Image

നിയമസഭയ്ക്ക് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിഷേധം

Published on 06 February, 2013
നിയമസഭയ്ക്ക് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രതിഷേധം
തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് ഇടത് വനിതാ സംഘടനകളുടെ പ്രതിഷേധം. സൂര്യനെല്ലി കേസില്‍ പി.ജെ കുര്യന്‍ രാജിവയ്ക്കണമെന്നും കുര്യനെതിരെ സര്‍ക്കാര്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ 9.30 ഓടെ നിയമസഭയിലേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത്. അപ്രതീക്ഷിതമായി നിയമസഭയുടെ പ്രധാന ഗേറ്റിനു മുന്നിലേക്ക് മുദ്രാവാക്യം വിളിയുമായി എത്തിയത്. പോലീസിന് യാതൊരു മുന്നറിയിപ്പും നല്‍കാതെ എത്തിയ സമരക്കാരെ നേരിടാന്‍ മൂന്ന് വനിതാ പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വാച്ച്ആന്റ് വാര്‍ഡ് പെട്ടെന്നു തന്നെ ഗേറ്റ് അടച്ച് സമരക്കാര്‍ നിയമസഭയ്ക്കുള്ളിലേക്ക് കടക്കുന്നത് തടഞ്ഞു. മുന്‍മന്ത്രി പി.കെ ശ്രീമതി, ടി.എന്‍ സീമ എം.പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ എത്തിയത്.

കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെ സഭയ്ക്കുമുന്നില്‍ ഉന്തും തള്ളും ഉണ്ടായി. ഇതോടെ കെ.കെ ലതിക അടക്കമുള്ള വനിതാ എം.എല്‍.എമാര്‍ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കാന്‍ ശ്രമിക്കവെ പോലീസ് വാഹനം വനിതകള്‍ തടഞ്ഞു. വനിതാ പ്രവര്‍ത്തകരെ റോഡിലൂടെ വലിച്ചിഴച്ചുവെന്ന് ആരോപിച്ച് എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

അറസ്റ്റ്് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ ശ്രീമതി, ടി.എന്‍ സീമ, കെ.കെ ഷൈലജ, ഐഷാ പോറ്റി എന്നിവരുടെ നേതൃത്വത്തില്‍ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. 12.30 ഓടെ വനിതാ പ്രവര്‍ത്തകരെ പോലീസ് വിട്ടയച്ചതിനെ തുടര്‍ന്നാണ് അവര്‍ സമരം അവസാനിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക