Image

ഡിഐജി എസ്.ശ്രീജിത്തിനെതിരെ അന്വേഷണം: ആഭ്യന്തരമന്ത്രി

Published on 29 January, 2013
ഡിഐജി എസ്.ശ്രീജിത്തിനെതിരെ അന്വേഷണം: ആഭ്യന്തരമന്ത്രി
കാസര്‍കോട്: വിവാദ വ്യവസായി കെ.എ.റൗഫിനെ വഴിവിട്ടു സഹായിച്ചെന്ന ആരോപണത്തില്‍ ഡിഐജി എസ്. ശ്രീജിത്തിനെതിരെ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോഴിക്കോട്ടുകാരനായ ഒരാളുടെ   കുടകിലെ ഭൂമി ഒഴിപ്പിക്കാന്‍ കര്‍ണാടക പൊലീസിലെ ഡിഐജി അടക്കമുള്ള ഉദ്യോഗസ്ഥരെ സ്വാധീനിക്കാമെന്നു കെ.എ.റൗഫിന് ഡിഐജി ശ്രീജിത്ത് ഉറപ്പു നല്‍കുന്ന ഫോണ്‍സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.

മലപ്പുറം ഡിവൈഎസ്പിയെ കൈക്കൂലി നല്‍കി കുടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് കെ.എ.റഊഫിന്റെ പങ്ക് വെളിപ്പെട്ടത്. തുടര്‍ന്ന് ഒരു മാസത്തോളം ഇയാളുടെ ഫോണ്‍ സംഭാഷണം നിരീക്ഷിച്ചപ്പോഴാണു ഡിഐജി ശ്രീജിത്തുമായുള്ള ഇടപാടുകളുടെ വിവരങ്ങളും പുറത്തുവന്നത്. ഡിസംബര്‍ 11ന് രാവിലെ 11.26നും വൈകിട്ട് 6.26നുമായുള്ള രണ്ടു സംഭാഷണങ്ങളിലൂടെയാണു ഗുഡാലോചന വെളിപ്പെട്ടത്. 

കോഴിക്കോട് സ്വദേശിയായ മോഹന്‍രാജ് എന്നയാള്‍ക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് പലിശയ്ക്കു നല്‍കിയ പണത്തിനു പകരമായി വന്‍തുകയും വസ്തുക്കളും റഊഫ് തരപ്പെടുത്തിയിരുന്നു. സാമ്പത്തികമായി തകര്‍ന്ന മോഹന്‍രാജിന്റെ പക്കല്‍ ഒടുവില്‍ അവശേഷിച്ച കുടകിലെ എസ്‌റ്റേറ്റ് തട്ടിയെടുക്കാനുള്ള തന്ത്രങ്ങളാണ് ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിനായി മോഹന്‍രാജിനെ കള്ളക്കേസില്‍ കുടുക്കാന്‍ കര്‍ണാടകയിലെ പൊലീസ് ഉന്നതരോടു ശുപാര്‍ശ ചെയ്യാമെന്നു ശ്രീജിത്ത് ഉറപ്പ് നല്‍കുന്നു.

അടുത്ത ഗൂഢാലോചന ഡിസംബര്‍ 17നായിരുന്നു. കര്‍ണാടകയിലെ ഉന്നതരെ തല്‍ക്കാലം മാറ്റിനിര്‍ത്താമെന്നും  നമുക്കാവശ്യത്തിനു പറ്റിയ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കിട്ടിയിട്ടുണ്ടെന്നു് റഊഫ് ശ്രീജിത്തിനെ അറിയിക്കുന്നതായി ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ. തുടര്‍ന്ന് ഇയാളുമായി ചേര്‍ന്ന് മോഹന്‍രാജിനെതിരെ കള്ളപ്പരാതി നല്‍കാമെന്നും ഈ ഘട്ടത്തില്‍ ഇയാള്‍ ഭൂമിയുടെ അവകാശം പവര്‍ ഓഫ് അറ്റോര്‍ണിയായി എഴുതിത്തരാന്‍ തയ്യാറാകുമെന്നും അല്ലാത്തപക്ഷം ജാമ്യം കിട്ടാത്ത വകുപ്പില്‍ കേസെടുത്ത് ഒന്നരമാസം അകത്തിടാമെന്നും റഊഫ് ശ്രീജിത്തിനെ ധരിപ്പിക്കുന്നു. 

അതേസമയം ഏറ്റവും ഒടുവില്‍ ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ എത്തിച്ചേര്‍ന്ന ധാരണ മറ്റൊന്നാണെന്നു ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നു മനസിലാക്കാം. നിവൃത്തിയില്ലെങ്കില്‍ അവനെ ഞാന്‍ വിളിപ്പിക്കാം എന്നാണ് മോഹന്‍രാജിനെ പരാമര്‍ശിച്ചു റഊഫിന് ശ്രീജിത്ത് നല്‍കുന്ന ഉറപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക