിക്കുന്നത്‌ നിരുപദ്രവകരമായ ഒരു മര്യാദയില്‍നിന്ന്‌ അത്‌ ശതമാനക്കണക്കിലേക്കും, പിന്നെ ഗ്രാറ്റിയുറ്റി എന്ന നിര്‍ബന്‌ധിതയിലേക്കും ചെന്ന്‌ കച്ചവടത്തിന്റെ ഭാഗമായതിന്റെ ചരിത്രമാണ്‌്‌. ഇന്ന്‌ ഹോട്ടേല്‍ റെസ്‌റ്റോറന്റ്‌ വ്യവസായത്തിന്‌ കലാശാലകളില്‍ പഠിപ്പിക്കാത്ത, ഒരു ധനതത്വത്തിന്റെയും അടിത്തറയില്ലാത്ത, (ടിപ്പോണമിയോ അല്ലെങ്കില്‍ ടിപ്പോളജിയോ (എന്ന വിഷയം കൂടാതെ സ്വതന്ത്ര നിലനില്‍പ്പില്ലത്രേ.)

ഭക്ഷണ വിഭവങ്ങള്‍ വിതരണം ചെയ്യുന്ന വെയ്‌റ്റര്‍മാര്‍ക്ക്‌ ഈ ടിപ്പുവഴി സ്വഭാവികമായി വന്നുകൂടുന്നത്‌ അമിത പ്രതിഫലമാണെന്നാണ്‌ വെയ്‌പ്പ്‌. അതേ സ്‌ഥാപനത്തില്‍ മറ്റ്‌ വിഭാഗങ്ങളിലുള്ള പ്രവര്‍ത്തകര്‍ക്ക്‌ ലഭിക്കാത്ത അവസരം എന്നുവേണമെങ്കില്‍ പറയാം. മാനേജര്‍ക്ക്‌ കിട്ടുന്നതനേക്കാള്‍ കൂടുതല്‍ അതേ സ്‌ഥാപനത്തില്‍നിന്ന്‌ സ്വകാര്യമായി ലാഭമുണ്ടാക്കുന്ന കീഴ്‌ജീവനക്കാരന്‍ എന്നത്‌ അംഗീകരിക്കാന്‍ കഴിയുകയില്ലല്ലോ. അതിനുള്ള എളുപ്പപരിഹാരമാര്‍ഗം വെയ്‌റ്റര്‍മാുടെ ശമ്പളം ഇല്ലാതാക്കി ടിപ്പുകൊണ്ട്‌ ജീവിക്കുന്ന രീതി സൃഷടിക്കുകയാണ്‌. സ്വന്തം കക്ഷികളെ സൃഷ്‌ടിച്ചെടുത്ത്‌, സന്തോഷിപ്പിച്ച്‌ വെയ്‌റ്റര്‍മാര്‍ അന്യോന്യം പൊരുതിയും പോരാടിയും കിട്ടുന്ന ടിപ്പുകൊണ്ട്‌ ജീവിച്ചുകൊള്ളണം. ഇത്‌ റെസ്‌റ്റോറന്റുകള്‍ അംഗീകരിച്ച നടപടിയും ആയിത്തീര്‍ന്നു.

ഇത്രയൊക്കെയായിട്ടും പിന്നെയും പ്രശ്‌നം ബാക്കി. ഉന്നതനിലവാരമില്ലാത്ത സ്‌ഥാപനങ്ങളില്‍ ഭക്ഷണത്തിനെത്തുന്നവര്‍ വേണ്ടവിധം ടിപ്പ്‌ കൊടുത്തില്ലെന്നിരിക്കും. തൃപ്‌തികരമായ വരുമാനമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍പ്പിന്നെ ആരാണ്‌ ജോലിക്കെത്തുക. അപ്പോള്‍ അതിനും പ്രതിവിധി കണ്ടുപടിച്ചു. `ഗ്രാറ്റിയുറ്റി' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന `പതിനെട്ടുശതമാനം'. ദൈവത്തിനുപോലും പത്തിലൊന്ന്‌ മതി പിന്നെ `നിങ്ങള്‍ക്കെന്തിന്‌ പതിനെട്ട്‌' എന്ന്‌ കുറിപ്പെഴുതിവെച്ച്‌ ഒരു പാസ്‌റ്റര്‍ വിവാദം സൃഷടിച്ചത്‌ ഇക്കഴിഞ്ഞ ദിവസമാണ്‌.

ഈ ടിപ്പും ഗ്രാറ്റിയുറ്റിയും സമ്പ്രദായങ്ങള്‍ അവസാനിപ്പിച്ച്‌ ജോലിക്കാര്‍ക്ക്‌ മാന്യമായ വേതനം കൊടുത്തുകൂടേ എന്ന്‌ ചോദിച്ചാല്‍ അപ്പോള്‍ ഉത്തരം ഭക്ഷണവിഭവങ്ങള്‍ക്ക്‌ വിലകൂടുമെന്നായരിക്കും. ടിപ്പായാലും ഗ്രാറ്റിയുറ്റിയായാലും ഈ കാശ്‌ ഇവര്‍ നമ്മില്‍നിന്ന്‌ ഈടാക്കും, തീര്‍ച്ച.

ഇനിയും ഈ ഗ്രാറ്റിയുറ്റികൊണ്ട്‌ പ്രശ്‌നം തീര്‍ന്നുകിട്ടുമോ ഇല്ലതന്നെ. അതാണ്‌ നേരത്തെ പറഞ്ഞ ആഹ്‌ളാദത്തിന്റെ മാനസികാവസ്‌ഥ. കണക്ക്‌ കൂട്ടിയും കിഴിച്ചും തലപുകക്കാത്ത ചിലര്‍ പിന്നെയും മേശപ്പുറത്ത്‌ നല്ലൊരുതുക ശേഷിപ്പിച്ചിട്ടു പോകും. അങ്ങനെ വീണ്ടും വിതരണക്കാര്‍ക്കെതിരായി അസൂയ വളരുകയും ചെയ്യും.

നമ്മുടെ സമൂഹത്തിലേക്കുതന്നെ വരാം. ടിപ്പ്‌ കൊടക്കുന്നത്‌ മനസില്ലാമനസോടെയാണെങ്കിലും വാങ്ങുന്നതിന്റെ രസം ഒന്നുവേറെ. ഒരുകാലത്ത്‌ ഇവിടെ ഹൂസ്‌റ്റനില്‍ സാധാരണ നാടന്‍ശൈലിയിലുള്ള വര്‍ത്തമാനത്തിലെ പൊങ്ങച്ചമായിരുന്നു പാരിതോഷികങ്ങള്‍ നിയമവിരുദ്ധമായിരുന്ന ചില സ്‌ഥാപനങ്ങളിലെപോലും പ്രൈവറ്റ്‌ഡ്യൂട്ടികളും അനുബന്‌ധിച്‌ വിദേശസമ്പന്നരില്‍ക്കൂടി സ്വര്‍ണ്ണക്കട്ടികളായിട്ടെത്തുന്ന ടിപ്പും. അതുപോലെ ആഭരണങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ മേധാവിക്ക്‌ സമ്മാനിച്‌ ഓവര്‍ടൈം സഘടിപ്പിച്ചിരുന്ന കഥകളും ഇതിനോട്‌ കൂട്ടിച്ചേര്‍ക്കുക. കരാറുകളിലെ ക്വിക്ക്‌ബാക്കുകളും പണംമുടക്കി വാങ്ങുന്ന സ്‌കൂള്‍ പ്രവേശനങ്ങളും ഇന്നത്തെ പുരസ്‌ക്കാരങ്ങളും. വിശാലമായ അര്‍ത്ഥത്തില്‍ `ടിപ്പോളജി' എന്ന നവപഠനപരമ്പരയില്‍ പെടുമോ, എന്തോ?
`ടിപ്പോളജി' എന്ന സാമ്പത്തികശാസ്‌ത്രം (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക