Image

എട്ടുകാലിക്കൊരു ശ്രദ്ധാഞ്ജലി (ഡോക്ടര്‍ ജോയ് ടി.കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം - തുടരുന്നു (5)

സുധീര്‍ പണിക്കവീട്ടില്‍ Published on 07 February, 2013
എട്ടുകാലിക്കൊരു ശ്രദ്ധാഞ്ജലി (ഡോക്ടര്‍ ജോയ് ടി.കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം - തുടരുന്നു (5)
(ഡോക്ടര്‍ ജോയ് ടി. കുഞ്ഞാപ്പുവിന്റെ "A Sojourner’s Rhapsodies In Alphabetical Order' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിലെ "Homage to a Spider ' എന്ന കവിതയെക്കുറിച്ചുള്ള നിരൂപണം)

ഒരു എട്ടുകാലിയെപ്പറ്റി എന്തെഴുതാന്‍ എന്ന് ഒരു സാധാരണക്കാരനു തോന്നാം. പക്ഷെ കവികള്‍ക്ക് ചിലത് പറയാനുണ്ട്. കവി ശാസ്ര്തഞ്ജനും കൂടിയാകുമ്പോള്‍ വിവരണം അറിവിന്റെ ലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്നു. ഈ ജീവി അതിനു ആവശ്യമായ പ്രോട്ടിന്‍ സ്വയം ഉല്‍പാദിപ്പിക്കുന്നുവെന്ന് കവിതയില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നു. എട്ടു കാലുകള്‍ ഉള്ള ഈ വൃത്തികെട്ട ജീവിയെ കവി വിശേഷിപ്പിക്കുന്നത്, സ്വയം പര്യാപ്തതയുടെ മറ്റൊരു പേര്് എന്നാണു. സ്വയം തൊഴില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥന്‍ (to weave the net of self-employed professional….and as a synonym of self-sufficiency) എന്നാണ്. കൂടാതെ നൂതനവും അനന്തവുമായ ആദര്‍ശങ്ങളുടെ പ്രതീകവും. സ്ഥിരോത്സാഹത്തിലൂടെ വിജയം പ്രാപിക്കുന്ന വിദ്യ റോബര്‍ട്ട് ബ്രൂസ് എന്ന രാജവിനെ പഠിപ്പിച്ചത് അല്ലെങ്കില്‍ രാജാവിനു പ്രചോദനം നല്‍കിയത് ഈ അറയ്ക്കുന്ന ജീവിയാണെന്ന് കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അവസരങ്ങള്‍ ഉള്ളപ്പോള്‍, ജയിക്കുമെന്ന ആശക്ക് വഴിയുള്ളപ്പോള്‍ അത് എത്ര ചെറുതായാലും പരിശ്രമം വിടരുതെന്ന് ഈ ജീവി തന്റെ പ്രവര്‍ത്തിയിലൂടെ രാജാവിനു കാണിച്ചുകൊടുത്തു. (you volunteered help to a great king, in the depth of despair in a remote cave) യുദ്ധത്തില്‍ തോറ്റ് ക്ഷീണിതനായി ഒറ്റക്ക് ഒരു ജീര്‍ണ്ണിച്ച കുടിലില്‍ കഴിയേണ്ടി വന്ന രാജാവിന്റെ മുന്നില്‍ ഒരു ചിലന്തി അതിന്റെ വല കെട്ടുകയായിരുന്നു. ഒരു തൂണില്‍ നിന്നും മറ്റെ തൂണിലേക്ക് തന്റെ വല വലിച്ചുകെട്ടാന്‍ ശ്രമിച്ച് ആറു തവണ അത് പരാജയപ്പെട്ടു. ഇനിയും അത് വിജയിക്കുകയില്ലെന്ന് ധരിച്ച രാജാവിനെ വിസ്മയപ്പെടുത്തികൊണ്ട് ഏഴാം തവണ അത് വിജയം വരിച്ചു. രാജാവ് വീണ്ടുകിട്ടിയ വീര്യത്തോടെ എഴുന്നേറ്റ് തന്റെ നാട്ടില്‍ ചെന്ന് തുടര്‍ച്ചയായി എട്ടു വര്‍ഷം യുദ്ധം ചെയ്ത് വിജയശ്രീലാളിതനായി.

ഒരു വസന്തകാല പ്രഭാതത്തില്‍ എങ്ങനെ സ്വയം പര്യാപ്തത നേടും അല്ലെങ്കില്‍ തന്നെ തന്നെ എങ്ങനെ ജയിക്കാമെന്ന ആവര്‍ത്തിത സ്വപ്നത്തില്‍ കവി മുഴുകിയിരിക്കയായിരുന്നു. റോബര്‍ട്ട് ബ്രൂസിനെപോലെ, ഇരുട്ടില്‍ തപ്പുന്ന ഭാഗ്യാന്വേഷകനെപോലെ. അപ്പോഴാണ് കശാപ്പ് ശാലയില്‍ നിന്നും കേള്‍ക്കുന്ന ജന്തുക്കളുടെ ദീനരോദനം. അത് ദുഃഖദായകമായ ഒരു ശോകഗീതത്തിന്റെ തുലാസ്സുകള്‍ ഉയര്‍ത്തുന്നു എന്ന് കവി പറയുമ്പോള്‍ സിബി രാജാവിന്റേയും പ്രാവിന്റേയും കഥ നമുക്ക് ഓര്‍മ്മവരുന്നു. സ്വന്തം ശരീരത്തിന്റെ മുക്കാല്‍ ഭാഗവും മുറിച്ചു വച്ചിട്ടും പ്രാവിരിക്കുന്ന തുലാസ്സിന്റെ തട്ട് താഴ്ന്നിരുന്ന ഒരു പരീക്ഷണത്തിന്റെ കഥ. ജന്തുക്കളുടെ ദീനരോദനം കേട്ട് സിബി രാജവിനെ പോലെ കവിയുടെ മനസ്സും അലിയുന്നു. (raises the scales of a grievous elegy, seeking the origin and roots of dove’s sighs).

പിന്നെ കവിയുടെ മനസ്സ് പുറകോട്ട് സഞ്ചരിക്കുന്നു. സ്പര്‍ശിക്കപ്പെടുമ്പോള്‍ പിന്നോക്കം നടക്കുന്ന എട്ടുകാലിയെപോലെ. വിദ്യാലയത്തിലെ ജന്തു വിജ്ഞാന ക്ലാസ്സ്മുറിയില്‍ കവിയും ശ്രദ്ധാപൂര്‍വ്വം പഠനം നടത്തി. എന്നാല്‍ യൗവ്വനാരംഭകാലഘട്ടത്തില്‍ ഏകാഗ്രതയെക്കാള്‍ മനസ്സ് പ്രദര്‍ശനങ്ങളില്‍ വ്യാമോഹിക്കപ്പെടുന്നതായി കവിക്ക് അനുഭവപ്പെട്ടത്രെ. വളരെ പ്രയാസപ്പെട്ട് ചിലന്തികള്‍ നെയ്യുന്ന വലകള്‍ ഒരു നിമിഷം കൊണ്ട് മനുഷ്യര്‍ അവന്റെ ശുചിത്വബോധം കൊണ്ട് നശിപ്പിച്ചു കളയുന്നു. ദീര്‍ഘമായ അനവധി സമയത്തിലൂടെ ഒരു എട്ടുകാലി തന്റെ ഇരകളെ വീഴ്ത്താന്‍ നെയ്യുന്ന വല ഒരു നിമിഷാര്‍ദ്ധം കൊണ്ട് ആരോ അപ്രത്യക്ഷമാക്കുന്നു. അതും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍. കവിതയുടെ അവസാനത്തില്‍ പറയുന്ന വരികളില്‍ നിന്നും കവിക്ക് ഈ അനുഭവങ്ങള്‍ പിന്നീട് സഹായകമായി എന്നു കാണം.

രണ്ട് ഉദാഹരണങ്ങള്‍ ഈ കവിതയില്‍ നമ്മള്‍ കണ്ടെത്തുന്നു. ഒന്ന് നമ്മെ പോലെ ജന്തുക്കളെ സ്‌നേഹിക്കുക; അവയുടെ ജീവനും വിലയുണ്ടെന്ന് മനസ്സിലാക്കുക. മറ്റൊന്ന് എല്ലാ ജീവികളിലും ഇര തേടാനുള്ള കൗശലവുംന്രീതിയും വ്യത്യസ്ഥമാണ്. ചിലത് മനുഷ്യരായ നമുക്ക് മാര്‍ഗ്ഗ്ദര്‍ശകങ്ങളാകാം. മനുഷ്യരെ അലട്ടുന്ന പ്രശ്‌നം അവന്റെ നേട്ടങ്ങളെക്കുറിച്ചാണ്. നേട്ടങ്ങള്‍ക്കിടയില്‍ വരുന്ന കോട്ടങ്ങള്‍ അവനെ ക്ലേശിപ്പിക്കുന്നു, നിരാശനാക്കുന്നു. പകല്‍ സ്വപ്നങ്ങളില്‍ കണ്ട ചിത്രാക്രുതിയുള്ള മനോഹരമയ രൂപകല്‍പ്പനകള്‍ ഒരു കുമിള പോലെ പൊട്ടിപോകുന്നു. പക്ഷെ നിരാശപ്പെടരുത്. കാരണം പരിശ്രമിക്കാനുള്ള വിമുഖതയാണു നിരാശയും നഷ്ടബോധവും കൊണ്ട് വരുന്നത്.

ഇന്ന് ലോകം മുഴുവന്‍ തന്റെ വിരല്‍ തുമ്പിലൂടെ ചലിപ്പിച്ച് തന്റെ മുന്നിലിരിക്കുന്ന "വല' (Web) കവി നെയ്യുമ്പോള്‍ എട്ടുകാലിയെ കുറിച്ച് ഓര്‍ക്കുന്നു. കവിക്കറിയാം ഈ വലയില്‍ ഇരകള്‍ വീഴുന്നപോലെ തന്നെ വല പൊട്ടിക്കാന്‍ പ്രാപ്തിയുള്ളവര്‍ ഉണ്ടെന്ന്. (and wanders in the world-wide webs, your image blooms in the creative gland, spinning soft noble thoughts) പക്ഷെ കവി തന്റെ കര്‍മ്മവീഥികള്‍ നിശ്ചയദാര്‍ഢ്യത്തോടെ, നിതാന്ത പരിശ്രമങ്ങളിലൂടെ താണ്ടികൊണ്ട് വിജയം നേടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആ വല നെയ്യുമ്പോള്‍ അല്ലെങ്കില്‍ ചിന്തകളെ ഒരു ചൂണ്ടയാക്കുമ്പോള്‍ എട്ടുകാലിയുടെ രൂപം തെളിയുന്നു. കവിയുടെ ക്രിയാത്മ ചിന്തകളും നൂല്‍ നൂല്‍ക്കുന്നു. നല്ല കവിത. അനുയോജ്യ പദങ്ങള്‍ അനായേസേനെ ഉപയോഗിക്കാനുള്ള കവിയുടെ കഴിവ് പ്രശംസനീയം തന്നെ. ഉപയോഗിക്കുന്ന വാക്കുകളുടെ നാനാര്‍ഥങ്ങള്‍ ദ്യോതിപ്പിക്കുന്ന അര്‍ഥ വിപുലതയില്‍ വായനക്കാരന്‍ വിസ്മയാധീനനാകും. ഈ സവിശേഷത ഡോക്ടര്‍ കുഞ്ഞാപ്പുവിന്റെ എക്ലാന്കവിതകളിലും കാണാവുന്നതാണ്.

ഡോക്ടര്‍ കുഞ്ഞാപ്പുവിന്റെ കവിതകളെ കുറിച്ച് ഇ-മെയില്‍ വഴി ചര്‍ക്ലക്ക് താല്‍പ്പര്യമുള്ളവര്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ മുഖേനയോ, ഇ-മെയില്‍ വഴിയോ ബന്ധപ്പെടുക. (ഫോണ്‍ 917-710-6049 email [jkunjappu@gmail.com]

ശുഭം

ഡോക്ടര്‍ ജോയ് ടി കുഞ്ഞാപ്പുവിന്റെ മറ്റ് കവിതകളെകുറി
ച്ചുള്ള നിരൂപണങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക.

http://www.emalayalee.com/varthaFull.php?newsId=42129
http://www.emalayalee.com/varthaFull.php?newsId=43072
എട്ടുകാലിക്കൊരു ശ്രദ്ധാഞ്ജലി (ഡോക്ടര്‍ ജോയ് ടി.കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം - തുടരുന്നു (5)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക