Image

വനിതാ എംഎല്‍എമാര്‍ക്കു നേരെ പോലീസ് മര്‍ദ്ദനം; എഡിജിപി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

Published on 06 February, 2013
വനിതാ എംഎല്‍എമാര്‍ക്കു നേരെ പോലീസ് മര്‍ദ്ദനം; എഡിജിപി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നില്‍ സമരം നടത്തിയ ഇടത് വനിതാ സംഘടനയിലെ എംഎല്‍എമാര്‍ക്കു നേരെ പോലീസ് മര്‍ദ്ദനമുണ്ടായി എന്ന ആരോപണം എഡിജിപി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. എംഎല്‍എമാരെ പുരുഷന്മാരായ പോലീസുകാര്‍ കൈയേറ്റം ചെയ്തുവെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. സമരത്തിനിടെ പോലീസുമായുള്ള പിടിവലിക്കിടെ അവശയായ ഇ.എസ് ബിജി മോള്‍ എംഎല്‍എയെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എത്തിയാണ് നിയമസഭയിലേക്ക് കൊണ്ടുപോയത്.

പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ബിജിമോളെ സഭയില്‍ സംസാരിക്കാന്‍ അനുവദിച്ച സ്പീക്കര്‍ ആഭ്യന്തരമന്ത്രിയോട് വിശദീകരണം തേടുകയായിരുന്നു. പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തന്നെയും ഗീതാ ഗോപി എംഎല്‍എയെയും അറസ്റ്റു ചെയ്തതായും ബിജിമോള്‍ സഭയില്‍ ഉന്നയിച്ചു. എന്നാല്‍ അറസ്റ്റു ചെയ്തില്ലെന്നും പോലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്നും തിരുവഞ്ചൂര്‍ വിശദീകരണം നല്‍കി. ഇതിനിടെയാണ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും താലിമാല പോലീസ് വലിച്ചുപൊട്ടിച്ചുവെന്നും ബിജിമോള്‍ പരാതിപ്പെട്ടത്. ഇതോടെ വിഷയം എഡിജിപി അന്വേഷിക്കുമെന്നും ബിജിമോള്‍ക്ക് സ്പീക്കറുടെ അനുമതിയോടെ വൈദ്യസഹായം നല്‍കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

എന്നാല്‍ എംഎല്‍എമാരെ മര്‍ദ്ദിച്ച പോലീസുകാരെ സസ്‌പെന്റു ചെയ്യുന്നവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തില്‍ സഭ പല തവണ തടസ്സപ്പെട്ടു. സഭാസ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തി. അതിനിടെ, ബിജിമോളെ ആശുപത്രിയിലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക