Image

9/11: ന്യൂയോര്‍ക്കിലും വാഷിങ്ടണിലും കനത്ത സുരക്ഷ

Published on 10 September, 2011
9/11: ന്യൂയോര്‍ക്കിലും വാഷിങ്ടണിലും കനത്ത സുരക്ഷ

9/11 വാര്‍ഷികത്തോടനുബന്ധിച്ച് അമേരിക്കയില്‍ വന്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് മൂന്നു പേര്‍ രാജ്യത്ത് തമ്പടിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ്.

അല്‍ ഖ്വെയ്ദ തന്നെയാണ് ഈ ആക്രമണത്തിന് കോപ്പുകൂട്ടുന്നതെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്‍റണ്‍ പറഞ്ഞു. ന്യൂയോര്‍ക്കിലോ വാഷിങ്ടണിലോ കാര്‍ ബോംബ് സ്‌ഫോടനം നടത്തി കഴിയുന്നത്ര നാശംവിതയ്ക്കുക എന്നതാണ് അല്‍ ഖ്വെയ്ദയുടെ ഉദ്ദേശ്യം. മൂന്നു ഭീകരരില്‍ രണ്ടു പേര്‍ അമേരിക്കന്‍ പൗരന്‍മാര്‍ തന്നെയാണെന്നതിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. 

ബിന്‍ ലാദനെ വിധിച്ചതിന് പ്രതികാരം ചെയ്യാന്‍ സംഘടനയുടെ ഇപ്പോഴത്തെ തലവന്‍ അയ്മന്‍ അല്‍-സവാഹിരിയാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അറബ് വംശജരും അറബിയും ഇംഗ്ലീഷും സംസാരിക്കാന്‍ അറിയുന്നവരുമാണിവര്‍. വടക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്ന് സി.ഐ.എ.ക്ക് വിവരം നല്‍കുന്ന ചാരനാണ് ഇക്കാര്യങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സിയെ അറിയിച്ചത്.

ന്യൂയോര്‍ക്കിലും വാഷിങ്ടണിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സായുധസേന രണ്ടു നഗരങ്ങളിലും റോന്ത് ചുറ്റുന്നു. 

 

ഗ്രൗണ്ട് സീറോയും പെന്‍റഗണും പ്രസിഡന്‍റ് ബരാക് ഒബാമ ഞായറാഴ്ച സന്ദര്‍ശിക്കും. ഭീകരര്‍ റാഞ്ചിയ നാലാമത്തെ വിമാനമിറങ്ങിയ പെന്‍സില്‍വാനിയയിലെ ഷാങ്ക്‌സ്‌വിലില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങിലും അദ്ദേഹം സംബന്ധിക്കും.

 

സപ്തംബര്‍ 11 ആക്രമണത്തിനുശേഷം ഭീകരവാദവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ 3000 പേര്‍ അറസ്റ്റിലായി. 2500 പേര്‍ക്ക് വിചാരണ നടത്തി ശിക്ഷ വിധിച്ചു. ആര്‍ക്കും വധശിക്ഷ നല്‍കിയില്ല. എന്നാല്‍ തീവ്രവാദികളെന്നു മുദ്രകുത്തി വിചാരണയൊന്നും കൂടാതെത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെപ്പേരെ ഈ കാലയളവില്‍ അമേരിക്കന്‍ സൈന്യം വധിച്ചു.


ഇതുകൂടാതെ, 2002-ല്‍ സ്ഥാപിച്ച ഗ്വാണ്ടനാമോ തടവറയില്‍ 775 പേരെ തടവിലിട്ടു. ഇവരില്‍ ഭൂരിഭാഗത്തിനെയും പിന്നീട് വെറുതെവിട്ടു. മൂന്നുപേരെ മാത്രമാണ് പട്ടാളക്കോടതി കുറ്റക്കാരായി വിധിച്ചത്.

290 ചാവേറാക്രമണങ്ങളാണ് പാകിസ്താന്റെ മണ്ണില്‍ ചോരപുരട്ടിയത്. അവയില്‍ 4,700 ജീവനുകള്‍ പൊലിഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയും അവരില്‍ ഒരാളായി.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക