Image

വേരുകള്‍ (കവിത)- ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 30 January, 2013
വേരുകള്‍ (കവിത)- ജോണ്‍ വേറ്റം
കര്‍ക്കടകരാവിന്റെ കനത്തമഴയില്‍,
കടത്തിണ്ണയിലന്ധകാരവും തണുത്തകാറ്റും.
കുത്തിനോവുന്ന വയറും, ദാഹിക്കുന്ന തൊണ്ടയും.
കുരിശടിയില്‍ നോക്കി കൂനിപ്പുതച്ചിരുന്നു.

കരിയുന്ന മനസ്സാക്ഷിയില്‍ കനച്ചചിന്ത!
കറുത്തപക്ഷം കുറിച്ച ഗദ്ഗദചരിത്രം!
കണ്ടകശ്ശനി പണിത ഗതകാലസ്മാരകം!
കലാലയരാഷ്ട്രീയം ചെയ്‌തൊരു കൊലപാതകം!

ഓടിവന്ന വാഹനം കുരിശുംമൂട്ടില്‍ നിന്നു.
അണച്ചമെഴുകുതിരികളുടെ പുറകിലെ,
നേര്‍ച്ചപ്പെട്ടിയുടെ മുന്നില്‍ വന്നു, ഭക്തന്‍.
നെഞ്ചില്‍ നോവുകള്‍ നിറച്ച ജില്ലാധികാരി!

പാപബോധവും പശ്ചാത്താപവും കലര്‍ത്തിയ,
പ്രാര്‍ത്ഥനയില്‍ സ്വാര്‍ത്ഥതക്കുമാത്രം സാന്ദ്രത.
ഭിക്ഷ നല്കാത്ത ധനികതയുടെ കയ്യില്‍,
ഭിക്ഷുവല്ലാത്ത, ദൈവത്തിന് ഒരു വഴിപാട്!

മാടക്കടയിലുറക്കം നടിച്ച പുരുഷന്‍,
മെല്ലെ, കുരിശുംമൂട്ടിലെത്തി തീപ്പെട്ടിയുരച്ചു.
മെഴുകുവെച്ച് അടച്ച കാണിക്കപ്പെട്ടിമേല്‍,
മടക്കുകളില്ലാത്ത നൂറ് രൂപയുടെ നോട്ട്!

വിളിപ്പാടകലെ, വിലാസലഹരിവില്ക്കുന്ന
മദ്യശാല, മാംസത്തൊഴിലാളിയുടെ കുടില്‍!
ഇരുവര്‍ക്കും, പള്ളി മുതല്‍ മുറിച്ചപ്പോല്‍,
തിണ്ണവാടകയ്ക്കും, പ്രാതലിനും, ബീടിക്കും ബാക്കി.
വേരുകള്‍ (കവിത)- ജോണ്‍ വേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക