Image

`ബണ്ടി ചോര്‍ കേരളത്തിന്റെ ദിശാ ബോധത്തെ മാറ്റിമറിച്ചു' (അഷ്‌റഫ്‌ കാളത്തോട്‌)

Published on 02 February, 2013
`ബണ്ടി ചോര്‍ കേരളത്തിന്റെ ദിശാ ബോധത്തെ മാറ്റിമറിച്ചു' (അഷ്‌റഫ്‌ കാളത്തോട്‌)
കേരളം ഒരു കവര്‍ച്ച സംസ്ഥാനം ആയി പരിണമിക്കുന്നു എന്ന്‌ പലപ്പോഴും ആശങ്കപ്പെടുന്നത്‌ മാധ്യമ സംസ്‌കാരം നമ്മിലേക്ക്‌ ഒരു ആവേശമായി ഭവിച്ചതുകൊണ്ടാണോ എന്നൊന്നും പറയാന്‍ കഴിയില്ല. മത്സരങ്ങളുടെയും കിടമത്സരങ്ങളുടെയും അരങ്ങില്‍ ഉത്തരവാദിത്വങ്ങള്‍ മറന്നു കൊണ്ടുള്ള മാധ്യമ അധിനിവേശമാണ്‌ പലപ്പോഴും നമ്മുടെ ആശങ്കകളെ പെരുപ്പിക്കുന്നത്‌. എന്തും വാര്‍ത്തയാക്കം ആക്കാതിരിക്കാം എന്ന സമീപനത്തിന്‌ സെന്‍സര്‍ നിയമങ്ങള്‍ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാതെ, അരങ്ങുവാഴാന്‍ അനുവധിക്കുന്നതിലെ അനൗചിത്യമാണ്‌ ഇങ്ങനെ ഒരു വിചാരത്തിനു തിരി തെളിയിക്കുന്നതും. തുണിയുരിയപ്പെട്ടവളുടെ ശാരീരക മദാലസം അതുകൊണ്ടുതന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും, ഇടംപിടിക്കേണ്ടുന്ന വാര്‍ത്തകള്‍ തിരശീലയ്‌ക്കുപിറകില്‍ മറയ്‌ക്കപ്പെടുകയും ചെയ്യുന്നു.

ജനങ്ങളുടെ ദിശാ ബോധത്തെ മാറ്റി മറിക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ സാധിക്കും, ആധുനിക പ്രേക്ഷകര്‍ എല്‍.സി.ഡി സ്‌ക്രീനില്‍ കണ്ണ്‌ തറപ്പിച്ചു മറ്റെല്ലാം മറന്നു പോകുന്ന തരംതാഴ്‌ന്ന സംസ്‌കാരത്തിലേയ്‌ക്ക്‌ നിപതിക്കുന്നത്‌ വഴി, മാധ്യമ നെറികേടുകളുടെ ബലിയാടുകളായി തീരുകയാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ പുതു മഴയ്‌ക്ക്‌ പൊട്ടിമുളയ്‌ക്കുന്ന വട്ടതവര കണക്കെ മാധ്യമങ്ങള്‍ പെരുകുന്നതും അതിന്റെ ജനകീയത പതിന്മടങ്ങ്‌ വര്‍ധിക്കുന്നതും.

വിവരസംപ്രേഷണത്തില്‍ പാലിക്കേണ്ട സാമൂഹിക ഉത്തരവാദിത്വം മാധ്യമ ധര്‍മ്മമായി പാലിക്കാതെ സെന്‍സേഷന്‍ ന്യൂസ്‌ തേടി പോകുന്ന ചാനലുകള്‍ ഇവിടെ വളര്‍ത്തുന്നത്‌ ക്രിമിനല്‍ സ്വഭാവങ്ങളും, തകിടം മറിക്കുന്നത്‌ ഗാര്‍ഹിക പരിശുദ്ധിയുമാണ്‌. കൊലപാതകങ്ങളും, ബലാല്‍ സംഘങ്ങളും, തെരുവ്‌ പോരാട്ടങ്ങളും ഇത്തരം മനസ്സിലേയ്‌ക്ക്‌ ഒരു ആവേശമായി പടര്‍ത്തുവാന്‍ മാധ്യമ പ്രവണത കാരണമാകുന്നു.

അരാജകത്വം മാത്രം നിറഞ്ഞ അരക്ഷിത മാര്‍ഗത്തിലാണെന്ന ഭീതി ജനിപ്പിച്ചുകൊണ്ടു വാര്‍ത്തയെ പെരു!പ്പിച്ചു നിര്‍ത്തി അടങ്ങാത്ത ആശങ്കയില്‍ കണ്ണും, കാതും കൂര്‍പ്പിക്കുവാന്‍ മാധ്യമങ്ങള്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുകയാണ്‌. ഇത്‌ പുതിയ ശീലങ്ങളും ആ അവസ്ഥയോട്‌ പൊരുത്തപ്പെട്ടു ഇണങ്ങി ജീവിക്കുവാനുള്ള പ്രേരണയും ജനിപ്പിക്കും എന്നത്‌ സ്വാഭാവികം.

പഴയകാലത്തിന്റെ അച്ചടക്കങ്ങളും ഒരുമയും നഷ്ടപ്പെടുകയും പാരമ്പര്യങ്ങളെയും ഗുരുകുലങ്ങളെയും എന്തിനതികം പറയുന്നു അച്ഛനമ്മമാരെപോലും ധിക്കരിക്കുന്ന ഒരു സമൂഹത്തെയാണ്‌ പലപ്പോഴും ഇത്തരം മാധ്യമ നിലപാടു രൂപപ്പെടുത്തുന്നത്‌.

ഹൈടെക്‌ മോഷണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദേവീന്ദര്‍ സിങ്ങ്‌ (ബണ്ടി ചോര്‍) ഇന്ന്‌ കേരളത്തിന്റെ മനസ്സുനിറഞ്ഞു നില്‍ക്കുകയാണ്‌. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ ദേശീയ പ്രാധാന്യമുള്ള കേസ്‌, സമഗ്രമായ അന്വേഷണം. കനത്ത സുരക്ഷാ സന്നാഹം. പൊലീസ്‌ ക്രൂരമായി മര്‍ദിച്ചെന്ന്‌ ബണ്ടി. വൈദ്യപരിശോധനയ്‌ക്ക്‌ കോടതി നിര്‍ദേശം. മര്‍ദനമേറ്റ പാടില്ലെന്നും ശാരീരിക പ്രശ്‌നങ്ങളില്ലെന്നും പരിശോധനയ്‌ക്ക്‌ ശേഷം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍.

വിദേശമലയാളി കെ വേണുഗോപാലന്‍നായരുടെ ആഡംബര വീട്ടില്‍നിന്ന്‌ 20 ലക്ഷത്തിന്റെ കാര്‍ ഉള്‍പ്പെടെ മുപ്പതു ലക്ഷം രൂപയുടെ വസ്‌തുക്കള്‍ കവര്‍ന്നതും ബംഗളൂരുവില്‍നിന്ന്‌ മാരുതി എസ്റ്റീം കാര്‍ മോഷ്ടിച്ച്‌ തിരുവനന്തപുരത്ത്‌ ഉപേക്ഷിച്ചതുമായ രണ്ട്‌ കേസാണ്‌ ബണ്ടിക്കെതിരെ ചുമത്തിയത്‌. തുടര്‍നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ്‌ വഴിയാക്കുന്ന കാര്യവും കോടതിയുടെ പരിഗണനയിലുണ്ട്‌. നേരത്തെ പൊലീസ്‌ കസ്റ്റഡിയില്‍നിന്ന്‌ പലതവണ രക്ഷപ്പെട്ടിട്ടുള്ള പ്രതിയെ ഹാജരാക്കുമ്പോള്‍ കനത്ത സുരക്ഷ ആവശ്യമുള്ളതിനാലാണ്‌ വീഡിയോ കോണ്‍ഫറന്‍സ്‌ സംവിധാനം പരിഗണിക്കുന്നത്‌.

വിമാനത്തില്‍ വന്നിറങ്ങിയത്‌ വിവിഐപിആയി. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെയും മാധ്യമപ്പടയുടെയും അസംഖ്യം ജനങ്ങളുടെയും അകമ്പടിയോടെ ചരിത്രത്തില്‍ ഒരു കള്ളനും കിട്ടിയിട്ടില്ലാത്ത വരവേല്‌പ്‌. തന്ത്രപൂര്‍വം കര്‍ണാടക പൊലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെട്ടുവെന്ന്‌ കരുതപ്പെടുന്ന ബണ്ടി ചോര്‍ പൂനെയില്‍ എത്തിയത്‌ എങ്ങനെയെന്ന്‌ ഇപ്പോഴും ദുരൂഹമാണ്‌. ഒരു ടാറ്റ സുമോ കാര്‍ ബാംഗ്‌ളൂരിന്‌ വളരെ അകലെനിന്ന്‌ വാടകയ്‌ക്ക്‌ വിളിച്ച്‌ പൂനെയിലെ സായ്‌ എക്‌സിക്യൂട്ടീവ്‌ ഹോട്ടലില്‍ എത്തിയെന്നാണ്‌ ബണ്ടി ചോര്‍ നല്‍കിയ വിവരം. എന്നാല്‍, ഹോട്ടലുകാര്‍ നല്‍കുന്ന വിവരമനുസരിച്ച്‌ ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നു മണിയോടെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്‌ വിളിച്ച ഒരു ഓട്ടോറിക്ഷയില്‍ ബണ്ടി ചോര്‍ എത്തുകയായിരുന്നു.

കര്‍ണാടക പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ബണ്ടി ചോറിന്‌ മഹാരാഷ്ട്രയില്‍ കടക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്നതിലും ദുരൂഹതയുണ്ട്‌. ചെക്‌പോസ്റ്റുകളില്‍ ഒരു പരിശോധനയും നടത്താതെ അലംഭാവം പുലര്‍ത്തുകയായിരുന്നോ കര്‍ണാടക പൊലീസ്‌. കേരളത്തില്‍നിന്നും പ്രതീക്ഷയോടെ ചെന്ന പോലീസുകാരെ നിരാശരാക്കി മടക്കി അയക്കുകയായിരുന്നു കന്നട പോലീസ്‌.

ബണ്ടി ചോറിനെ കണ്ട ഒരു മലയാളി യുവാവ്‌ വിവരം തിരുവനന്തപുരം സിറ്റി പൊലീസ്‌ കമ്മിഷണര്‍ പി. വിജയനെ വിളിച്ച്‌ അറിയിച്ചുവെന്നാണ്‌ സൂചന. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ബണ്ടി ചോര്‍ പൂനെയിലെത്തിയെന്ന നിഗമനത്തില്‍ പൊലീസ്‌ എത്തിയത്‌. വളരെപ്പെട്ടെന്നു തന്നെ പൊലീസ്‌ നടപടികള്‍ സ്വീകരിച്ചു. തിരുവനന്തപുരം എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ പൂനെ കമ്മിഷണറായ എ. ഡി.ജി.പി ജി.ഡി. പോളുമായി ബന്ധപ്പെട്ട്‌ ബണ്ടി ചോറിന്റെ വിശദാംശങ്ങള്‍ നല്‍കി.

ഈ പെരുങ്കള്ളനെ ആധുനിക മീഡിയ പ്രവണതകൊണ്ടു തന്നെയാണ്‌ പിടിക്കാന്‍ സാധിച്ചത്‌ എന്നകാര്യം നമുക്ക്‌ മറച്ചു വെയ്‌ക്കാന്‍ കഴിയില്ല. സുകുമാര കുറുപ്പ്‌ ഇന്നായിരുന്നു ആ കൊലനടത്തി കടന്നതെങ്കില്‍ അയാള്‍ എപ്പോഴേ അഴിയെണ്ണുമായിരുന്നു എന്നും ബണ്ടി സംഭവം നമ്മെ ചിന്തിപ്പിക്കുന്നുണ്ടാകും.

ഹൈ ടെക്‌ വീടുകള്‍ പണിത്‌ അതില്‍ പാലുകാച്ചി വീടുപൂട്ടിയിട്ടു പ്രവാസികളായി കഴിയുന്ന പല പണക്കാരുടെയും നെഞ്ചിടിപ്പ്‌ ബണ്ടി ചോറ്‌ കൂട്ടിയിരിക്കുന്നു. അവരുടെ പ്രഷറും പ്രമേഹവും വര്‍ദ്ധിച്ചിരിക്കുന്നു. പല വീടുകളും ആളില്ലാതെ പ്രവര്‍ത്തന രഹിതമായ അലാറവും ചിതല്‍ പിടിച്ച ഫര്‍ണീച്ചറും കൊണ്ട്‌ ഏതുസമയവും കൊള്ളയടിക്കപ്പെടുമെന്ന സ്ഥിതിയിലാണ്‌, അതവ പ്രവര്‍ത്തിക്കുന്ന അലാറം ഉണ്ടായാല്‍ തന്നെ ആധുനിക കേരളത്തിലെ അയല്‍പ്പക്കം അത്‌ കേട്ടാല്‍ പുതപ്പു കൂടുതല്‍ തലയിലേയ്‌ക്ക്‌ കയറ്റിയിട്ടു കൂര്‍ക്കം വലിച്ചു ഉറങ്ങാനെ സാധ്യതയുള്ളു. അത്രയ്‌ക്കും എല്ലാരും സ്വന്തം ജീവനെ സ്‌നേഹിക്കുവാനും നൂലാമാലകളില്‍ ചെന്നുപെടാതിരിക്കുവാനും കൊതിക്കുന്നു എന്നാണു സ്ഥിതിവിവരകണക്കുകള്‍ ബോധിപ്പിക്കുന്നത്‌.

ഇതിനേക്കാള്‍ മികച്ച കളവുകള്‍ ഉണ്ടായിട്ടുണ്ട്‌ കേരളത്തില്‍, ബാങ്കുകളുടെ ഹൈടെക്‌ സംവിധാനങ്ങള്‍ തകര്‍ത്ത്‌ കൊണ്ടുള്ള കൊള്ള അതൊന്നും മീഡിയ ഇത്രയേറെ മീഡിയ കവറേജ്‌ ഇല്ലാത്തതായിരുന്നു. കൊട്ടെഷനും വാണിഭവും വര്‍ദ്ധിച്ചത്‌ കൊണ്ട്‌ വാര്‍ത്ത റിപ്പോര്‍ട്ടര്‍മാരുടെ ഉറങ്ങാത്ത കണ്ണുകള്‍ അതിലേയ്‌ക്ക്‌ കൂര്‍പ്പിച്ചു നിര്‍ത്തിയതും കളവുകളെ മീഡിയ മാറ്റി നിര്‍ത്തി എന്നാല്‍ ആ നിലപാട്‌ പുനര്‍ പരിശോധിക്കാന്‍ സുരക്ഷ സംവിധാനങ്ങള്‍ ഭേദിച്ചുകൊണ്ട്‌ നടത്തിയ ഹൈടെക്‌ കവര്‍ച്ചയുടെ സൂത്രധാരന്‍ ബണ്ടി നിമിത്തമായി എന്ന്‌ മാത്രം.

കുനിഞ്ഞു നിന്നാല്‍ പലതും അടിച്ചു മാറ്റുന്ന കേരളത്തില്‍ പൂട്ടിയിട്ടു പണവും സ്വര്‍ണവും വിലപിടിപ്പുള്ള സര്‍വതും കൂട്ടിവെച്ചു കള്ളന്മാരെ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ സമീപനമാണ്‌ മാറേണ്ടത്‌. ബണ്ടി നമ്മുടെ ഇരുണ്ട കൊതിക്കെറുവിലേയ്‌ക്കു, അതിനു ശേഷമുള്ള നഷ്ട ദുഖങ്ങളിലേക്ക്‌ ഒരു മിന്നമിനുങ്ങായി എന്ന്‌ മാത്രം. മാറേണ്ടത്‌ കേരളവും കേരളീയരുമാണ്‌.
`ബണ്ടി ചോര്‍ കേരളത്തിന്റെ ദിശാ ബോധത്തെ മാറ്റിമറിച്ചു' (അഷ്‌റഫ്‌ കാളത്തോട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക