Image

ചെന്നിത്തലയുടെ മന്ത്രിസ്ഥാനം: ധാരണ അട്ടിമറിച്ചുവെന്ന് സുകുമാരന്‍ നായര്‍

Published on 29 January, 2013
ചെന്നിത്തലയുടെ മന്ത്രിസ്ഥാനം: ധാരണ അട്ടിമറിച്ചുവെന്ന് സുകുമാരന്‍ നായര്‍

പെരുന്ന: നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതൃത്വവും എന്‍.എസ്.എസുമായി ഉണ്ടാക്കിയ ധാരണ മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ അട്ടിമറിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശിനെ സമ്മര്‍ദ്ദത്തിലാക്കി മറുപടി പറയിച്ചതാണ്. ഗതികേടുകൊണ്ടാണ് ചെന്നിത്തല ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചത്. ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടിട്ടില്ല. ഭൂരിപക്ഷ സമൂഹത്തിന്റെ പ്രതിനിധിയായി കെപിസിസി പ്രസിഡന്റ് മന്ത്രിസഭയില്‍ എത്തുമെന്ന് ഹൈക്കമാന്റാണ് ഉറപ്പ് നല്‍കിയത്. രമേശിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്റ് മറുപടി പറയണം.

ചെന്നിത്തലയെ എന്‍.എസ്.എസ് ഒരിക്കലും മതേതരവാദി അല്ലാതാക്കില്ല. സമുദായ നേതാക്കള്‍ അതിരുകടക്കരുതെന്ന് പറയാന്‍ ചെന്നിത്തലയ്ക്ക് എന്തവകാശം. വോട്ടര്‍ എന്ന നിലയില്‍ അഭിപ്രായം പറയാന്‍ തനിക്ക് അവകാശമുണ്ട്. ചെന്നിത്തലയുടെ പേര് തന്റെ പ്രസ്താവനയില്‍ വലിച്ചിഴച്ചത് ഹൈക്കമാന്റ് നല്‍കിയ ധാരണ തെറ്റിച്ചപ്പോഴാണ്. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തിപരമായ അഭിപ്രായമില്ല. തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്റ് പറയട്ടേ, അപ്പോള്‍ തങ്ങള്‍ മറ്റു വഴി നോക്കാമെന്നും ഇക്കാര്യത്തില്‍ എന്‍.എസ്.എസിന് തോല്‍വി ഉണ്ടാവില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഹൈക്കമാന്റ് എന്‍.എസ്.എസുമായി ഉണ്ടാക്കിയ ധാരണ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും കേരളത്തിലെ എല്ലാ പ്രമുഖ നേതാക്കള്‍ക്കും അറിവുള്ളതാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക