Image

പെണ്ണൊരുമ്പെട്ടാല്‍....പോരാട്ടങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം

Published on 04 February, 2013
പെണ്ണൊരുമ്പെട്ടാല്‍....പോരാട്ടങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം
എല്ലാ മനുഷ്യരും തുല്യരായി ജനിക്കുന്നു. ആണും പെണ്ണും എന്നര്‍ത്ഥം. അതേസമയം പെണ്ണ്‌ എന്നാല്‍ വീടിന്റെയും കുട്ടികളുടെയും ഉത്തരവാദിത്വം മാത്രം ഏറ്റെടുക്കേണ്ടവര്‍ എന്നാണ്‌ ഇന്നും നമ്മുടെ ധാരണ. അതുകൊണ്ടു തന്നെ വീടിനു പുറത്തുള്ള കാര്യങ്ങളൊന്നും സ്‌ത്രീകള്‍ അറിയേണ്ട എന്നാണു പഠിപ്പിക്കുന്നതും. ആണുങ്ങളുടെ ഇഷ്ട്‌ടമാണ്‌ പെണ്ണിന്റെയും ഇഷ്ട്‌ടങ്ങള്‍ എന്ന രീതിയിലാണ്‌ വീടിനുള്ളിലെ അവസ്ഥ. ആണിന്റെ ഇഷ്ടത്തിനനുസരിച്ച്‌ ഭക്ഷണം പാകം ചെയ്യുക, വസ്‌ത്രം ധരിക്കുക, ഒരുങ്ങുക, തീരുമാനങ്ങളില്‍ പിന്താങ്ങുക, എന്നിങ്ങനെ നീളുന്നു ഇത്‌. സ്വന്തം ഇഷ്ട്‌ടങ്ങളോ അഭിപ്രായങ്ങളോ പ്രകടിപ്പിക്കുവാനുള്ള അവസരം വീടിനുള്ളില്‍ പെണ്ണിനുണ്ടോ ?

നമ്മള്‍ കാണുന്ന സിനിമകളില്‍ ആണുങ്ങളുടെ ജീവിതവും സാഹസികതയും തന്റേടവും പൗരുഷവും നിറഞ്ഞു നിറഞ്ഞൊഴുകുന്നു. സ്‌ത്രീയെ ചുറ്റിയുള്ള എത്ര സിനിമകള്‍ വരുന്നുണ്ട്‌? പെണ്ണിന്റെ രാഷ്ട്രീയം എവിടെയാണ്‌ കഥകള്‍ ആകുന്നത്‌? കച്ചവടത്തിന്റെ വസ്‌തുക്കളായി പെണ്ണ്‌ ഉപയോഗിക്കപ്പെടുന്നു. സാധനങ്ങള്‍ വിറ്റു പോകുന്നതിനുള്ള ഒരു വിപണന തന്ത്രമായി പെണ്ണുങ്ങള്‍ മാറുന്നു. സ്വന്തമായി അഭിപ്രായം പറയുന്ന പെണ്ണുങ്ങള്‍ നോട്ടപ്പുള്ളികള്‍ ആവുന്നു. അടക്കവും ഒതുക്കവും ഇല്ലാത്തവരാകുന്നു. തന്റേടികളും തന്നിഷ്ട്‌ക്കാരികളും ആവുന്നു. മാനസിക രോഗികളായി ചിത്രീകരിക്കപ്പെടുന്നു.

സ്വസ്ഥവും സ്വതന്ത്രവുമായി നടക്കുക എന്നത്‌ ഏതു സ്‌ത്രീയുടെയും ആഗ്രഹമാണ്‌. രാത്രികളില്‍ ഇറങ്ങി നടക്കുക എന്നത്‌ സ്വപ്‌നമാണ്‌. പൊട്ടിച്ചിരിക്കാനും തനിച്ചു നടക്കാനും കൊതിക്കുന്നവരാണ്‌ എല്ലാ പെണ്ണുങ്ങളും. ഇതിന്റെ അര്‍ത്ഥം പെണ്ണായതു കൊണ്ട്‌ മാത്രം എല്ലാ ആഗ്രഹങ്ങളെയും അടക്കി വിവാഹിതരായി വീടിന്റെയും കുട്ടികളുടെയും തൊഴിലിന്റെയും ഭാരം പേറി ഉള്ളിലുള്ളത്‌ പ്രകടിപ്പിക്കാനാവാതെ, ഒന്ന്‌ തുറന്നു സംസാരിക്കാന്‍ പോലും ആരുമില്ലാതെ ജീവിച്ചു മാഞ്ഞുപോകുന്നു. യഥാര്‍ത്ഥത്തില്‍ ഇതാണോ സമത്വം? ഇതാണോ തുല്യത? നിര്‍ഭയരായി ജീവിക്കാന്‍ കഴിയാനാവാതെ, യാത്ര ചെയ്യാനാവാതെ, ബസ്‌റ്റോപ്പില്‍ നില്‌കാനാവാതെ, സിനിമാ ശാലകളില്‍ പോകാനാവാതെ, വീടിനുള്ളില്‍ പോലും കഴിയാനാവാതെ, പെണ്ണുങ്ങള്‍, പെണ്‍കുട്ടികള്‍, പിഞ്ചു കുഞ്ഞുങ്ങള്‍, വൃദ്ധകള്‍ വരെയും ഇങ്ങനെ അടിമ ജീവിതം ജീവിച്ചു തീര്‍ക്കുന്നു.
ഓരോ പെണ്ണും അഭിമാനത്തോടെ സ്വതന്ത്രരായി ആണിനൊപ്പം തുല്യരായി ജീവിക്കാന്‍ അവകാശമുള്ളവരാണ്‌. ആര്‍ക്കും സ്‌ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യാനുള്ള അവകാശമില്ല. ആണ്‍കോയ്‌മ ബോധം ചോദ്യം ചെയ്യപ്പെടണ്ടേതുണ്ട്‌.

വിദ്യാഭ്യാസത്തിനുള്ള അവകാശം, അഭിപ്രായങ്ങള്‍ പറയുന്നതിനുള്ള സ്വാതന്ത്ര്യം, സ്വകാര്യതക്കുള്ള അവകാശം, അന്തസോടെ, അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശം, രാഷ്ട്രീയം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനുള്ള അവകാശമൊക്കെ ആണുങ്ങള്‍ക്ക്‌ മാത്രമല്ല, ഇവിടെ ജീവിക്കുന്ന എല്ലാവര്‍ക്കുമുണ്ടാവണം.

സ്‌ത്രീകള്‍ക്കുനേരെ അടിച്ചമര്‍ത്തലും ചൂഷണവും ബലാല്‍സംഗവും പീഡനങ്ങളും ഉണ്ടാവുമ്പോള്‍ ഇതിനൊക്കെ കാരണം സ്‌ത്രീകളുടെ വസ്‌ത്രധാരണരീതിയും സ്‌ത്രീയും പുരുഷനും തമ്മിലുള്ള സ്വതന്ത്രമായ ഇടപെടലും സ്‌ത്രീയുടെ പൊതുസമൂഹത്തിലേയ്‌ക്കുള്ള കടന്നുവരവുമാണെന്ന്‌ ഇവിടുത്തെ മതസംഘടനകള്‍ വരുത്തിത്തീര്‍ക്കുകയാണ്‌. വാസ്‌തവത്തില്‍ ഇതിലൂടെ അങ്ങേയറ്റം സ്‌ത്രീ വിരുദ്ധമായ, സ്‌ത്രീകളെ അടിച്ചമര്‍ത്തുന്നതിന്‌ എന്നെന്നും ഉപയോഗിക്കപ്പെട്ടിരുന്ന ആണ്‍കോയ്‌മ ബോധത്തെ ഇവിടെ അരക്കിട്ടുറപ്പിക്കുകയാണ്‌ മതത്തിന്റെ പേരില്‍ ഇത്തരം സംഘടനകള്‍. ഇത്തരം ആണ്‍കോയ്‌മ ബോധത്തെ ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെ, ചോദ്യം ചെയ്യലിലൂടെ, അതിനെതിരായ പോരാട്ടത്തിലൂടെ മാത്രമേ ചെറുത്ത്‌ തോല്‍പ്പിക്കാനാവൂ. അതിനായി പുരുഷാധിപത്യ വ്യവസ്ഥിതിയോട്‌ നമുക്ക്‌ നിരന്തരം കലഹിക്കേണ്ടതുണ്ട്‌.

ഈ ഫെബ്രുവരി 6ാം തീയ്യതി സൗമ്യ അതിദാരുണമായി കൊല്ലപ്പെട്ടിട്ട്‌ രണ്ട്‌ വര്‍ഷം തികയുന്നു. സൗമ്യയെ കൊലപ്പെടുത്തിയ കുറ്റത്തിന്‌ ഗോവിന്ദചാമിയെ വധശിക്ഷവാങ്ങിക്കൊടുത്ത്‌ സംതൃപ്‌തിയടയുന്ന നമ്മള്‍ ഗോവിന്ദചാമിമാരെ സൃഷ്ടിക്കുന്നതില്‍ നമുക്കും പങ്കുണ്ടെന്ന്‌ തിരിച്ചറിയുന്നില്ല. കൊലയ്‌ക്ക്‌ കൊലയല്ല മറിച്ച്‌ സത്രീകള്‍ക്കെതിരെ വെച്ചുപുലര്‍ത്തുന്ന പുരുഷാധിപത്യ ബോധത്തെ പൊള്ളിക്കുകയും പൊളിക്കുകയും ചെയ്യേണ്ടതുണ്ട്‌. അതിനായി നമുക്ക്‌ സ്‌ത്രീപുരുഷ വ്യത്യാസം മറന്ന്‌ ജാതിമത വ്യത്യാസം മറന്ന്‌ ഒന്നിക്കാം. ഒന്നിച്ചു പോരാടാം.

ദിവ്യ ദിവാകരന്‍

2013 ഫെബ്രുവരി 6 രാവിലെ 10 മണി മുതല്‍
കോഴിക്കോട്‌ റെയില്‍വേ പരിസരം

ട്രെയിനിനുള്ളില്‍ തെരുവ്‌ നാടകം

കാമ്പയിന്‍ ഉദ്‌ഘാടനം: കെ. അജിത

പങ്കെടുക്കുന്നവര്‍: വി.പി. സുഹ്‌റ, വിജി (പെണ്‍കൂട്ട്‌), മല്ലിക എം.ജി., സതി (കവയത്രി), മജ്‌നി (ചിത്രകാരി), സരിത കെ. വേണു, അഡ്വ. സീനത്ത്‌ (പുനര്‍ജനി), നീമ കെ.എം. (എഡിറ്റര്‍, വിദ്യാര്‍ത്ഥി മാസിക), സബീന (ഡൂള്‍ന്യൂസ്‌), തുടങ്ങിയവര്‍.
പെണ്ണൊരുമ്പെട്ടാല്‍....പോരാട്ടങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക