Image

സ്‌ത്രീപീഡനം: ഓര്‍ഡിനന്‍സിന്‌ രാഷ്‌ട്രപതി അംഗീകാരം നല്‍കി

Published on 03 February, 2013
സ്‌ത്രീപീഡനം: ഓര്‍ഡിനന്‍സിന്‌ രാഷ്‌ട്രപതി അംഗീകാരം നല്‍കി
ന്യൂഡല്‍ഹി: സ്‌ത്രീ പീഡനത്തിന്‌ കടുത്ത ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിന്‌ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജി അംഗീകാരം നല്‍കി. ക്യബിനറ്റ്‌ വെള്ളിയാഴ്‌ച്ച ഓര്‍ഡിനന്‍സ്‌ പാസാക്കിയിരുന്നു. ഡല്‍ഹിയില്‍ പെണ്‍കൂട്ടി കൂട്ടബലാത്സംഗത്തിന്‌ ഇരയായി മരിച്ചതിനെ തുടര്‍ന്ന്‌ രാജ്യത്തുടനീളമുണ്ടായ പ്രക്ഷോഭത്തിന്റെ വെളിച്ചത്തിലാണ്‌ സര്‍ക്കാര്‍ ഇത്തരമൊരു ഓര്‍ഡിനന്‍സിന്‌ രൂപം നല്‍കിയത്‌. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക്‌ കൂടുതല്‍ കര്‍ശന ശിക്ഷകളാണ്‌ പുതിയ ഓര്‍ഡിനന്‍സ്‌ ശുപാര്‍ശ ചെയ്യുന്നത്‌. പ്രസിഡന്റ്‌ അംഗീകാരം നല്‍കിയതോടെ ഓര്‍ഡിന്‍സ്‌ പ്രാബല്യത്തില്‍ വന്നു.

ജസ്റ്റീസ്‌ വര്‍മ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി ഉള്‍പ്പെടുത്താത്ത ഓര്‍ഡിനന്‍സ്‌ അംഗീകരിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ വിവിധ സ്‌ത്രീ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇനി പാര്‍ലമെന്റ്‌ ആറു മാസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ്‌ പാസാക്കേണ്ടതുണ്ട്‌. ഫിബ്രവരി 21നാണ്‌ പാര്‍ലമെന്റ്‌ ബജറ്റ്‌ സമ്മേളനം ചേരുന്നത്‌.

ബലാത്സംഗത്തിന്‌ 20 വര്‍ഷംവരെ തടവും മാരകമായ പരിക്കേല്‍പ്പിച്ചുകൊണ്ടുള്ള ബലാത്സംഗത്തിനും കൂട്ട ബലാത്സംഗത്തിനും പ്രതിയുടെ മരണംവരെ തടവും നിയമത്തില്‍ വ്യവസ്ഥചെയ്യുന്നു. നിലവില്‍ ഏഴുവര്‍ഷമാണ്‌ ശിക്ഷ. സ്‌ത്രീകള്‍ക്കുനേരേ ആസിഡാക്രമണം നടത്തുന്നവര്‍ക്ക്‌ ചുരുങ്ങിയത്‌ 10 വര്‍ഷം തടവും പരമാവധി ജീവപര്യന്തവും ഓര്‍ഡിനന്‍സ്‌ ഉറപ്പുവരുത്തുന്നു. മാനഭംഗത്തിന്‌ ഇപ്പോഴുള്ള രണ്ടുവര്‍ഷത്തെ ശിക്ഷ അഞ്ചുവര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്‌.

സ്‌ത്രീകളുടെ പിറകെ നടക്കുക, ഒളിഞ്ഞുനോക്കുക, ആസിഡ്‌ ആക്രമണം നടത്തുക, അശ്ലീല ആംഗ്യം കാട്ടുക, അശ്ലീല സംസാരം, അശ്ലീലസ്‌പര്‍ശം എന്നിവയ്‌ക്ക്‌ മൂന്നുവര്‍ഷം തടവുശിക്ഷ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നു.

ബലാത്സംഗത്തില്‍ ഇര മരിക്കുകയോ ജീവച്ഛവമാവുകയോ ചെയ്‌താല്‍ പ്രതിക്ക്‌ വധശിക്ഷ നല്‍കാവുന്ന വിധത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയാണ്‌ കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സ്‌ തയ്യാറാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക