Image

തനിക്കെതിരെ ആസൂത്രിത നീക്കം: രമേശ് ചെന്നിത്തല

Published on 29 January, 2013
തനിക്കെതിരെ ആസൂത്രിത നീക്കം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കൊളുത്തിവിട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല രംഗത്തെത്തി. താന്‍ ഈ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ചെന്നിത്തല, ഹൈക്കമാന്റ് നിര്‍ദേശപ്രകാരമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും അറിയിച്ചു. മന്ത്രിസഭയില്‍ ചേരുന്നില്ല എന്നത് തന്റെ വ്യക്തിപരമായ തീരുമാനമാണ്. കഴിഞ്ഞ നാല്പതു വര്‍ഷമായി കോണ്‍ഗ്രസിന്റെ മതേതര നിലപാടിനൊപ്പം ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനാണ് താന്‍. തന്റെ മതേതര നിലപാട് ചോദ്യം ചെയ്യുന്ന വിധത്തില്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. മുന്‍പും ഇത് നടന്നിരുന്നു. ഇപ്പോള്‍ സംശയം ബലപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും സാമുദായിക സംഘടനകള്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് ഉചിതമല്ലെന്നും ചെന്നിത്തല പറഞ്ഞു.

കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുന്നതിനും അവരുടെ ഉന്നമനത്തിനു വേണ്ടിയും പ്രവര്‍ത്തിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. അത് തുടരുകതന്നെ ചെയ്യും. സാമുദായി സംഘടനകളോട് എന്നും വിശാലമായ സമീപനമാണ് കോണ്‍ഗ്രസിനുള്ളത്. അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സ്വീകരിക്കേണ്ടവ സ്വീകരിക്കുകയും അല്ലാത്തവ തള്ളുകയും ചെയ്യും. ഒരു സാമുദായിക സംഘടനയെയും അവരുടെ നേതാക്കളെയും അപമാനിക്കുന്ന വിധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിട്ടില്ല.

താനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രമാണ്. അത് ചോദ്യം ചെയ്യുന്നില്ല. എന്റെ നിലപാട് വ്യക്തമായിരിക്കേ വിവാദത്തിലേക്ക് വലിച്ചിടേണ്ടതില്ല. സാമുദായിക സംഘടനകള്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് ഉചിതമല്ല. കേരളത്തിന്റെ സാമൂഹിക സാമുദായിക സാഹചര്യത്തില്‍ അത് അഭികാമ്യവുമല്ല.

കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ഹൈക്കമാന്റ് ഏല്‍പ്പിച്ച ദൗത്യം നടപ്പാക്കുകയാണ് തന്റെ ജോലി. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കെപിസിസി അധ്യക്ഷനായ ശേഷം നേരിട്ട തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും യുഡിഎഫും നേടിയ വിജയം ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അത് മതേതര നിലപാടുകളില്‍ ഉറച്ചായിരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

തനിപ്പോഴും താക്കോല്‍ സ്ഥാനത്തുതന്നെയാണ് ഇരിക്കുന്നത്. മന്ത്രിയാകാനില്ലെന്ന് പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞതു താന്‍ തന്നെയാണ്. തന്റെ തീരുമാനം ഹൈക്കമാന്റ് അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ മന്ത്രിയായ ആളാണ് താന്‍. തനിക്ക് മരന്തിസഭയില്‍ ചേരാന്‍ യാതൊരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക