Image

'വിശ്വരൂപം': തര്‍ക്കം ഒത്തുതീര്‍ന്നു, തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കും

Published on 02 February, 2013
'വിശ്വരൂപം': തര്‍ക്കം ഒത്തുതീര്‍ന്നു, തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കും
ചെന്നൈ: 'വിശ്വരൂപം' സിനിമയുടെ കാര്യത്തില്‍ തമിഴ്‌നാട്ടിലെ മുസ്ലിം സംഘടനകളും നടന്‍ കമല്‍ഹാസനും ധാരണയിലെത്തി. സിനിമയെ എതിര്‍ക്കുന്ന മുസ്ലിം സംഘടനാ നേതാക്കളുമായി ചെന്നൈ സെക്രട്ടേറിയറ്റില്‍ ശനിയാഴ്ച നടത്തിയ മാരത്തണ്‍ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. ആഭ്യന്തര സെക്രട്ടറി ആര്‍. രാജഗോപാലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കമല്‍ഹാസനും 24 മുസ്ലിം സംഘടനകളടങ്ങിയ ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് മൂവ്‌മെന്റ്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് കോഓഡിനേറ്റര്‍ മുഹമ്മദ് ഹനീഫയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇതോടെ, തമിഴ്‌നാട്ടില്‍ 'വിശ്വരൂപ'ത്തിന് ഏര്‍പ്പെടുത്തിയ നിരോധം നീങ്ങാന്‍ വഴിയൊരുങ്ങി.

ചര്‍ച്ചയില്‍ രാജ്കമല്‍ ഫിലിംസിനു വേണ്ടി കമല്‍ഹാസന്‍, സഹോദരന്‍ ചന്ദ്രഹാസന്‍ എന്നിവരും ഇസ്ലാമിക് ഫെഡറേഷനെ പ്രതിനിധാനം ചെയ്ത് മുഹമ്മദ് ഹനീഫ, മനിതനേയ മക്കള്‍ കക്ഷി എം.എല്‍.എ എം.എച്ച്. ജവാഹിറുല്ല, വെല്‍ഫെയര്‍ പാര്‍ട്ടി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് എസ്.എം. സിക്കന്തര്‍ തുടങ്ങിയവരുള്‍പ്പെടെ വിവിധ സംഘടനാ നേതാക്കളും തമിഴ്‌നാട് തൗഹീദ് ജമാഅത്ത് പ്രതിനിധിയും പങ്കെടുത്തു. ചിത്രത്തിലെ 12 ദൃശ്യങ്ങള്‍ മുസ്ലിംകള്‍ക്ക് അങ്ങേയറ്റം ആക്ഷേപകരമാണെന്നും തീവ്രവാദ ദൃശ്യങ്ങളില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഉപയോഗിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുസ്ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ആവശ്യപ്പെട്ട മുഴുവന്‍ ദൃശ്യങ്ങളും നീക്കം ചെയ്താല്‍ സിനിമയുടെ കഥാംശം പൂര്‍ണമായി നഷ്ടപ്പെടുമെന്ന് കമല്‍ പറഞ്ഞു. ലാപ്‌ടോപ്പില്‍ സിനിമ പ്രദര്‍ശിപ്പിച്ച അദ്ദേഹം ഓരോ ദൃശ്യവും കഥാസാഹചര്യവുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്ന് വിശദീകരിച്ചു. ഒടുവില്‍ ചിത്രത്തിലെ ഏഴ് ദൃശ്യങ്ങളും ഖുര്‍ആന്‍ ശബ്ദരേഖയും നീക്കാന്‍ കമല്‍ സമ്മതിച്ചു.

ചിത്രത്തിലെ ചില ശബ്ദരേഖകള്‍ നീക്കാന്‍ സമ്മതിച്ചതായും അവ എന്തൊക്കെയാണെന്ന് ഇപ്പോള്‍ വിശദീകരിക്കാനാവില്ലെന്നും ചര്‍ച്ചക്കുശേഷം കമല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നീക്കം ചെയ്യുന്ന ഭാഗങ്ങള്‍ എന്തൊക്കെയെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെയും അറിയിക്കും. ഇതിനുശേഷം ചിത്രം റിലീസ് ചെയ്യാന്‍ നടപടിയെടുക്കും. മുസ്ലിം സംഘടനകളുമായി ഒത്തുതീര്‍പ്പിലെത്തിയ സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ചിത്രത്തിന്റെ നിരോധം നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിരോധത്തിനെതിരെ ഹൈകോടതിയില്‍ താന്‍ നല്‍കിയ റിട്ട് ഹരജി പിന്‍വലിക്കുമെന്നും കമല്‍ അറിയിച്ചു.

ചില ദൃശ്യങ്ങളും ശബ്ദരേഖകളും നീക്കാന്‍ സമ്മതിച്ചതിനാല്‍ പ്രശ്‌നം അവസാനിച്ചതായി എം.എച്ച്. ജവാഹിറുല്ല എം.എല്‍.എ പറഞ്ഞു. ജനുവരി 25ന് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന 'വിശ്വരൂപം' മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 24ന് സി.ആര്‍.പി.സി 144ാം വകുപ്പനുസരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു. മുസ്ലിം സംഘടനകളുമായി കമല്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് ജയലളിത പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചക്ക് വഴിയൊരുങ്ങിയത്. വെള്ളിയാഴ്ച ഇരുവിഭാഗവുമായും ആഭ്യന്തര സെക്രട്ടറി അനൗപചാരിക ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചയില്‍ കമല്‍ഹാസന്‍ പങ്കെടുക്കണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യമുന്നയിച്ചു. മുംബൈയിലായിരുന്ന കമല്‍ ശനിയാഴ്ച ഉച്ചയോടെ ചെന്നൈയിലെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക