Image

മലാലയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി

Published on 03 February, 2013
മലാലയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി
ലണ്ടന്‍: പാക്കിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ മലാല യൂസഫായിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തലയോട്ടിയില്‍ വെടിയുണ്ട തുളച്ചുകയറിയ ഭാഗത്ത് ടൈറ്റാനിയം പ്ലേറ്റ് വെച്ചുപിടിപ്പിക്കാനും കര്‍ണപുടം തകര്‍ന്നതുമൂലം കേള്‍വിക്കുണ്ടായ തകരാര്‍ പരിഹരിക്കാന്‍ കോക്ലിയര്‍ ശ്രവണ സഹായി ഘടിപ്പിക്കുന്നതിനുമുള്ള ശസ്ത്രക്രിയകളാണ് നടന്നത്.

മലാല ചികിത്സയില്‍ കഴിഞ്ഞ ബര്‍മിങ്ഹാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ ഇന്നലെയായിരുന്നു ശസ്ത്രക്രിയകള്‍. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയകള്‍ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന മലാലയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വക്താവ് അറിയിച്ചു. ഒക്‌ടോബറിലാണ് മലാല സ്വാത് താഴ്‌വരയില്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായത്. സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ചിരുന്ന മലാലയെ മതേതരത്വം പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റം ആരോപിച്ചാണ് താലിബാന്‍ ആക്രമിച്ചത്. 

പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ മലാലയുടെ തലയോട്ടിയില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തിരുന്നു. ഇതിനുശേഷമാണ് ബര്‍മിങ്ഹാമിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് മാറ്റിയത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ജനുവരിയില്‍ മലാല ആശുപത്രി വിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക