Image

ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Published on 29 January, 2013
ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കൊല്‍ക്കത്ത: ഫിബ്രവരി 23ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നല്‍ഹട്ടിയില്‍ അണ്ടൂര്‍ റഹ്മാന്‍ മത്സരിക്കുമ്പോള്‍ മാല്‍ഡയിലെ ഇംഗ്ലീഷ് ബസാറില്‍ നരേന്ദ്രനാഥ് തിവാരിയും മുര്‍ഷിദാബാദിലെ രജിനഗറില്‍ റാബിയുള്‍ ഇസ്ലാമുമായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. രാഷ്ട്രപതിയാകുന്നതിന് മുന്നോടിയായി പ്രണബ് മുഖര്‍ജി ഒഴിഞ്ഞ ജംഗിപ്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്നതിന് വേണ്ടി എം.എല്‍.എ ആയിരുന്ന അദ്ദേഹത്തിന്റെ മകന്‍ അഭിജിത് മുഖര്‍ജി രാജിവെച്ച മണ്ഡലമാണ് നല്‍ഹട്ടി. അഭിജിതിന്റെ ഭാര്യ ചിത്രലേഖയെ ഈ സീറ്റില്‍ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടിയുടെ ആലോചന. ചിത്രലേഖ മത്സരിച്ചാല്‍ തൃണമൂല്‍ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനിടയില്ലെന്നും സൂചനയുണ്ടായിരുന്നു. മുമ്പ് പ്രണബ് മുഖര്‍ജിയ്‌ക്കെതിരെയും അഭിജിതിനെതിരെയും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. എന്നാല്‍ തനിക്കു മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചിത്രലേഖ അറിയിച്ചതിനെ തുടര്‍ന്നാണ് അണ്ടുര്‍ റഹ്മാനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

യു.പി.എ ബന്ധം തൃണമൂല്‍ വേര്‍പെടുത്തിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിട്ട് മമതയുടെ മന്ത്രിസഭിയില്‍ ചേര്‍ന്ന കൃഷ്‌ണേന്ദു ചൗധരി, ഹുമയൂണ്‍ കബീര്‍ എന്നീ രണ്ട് കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ രാജി വെച്ച മണ്ഡലങ്ങളാണ് ഇംഗ്ലീഷ് ബസാറും രജിനഗറും. രണ്ടിടത്തും ഇവര്‍ തന്നെയായിരിക്കും തൃണമൂല്‍ സ്ഥാനാര്‍ത്ഥികളെന്നത് കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയാകും. രണ്ട് മണ്ഡലങ്ങളും പരമ്പരാഗതമായി കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നു എന്നതാണ് പാര്‍ട്ടിയ്ക്കു ആശ്വാസം നല്‍കുന്നത്. കോണ്‍ഗ്രസും തൃണമൂലും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം മുതലെടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക