Image

റിലയന്‍സിനെ കേന്ദ്രം വഴിവിട്ട് സഹായിച്ചെന്ന് സി.എ.ജി.

Published on 09 September, 2011
റിലയന്‍സിനെ കേന്ദ്രം വഴിവിട്ട് സഹായിച്ചെന്ന് സി.എ.ജി.

ആന്ധ്രപ്രദേശിലെ കൃഷ്ണ- ഗോദാവരീതടത്തില്‍ പ്രകൃതിവാതകം കണ്ടെത്തിയ 7645 ചതുരശ്രകിലോമീറ്റര്‍ സ്ഥലം മുഴുവനും സ്വന്തമാക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) രൂക്ഷമായി വിമര്‍ശിച്ചു. കരാര്‍ പുനരവലോകനം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
എണ്ണമന്ത്രാലയവും അതിന്റെ സാങ്കേതികശാഖയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സുമാണ് വിമര്‍ശിക്കപ്പെട്ടത്. ഉത്പാദനപങ്കാളിത്തക്കരാര്‍ പ്രകാരം, കണ്ടെത്തിയ ബ്‌ളോക്കിന്റെ 25 ശതമാനം റിലയന്‍സ് വിട്ടുനല്‍കേണ്ടതായിരുന്നു. കരാറിലെ ഈ വ്യവസ്ഥ റിലയന്‍സ് ലംഘിച്ചുവെന്നും വ്യാഴാഴ്ച പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


2001-ലാണ് കൃഷ്ണ-ഗോദാവരി തടത്തില്‍ പ്രകൃതിവാതകനിക്ഷേപം കണ്ടെത്തിയത്. ഈ ബ്‌ളോക്ക് മുഴുവന്‍ റിലയന്‍സിന്റെ കണ്ടുപിടിത്തമായി പ്രഖ്യാപിച്ച് അതിന്റെ അവകാശം മുഴുവന്‍ കമ്പനിക്കു നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. രണ്ടും മൂന്നും പര്യവേക്ഷണത്തിലേക്ക് കടക്കാന്‍ റിലയന്‍സിന് അനുവാദം നല്‍കുകയും ചെയ്തു. മുരളി ദേവ്‌റ പെട്രോളിയം മന്ത്രിയും വി.കെ. സിബല്‍ ഹൈഡ്രോകാര്‍ബണ്‍സ് ഡയറക്ടര്‍ ജനറലും ആയിരിക്കുമ്പോഴാണ് ചട്ടവിരുദ്ധമായി റിലയന്‍സിന് അനുകൂലമായ നടപടി സ്വീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക