Image

വിമര്‍ശനം കാലഘട്ടത്തിന്റെ ആവശ്യം (ഏബ്രഹാം തെക്കേമുറി)

Published on 02 February, 2013
വിമര്‍ശനം കാലഘട്ടത്തിന്റെ ആവശ്യം (ഏബ്രഹാം തെക്കേമുറി)
പുതുവര്‍ഷം അമേരിക്കന്‍ മലയാളിയുടെ ഉത്‌സവകാലമായിരുന്നു കേരളത്തില്‍. `വിശ്വമലയാളിസമ്മേളന'ത്തിനു പിന്നാലെ ആഘോഷങ്ങളുടെ ഒരു ഘോഷയാത്ര. ഫൊക്കാനയുടെ `സമാധാനജാഥ'യും ജില്ലയ്‌ക്കൊരു കാലും. ഫോമായുടെ അവാര്‍ഡ്‌ദാനങ്ങളും കാലില്ലാത്തവന്‌ വീല്‍ചെയറും. മറക്കരുത്‌ ഇതിനുമുന്നേ വേള്‍ഡ്‌ മലയാളി പണിയില്ലാത്ത പെണ്ണുങ്ങള്‍ക്ക്‌ ഒരു തയ്യല്‍ മെഷീന്‍ വിതരണം ചെയ്‌തു. `പരോപകാരമേ പുണ്യം, പാപമേ പരപീഢനം'. എല്ലാം ജീവകാരുണ്യം.

മീഡിയായില്‍ വാര്‍ത്തകള്‍ വന്നു. പ്രതികരണങ്ങളുണ്ടായി. ഈ വാര്‍ത്തകളും പ്രതികരണങ്ങളുമൊക്കെ പൊതുജനസമക്‌ഷം എത്തിക്കുന്ന പത്രാധിപന്മാരും പത്രപ്രവര്‍ത്തകരും ചേര്‍ന്ന്‌ ഇതിനിടയില്‍ വലിയ പരിക്കില്ലാതെ(എന്റെ സഹപ്രവര്‍ത്തകര്‍)നടത്തിയ ഇന്ത്യാപ്രസ്‌ക്‌ളബ്‌ ഓഫ്‌ നോര്‍ത്തമേരിക്ക പ്രതീക്‌ഷിച്ചതിനേക്കാള്‍ ഗംഭീരവിജയം കാഴ്‌ചവച്ചു.

വിശ്വമലയാളി സമ്മേളനം ഭാഷയ്‌ക്കള്ളതല്ലെന്നും അതൊരു നേര്‍ച്ചയാണെന്നുമറിയാതെ പലരും സംബന്‌ധിച്ചു. പട്ടി ചന്തയ്‌ക്കുപോയ പോലെ മടങ്ങിവന്നു. പരാതികളും പരിഭവങ്ങളുമായി സത്യം എഴുതിവിട്ടവര്‍ക്ക്‌ നന്ദി. നാളെ ഇങ്ങനെയൊരബദ്‌ധം മറ്റൊരാള്‍ക്കുണ്ടാകരുതല്ലോ!

`പ്രവാസി ഭാരത്‌ ദിവസ്‌' ആയിരുന്നു മറ്റൊരു ഉല്‍സവപ്പറമ്പ്‌. കാലിപ്പാട്ടയും, ചമ്പന്‍പാക്കും വിറ്റു നടന്നവരും കരണ്ടി യും ഉളിയും പിടിക്കാനറിയാവുന്നവരും തുടങ്ങി ഗള്‍ഫ്‌ അടിമത്വത്തില്‍ ഇക്കൂട്ടരെ ചൂഷണം ചെയ്‌ത്‌ ബിസിനസ്‌ കെട്ടിപ്പടുത്ത നേതാക്കന്മാര്‍ക്കും മാത്രമാണ്‌ ഈ പ്രവാസി ഭാരത്‌ ദിവസ്‌എന്നതു അമേരിക്കന്‍ മലയാളി അറിഞ്ഞില്ല. അത്‌ അറിയാത്തവര്‍ അണിഞ്ഞൊരുങ്ങി അവിടെയും ചെന്നു. `പട്ടി ചന്തയ്‌ക്കു പോയതുപോലെ'.

ഈ വാര്‍ത്തകള്‍ പാല്‍പ്പായസമാക്കി വന്നതു കണ്ട്‌ അമേരിക്കന്‍ മലയാളി വേണ്ടവോളം പ്രതികരിച്ചു നല്ലതുതന്നെ. പക്‌ഷേ എന്തുഫലം? കൊച്ചിയില്‍ ചെന്നിട്ട്‌ മുള്ളാന്‍പോയതുവരെ വാര്‍ത്തയായി ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു;

ഇനിയും പട്ടി ചന്തയ്‌ക്കു പോയതുപോലെ എന്ന പഴഞ്ചൊല്ലിന്റെ രഹസ്യം പറയട്ടെ. യജമാനന്റെ പിറകേയാണിവന്റെ പോക്ക്‌, ചന്തയെന്നാല്‍ എന്താണെന്നറിയാതെ. അവിടെ നടക്കുന്ന ക്രയവിക്രയം പട്ടിക്കറിയില്ല. യജമാനന്‍ അതിനു പിന്നാലെ പോകും. പട്ടി ഒറ്റപ്പെടും. അപ്പോള്‍ സ്‌ഥിരവാസികളായ ചന്തപ്പട്ടികള്‍ വളയും. ഒന്നു പൊരുതി നോക്കും. ഗതിയില്ലെന്നു കണ്ടാല്‍ വാലുമുടുത്ത്‌ നേരെ വീട്ടിലേയ്‌ക്ക്‌ വച്ചു പിടിയ്‌ക്കും. വീട്ടിലെത്തിക്കഴിഞ്ഞാല്‍ തിരിഞ്ഞുനിന്ന്‌ കുറെ കുരയ്‌ക്കും. അത്രമാത്രം.

കന്ന്‌ ചെന്നാല്‍ കന്നിന്‍കൂട്ടത്തിലേയ്‌ക്ക്‌ എന്നതല്ലാതെ കേരളക്കരയില്‍ അമേരിക്കന്‍ മലയാളി നാളിതുവരെ ഒന്നുമല്ല. എന്റെ 33 വര്‍ഷത്തെ പൊതുജീവിതത്തിന്റെ അനുഭവമാണ്‌. സര്‍വതന്ത്രസ്വതന്ത്രസര്‍വതലനേതൃത്വവും കൂടി കേരളവും മലയാളഭാഷയും ഇല്ലാതാക്കിയിരിക്കുന്നു. ചാനലുകളുടെ അതിപ്രസരത്തില്‍ സുബോധം നഷ്‌ടപ്പെട്ട്‌ ജനം കൂട്ടത്തോടെ വ്യഭിചാരത്തിലേയ്‌ക്കും മദ്യപാനത്തിലേയ്‌ക്കും തിരിഞ്ഞിരിക്കുന്നു.

ഇനിയും അമേരിക്കന്‍ മലയാളിയുടെ നേതൃത്വ നിരകളില്‍ ചിലരെയൊക്കെ നാമിന്ന്‌ കാണുന്നു. ആലോചിച്ചുനോക്കുമ്പോള്‍ ഒരര്‍ത്‌ഥത്തില്‍ ശരി തന്നെ. പകലന്തിയോളം ജോലിചെയ്‌ത്‌ അവശനായി വീട്ടിലെത്തി, അതിനുശേഷം സംഘടനയെ അഥവാ ആത്‌മീയ സഭകളെ വളര്‍ത്താനായി കഠിനാദ്‌ധാനം നടത്തുന്നവരാണ്‌ ഈ നേതാക്കന്മാര്‍. പ്രതിഫലമൊന്നും കൈപറ്റുന്നില്ലല്ലോയെന്ന ചോദ്യചിഘ്‌നമാണ്‌ പൊതുജനത്തിനുമേല്‍ അടിച്ചേല്‌പിക്കുന്ന തുറുപ്പ്‌ ചീട്ട്‌. എന്നാല്‍ പ്രശസ്‌തിക്കുവേണ്ടിമാത്രം, അഥവാ പരിജ്‌ഞാനക്കുറവുകൊണ്ട്‌ താന്‍ വേഷം കെട്ടുന്നതാണ്‌ ഈ പൊതുപ്രവര്‍ത്തനലേബല്‍ എന്നതാണു്‌ യാഥാര്‍ത്‌ഥ്യം.

നാളുകളിലൂടെയുള്ള അശ്രാന്തപരിശ്രമത്താല്‍ സ്‌ഥലകാലബോധം നേടി എന്തെങ്കിലും ഗുണം വരാനുള്ള വഴികള്‍ തുറക്കാന്‍ കഴിവുള്ളവരെ പിന്തള്ളിക്കൊണ്ട്‌ ഇടിച്ചുകയറ്റം നടത്തുന്നവരാണ്‌ ഇത്തരക്കാര്‍. താല്‍ക്കാലികസ്‌ഥാനലബ്‌ധി പ്രശസ്‌തനാകാന്‍ നല്ലതു തന്നെ എന്നാല്‍ സമൂഹത്തെ വെള്ളത്തിലാഴ്‌ത്തുന്ന വിവരക്കേട്‌ രംഗത്തിറക്കിക്കൊണ്ടായിരിക്കും ഇക്കൂട്ടരുടെ തിരോധാനവും.

`ഞാന്‍ അനങ്ങുമ്പോള്‍ ഭൂതലമെല്ലാം കുലുങ്ങുന്നു'വെന്ന്‌ ധരിക്കുന്ന `തിത്തിരി'പക്‌ഷിയേപ്പോലെ ദിവാസ്വപ്‌നം മെനയുന്ന മസ്‌തിഷ്‌കം. വളരെ നീണ്ട കാലുകള്‍ . അതിനുമുകളില്‍ ബാലന്‍സ്‌ ശരിയാകാത്തതിനാലാണ്‌ ഈ പക്‌ഷി ഇങ്ങനെ ആടിക്കൊണ്ടിരിക്കുന്നത്‌ എന്നതാണ്‌ ശാസ്‌ത്രീയസത്യം.

ഇത്തരമൊരു സത്യത്തെപ്പറ്റി എന്തെങ്കിലും തുറന്നെഴുതുവാനോ, പറയുവാനോ ഒരാള്‍ തയ്യാറായാല്‍ ആ വ്യക്‌തിയെ ക്രൂശിക്കയെന്ന പ്രഹസനമാണിവിടെ അരങ്ങേറുന്നതു്‌. അതിനു വളരെ എളുപ്പമായ നിരവധി വഴികളുമുണ്ടിവിടെ. പള്ളിക്കാര്യമാണെങ്കില്‍ ഒരു സ്‌പെഷ്യല്‍ പ്രാര്‍ത്‌ഥന. വിഭവസമൃദ്‌ധമായ ഒരു സദ്യയും. അതിനുശേഷമാണ്‌ വിഷയം രംഗത്തെത്തുന്നതു്‌. സാംസ്‌കാരിക സംഘടനയാണെങ്കില്‍ ഒരു സ്‌പെഷ്യല്‍ പാര്‍ട്ടി. മദ്യം ഉതിര്‍ക്കുന്ന മാസ്‌മരവേദിയില്‍ അസഭ്യത്തിന്റെ വാള്‍മുനകൊണ്ട്‌ ശിരച്‌ഛേദം നടത്തുന്നു. നേതാക്കന്മാരുടെ ശിങ്കിടികളായി ഒരു കൂട്ടം കുട്ടിനേതാക്കന്മാര്‍ ഉടലെടുക്കുന്നു. സംഘടനാ വിരോധിയായി എഴുത്തുകാരനെ മുദ്രയടിക്കുന്നു. `ഇതൊക്കെ എന്താ ആരാണ്ട്‌ വായിക്കുന്നോ`യെന്ന്‌ ചോദിച്ച്‌ സമാധാനപ്പെടുന്നു.

വായനയില്ലാത്തവര്‍ക്ക്‌ ആനുകാലികബോധമില്ലയെന്നതു്‌ ഒരു സത്യം മാത്രമാണു്‌. സ്വന്തസംസ്‌കാരത്തോട്‌ നിരന്തര സംവേദനമില്ലാതെ അന്യസംസ്‌കാരത്തിലെ ഭാവനാലോകത്തിലാണിന്നിവിടുത്തെ പ്രവാസികള്‍. മതപരമായ മനഃശാസ്‌ത്രങ്ങളില്‍ തളെക്കപ്പെട്ട്‌, മതപരമായ സങ്കുചിതങ്ങള്‍ക്കും, മതാധിഷ്‌ഠിതമായ രാഷ്‌ട്രീയത്തിനും ചുമല്‍ കൊടുത്തുകൊണ്ട്‌ സാമൂഹ്യസേവനം നിറവേറ്റുന്ന ഒരു തരം ഇത്തിള്‍ക്കണ്ണികള്‍.

കപടമായ സാംസ്‌കാരികബോധവും, ദേശസ്‌നേഹവും ഇത്തരക്കാരുടെ കുത്തകയായി മാറുമ്പോള്‍ യഥാര്‍ത്‌ഥ സാംസ്‌കാരികസ്‌നേഹി ഇവിടെ ഒറ്റപ്പെടുന്നു. ലളിതവും കുടുംബഭദ്രത നിലനിര്‍ത്തുന്നതുമായ ജീവിതശൈലി സ്വീകരിച്ചുകൊണ്ട്‌ ആര്‍ഭാടത്തിനോട്‌ വിരക്‌തി കാട്ടുന്നവനെ വെറും ഭോഷനായി ചിത്രീകരിച്ചുകൊണ്ട്‌ ഊഴിയവേല ചെയ്‌ത്‌ വലിയ സമ്പാദ്യങ്ങള്‍ ഉണ്ടാക്കി സമൂഹത്തിന്റെ ഉന്നതസ്‌ഥാനങ്ങളിലേയ്‌ക്ക്‌ തള്ളിക്കയറി പ്രശസ്‌തനായി കൊണ്ട്‌ അമേരിക്കന്‍ മലയാളി സമൂഹത്തെ സര്‍വത്ര നാശത്തിലെത്തിച്ച ചില എടുത്തുചാട്ടക്കാര്‍ ഇവിടെയുണ്ടു്‌. സഭയുടെയും, സംഘടനയുടെയും തലപ്പത്ത്‌ കസേരകളി നടത്തുന്നവര്‍ സമൂഹത്തെ വളര്‍ത്തുകയല്ല തളര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. ഇത്തരക്കാരുടെ കുത്തഴിഞ്ഞ സാംസ്‌കാരികബോധമാണ്‌ ഇന്നാട്ടിലെ മലയാളികളുടെ അനന്തരതലമുറയെ തങ്ങളില്‍ നിന്നകറ്റിയതും.

ആദര്‍ശം വായിലിരിക്കുമ്പോഴും സമ്പന്നനെന്നു നടിക്കാന്‍ വേണ്ടി പണത്തോടുള്ള അത്യാര്‍ത്തിയില്‍ പുരുഷത്വത്തെപ്പോലും നിര്‍ജ്‌ജീവമാക്കി സ്വപ്‌നലോകത്ത്‌ ചരിച്ച്‌ പണം ഉണ്ടാക്കി ഇന്ന്‌ സംഘടനയിലും ആത്‌മീയസഭയിലും നേതാവായി നില്‍ക്കുന്നവരില്‍ പലരും പണം കൊണ്ട്‌ പദവി നേടിയവര്‍ മാത്രമാണ്‌. ഇത്തരക്കാരുടെ കുടുംബജീവിതത്തിന്റെ പോസ്റ്റ്‌മാര്‍ട്ടം നടത്തി കാര്യം ഗ്രഹിക്കുന്നില്ലെങ്കില്‍ അയ്യോ! ഇത്തരക്കാരെ പിന്തുടരുന്നവര്‍ക്കും ഗതി ഇതു തന്നേ.

`ഏനൊരു കഴ വെട്ടി, അതു തേക്കായോ പൂക്കായോ' എന്നറിയാത്ത ഭരണാധികാരികള്‍ സംഘടനയുടെയും സഭയുടെയും അധികാരസ്‌ഥാനങ്ങളില്‍ നിന്നുകൊണ്ട്‌ സമൂഹത്തെ നശിപ്പിക്കുന്ന പ്രവണത ഇന്നേറുകയാണ്‌. നെറ്റിപ്പട്ടം കെട്ടി ഉത്‌സവപ്പറമ്പില്‍ നില്‍ക്കുമ്പോഴും `കാളാമുണ്ടം' തേടുന്ന ഗജവീരന്റെ സ്വഭാവമാണ്‌ കേരളത്തില്‍ നിന്നെത്തുന്ന മിക്ക ഭരണാധികാരിയും അമേരിക്കയില്‍ കാട്ടിയിട്ടുള്ളത്‌. ഇത്തരക്കാര്‍ കാലക്രമത്തില്‍ അമേരിക്കന്‍ സൗഭാഗ്യങ്ങളുടെ വീതാംശം കൈപറ്റിക്കൊണ്ട്‌ കേരളത്തില്‍ ചെന്ന്‌ രാജപ്രൗഡിയോട്‌്‌ വാഴുകയും `തിന്നകൈയ്‌ക്ക്‌ നന്ദിയില്ലാതെ' അമേരിക്കന്‍ മലയാളി സമൂഹത്തെക്കുറിച്ച്‌ നിന്ദ്യമായ പ്രസംഗം കേരളത്തില്‍ നടത്തുകയും ചെയ്യുന്നു

ആകയാല്‍ പ്രിയരെ ചിന്തിക്കുക. സായ്‌പ്പിന്റെ നാട്ടില്‍ കേരളനാടിന്റെ ഭരണക്രമങ്ങള്‍ക്ക്‌ വല്ല വിലയും ഉണ്ടോ? ഇല്ലയെന്ന്‌ ഈ നാടിന്റെ നിയമം പറയുന്നു. സ്വന്തകുടുംബത്തില്‍ സ്വന്തമക്കളുടെ പ്രവര്‍ത്തിയില്‍ നാം അത്‌ അനുഭവിച്ചറിയുന്നു.

ഇവിടെയാണ്‌ വിമര്‍ശനത്തിന്റെ ആവശ്യം വ്യക്‌തമാകുന്നത്‌. തെറ്റിനെ തെറ്റായിതന്നെ കാണുകയും, ശരിക്കുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ്‌ മനുഷ്യധര്‍മ്മം. നിഷ്‌പക്‌ഷനായി നിശബ്‌ദനായി നിന്നുകൊണ്ട്‌ നല്ലപിള്ള ചമെയുന്നവര്‍ തിന്മയെ പ്രോത്‌സാഹിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. മാര്‍പ്പാപ്പ മുതല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ വരെ വിമര്‍ശിക്കപ്പെടുമ്പോള്‍ അമേരിക്കന്‍ മലയാളിസമൂഹം മാത്രം പഞ്ചപുച്‌ഛമടക്കി പലവിധത്തിലുള്ള `വിവരക്കേടിനെ'ഇന്നും പൂജിക്കയാണ്‌. പ്രവാസമലയാളികള്‍ എല്ലാവിധത്തിലും ചൂഷണം ചെയ്യപ്പെടുകയാണ്‌. മതത്തിന്റെയും, മതാധിഷ്‌ഠിതമായ രാഷ്‌ട്രീയത്തിന്റെയും, പാരമ്പര്യത്തിന്റെയും മറവില്‍, കേരളക്കരയില്‍ ഇരിക്കുന്ന നേതാക്കന്മാര്‍ അമേരിക്കന്‍ മലയാളിസമൂഹത്തിന്റെ കടിഞ്ഞാണ്‍ ഇന്നും പിടിക്കുകയാണ്‌. കരുക്കളെ മാറ്റിമാറ്റിയുള്ള ഒരു ചതുരംഗക്കളി. ഇതില്‍നിന്നും വിടുതല്‍ പ്രാപിച്ച്‌ സ്‌ഥലകാലബോധം നേടേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.

കാല്‍നൂറ്റാണ്ടിന്റെ ചരിത്രമാണ്‌ നാമിപ്പോള്‍ എഴുതിക്കഴിഞ്ഞിരിക്കുന്നത്‌. എന്നുപറഞ്ഞാല്‍ ഒരു പിഞ്ചുകുഞ്ഞ്‌ പക്വതവന്ന ഒരു മനുഷ്യനായിത്തീരേണ്ട കാലദൈര്‍ഘ്യം. എന്നാല്‍ ഇപ്രകാരം വളര്‍ച്ച പ്രാപിച്ച നമ്മുടെ അനന്തരതലമുറ നമ്മോടൊപ്പം ഉണ്ടോയെന്ന്‌ തിരിഞ്ഞുനോക്കുക. ഇല്ലായെങ്കില്‍ നമ്മുടെ കാഴ്‌ചപ്പാടും, പ്രവര്‍ത്തനശൈലിയും തെറ്റാണ്‌. തിരുത്തലുകള്‍ ആവശ്യമാണ്‌.
വിമര്‍ശനം കാലഘട്ടത്തിന്റെ ആവശ്യം (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക