Image

സ്വപ്നാടനം(നോവല്‍ ഭാഗം-1)- നീന പനക്കല്‍

നീന പനക്കല്‍ Published on 11 February, 2013
 സ്വപ്നാടനം(നോവല്‍ ഭാഗം-1)- നീന പനക്കല്‍
കിടപ്പുമുറിയിലെ പട്ടുമെത്തയില്‍ മേരിക്കുട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു. അവള്‍ക്ക് ഉറക്കം വരുന്നില്ല. കുറെനാളായി ഇങ്ങനെയാണ്. സുഖമായി ഉറങ്ങുവാന്‍ കഴിയുന്നില്ല.

ഒരു ഡോക്ടറെ കണ്ട്, സംസാരിച്ച്, ഉറങ്ങാനുള്ള ഗുളികള്‍ വാങ്ങിക്കഴിക്കരുതോ എന്ന നിര്‍ദ്ദേശമാണ് ജോസില്‍ നിന്നുമുണ്ടായത്.

ഡോക്ടറെ കണ്ടാല്‍ ഉറക്കഗുളികക്കു കുറിച്ചുതരും. ഗുളിക കഴിച്ചാല്‍ കുറെനേരം മയങ്ങിക്കിടക്കാന്‍ സാധിച്ചേക്കും. പക്ഷേ നീറുന്ന മനസ്സിന്റെ ഉറക്കമില്ലായ്മക്ക് മരുന്നുണ്ടോ?

ജോസിന് അതു മനസ്സിലാക്കാന്‍ കഴിയുന്നില്ലല്ലോ.

നൈറ്റ് സ്റ്റാന്റില്‍ വെച്ചിരിക്കുന്ന ക്ലോക്കിലേക്ക് മേരിക്കുട്ടിയുടെ കണ്ണുകള്‍ നീണ്ടുചെന്നു. മണി രണ്ട്. മൂന്നു മണിക്കൂര്‍ കൂടി കഴിയുമ്പോള്‍ നേരം നന്നേ പുലരും. ഇത് വേനല്‍ക്കാലമാണല്ലോ.

വയറും കത്തുന്നുണ്ട് അത്താഴം കഴിച്ചതല്ല. വിശപ്പു തോന്നിയതേയില്ല.

മേരിക്കുട്ടി മെല്ലെ എഴുന്നേറ്റ് അടുക്കളിയിലേക്കു ചെന്നു. ഫ്രിഡ്ജില്‍ നിന്നും പാലെടുത്തു ചൂടാക്കി. ടോസ്റ്റു ചെയ്ത ബേഗലുമായി അവള്‍ ഊണുമേശക്കരികില്‍ കഴിക്കാനിരുന്നു.
എത്ര നാളാണിങ്ങനെ?

എന്തു ജീവിതമാണ് എന്റേത്?

ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി?

അറിയാതെ അവളുടെ കണ്ണുകള്‍ നനഞ്ഞു.

സുന്ദരനും ആരോഗ്യവാനുമായ ഭര്‍ത്താവ്. രണ്ടുപേര്‍ക്കും അമേരിക്കയില്‍ ഭേദപ്പെട്ട ജോലി. സുഖജീവിതമാണ് എന്നാണഅ എല്ലാവരുടേയും മനസ്സില്‍.

വിവാഹം കഴിഞ്ഞ് ഡിട്രോയിറ്റിലെത്തുമ്പോള്‍ ഏക ബന്ധുവായി റീത്താന്റിയാണുണ്ടായിരുന്നത്. അവര്‍ക്കു മക്കളില്ല. അങ്കില്‍ മരിച്ച ദുഃഖത്തില്‍ കഴിയുകയാണ് അന്ന് ആന്റി.

റീത്താന്റിയുടെ വീട്ടില്‍ താമസിച്ചുകൊണ്ട് സൗകര്യപ്രദമായ ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ണുപിടിക്കാനുള്ള ശ്രമമായി.

നിങ്ങള്‍ക്ക് എന്റെ കൂടെ താമസിക്കാമല്ലോ ആന്റി നിര്‍ബന്ധിച്ചു. നിങ്ങള്‍ രണ്ടുപേരുമല്ലാതെ എനിക്കിവിടെ വേറാരാ ഉളളത്?
അതു ശരിയാവില്ല ആന്റീ. നമുക്കു രണ്ടു പേര്‍ക്കും അതു ബുദ്ധിമുട്ടാവും. ജോസു പറഞ്ഞു.

അപ്പാര്‍ട്ട്‌മെന്റ് കിട്ടിയപ്പോള്‍ അങ്ങോട്ടു മാറി. രണ്ടുപേര്‍ക്കും അത്ര മെച്ചമായ ജോലിയല്ല ആദ്യം കിട്ടിയത്. അതുകൊണ്ട് കുട്ടികള്‍ ഉടനെവേണ്ട എന്ന തീരുമാനമെടുത്തു.

റീത്താന്റി പറയുമായിരുന്നു. കുഞ്ഞുങ്ങളേ നിങ്ങള്‍ക്ക് പഠിക്കണം, നല്ല ജോലിക്കു ശ്രമിക്കണം ഒക്കെ ശരി. പക്ഷെ കുട്ടികള്‍ വേണ്ട എന്നു വെക്കരുത്. പില്‍സും മറ്റും എടുക്കുന്നത് ദോഷം ചെയ്യും. കുഞ്ഞിനെ ഞാന്‍ നോക്കാം, ഞാന്‍ വളര്‍ത്താം.

രീരസൗന്ദര്യം, ആകാരവടിവ്, രാത്രിയില്‍ കരഞ്ഞു ശല്യമുണ്ടാക്കുന്ന കുഞ്ഞ്, ഉറക്കം നഷ്ടപ്പെടുന്ന രാത്രികള്‍, പലച്ചെലവ്.

വേണ്ട. ഇപ്പോള്‍ കുട്ടകള്‍ വേണ്ട. പഠിത്തം കഴിയട്ടെ. ജോലിയാകട്ടെ. പിന്നെയാകാം കുട്ടികള്‍. സ്വയം തീരുമാനിക്കുകയായിരുന്നു.

രണ്ടുപേരുടേയും പഠനം കഴിഞ്ഞു. നല്ല കമ്പനികളില്‍ ജോലി കിട്ടി. സബര്‍ബില്‍ മനോഹരമായ വീടുവാങ്ങി. അപ്പോഴേക്കും വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.

ഗര്‍ഭനിരോധന ഗുളികള്‍ കഴിക്കുന്നതു നിര്‍ത്തി. മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും ഫലമൊന്നും കാണാതായപ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു. പതിവായി പരിശോധനകള്‍ നടത്തി. പക്ഷേ പ്രയോജനമുണ്ടായില്ല.

ധൃതി വെക്കണ്ട, എല്ലാം സ്വാഭാവികമായി നടക്കട്ടെ. ലെറ്റ് നേച്ചര്‍ ടേക്ക് ഇറ്റ്‌സ് കോഴ്‌സ് ഡോക്ടറുടെ ഉപദേശം.

ഇനിയും ആശിച്ചിട്ടു കാര്യമില്ല എന്നു എന്തുകൊണ്ടോ തോന്നി. വെക്കേഷന് നാട്ടില്‍ പോകുമ്പോഴായിരുന്നു കൂടുതല്‍ പ്രയാസം. ആളുകളുടെ ചോദ്യവും സഹതാപവും വല്ലാതെ തളര്‍ത്തി. ഒടുവില്‍ അങ്ങോട്ടു പോകാന്‍തന്നെ മടിയായി.

“ജോലി സ്ഥലത്തെ ടെന്‍ഷനു ഒരു കാരണമാണ് മോളേ.” റീത്താന്റി ഉപദേശിച്ചു. “വെക്കേഷന്‍ എടുത്ത് എവിടെയെങ്കിലും ഉല്ലാസയാത്രയ്ക്കു പോകൂ. കുറച്ചു ദിവസം വിശ്രമിക്കൂ.”
എന്തിനും തയ്യാറായിരുന്നു ജോസ്.

ആദ്യം ഹാവായി യിലേക്കായിരുന്നു പോയത്. പിന്നീട് ബഹാമസ്, കരീബിയന്‍ ഐലന്‍ഡ്‌സ്. യാത്ര പോയതു മിച്ചം.

ഒരിക്കന്‍ സ്ത്രീകള്‍ക്കുള്ള പതിവ് എത്തുന്നതിനുമുന്‍പ്, ശക്തിയായ രക്തസ്രാവമുണ്ടായി. നടുവിനും അടിവയറ്റിലും അതിശക്തമായ വേദനയും. ഉടന്‍ ഡോകടര്‍ക്കു ഫോണ്‍ ചെയ്തു.

“എമര്‍ജന്‍സിയില്‍ വേഗം വരിക. ഞാന്‍ അവിടെ വന്ന് നിന്നെ കാണാം.”

ഡോക്ടര്‍ പരിശോധിച്ചു. അള്‍ട്രാസൗണ്ട് ചെയ്തു. ടെസ്റ്റുകള്‍ നടത്തി.

ഇടത്തേ ഓവറയില്‍ സിസ്റ്റ് ഉണ്ട്. ഉടന്‍ നീക്കം ചെയ്യണം.

ശസ്ത്രക്രിയ നടന്നു.

എനിക്കിനി ഒരിക്കലും അമ്മയാവാന്‍ സാധിക്കില്ല അല്ലേ ഡോക്ടര്‍
?

ഒരു ഓവറിയല്ലേ എടുത്തുമാറ്റിയുള്ളൂ. നിങ്ങള്‍ക്ക് കുട്ടികളുണ്ടാവാന്‍ ഇനിയും സാധ്യതയുണ്ട്.
ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണെന്ന് കേട്ടപ്പോള്‍ തന്നെ മനസ്സിലായി.

പാതികുടിച്ച പാലുമായി മേരിക്കുട്ടി ചിന്തയില്‍ മുഴുകിയിരുന്നു.

ഒരു മാസം മുന്‍പ് ജോസ് ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു.

'ഞാനൊരു കാര്യം ആലോചിക്കുവായിരുന്നു മേരിക്കൂട്ടീ. നമുക്കൊരു കുഞ്ഞിനെ ദത്തെടുത്താലോ?'അവളുടെ പ്രതികരണം എന്തെന്നറിയാന്‍ ആകാംക്ഷയോടെ നോക്കി.

അവള്‍ ഒരു നിമിഷം നിശ്ശബ്ദയായി.

ഞാനും അതേക്കുറിച്ച് ആലോചിക്കാതിരുന്നില്ല. പക്ഷേ മനസ്സു വരുന്നില്ല. നമ്മള്‍ ഏതെങ്കിലും അനാഥാലയത്തില്‍ ചെന്ന് ഒരു കുഞ്ഞിനെ ദത്തെടുത്തെന്നു വയ്ക്കുക. ആ കുഞ്ഞ് ഏതു ബാക്ക്ഗ്രൗണ്ടുള്ള ആളുകളുടേതാണെന്ന് നമുക്കറിയാന്റ സാധിക്കുമോ?

അതൊന്നും അറിയാതിരിക്കുന്നതല്ലേ നല്ലത്?

തലമുറകളായി പകരുന്ന ചില അസുഖങ്ങളുണ്ട്. ഭ്രാന്ത്, അപസ്മാരം, ഹൃദ്രോഗം, ആസ്തമ. ആ കുഞ്ഞിന് എങ്ങനെ ഉറപ്പിക്കാനാവും?

നമ്മള്‍ ഒരു റിസ്‌ക് എടുക്കാതെ പറ്റത്തില്ല.

മേരിക്കുട്ടി അപ്പോള്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. പിന്നെ കുറെ ദിവസത്തേക്ക് അതു മാത്രമായിരുന്നു അവളുടെ ചിന്ത. ഒരു കുഞ്ഞിനെ ദത്തെടുക്കുക മാത്രമാണ് ജീവിതത്തിന് അര്‍ത്ഥം കണടെത്താന്‍ ഒരേയൊരു പോംവഴി. പക്ഷേ അനാഥായത്തില്‍ നിന്ന്..?

അതേതായാലും വേണ്ട.

പിന്നീടാണ് മറ്റൊരു ഓര്‍മ്മ വെള്ളിവെളിച്ചം പോലെ മേരിക്കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞത്.
ഗൂസിക്ക് രണ്ടു പെണ്‍കുഞ്ഞുങ്ങളല്ലേ? ഇരട്ടക്കുട്ടികള്‍. ഒരു കുഞ്ഞിനെ ചോദിച്ചാല്‍ അവള്‍ തരുമോ? ചോദിക്കാന്‍ ജോസ് സമ്മതിക്കുമോ?

ജോസിന്റെ കുഞ്ഞുപെങ്ങളാണ് സൂസി. വീട്ടുകാരുടെ കഠിനമായ എതിര്‍പ്പിനെ അവഗണിച്ച്, താന്‍ സ്‌നേഹിച്ച മനു എന്ന ചെറുപ്പക്കാരനെ രജിസ്റ്ററ് വിവാഹം ചെയ്തവളാണ്. അതുകാരണം അവള്‍ വീട്ടുകാര്‍ക്ക് ആരുമല്ലാത്തവളായ. വെറുക്കപ്പെട്ടവളായി.

സൂസി പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവ് ഒരു വാഹനാപകടത്തില്‍പ്പെട്ടു മരിച്ചു. അതറിഞ്ഞിട്ടും വീട്ടുകാര്‍ അവളോട് ക്ഷമിച്ചില്ല. അവളെ തിരിഞ്ഞു നോക്കിയുമില്ല.

ഒരു ജോലിയുള്ളതുകൊണ്ട് അവള്‍ ജീവിക്കുന്നു.

ജോസിന് സൂസിയുടെ കാര്യത്തില്‍ വിഷമമുണ്ടായിരുന്നു. പക്ഷെ, അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഒരു കത്തുപോലും എഴുതിയില്ല.

ഇതു ക്രൂരതയാണു ജോസേ. മേരിക്കുട്ടിക്ക് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.

'അറിയാം. പക്ഷെ ഞാന്‍ അവള്‍ക്കു കത്തെഴുതി എന്നറിഞ്ഞആല്‍ പിന്നെ വീടിന്റെ പടിചവിട്ടാന്‍ അപ്പച്ചന്‍ എന്നെ അനുവദിക്കില്ല. ചാരുവിള ബര്‍ണാര്‍ഡ് സാറിന്റെ സ്വഭാവം എനിക്ക് നന്നായിട്ടറിയാം. മാത്രവുമല്ല, കുടുംബത്തിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിക്കൊണ്ടല്ലേ, വീട്ടിലെ കാര്യസ്ഥനായിരുന്ന ആളിന്റെ കൊച്ചുമോനെ അവള്‍ കെട്ടിയത്? അവള്‍ കുറച്ച് അനുഭവിക്കട്ടെ'

സൂസിയുടെ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ എന്തുപ്രായം വരും? എട്ടുമാസമോ അതോ പത്തോ?
അന്നുരാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മേരിക്കുട്ടി ജോസിനോട് അക്കാര്യം സംസാരിച്ചു.

“ഞാനൊരു കാര്യം പറയട്ടെ. ദയവായി എതിര്‍ക്കരുത്. നമുക്ക് നാട്ടില്‍പ്പോയി സൂസിയെ ഒന്നു കാണാം. ആരോരും സഹായത്തിനില്ലാതെ കഷ്ടപ്പെടുകയാണവള്‍. ഒരു കുഞ്ഞിനെ ചോദിച്ചാല്‍ തീര്‍ച്ചയായും അവള്‍ തരും.”

കേട്ടതു വിശ്വസിക്കാനാവാതെ ജോസ് അവളെ തുറിച്ചുനോക്കി.

'നീ വേറെ വല്ലതും പറ മേരിക്കുട്ടീ.'

ഞാന്‍ പറയുന്നത് സമാധാനമായി ഒന്നു ശ്രദ്ധിച്ചാട്ടേ. വീട്ടുകാര്‍ക്ക് ഇഷ്ടമല്ലാത്തതു ചെയ്‌തെങ്കിലും സൂസി ജോസിന്റെ പെങ്ങളാണ്. ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുമവളെ കൈവിടുന്നതു ശരിയല്ല.

ജോസ് ഒന്നും മിണ്ടാതെ മേരിക്കുട്ടിയെ നോക്കുക മാത്രം ചെയ്തു.

പുറമേ സൂസിയോട് ദേഷ്യഭാവം കാണിക്കുമെങ്കിലും കുഞ്ഞനുജത്തിയോട് അയാള്‍ക്ക് ഉള്ളിന്റെയുള്ളില്‍ സ്‌നേഹവാത്സല്യങ്ങളുണ്ടെന്ന് മേരിക്കുട്ടിക്കറിയാമായിരുന്നു.

സൂസിയുടെ കുഞ്ഞ് നമ്മുടെ കുഞ്ഞാണ്. നമ്മുടെ കുടുംബത്തില്‍ പിറന്ന കുഞ്ഞ്. നമുക്ക് വേറൊന്നും പേടിക്കാനില്ല.

അവള്‍ തരില്ല അല്പസമയം ആലോചിച്ചിരുന്നിട്ട് ജോസ് പറഞ്ഞു. അവള്‍ക്ക് നമ്മോട് പകയും വെറുപ്പും ആയിരിക്കും. ഒരു ശത്രുവിനോടെന്നപോലെയാണ് നമ്മള്‍ അവളോട് പെരുമാറിയത്. ഹാര്‍ട്ടറ്റാക്കു വന്ന് അപ്പച്ചന്‍ മെഡിക്കല്‍ കോളേജിലാണെന്നറിഞ്ഞ് അവള്‍ മനുവും ഒത്ത് എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് ഓടിച്ചെന്നിട്ട് എന്താണു സംഭവിച്ചതെന്ന് അറിഞ്ഞില്ലേ? ഐ.സീ. യൂണിറ്റില്‍ കിടന്ന അപ്പച്ചനെ ഒന്നു കാണാന്‍ പോലും ആരും അവളെ അനുവദിച്ചില്ല. എന്നുമാത്രമല്ല അധിക്ഷേപിച്ച് ഇറക്കിവിടുകയും ചെയ്തു.

മേരിക്കുട്ടി മിണ്ടിയില്ല. ജോസിന്റെ നേരെ ഇളയ അനുജത്തി റിന്‍ഡാ വിശദമായി എഴുതിയ കത്ത് അവളും വായിച്ചതാണല്ലോ.

തന്നെയുമല്ല, ഏതെങ്കിലും ഒരമ്മ സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തയ്യാറാവുമോ? ജോസിന് അതാലോചിക്കാന്‍ കൂടി കഴിയുന്നില്ല.

ഉപേക്ഷിക്കുകയല്ലല്ലോ. മേരിക്കുട്ടി വാദിച്ചു. വളര്‍ത്താന്‍ നമുക്കു തരുന്നതേയുള്ളൂ. വേറെ ആര്‍ക്കുമല്ല, സ്വന്തം ആങ്ങളക്കാണ് തരുന്നത്.
എനിക്ക് വിശ്വാസമില്ല.

ജോസ് എന്റെ കൂടെ വന്നാല്‍ മതി. സൂസിയോട് ഞാന്‍ സംസാരിച്ചോളാം. ചാരുവിള വീട്ടില്‍ ഞാന്‍ വന്നപ്പോള്‍ സ്വന്തം ചേച്ചിയെപ്പോലാ അവളെന്നെ സ്‌നേഹിച്ചതും എന്നോടു പെരുമാറിയതും. എനിക്കിപ്പോള്‍ ശരിക്കും കുറ്റബോധമുണ്ട്…. ഞാനെങ്കിലും അവള്‍ക്കൊരു കത്ത് എഴുതണമായിരുന്നു.

ജോസ് അത്ഭുതത്തോടെ അവളെനോക്കി. മുന്‍പൊരിക്കലും സൂസിയെക്കുറിച്ച് ഇത്ര സഹതാപത്തോടെ സംസാരിച്ചുകേട്ടിട്ടല്ല. എന്താണ് ഇപ്പോഴൊരു മനംമറ്റാത്തിനു കാരണം? ഗൂസിയുടെ കുഞ്ഞിനെ ആഗ്രഹിക്കുന്നതു കൊണ്ടു മാത്രം. അതുതന്നെയാണു കാരണം.

നമുക്ക് നാട്ടിലേക്ക് ഒന്നു പോയാലോ?

പോകാം. ജോസു സമ്മതിച്ചു.

എന്ന്?

അടുത്തമാസം.

എന്തിനാ അടുത്തമാസത്തേക്കു നീട്ടുന്നത്? നമുക്ക് അടുത്താഴ്ച പൊയ്ക്കൂടേ? ടിക്കറ്റ് റിസേര്‍വ് ചെയ്യാന്‍ ഞാന്‍ നാളെത്തന്നെ വിളിച്ചുപറയാം.

ഉടനെ അവധികിട്ടാല്‍ പ്രയാസം. അടുത്ത മാസം പോയാല്‍ മതി.

എടുത്തു ചാടി ഒന്നും ചെയ്യുന്നതു നല്ലതല്ല എന്നു തോന്നിയതു കൊണ്ടാണ് ജോസ് അങ്ങനെ പറഞ്ഞത്. നല്ലതുപോലെ ആലോചിച്ചു ചെയ്യേണ്ട കാര്യമാണ്.

അപ്പച്ചനും അമ്മച്ചിയും ഒരിക്കലും സമ്മതിക്കില്ല. അവരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് സൂസിയുടെ കുഞ്ഞിനെ ദത്തെടുക്കാനുമാവില്ല; അവള്‍ തരുമെങ്കില്‍ക്കൂടി.

സ്‌നേഹിച്ച പുരുഷനെ വിവാഹം ചെയ്തതുകൊണ്ട് സൂസിയെ എല്ലാവരും ഒഴിവാക്കി. പരിഷ്‌കൃതരാജ്യത്തു ജീവിക്കുന്ന താനും അവരെപ്പോലെ ചിന്തിച്ചത് ശരിയായില്ല എന്നിപ്പോള്‍ തോന്നുന്നു.
രണ്ടു ദിവസം കഴിഞ്ഞ് റീത്താന്റി വിളിച്ചു:

ജോസേ നിങ്ങളെന്നാ നാട്ടില്‍ പോകുന്നത്?

തീരുമാനിച്ചില്ല ആന്റീ. അടുത്തമാസം മിക്കവാറും.

വിവരങ്ങളൊക്കെ ചൂടാറാതെ മേരിക്കുട്ടി റീത്താന്റിയെ അറിയിച്ചു. കഴിഞ്ഞിരിക്കുന്നു എന്നയാള്‍ക്കു മനസ്സിലായി.

'സൂസിയെ കാണാന്‍ നിങ്ങള്‍ നിശ്ചയിച്ചു അല്ലേ. നന്നായി.'

സൂസിയോടു ചോദിച്ചു നോക്കാം. പക്ഷേ അവള്‍ കുഞ്ഞിനെ തരുമെന്ന് എനിക്ക് വിശ്വാസമില്ല. വലിയ വാശിക്കാരിയാ അവള്‍. അപ്പച്ചന്റെ വാശിതന്നെയാണ് അവള്‍ക്കും കിട്ടിയിരിക്കുന്നത്.

'എന്നാലും ചോദിച്ചു നോക്കുന്നതില്‍ കുഴപ്പമില്ലല്ലോ.'

കുഴപ്പമൊന്നുമില്ല. ഞാനായിട്ട് മേരിക്കുട്ടിയുടെ ആഗ്രഹത്തിന് തടസ്സം നില്ക്കുന്നില്ല. പക്ഷേ സൂസിയോട് ഞാന്‍ കുഞ്ഞിനെ ചോദിക്കില്ല.

മേരിക്കുട്ടി ചോദിച്ചോളും.

ജോസിന്റെ മനസ്സില്‍നിന്നും ആശങ്ക ഒഴിഞ്ഞുപോയില്ല. എങ്ങനെ സൂസിയുടെ മുന്നില്‍ച്ചെല്ലും? എങ്ങനെ അവളുടെ മുന്നില്‍ നാണംകെടും? അവളുടെ കുഞ്ഞിനെ ചോദിക്കാനുള്ള അര്‍ഹത തങ്ങള്‍ക്കുണ്ടോ? അവള്‍ ആട്ടിയാല്‍ മിണ്ടാതെ തിരിഞ്ഞു നടക്കേണ്ടി വരില്ലേ?

മേരിക്കുട്ടി ഉല്ലാസവതിയായിരുന്നു. അവള്‍ സൂസിക്കും മക്കള്‍ക്കും വേണ്ടി ധാരാളം വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വാങ്ങി. സൂസിയുടെ കുഞ്ഞിനെ കിട്ടുമെന്നതുതന്നെ വിശ്വസിച്ച് ആകെ ത്രില്ലടിച്ചു നടന്ന അവളെ നിരാശപ്പെടുത്താന്‍ ഒരാള്‍ക്കും സാധിക്കില്ലായിരുന്നു.

പോകാനുള്ള ദിവസമെത്തി. റീത്താന്റിയാണ് എയര്‍പ്പോര്‍ട്ടിലേക്ക് അവരെ കൊണ്ടുപോയത്.'

'ആള്‍ മൈ വിഷസ്'. റീത്താന്റി മേരിക്കുട്ടിയെ ആശ്ലേഷിച്ച് ഇരുകവിളിലും മുത്തി.

കൃത്യസമയത്തു തന്നെ മേരിക്കുട്ടിയേയും ജോസിനേയും വഹിച്ചുകൊണ്ട് ആ കൂറ്റന്‍ വിമാനം വാനിലേക്കുയര്‍ന്നു.

 സ്വപ്നാടനം(നോവല്‍ ഭാഗം-1)- നീന പനക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക