Image

മതം പറയുമ്പോള്‍: ഡി. ബാബുപോള്‍

Published on 05 February, 2013
മതം പറയുമ്പോള്‍: ഡി. ബാബുപോള്‍
(ദാറുല്‍ഹുദാ പൂര്‍വവിദ്യാര്‍ഥി സംഗമത്തിലെ പ്രസംഗത്തെ ഉപജീവിച്ച്)
ഒരുകാലത്ത് ജ്ഞാനോപാസനയുടെ കേന്ദ്രങ്ങള്‍ ആശ്രമങ്ങളായിരുന്നു, ഭാരതത്തിലും പശ്ചിമേഷ്യയിലും ഈജിപ്തിലുമെല്ലാം. ഇരുണ്ട യുഗത്തിനുശേഷം നവോത്ഥാനവും വ്യവസായ വിപ്ളവവും ഒക്കെ പുതിയ സമവാക്യങ്ങള്‍ രചിച്ചതോടെ മതപരമായ അറിവും ഭൗതികവിജ്ഞാനവും തമ്മിലുള്ള അകലം വര്‍ധിക്കുകയും രണ്ട് വിദ്യാഭ്യാസ സരണികളും സമാന്തരമായി മുന്നോട്ടുപോവുകയും ചെയ്തു. ഭൗതിക വിജ്ഞാനത്തിന്‍െറ ഉപാധികള്‍ ഉപയോഗിച്ച് ആത്മീയ വിജ്ഞാനം പരിശോധനാ വിധേയമാക്കുന്ന സമ്പ്രദായം ജര്‍മനിയിലെ ട്യൂബിന്‍ഗന്‍ സര്‍വകലാശാലയിലാണ് തുടങ്ങിയതെന്ന് തോന്നുന്നു. ആ പണ്ഡിതന്മാര്‍ ക്രിസ്ത്യാനികളായിരുന്നു. അവര്‍ ഗവേഷണവിഷയമാക്കിയതാകട്ടെ യേശുക്രിസ്തു ചരിത്രപുരുഷനോ, ആണെങ്കില്‍തന്നെ അദ്ദേഹം പറഞ്ഞതും ചെയ്തതുമൊക്കെ തന്നെയാണോ ബൈബ്ളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് എന്നിത്യാദി സംഗതികള്‍ ആയിരുന്നു. കോപ്റ്റോളജിയും ഇസ്രായേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്നതിനെ തുടര്‍ന്ന് ഊര്‍ജിതമായ ബിബ്ളിക്കല്‍ ആര്‍ക്കിയോളജിയും ഇത്തരം അന്വേഷണങ്ങള്‍ അനുപേക്ഷണീയമാക്കുകയും ചെയ്തു.
ക്രൈസ്തവ സഭകളില്‍ ഏറ്റവും ദീര്‍ഘമായ വൈദിക പരിശീലനം നല്‍കപ്പെടുന്നത് റോമാ സഭയിലാണ്. സ്കൂള്‍ പൂര്‍ത്തിയാക്കിയശേഷം വേദശാസ്ത്രവും തത്ത്വശാസ്ത്രവും ലത്തീന്‍ ഭാഷയും മറ്റും പഠിക്കുകയായിരുന്നു രീതി. ബിരുദം നേടാന്‍ കോളജില്‍ ചേര്‍ന്ന് പഠിക്കണമെന്നില്ലെന്ന് വന്നതോടെ സെമിനാരി പഠനത്തോടൊപ്പം ഒരു സര്‍വകലാശാലാ ബിരുദംകൂടി നേടാനുള്ള സൗകര്യമുണ്ടായി. അതോടെ, ഫിലോസഫി ബി.എക്കും മറ്റും റാങ്ക് നേടുന്നത് വൈദിക വിദ്യാര്‍ഥികളായി എന്നത് മറ്റൊരു കൗതുകവാര്‍ത്ത.
സമാനമായ പരിപാടി ഇപ്പോള്‍ മുസ്ലിം സമുദായത്തിലുമുണ്ട്. സ്കൂള്‍ കഴിഞ്ഞ് ഏഴു വര്‍ഷമാണ് റോമന്‍ കത്തോലിക്കര്‍ക്കെങ്കില്‍ മദ്റസ അഞ്ചാം ക്ളാസ് കഴിഞ്ഞ് പന്ത്രണ്ടു വര്‍ഷം എന്നാണ് അവരുടെ സമ്പ്രദായം. അതിനിടെ, ഉചിതമായ ഒരു വിഷയത്തില്‍ ബിരുദം നേടാം. കമ്പ്യൂട്ടര്‍ ആദിയായ ആധുനിക സമ്പ്രദായങ്ങളുമായി പരിചയപ്പെടാം. എല്ലാംകൊണ്ടും നല്ല പരിപാടി തന്നെ. മതപണ്ഡിതന്മാരും പൊതുസമൂഹത്തിലെ പണ്ഡിതന്മാരും തമ്മിലുള്ള ദൂരം ആകാവുന്നത്ര കുറഞ്ഞിരിക്കണം എന്ന് അനുഭവം പഠിപ്പിക്കുന്നു.
ഇത്തരം ഒരു സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥികളുടെ ഒരു സംഗമത്തില്‍ മുഖ്യാതിഥിയായി എന്നെ ക്ഷണിച്ചിരുന്നു. വിശ്വാസിയുടെ മനസ്സും അന്വേഷകന്‍െറ രീതിശാസ്ത്രവും ഒത്തുവരുന്നത് എന്നും എന്നെ മോഹിപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായും ഈ ക്ഷണവും ചടങ്ങും ഹൃദ്യമായി അനുഭവപ്പെട്ടു. എന്നാല്‍, മുഹമ്മദ് നബി മനുഷ്യചരിത്രത്തെ രണ്ടായി പകുത്തു എന്ന് സ്വാഗതപ്രസംഗകന്‍ പറഞ്ഞപ്പോള്‍ ചില വിവരമില്ലാത്ത പാതിരിമാരെയും ഉപദേശിമാരെയും ഓര്‍മ വരാതിരുന്നില്ല. ബി.സി എന്നും എ.ഡി എന്നും പൊതുവെ പറയുന്നതിനെ ആധാരമാക്കി യേശുക്രിസ്തു ചരിത്രത്തെ പകുത്തു എന്ന് പറയുന്നവരുണ്ട്. ക്രിസ്തുമതത്തിന് രാഷ്ട്രീയ സ്വാധീനം ഉണ്ടായതിനുശേഷം തുടങ്ങിയതാണ് ഈ പഞ്ചാംഗം. ചരിത്രപരമായ കാരണങ്ങളാല്‍ കൊല്ലവര്‍ഷം, കലിയുഗം, ശകവര്‍ഷം, ഹിജ്റ തുടങ്ങിയ പഞ്ചാംഗങ്ങളേക്കാള്‍ വ്യാപകമായി അത് ഉപയോഗിക്കപ്പെടുന്നു. അല്ലാതെ, യേശു മനുഷ്യാവതാരം ചെയ്ത് ചരിത്രത്തെ വിഭജിച്ചതല്ല ഈ അവസ്ഥക്ക് കാരണം. ഇസ്രായേല്‍ ശക്തമായ ഒരു ആധുനിക രാഷ്ട്രമായതോടെ പണ്ഡിതന്മാര്‍ ഈ ബി.സി, എ.ഡി പ്രയോഗം പരിഷ്കരിച്ച് ബി.സി.ഇ, സി.ഇ എന്നാക്കിവരുകയാണ്. ബി ഫോര്‍ കോമണ്‍ ഇറാ, കോമണ്‍ ഇറാ. ശ്രീബുദ്ധനും ശ്രീയേശുവും നബി തിരുമേനിയും ഒക്കെ ചരിത്രത്തില്‍ ചെലുത്തിയ സ്വാധീനം അപാരം തന്നെയാണ്. എന്നുവെച്ച്, അവരിലാരെങ്കിലും ചരിത്രത്തെ വിഭജിച്ച് എന്നു പറയുന്നത് ബൗദ്ധികമായി അംഗീകാരയോഗ്യമല്ല. എന്നാല്‍, വിശ്വാസികള്‍ അത് പറയുന്നതില്‍ തെറ്റൊന്നുമില്ല. അത് പറയുന്നവരുടെ പരിപ്രേക്ഷ്യം. യേശുക്രിസ്തുവിനേക്കാള്‍ ഏറെ ചരിത്രത്തെ വിഭജിച്ചയാള്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണെന്ന് പറയുന്നവര്‍ക്ക് അങ്ങനെയും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം എന്നുമാത്രം.
അവരവരുടെ മതത്തെ സ്നേഹിക്കയും തീക്ഷ്ണതയോടെ അനുസരിക്കുകയും ചെയ്യണം. ഒപ്പം, മറ്റുള്ളവരുടെ മതത്തെ സ്നേഹിക്കാനും അനുസരിക്കാനും ആ മതത്തില്‍പെട്ട ആളുകള്‍ക്കുള്ള സ്വാതന്ത്ര്യം ഉറപ്പിക്കാനും നമുക്ക് കഴിയണം. അക്രൈസ്തവരുടെ മതപരിവര്‍ത്തനത്തേക്കാള്‍ പ്രധാനം ക്രൈസ്തവരുടെ മന$പരിവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ക്രിസ്തുമതമല്ല ക്രിസ്തുവിന്‍െറ ആശയങ്ങളാണ് പ്രചരിപ്പിക്കപ്പെടേണ്ടത്. ലോകജനതയെ മുഴുവന്‍ ശിഷ്യപ്പെടുത്തുവാന്‍ ക്രിസ്തു പറഞ്ഞത് സ്വന്തം ശിഷ്യന്മാരോടാണ്. അവരുടെ ജീവിത വ്യവഹാരങ്ങളെയും ജീവിതദര്‍ശനത്തെയും എങ്ങനെ ഗുണപരമായി താന്‍ സ്വാധീനിച്ചുവോ അതുപോലെ ഈശ്വരനെ പിതാവായി അറിയുന്നതു വഴി മനുഷ്യനെ സഹോദരനായി തിരിച്ചറിയുന്ന ജീവിതവീക്ഷണത്തിലേക്ക് എല്ലാവരെയും ആനയിക്കുക എന്നതാണ് അതിന് ഞാന്‍ നല്‍കുന്ന അര്‍ഥം. ഇസ്ലാം മതമല്ല പ്രചരിപ്പിക്കേണ്ടത്, ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന മഹദ്പ്രമാണങ്ങളാണ്. ശ്രീനാരായണനെ സാക്ഷാല്‍ നാരായണനാക്കി ദൈവമാക്കുന്നത് പോലെ പ്രവാചകനെ ദൈവതുല്യനാക്കുന്നത് പ്രവാചകനിന്ദയാണ്. മറ്റു മതങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ പഠിപ്പിച്ചയാളാണ് പ്രവാചകന്‍. ഗ്രന്ഥാവലിയും പ്രവാചകനിരയും വിശുദ്ധ ഖുര്‍ആനിലും നബി തിരുമേനിയിലും അവസാനിക്കുന്നതായി സൂചനയുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഒപ്പം ഓര്‍മിക്കേണ്ടത് ലോകത്തില്‍ ഒരൊറ്റ മതം മതി എന്നായിരുന്നു സര്‍വശക്തന്‍െറ ഹിതം എങ്കില്‍ ആ ഹിതം നടപ്പാക്കിയെടുക്കാന്‍ പോന്ന കരുത്ത് ഉള്ളവനായ ഈശ്വരന്‍ പൂര്‍വമതങ്ങളെ ഇല്ലായ്മ ചെയ്ത് താന്‍ നിശ്ചയിക്കുന്ന ഏകമതത്തെ ലോകമതമാക്കുകയായിരുന്നു എന്ന് പറഞ്ഞിട്ടുള്ളത് ഇസ്ലാമിക വിജ്ഞാനത്തില്‍ തന്നെ ആണല്ലോ എന്ന സംഗതിയാണ്.
പ്രവാചകനിന്ദ ആരോപിച്ച് പ്രതികാരത്തിന് പുറപ്പെടുന്നതാണ് യഥാര്‍ഥ പ്രവാചകനിന്ദ എന്ന് നേരത്തേ പലപ്പോഴും നിരീക്ഷിച്ചിട്ടുള്ളത് ആവര്‍ത്തിച്ചുകൊള്ളട്ടെ. പ്രവാചകന് നമ്മുടെ സംരക്ഷണം വേണ്ട. സംരക്ഷിച്ചുകളയാം എന്ന ചിന്ത നമ്മുടെ മാനുഷികമായ അജ്ഞതയില്‍ നിന്ന് അജ്ഞതാജന്യമായ അഹങ്കാരത്തില്‍ നിന്ന് ഉദിക്കുന്നതാണ്. ഡെന്മാര്‍ക്കിലിരുന്ന് കാര്‍ട്ടൂണ്‍ വരക്കുന്നവന്‍െറ ലക്ഷ്യം മുസ്ലിംകള്‍ പെട്ടെന്ന് പ്രകോപിതരാവും എന്ന് ഓര്‍മിപ്പിക്കുകയാണ്. ആ കെണിയില്‍ നാം വീണുകൂടാ. കഴിഞ്ഞദിവസം ഒരു ലേഖനം കണ്ടു. കാരണ്‍ കിങ് ഒരു പപ്പൈറസ് കഷണത്തെക്കുറിച്ച് പറഞ്ഞതിനെ ആസ്പദമാക്കിയാണ് ലേഖനം. ഇന്‍റര്‍നെറ്റില്‍ തന്നെയുള്ള വിവരങ്ങള്‍ പോലും ലേഖകന്‍ മുഴുവന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. ധാരാളം ഗവേഷണങ്ങളും രചനകളും ഉണ്ടായിട്ടുള്ളതാണ് പൗലോസ് പറഞ്ഞ സുവിശേഷമാണോ യാക്കോബ് (ജയിംസ്) പറഞ്ഞ സുവിശേഷമാണോ യേശുവിനോട് നീതി പുലര്‍ത്തുന്നത് എന്ന വിഷയത്തെപ്പറ്റി. അതിന്‍െറയൊന്നും നാലയലത്ത് ലേഖകന്‍ എത്തിയിട്ടുമില്ല. ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതിനെ പത്താംനൂറ്റാണ്ടില്‍ എഴുതപ്പെട്ടതുപയോഗിച്ച് നേരിടുന്ന ബാലിശത വേറെ. അതൊക്കെ അങ്ങനെ കിടക്കട്ടെ. യേശുക്രിസ്തുവിനെക്കുറിച്ച് ‘ടിയാന്‍’ എന്നാണ് പരാമര്‍ശം. സാധാരണയായി ഇത്തരം സംഗതികളൊന്നും എന്നെ ബാധിക്കാറില്ല. എങ്കിലും, എനിക്ക് ദു$ഖം തോന്നി. എന്നുവെച്ച് ഞാന്‍ ഉടനെ പ്രതികരിക്കാന്‍ ഇറങ്ങേണ്ടതില്ല. എന്നാല്‍, മറ്റു മതങ്ങളെയും മതാചാര്യന്മാരെയും പരാമര്‍ശിക്കുമ്പോള്‍ നാം മാന്യത പാലിക്കണം. പ്രവാചകനിന്ദ നമുക്ക് അഹിതകരമാണെങ്കില്‍ ശ്രീകൃഷ്ണ നിന്ദ കൃഷ്ണഭക്തര്‍ക്കും അഹിതകരമാവും എന്ന് നാം അറിയണം. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് എന്തുചെയ്യണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത് നിങ്ങള്‍ അവര്‍ക്ക് ചെയ്തുകൊടുക്കണം എന്ന് ക്രിസ്തു പറഞ്ഞു. അതിനും അഞ്ഞൂറു വര്‍ഷം മുമ്പ് കണ്‍ഫ്യൂഷിയസും അതുതന്നെ പറഞ്ഞു. ഒരാള്‍ എന്‍െറ മുഖത്ത് തുപ്പുന്നത് എനിക്ക് അസഹ്യമാണെങ്കില്‍ ഞാന്‍ മറ്റൊരാളുടെ മുഖത്ത് തുപ്പാതിരിക്കണം. എല്ലാ മതങ്ങളിലും ഗുരുസ്ഥാനീയരാവാന്‍ പരിശീലനം തേടുന്നവര്‍ പഠിക്കേണ്ട പ്രാഥമിക പാഠമാണ് ഇത്.
ആഗോള ഇസ്ലാം, രാഷ്ട്രീയ ഇസ്ലാം എന്നൊക്കെ കേള്‍ക്കാറുണ്ട്. ഇസ്ലാമിനായാലും ക്രിസ്തു-ബുദ്ധ മതങ്ങള്‍ക്കായാലും ഒരു ആഗോളഭാവം ഉണ്ടാകാതെ വയ്യ. അത് വിശ്വാസത്തിന്‍െറയും അടിസ്ഥാനമൂല്യങ്ങളുടെയും ഏകതയില്‍നിന്ന് ഉണ്ടാകുന്നതാണ്. സുഡാനിലെ ക്രിസ്ത്യാനികള്‍ അവിടെയുള്ള മുസ്ലിംകളെ പരാജയപ്പെടുത്തുന്ന പക്ഷം ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ആഹ്ളാദിക്കേണ്ടതില്ല. ഇറാഖിലെ മുസ്ലിംകള്‍ അവിടെയുള്ള ക്രിസ്ത്യാനികളെ ഉപദ്രവിക്കുമ്പോള്‍ ഉപദ്രവിക്കപ്പെടുന്നവരുടെ ധൈര്യത്തിനും ഉപദ്രവിക്കുന്നവരുടെ മനംമാറ്റത്തിനും വേണ്ടി പ്രാര്‍ഥിക്കണം താനും. മുടിനാരേഴായ് കീറി ഉണ്ടാക്കുന്ന ലോലമായ പാലത്തിലൂടെയുള്ള ഒരു യാത്രയാണ് ഈശ്വരന്‍ ആവശ്യപ്പെടുന്ന ആഗോള മതം-ആ മതം ഏതായാലും. അങ്ങനെ ഒരു ആഗോളതലം മതത്തില്‍ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ഉദാരത്തമായ ഒരു ഭക്ത്യഭ്യാസമാണ്. മറിച്ച്, ഡെന്മാര്‍ക്കില്‍ ഒരാള്‍ തെറ്റു ചെയ്താല്‍ സുഡാനില്‍ ഒരാളെ കൊല്ലുന്നത് മതം അല്ല; ഈശ്വരഹിതവും അല്ല. മതത്തിന് രാഷ്ട്രീയവും വേണ്ട. മെത്രാന്മാര്‍ ഇടയലേഖനം എഴുതി രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ എന്നും അപലപിച്ചിട്ടുള്ള ധൈര്യത്തിലാണ് മതനിരപേക്ഷതയെയും ബഹുസ്വരതയെയും സഹിഷ്ണുതയോടെ കാണാന്‍ പ്രേരിപ്പിക്കുന്നതിലല്ലാതെ രാഷ്ട്രീയത്തില്‍ മതം ഇടപെടരുത് എന്ന് പറയുന്നത്. ഇത് കര്‍ദിനാളിനും ഇമാമിനും ശങ്കരാചാര്യര്‍ക്കും ഒരുപോലെ ബാധകമാണ്.
മക്കത്തെ ജിഹാദില്‍ അല്ല നബി തിരുമേനിയുടെ ഇഹലോകവാസം അവസാനിച്ചത്. അവിടന്ന് അഹിംസയെ ആദരിക്കുകയാണ് ചെയ്തത് ഒടുവില്‍. അജ്ഞതയുടെ നാളുകളില്‍-ജാഹിലിയ കാലത്ത്-അഹന്തയും സ്വാര്‍ഥതയും അറബികളെ ഭരിച്ചിരുന്നു എന്നത് ശരിയാണ്. എന്നാല്‍, പ്രവാചകന്‍ ആ മനോഭാവത്തെ ഒരിക്കലും അംഗീകരിച്ചില്ല. ഇന്ന് പല മുസ്ലിംകളും, ഒട്ടുമിക്ക അമുസ്ലിംകളും, ഇത് തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് പൊളിറ്റിക്കല്‍ ഇസ്ലാം (ഇത് കേരളത്തിലെ ലീഗിനെപ്പറ്റിയല്ല!!) വര്‍ജനീയമാണെന്ന് നിഷ്പപക്ഷമതികള്‍ ഉപദേശിക്കുന്നത്. കുരിശുയുദ്ധങ്ങള്‍ ക്രിസ്തുവിനെ എന്നതുപോലെ ഇന്നത്തെ ഗ്ളോബല്‍ പൊളിറ്റിക്കല്‍ ഇസ്ലാം പ്രവാചകനെ തിരിച്ചറിയുന്നതിന് വിഘാതം സൃഷ്ടിക്കുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്. അത് മറ്റൊരു ലേഖനത്തില്‍ ചര്‍ച്ച ചെയ്യാം.
http://www.madhyamam.com/news/212060/130206
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക