Image

ബജറ്റില്‍ ചരക്ക് സേവന നികുതി പ്രഖ്യാപിച്ചേക്കും

Published on 29 January, 2013
ബജറ്റില്‍ ചരക്ക് സേവന നികുതി പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ജിഎസ്ടി നടപ്പാക്കാന്‍ വേണ്ടി കേന്ദ്രവില്‍പന നികുതി കുറച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താമെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണു പ്രതിസന്ധിക്കു പരിഹാരമായത്. പുതിയ ധാരണയനുസരിച്ചു സംസ്ഥാനങ്ങള്‍ക്ക് 34,000 കോടിരൂപ നഷ്ടപരിഹാരം ലഭിക്കും. 

പരോക്ഷ നികുതികള്‍ക്കു പകരം ചരക്ക് സേവന നികുതി എന്ന ഒറ്റ നികുതി സമ്പ്രദായം 2010 ഏപ്രില്‍ ഒന്നിനു നടപ്പാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഭിന്നത മൂലം മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ജിഎസ്ടി പ്രാബല്യത്തിലായില്ല. ജിഎസ്ടി നടപ്പാക്കാന്‍ കേന്ദ്ര വില്‍പന നികുതി ഘട്ടംഘട്ടമായി കുറച്ചിരുന്നു. ഇതുമൂലമുണ്ടായ വരുമാന നഷ്ടം പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ നികത്തണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യമാണു ജിഎസ്ടി നടപ്പാക്കുന്നതിനു വിലങ്ങുതടിയായത്. 

2009-2010 മുതല്‍ നടപ്പു സാമ്പത്തികവര്‍ഷം വരെയുള്ള നഷ്ടപരിഹാരമായി 34,000 കോടിരൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കാം എന്നു ഭുവനേശ്വറില്‍ ചേര്‍ന്ന ധനമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു തുക ഘട്ടംഘട്ടമായി കൈമാറിയാല്‍ മതിയെന്നാണു ധാരണ. ഇതോടെ അടുത്തമാസത്തെ ബജറ്റില്‍ ചരക്ക് സേവന നികുതി പ്രഖ്യാപിക്കാനുള്ള സാധ്യത വര്‍ധിച്ചു. കേന്ദ്ര, സംസ്ഥാന നിരക്കുകള്‍ സംബന്ധിച്ച തര്‍ക്കംകൂടി പരിഹരിക്കപ്പെട്ടാല്‍ ചരക്ക് സേവന നികുതി യാഥാര്‍ത്ഥ്യമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക